കുടിയേറ്റ വിരുദ്ധ പ്രവര്‍ത്തനത്തിന് പുതിയ ആശയങ്ങളുമായി ട്രംപ്. കുടിയേറ്റക്കാരില്‍ അഞ്ചാംപനിക്കും ക്ഷയരോഗത്തിനും സാധ്യതയുള്ളതായി ആരോപണങ്ങളുയര്‍ത്താന്‍ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. അഭയാര്‍ഥികള്‍ക്ക് അമേരിക്കയിലേക്ക് അണുബാധ പടര്‍ത്താന്‍ കഴിയുമെന്ന് കാരണത്താല്‍ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പറഞ്ഞു.
കുടിയേറ്റക്കാര്‍ക്ക് രോഗ വാഹകരാകാനും രോഗം പടര്‍ത്താനും കഴിയുമെന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ട്രംപിന്റെ അനുയായികള്‍. കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും അകറ്റി നിര്‍ത്തുന്നതിന് പകര്‍ച്ചവ്യാധികളുടെ കാലത്ത് ഉപയോഗിച്ചിരുന്ന അതേ തന്ത്രം ഒരിക്കല്‍ കൂടി പയറ്റാനൊരുങ്ങുകയാണ് ട്രംപ്. അമേരിക്കയിലെ അടിയന്തര ആരോഗ്യ നിയമമായ ടൈറ്റില്‍ 42 പ്രകാരം അമേരിക്കകാരുടെ സുരക്ഷ കണക്കിലെടുത്ത് കുടിയേറ്റക്കാരെ തടയാന്‍ സാധിക്കും.
ടൈറ്റില്‍ 42 പ്രകാരം കുടിയേറ്റക്കാരെ തടയുന്നതിനുള്ള ഏറ്റവും നല്ല പ്രതിരോധ മാര്‍ഗം ക്ഷയവും അഞ്ചാംപനിയും ആരോപിക്കലാണെന്ന് വൈറ്റ് ഹൗസ് കരുതുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് അമേരിക്കന്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലേക്ക് അയക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
കാന്‍സാസില്‍ ക്ഷയരോഗം സ്ഥിരീകരിക്കുയും, ടെക്‌സാസില്‍ അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഇവയ്ക്ക് കുടിയേറ്റവും, കുടിയേറ്റക്കാരുമായും ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഈ രണ്ട് രോഗങ്ങളും താരതമ്യേന അപകട സാധ്യത കുറവുള്ളവയാണെന്ന് പൊതുജന ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ട്രംപ് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ അഭയാര്‍ഥികളെ തടയാനുള്ള ഉത്തരവിലാണ് ഒപ്പുവച്ചത്. ഈ ഉത്തരവ് കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ട്രംപ് പുതിയ ഇമിഗ്രേഷന്‍ ചട്ടങ്ങള്‍ തയ്യാറാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
content summary; Trump thinks about calling asylum seekers a threat for measles and tuberculosis