April 20, 2025 |
Share on

യുക്രെയ്‌നെ തകര്‍ക്കാന്‍ റഷ്യയെ പ്രോത്സാഹിപ്പിക്കുകയാണോ ട്രംപ്?

ബാര്‍ബേറിയന്‍മാരെ പ്രീണിപ്പിക്കുന്നവര്‍ക്കും ഈ ആക്രമണങ്ങളില്‍ പങ്കുണ്ടെന്നാണ് യൂറോപ്പിന്റെ പരോക്ഷമായ ട്രംപ് വിമര്‍ശനം

യുക്രെയ്‌നില്‍ ശനിയാഴ്ച്ച റഷ്യ നടത്തിയ വിനാശകരമായ ആക്രമണത്തില്‍ കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. യുക്രെയ്‌നെതിരായി വീണ്ടും ആക്രമണം ശക്തിപ്പെടുത്താന്‍, ഇപ്പോള്‍ മോസ്‌കോയോട് അടുത്ത വാഷിംഗ്ടണിന്റെ പരോക്ഷ പ്രോത്സാഹനവും കാരണമായിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് വ്ളാഡിമിര്‍ പുടിനെ ന്യായീകരിച്ചു സംസാരിച്ചശേഷമാണ് റഷ്യന്‍ ആക്രമണം നടന്നതെന്നത് തന്നെയാണ് ഇതിന് തെളിവ്. ‘ആരും ചെയ്യുന്നതാണ് ചെയ്യുന്നത്’ എന്നായിരുന്നു ക്രെംലിന്റെ നേതാവിനെ ന്യായികരിച്ച് ട്രംപ് പറഞ്ഞത്. ഈ പ്രോത്സാഹനം വന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് യുക്രയെന് നേരെ ആക്രമണം നടന്നത്.

യുക്രെയ്‌നിന്റെ കിഴക്കന്‍ പ്രദേശമായ ഡോബ്രോപിലിയയിലാണ് റഷ്യ മിസേല്‍, ഡ്രോണ്‍ ആക്രമണം നടത്തിയത്. ബാലസ്റ്റിക് മിസൈലുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് റഷ്യ ഡോബ്രോപിലിയയെ ആക്രമിച്ചത്. ആക്രമണത്തില്‍ എട്ട് ബഹുനില കെട്ടിടങ്ങളും 30 വാഹനങ്ങളും തകര്‍ന്നിരുന്നു. ഭാഗീകമായി തകര്‍ന്ന കെട്ടിടങ്ങളുടെയും യുദ്ധത്തില്‍ നാശം സംഭവിച്ച അവശിഷ്ടങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടേയും ചിത്രങ്ങള്‍ യുക്രെയിന്‍ പുറത്ത് വിട്ടിരുന്നു. വടക്ക് കിഴക്കന്‍ മേഖലയിലെ ഖാര്‍കിവ് നേഖലയില്‍ നടന്ന മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

‘റഷ്യക്കാര്‍ പലപ്പോഴും ഉപയോഗിക്കുന്ന നീചവും മനുഷ്യത്വരഹിതവുമായ ഭീഷണിപ്പെടുത്തല്‍ തന്ത്ര’മാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ട്രംപ് യുക്രെയ്നുമായുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നത് നിര്‍ത്തലാക്കുകയും യുഎസ് ആയുധങ്ങള്‍ യുക്രെയ്‌ന് വിതരണം നിര്‍ത്തുകയും ചെയ്ത ശേഷമാണ് യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യയുടെ നിരന്തരമായ ബോംബാക്രമണം കൂടുതല്‍ ശക്തമായത്. ഇപ്പോഴത്തെ ആക്രമണങ്ങള്‍ കാണിക്കുന്ന മറ്റൊരു വസ്തുത, റഷ്യന്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന അലാറം സംവിധാനം യുക്രെയ്‌നില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നു കൂടിയാണ്.

യുഎസ് സഹായം നിര്‍ത്തിവച്ചത് പുടിന്‍ മുതലെടുക്കുകയാണോ എന്ന ചോദ്യം പ്രസിഡന്റ് ട്രംപിനെ നേരേ ഉയര്‍ന്നിരുന്നു. യുക്രെയ്ന്‍ ‘കനത്ത ആഘാതം’ നേരിടേണ്ടി വരുന്നുണ്ടെന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. അമേരിക്കയുടെ നിലപാട് മാറ്റം മുതലെടുക്കുന്ന റഷ്യ, യുക്രെയ്‌നുമേല്‍ കടുത്ത സൈനിക സമ്മര്‍ദ്ദം നടത്തുന്നുണ്ടെന്നത് വ്യക്തമാണ്. യുഎസ് സഹായം നിര്‍ത്തിവച്ചത് സംഘര്‍ഷം രൂക്ഷമാക്കാന്‍ പുടിന് ധൈര്യം കൊടുത്തിരിക്കാമെന്നു ട്രംപിന്റെ പ്രസ്താവനയില്‍ പരോക്ഷമായി പറയുന്നുണ്ട്. യു എസ് യുക്രെയ്‌നിനോട് അനുഭാവം കാണിക്കുന്നത് നിര്‍ത്തിയത്, ഈ സംഘര്‍ഷത്തില്‍ റഷ്യക്ക് ധൈര്യം നല്‍കിയിട്ടുണ്ട്. ഒരു അധികാര ശൂന്യത സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ സഹചര്യം ചൂഷണം ചെയ്താണ് റഷ്യ ഇപ്പോള്‍ യുക്രെയ്‌നെതിരേയുള്ള ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

റഷ്യയുടെ നീക്കങ്ങള്‍ യുക്രെയ്‌നു മേല്‍ കൂടുതല്‍ ആക്രമണം ശക്തമാക്കാനുള്ളതാണെന്ന് ലോകത്തിന് വ്യക്തമാകുമ്പോഴും ട്രംപ് ക്രെംലിന് അനുകൂലമായി സംസാരിക്കുകയാണ്. ‘പുടിന്റെ സ്ഥാനത്തുള്ള ആരും’ ഇത് തന്നെ ചെയ്യാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ചൊവ്വാഴ്ച സൗദി അറേബ്യയില്‍ യുഎസ്, യുക്രേനിയന്‍ പ്രതിനിധികള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് മുമ്പ് ട്രംപ് പറഞ്ഞത്, കീവിനെക്കാള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പം മോസ്‌കോയെ ആണെന്നായിരുന്നു.

ഇപ്പോള്‍ യുക്രെയ്‌ന് ഉണ്ടാകുന്ന നാശനഷ്ടങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് പങ്കുണ്ടെന്നാണ് യൂറോപ്യന്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. ‘യുക്രെയ്‌നില്‍ മറ്റൊരു ദാരുണമായ രാത്രി’ എന്നായിരുന്നു റഷ്യന്‍ ആക്രമണത്തെ അപലപിച്ച് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞത്. ‘കൂടുതല്‍ ബോംബുകള്‍, കൂടുതല്‍ ആക്രമണം, കൂടുതല്‍ ഇരകള്‍’. ‘ആരെങ്കിലും ബാര്‍ബേറിയന്മാരെ പ്രീണിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണ്.’ എന്നായിരുന്നു ട്രംപിനെ നേരിട്ട് പരാമര്‍ശിക്കാതെ ടസ്‌ക് കുറ്റപ്പെടുത്തിയത്.

‘നിര്‍ദയമായ’ റഷ്യന്‍ മിസൈലുകള്‍ പുടിന് സമാധാനത്തില്‍ താല്‍പ്പര്യമില്ലെന്ന് തെളിയിച്ചുവെന്നാണ് യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞത്. ‘നമ്മുടെ സൈനിക പിന്തുണ വര്‍ദ്ധിപ്പിക്കണം. അല്ലെങ്കില്‍, കൂടുതല്‍ യുക്രെയ്‌നിലെ സാധാരണക്കാര്‍ ഇനിയും വലിയ വില നല്‍കേണ്ടി വരുമെന്നാണ് കല്ലാസ് യൂറോപ്പിനെ ഓര്‍മിപ്പിച്ചത്.  Donald Trump defending Vladimir Putin, Russia launches devastating attack on Ukraine

Content Summary; Donald Trump defending Vladimir Putin, Russia launches devastating attack on Ukraine

Leave a Reply

Your email address will not be published. Required fields are marked *

×