ഇറാനുമായുള്ള യുദ്ധം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോള്‍, സൈനിക തന്ത്രങ്ങളില്‍ വലിയ മാറ്റത്തിനൊരുങ്ങുകയാണ് അമേരിക്ക. നേരിട്ടുള്ള വ്യോമാക്രമണങ്ങള്‍ക്ക് പകരം, ശത്രുവിന്റെ റഡാറുകളില്‍ പെടാത്ത അതിമാരകമായ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്റെ പ്രതിരോധത്തെ നിശ്ശേഷം തകര്‍ക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുള്ള തങ്ങളുടെ മിസൈല്‍ ശേഖരം മിഡില്‍ ഈസ്റ്റിലേക്ക് മാറ്റാന്‍ പ്രസിഡന്റ് ഉത്തരവിട്ടു.
യുഎസ് സൈന്യത്തിന്റെ പക്കലുള്ള JASSM-ER (Joint Air-to-Surface Standoff Missile-Extended Range) ക്രൂയിസ് മിസൈലുകളുടെ മുഴുവന്‍ ശേഖരവും ഇറാന്‍ യുദ്ധത്തിനായി വിനിയോഗിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 965 കിലോമീറ്റര്‍ (600 മൈല്‍) ദൂരപരിധിയുള്ള ഈ മിസൈലുകള്‍ക്ക് ശത്രുവിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുനിന്ന് തൊടുക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
റഡാറുകളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്ന ഇവ, ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളവയാണ്. പസഫിക് മേഖലയില്‍ നിന്ന് മാത്രം ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മിസൈലുകള്‍ പിന്‍വലിക്കാന്‍ അമേരിക്ക ഇതിനോടകം ഉത്തരവ് നല്‍കിക്കഴിഞ്ഞു. ഇവ യുകെയിലെ ഫെയര്‍ഫോര്‍ഡ് ഉള്‍പ്പെടെയുള്ള താവളങ്ങളിലേക്കും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ബേസുകളിലേക്കും മാറ്റുകയാണ്. ഇറാന്റെ ആക്രമണങ്ങള്‍ക്കായി തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനെതിരായ യുദ്ധത്തില്‍ ദീര്‍ഘദൂര ആയുധങ്ങളുടെ വന്‍തോതിലുള്ള ഉപയോഗം യുഎസ് പ്രതിരോധ സംവിധാനത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തുന്നുണ്ട്. യുദ്ധം തുടങ്ങി ആദ്യത്തെ നാല് ആഴ്ചകള്‍ക്കുള്ളില്‍ 1,000-ത്തിലധികം JASSM-ER മിസൈലുകള്‍ അമേരിക്ക ഉപയോഗിച്ചു കഴിഞ്ഞു.
യുദ്ധത്തിന് മുമ്പ് 2,300 മിസൈലുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 425 എണ്ണം മാത്രമാണ് ആഗോളതലത്തില്‍ ലഭ്യമായിട്ടുള്ളത്. ഇതില്‍ തന്നെ 75 എണ്ണം സാങ്കേതിക തകരാറുകള്‍ മൂലം ഉപയോഗശൂന്യമാണ്.
നിലവിലെ ആയുധശേഖരം വീണ്ടും പഴയപടിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് ചൈനയെപ്പോലെയുള്ള ശക്തരായ എതിരാളികളുമായി ഭാവിയില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങളില്‍ അമേരിക്കയ്ക്ക് തിരിച്ചടിയായേക്കാം.
വ്യോമമേധാവിത്വം തങ്ങള്‍ക്കാണെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും യുദ്ധക്കളത്തില്‍ നിന്ന് വരുന്നത് അമേരിക്കയ്ക്ക് അത്ര ശുഭകരമായ വാര്‍ത്തകളല്ല. ഈ ആഴ്ച തന്നെ ഒരു യുഎസ് എഫ്-15ഇ സ്‌ട്രൈക്ക് ഫൈറ്ററും ഒരു എ-10 വിമാനവും ഇറാന്‍ വെടിവച്ച് വീഴ്ത്തി. കൂടാതെ പൈലറ്റുമാരെ രക്ഷിക്കാന്‍ എത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തി.
യുദ്ധം തുടങ്ങിയത് മുതല്‍ പന്ത്രണ്ടിലധികം MQ-9 ഡ്രോണുകളും അമേരിക്കയ്ക്ക് നഷ്ടമായതായാണ് റിപ്പോര്‍ട്ട്.
ഇറാന്റെ വ്യോമ പ്രതിരോധം തകര്‍ന്നുവെന്ന് വാഷിംഗ്ടണ്‍ അവകാശപ്പെടുമ്പോഴും, അമേരിക്കയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ വ്യക്തമാക്കുന്നത് ഇറാന്റെ പക്കല്‍ ഇപ്പോഴും മാരകമായ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടെന്നാണ്. ഇതാണ് പൈലറ്റുകളുടെ ജീവന്‍ പണയപ്പെടുത്താതെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലേക്ക് മാറാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.
ഇറാനിലെ 12,300-ലധികം ലക്ഷ്യങ്ങള്‍ ഇതിനോടകം യുഎസ് സൈന്യം ആക്രമിച്ചു കഴിഞ്ഞു. നാവിക കപ്പലുകള്‍, മിസൈല്‍ ലോഞ്ചറുകള്‍, പ്രതിരോധ നിര്‍മ്മാണ സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, വിമാനങ്ങളും പൈലറ്റുമാരും നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ അമേരിക്ക ഇപ്പോള്‍ ദീര്‍ഘദൂര മിസൈലുകളിലേക്ക് ശ്രദ്ധ മാറ്റുകയാണ്. ബി-52 (ആ52), ബി-1ബി (ആ1ആ) ബോംബറുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ അകലത്തില്‍ നിന്ന് ആക്രമണം തുടരാനാണ് തീരുമാനം. കൂടാതെ, ജോര്‍ദാനിലെ യുഎസ് താവളത്തില്‍ ഇറാന്റെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിന്ന് THAAD മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റിക്കഴിഞ്ഞു. കൂടുതല്‍ മാരകമായ ആക്രമണങ്ങള്‍ക്കാണ് ഇനി വരാനിരിക്കുന്ന ആഴ്ചകളില്‍ ലോകം സാക്ഷ്യംവഹിക്കാന്‍ പോകുന്നത്.
ഇറാനെതിരായ അമേരിക്കയുടെ യുദ്ധം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും അപകടകരമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഇറാന്റെ ഊര്‍ജ്ജ-സൈനിക അടിസ്ഥാന സൗകര്യങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ട്രംപിന്റെ ലക്ഷ്യം നടപ്പിലാക്കാന്‍ അമേരിക്ക സ്വന്തം ആയുധശേഖരത്തെ തന്നെ പണയപ്പെടുത്തുകയാണ്. ആയുധങ്ങള്‍ തീര്‍ന്നുപോകുന്ന സാഹചര്യമുണ്ടായാല്‍ അത് ആഗോളതലത്തില്‍ അമേരിക്കയുടെ സൈനിക സ്വാധീനത്തെ എങ്ങനെ ബാധിക്കുമെന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
Content Summary: Trump orders global missile shift to decimate Iranian defenses