ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരെ ആശ്രയിക്കുന്ന യുഎസ് ടെക് വ്യവസായത്തിന് കനത്ത തിരിച്ചടി പുതിയ പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. H-1B വിസ അപേക്ഷകർക്ക് പ്രതിവർഷം 100,000 ഡോളറാണ് ( 88 ലക്ഷം രൂപ) ഫീസ് ഇനത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനും രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം പറയുന്നു.
ട്രംപിന്റെ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്ട്നിക്ക് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ, ഈ പുതിയ ഫീസിനെക്കുറിച്ച് എല്ലാ വലിയ കമ്പനികളുമായും സംസാരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അമേരിക്കൻ തൊഴിലാളികളെ പരിശീലിപ്പിക്കാനാണ് ഈ നീക്കമെന്നും, വിദേശികൾ അമേരിക്കക്കാരുടെ ജോലികൾ തട്ടിയെടുക്കുന്നത് തടയാനുള്ള ശ്രമമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ ഈ നീക്കം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ H-1B വിസക്കാരെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ടെക് വ്യവസായമാണ്. ആയിരക്കണക്കിന് H-1B വിസകൾ ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ പോലുള്ള കമ്പനികൾക്ക് ഓരോ വർഷവും ലഭിക്കുന്നുണ്ട്. പുതിയ ഫീസ് ചെറുകിട സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കും. ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ അമേരിക്കയിലേക്ക് ആകർഷിക്കുന്നതിൽ നിന്ന് ഇത് തടയുമെന്നും സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
Also Read: ട്രംപ് കൈമലർത്തി, സാമ്പത്തിക പ്രതിസന്ധിയിൽ യു.എൻ; 3,000 ജീവനക്കാരെ പിരിച്ചുവിടും
അതെ സമയം, പ്രസിഡന്റിന് ഇങ്ങനെയൊരു ഫീസ് ഏർപ്പെടുത്താനുള്ള നിയമപരമായ അധികാരം ഉണ്ടോയെന്ന് കുടിയേറ്റ വിദഗ്ദ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വിസ അപേക്ഷാ പ്രോസസ്സിംഗിന്റെ ചെലവുകൾ ഈടാക്കാൻ മാത്രമേ കോൺഗ്രസ് എക്സിക്യൂട്ടീവ് ബ്രാഞ്ചിന് അധികാരം നൽകിയിട്ടുള്ളൂവെന്ന് അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ അംഗം ആരോൺ റെയിച്ലിൻ-മെൽനിക്ക് ചൂണ്ടിക്കാട്ടി. ഈ നീക്കം നിയമപരമായ തർക്കങ്ങളിലേക്ക് നയിക്കുമെന്നാണ് സൂചന.
ട്രംപിന്റെ മുൻ ഭരണകാലത്തും H-1B വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഫീസ് വർധിപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, ആ നിയന്ത്രണങ്ങൾ ഫെഡറൽ കോടതി തടഞ്ഞിരുന്നു. ഈ നീക്കം നിയമപരമായ തർക്കങ്ങളിലേക്ക് നയിക്കുമെന്നാണ് സൂചന.
content summary: Trump’s $100,000 H-1B Visa Fee Targets Tech Industry
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.