March 24, 2025 |
Share on

ജീവനക്കാരെ വെട്ടിക്കുറച്ച് ട്രംപ്; പതിനായിരത്തില്‍ നിന്നും 294 ആക്കും

യു‌എസ്‌എ‌യ്‍ഡിന്റെ ഭാവിയെന്ത്?

യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (യു‌എസ്‌എ‌യ്‍ഡ്) ജീവനക്കാരുടെ എണ്ണം 10,000 ൽ നിന്ന് 300ൽ താഴെയാക്കി കുറയ്ക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. ട്രംപിന്റെ ഈ നീക്കം പ്രധാനപ്പെട്ട മാനുഷിക പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആ​ഗോള സഹായത്തിലുള്ള വെട്ടിക്കുറവ്

നിർദ്ദിഷ്ട പദ്ധതി, ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ യുഎസ്എഐഡിയിൽ വെറും 294 ജീവനക്കാരായി ചുരുക്കും. ഇതിൽ ആഫ്രിക്ക ബ്യൂറോയിലെ 12 ജീവനക്കാരും ഏഷ്യൻ ബ്യൂറോയിലെ 8 പേരും ഉൾപ്പെടുന്നുന്നു. ദാരിദ്ര്യം, രോഗം, സംഘർഷം എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള പ്രധാന മേഖലകളാണിവ.

ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ തലവനും വ്യവസായിയുമായ ഇലോൺ മസ്‌കിന്റെ സ്വാധീനത്താൽ ഒരു പുനസംഘടനാ പദ്ധതിയുടെ ഭാഗമാണ് ഈ വെട്ടിക്കുറവുകൾ. കുറച്ചുകാലമായി യുഎസ്എയ്‍ഡിനെ പരിഷ്കരിക്കാൻ ട്രംപ് സർക്കാർ ലക്ഷ്യമിടുകയാണ്. ഈ വെട്ടിക്കുറവുകൾ അതിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ച ഒരു പ്രോ​ഗ്രാമിനെ നശിപ്പിക്കുന്ന തീരുമാനമാണിതെന്നും ഇതിൽ അതിജീവിക്കുന്നവർ കുറവായിരിക്കുമെന്നും യുഎസ്എയ്ഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റർ ബ്രയാൻ അറ്റ്വുഡ് അഭിപ്രായപ്പെട്ടു.

നിരവധി ജീവൻരക്ഷാപ്രവർത്തനങ്ങളെ ഈ നീക്കം അനിശ്ചിതത്വത്തിലാക്കും. ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലെ രോ​ഗ പ്രതിരോധം, ദുരന്ത നിവാരണം, ദാരിദ്ര്യ നിവാരണം തുടങ്ങിയ മേഖലകളിലാണ് യുഎസ്എയ്ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2023ൽ ഏജൻസി ഉക്രൈൻ, എത്യോപിയ, ജോർദാൻ, സൊമാലിയ, അഫ്​ഗാനിസ്ഥാൻ തുടങ്ങി 130ലധികം രാജ്യങ്ങൾക്ക് സഹായം നൽകിയിരുന്നു.

സ്റ്റോപ്പ്-വർക്ക് ഓർഡറുകളിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രോഗ്രാമുകളെ തിരിച്ചറിയാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. എന്നാൽ യുഎസ്എയ്‍ഡുമായി പ്രവർത്തിക്കുന്ന പല സംഘടനകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനിശ്ചിതത്വവും നേരിടുന്നു. ഇത്തരം മാനുഷിക പ്രവർത്തനങ്ങളെ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിശപ്പ്, രോഗങ്ങൾ, അസ്ഥിരത എന്നിവയ്‌ക്കെതിരെ പോരാടുന്നതിനുള്ള ആഗോള പ്രവർത്തനങ്ങളെ അപകടത്തിലാക്കുമെന്നും യുഎസ്എയ്ഡിനെ പിന്തുണക്കുന്ന ഒരു സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ടൈലർ ഹാക്ക് മുന്നറിയിപ്പ് നൽകി.

യുഎസ്എയ്ഡിനെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റുമായി ലയിപ്പിക്കാനുള്ള ശ്രമം

യുഎസ്എഐഡിയെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുമായി ലയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വെട്ടിക്കുറവുകൾ. യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലാണ് രണ്ട് സ്ഥാപനങ്ങളെയും ഏകീകരിക്കുന്നത്. എന്നാൽ, യുഎസ്എയ്ഡ് ഫെഡറൽ നിയമപ്രകാരം സ്ഥാപിതമായതിനാലും കോൺഗ്രസ് അംഗീകരിച്ച വിഹിതങ്ങളിൽ നിന്നാണ് ഫണ്ടിംഗ് ലഭിക്കുന്നതിനാലും കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഈ ലയനം മുന്നോട്ട് പോകില്ല. ട്രംപിന്റെ സ്ഥാനാരോഹണം മുതൽ റൂബിയോ ആക്ടിംഗ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിക്കുകയാണ്. പുനസംഘടനയുടെ മേൽനോട്ടം വഹിക്കാനുള്ള ചുമതലയും റൂബിയോക്കുണ്ട്. അതേസമയം, നിയമനിർമ്മാതാക്കൾ പൂർണ്ണമായ ലയനത്തിന് സമ്മതിക്കുമോ എന്ന് വ്യക്തമല്ല.

ആയിരക്കണക്കിന് ജീവനക്കാർക്ക് അനിശ്ചിതത്വം

ട്രംപിന്റെ ഈ പുതിയ നീക്കം ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വളരെയധികം ആശങ്കയുണ്ടാക്കുന്നു. നിരവധി തൊഴിലാളികളെ ഇതിനകം തന്നെ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുഎസ്എയ്‍ഡിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകളുടെയും അവരെ ആശ്രയിക്കുന്നവരുടെയും ജീവിതംതത്തെ ഈ വെട്ടിക്കുറയ്ക്കൽ കാര്യമായി തന്നെ ബാധിക്കും.

യുഎസ്എയ്ഡിന്റെ ഭാവി

യുഎസ് വിദേശ സഹായ പദ്ധതികളുടെ വിജയത്തിന് നിർണായകമായ വിദേശ സർക്കാരുകൾ, പ്രാദേശിക സംഘടനകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുമായുള്ള പ്രധാന ബന്ധങ്ങളെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് തകർക്കുമെന്നാണ് വിമർശകർ പറയുന്നത്. ചിലവ് ചുരുക്കാനും പ്രവർത്തനങ്ങൾ ലളിതമാക്കാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. ഈ വെട്ടിക്കുറവുകൾ യുഎസ് താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കുകയും ദാരിദ്ര്യം, പകർച്ചവ്യാധികൾ, സംഘർഷം തുടങ്ങിയ ആഗോള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാകുകയും ചെയ്യും.

Content summary: Trump cuts staff; 294 out of ten thousand, What does the future hold for USAID?
USAID  Marco Rubio Donald trump 

×