നവംബര്‍ 6, 11 തീയതികളിലായി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിഹാര്‍ നീങ്ങുമ്പോള്‍, മുഖ്യമന്ത്രിയും ജെഡി(യു) പ്രസിഡന്റുമായ നിതീഷ് കുമാര്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാന്‍ തയ്യാറെടുക്കുകയാണ്.
ഒമ്പത് തവണ മുഖ്യമന്ത്രിയായ നിതീഷ്, ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്കിടയിലും ഏകദേശം 20 വര്‍ഷക്കാലം ബിഹാര്‍ ഭരണത്തിന്റെ അമരത്ത് തുടര്‍ന്നു. ഈ കാലയളവില്‍ അദ്ദേഹം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുമായും, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യവുമായും ചേര്‍ന്ന് മാറിമാറി ഭരണം നടത്തി.
സോഷ്യലിസ്റ്റ് നേതാവായ നിതീഷ്, കഴിഞ്ഞ ദശകങ്ങളില്‍ ബിഹാറിലെ രാഷ്ട്രീയം നിര്‍വചിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പാര്‍ട്ടിയുടെ ശക്തിക്ക് പുറമെ നിതീഷിന്റെ വാക്കുകള്‍ക്കായിരുന്നു ബിഹാറില്‍ എന്നും സ്ഥാനം.
2000 മാര്‍ച്ച് 3 മുതല്‍ 10 വരെയുള്ള ചുരുങ്ങിയ കാലയളവിലായിരുന്നു നിതീഷ് ആദ്യം മുഖ്യമന്ത്രിയായിരുന്നതെങ്കിലും 2005 മുതല്‍ അദ്ദേഹം ബിഹാര്‍ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായി മാറിയത്. 2014-15 കാലഘട്ടത്തില്‍ 278 ദിവസത്തേക്ക് അദ്ദേഹം മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറിയപ്പോള്‍ പോലും, അന്ന് തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകനായ ജിതിന് റാം മാഞ്ചിയെ സര്‍ക്കാര്‍ തലവനായി നിയമിച്ചത് നിതീഷായിരുന്നു.
Also Read : കിംഗ് മേക്കര്‍മാരാകാന്‍ നായിഡു-നിതീഷുമാര്‍
കഴിഞ്ഞ 11 വര്‍ഷത്തിനിടെ അഞ്ച് തവണ സഖ്യങ്ങള്‍ മാറിമാറി വിദഗ്ധമായി ചുവടുമാറ്റം നടത്തിയ നിതീഷ് എപ്പോഴും താന്‍ നയിച്ച സഖ്യത്തെ വിജയത്തിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്റെ ഈ തന്ത്രപരമായ നീക്കമാണ് ബിഹാറില്‍ നിതീഷിനെ അനിഷേധ്യനായ നേതാവാക്കുന്നത്.
2005 ല്‍ നിതീഷ് ആദ്യമായി അഞ്ച് വര്‍ഷത്തേക്ക് മുഖ്യമന്ത്രിയായപ്പോള്‍, 243 അംഗ സഭയില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് 75 സീറ്റും, ജെഡി (യു) ന് 55-ഉം ബിജെപിക്ക് 37-ഉം സീറ്റുകളാണ് ലഭിച്ചത്.
2010-ലെ തിരഞ്ഞെടുപ്പില്‍ ജെഡി (യു) 115 സീറ്റുകള്‍ നേടി, ബിജെപി 91-ഉം ആര്‍ജെഡി 22 ഉം സീറ്റുകള്‍ നേടി.
2015-ല്‍ മഹാസഖ്യവുമായി ചേര്‍ന്ന് മത്സരിച്ചപ്പോള്‍ ആര്‍ജെഡി 80 സീറ്റും ജെഡി (യു) 71 ഉം ബിജെപി 53 ഉം സീറ്റുകള്‍ നേടി.

2020 ല്‍ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചപ്പോള്‍, ആര്‍ജെഡി 75 സീറ്റും, ബിജെപി 74 ഉം ജെഡി (യു) 43 ഉം സീറ്റുകളാണ് നേടിയത്.
ബിഹാര്‍ ജനസംഖ്യയുടെ 3% കുര്‍മി സമുദായവും 14% യാദവ സമുദായക്കാരുമാണ്. സംഖ്യാപരമായി തന്റെ കുര്‍മി സമുദായം യാദവരെക്കാള് ചെറുതാണെന്ന് അറിയാമായിരുന്ന നിതീഷ്, അതിവിദഗ്ദ്ധമായ ഒരു രാഷ്ട്രീയ തന്ത്രം മെനഞ്ഞു. ഇബിസി (Extremely Backward Classes), വനിതകള്‍, മഹാദളിതുകള്‍ (തുടക്കത്തില്‍ പസ്വാനുകള് ഒഴികെ, പിന്നീട് അവരെയും ചേര്‍ത്തു) എന്നിവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം സ്വന്തമായി ഒരു അടിത്തറ പടുത്തുയര്‍ത്തി. കുര്‍മി വിഭാഗവും ഒബിസിയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, യാദവ വിഭാഗമാണ് ഒബിസികളിലെ പ്രബലര്‍.
ജനസംഖ്യയുടെ ഏകദേശം 36% വരുന്ന, സംസ്ഥാനത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അടിത്തറയായ ഇബിസി വിഭാഗങ്ങളുടെ നേതാവായി നിതീഷ് ഉയര്‍ന്നുവന്നു. ഇബിസി വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ നിതീഷ് നിരവധി നിര്‍ണ്ണായക നടപടികളാണ് സ്വീകരിച്ചത്.
2006 ല്‍, ജില്ലാ ബോര്‍ഡുകള്‍, പഞ്ചായത്ത് സമിതികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഇബിസിക്കാര്ക്ക് 20% സംവരണം നല്കാന് അദ്ദേഹത്തിന്റെ മന്ത്രിസഭ അംഗീകാരം നല്കി.
2010-ല്‍, ഇബിസി വിഭാഗക്കാര്‍ക്ക് പുതിയ സംരംഭകത്വ പദ്ധതി പ്രഖ്യാപിച്ചു; ഇതിലൂടെ ചെറുകിട ബിസിനസ്സുകള്‍ തുടങ്ങാന്‍ അര്‍ഹരായവര്‍ക്ക് 10 ലക്ഷം രൂപയുടെ സര്‍ക്കാര്‍ സഹായം ലഭിച്ചു.
ലാലു പ്രസാദിന്റെ എം-വൈ (മുസ്ലീം-യാദവ്) അടിത്തറയ്ക്കുള്ള തന്ത്രപരമായ മറുപടി എന്ന നിലയിലാണ് നിതീഷിന്റെ ഇബിസി ശ്രദ്ധയെ രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടത്. ഒബിസികള്‍ക്ക് സാമൂഹിക നീതി വാഗ്ദാനം ചെയ്ത മണ്ഡല് തരംഗത്തില്‍ ലാലു പ്രസാദ് അധികാരത്തില്‍ വന്നത്, സംസ്ഥാനത്തെ ഉയര്‍ന്ന ജാതിക്കാരുടെ ആധിപത്യം തകരുന്നതിന് വഴിയൊരുക്കി. എന്നിരുന്നാലും, ആര്‍ജെഡി ഭരണകൂടം യാദവരെയും മുന്നോക്ക വിഭാഗത്തിലെ മുസ്ലീങ്ങളെയും (അഷ്റഫ് മുസ്ലീങ്ങള്‍) അനുകൂലിച്ചു എന്ന ധാരണ ക്രമേണ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്നു.
Also Read : മദ്യനിരോധന നിയമത്തിനെതിരെ പ്രതിഷേധം ശക്തം; വെള്ളം ചേര്‍ത്ത് നിതീഷ് സര്‍ക്കാരിന്റെ ഭേദഗതി
നിതീഷിന്റെ നീണ്ട കാലത്തെ മുഖ്യമന്ത്രി പദവി, പിന്നാക്ക വിഭാഗക്കാരെ കൂടുതലായി അദ്ദേഹത്തിലേക്ക് അടുപ്പിക്കാന്‍ സഹായിച്ചു. ആര്‍ജെഡി ഭരണത്തിന്റെ ‘യഥാര്‍ത്ഥ ഗുണഭോക്താക്കള്‍’ യാദവരായിരുന്നു, ഇബിസി വിഭാഗമായിരുന്നില്ല എന്ന് അവരെ ബോധവാന്മാരാക്കാന് അദ്ദേഹം ശ്രമിക്കുകയും ചെയ്തു.
മഹാസഖ്യം നയിച്ചിരുന്ന കാലത്ത് നിതീഷ് മുന്‍കൈയെടുത്ത് നടത്തിയ 2023-ലെ ബിഹാര്‍ ജാതി സര്‍വേ, ഇബിസി (EBC) വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് പ്രാധാന്യം കൂടുതല്‍ വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥതയിലും സമ്പത്തിലും ദളിതര്‍ക്ക് തൊട്ടു മുകളിലാണ് ഇബിസി വിഭാഗത്തിന്റെ സ്ഥാനമെന്നും സര്‍വേ കണ്ടെത്തി.
ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍, എസ്.സി., എസ്.ടി., ഒ.ബി.സി., ഇ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട 50% ല്‍ നിന്ന് 65% ആയി ഉയര്‍ത്താന്‍ നിതീഷ് തീരുമാനിച്ചു. ഇത് നിയമപരമായി ഉറപ്പാക്കാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിയമനിര്‍മ്മാണം പാസാക്കിയെങ്കിലും, അത് പിന്നീട് പട്ന ഹൈക്കോടതി റദ്ദാക്കി.
ഇബിസിക്കാര്ക്കിടയില് തന്റേതായ വോട്ട് ബാങ്ക് സ്ഥാപിച്ചതിലൂടെ, നിതീഷ് കുമാര്‍ ബിജെപിക്കും ആര്‍ജെഡിക്കും ഒരുപോലെ ഒഴിച്ചുകൂടാനാവാത്ത പ്രധാന സഖ്യകക്ഷിയായി മാറി.
ഇതിന് പുറമെ നിതീഷ് കുമാര്‍ സംസ്ഥാനത്തെ വനിതകള്‍ക്കിടയില്‍ ‘വ്യത്യസ്തമായ ഒരു രാഷ്ട്രീയ അടിത്തറ’ സൃഷ്ടിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നിതീഷ് ഓരോ സ്ത്രീയുടെയും ജീവിതത്തെ സ്പര്‍ശിച്ചു എന്ന് ജെഡി (യു) വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ ‘ദി ഇന്ത്യന്‍ എക്സ്പ്രസിനോട്’ പറഞ്ഞു.
സാമ്പത്തിക ശാക്തീകരണം: 1.4 ലക്ഷം ‘ജീവിക്ക ദിദിമാരെ’ സൃഷ്ടിച്ച നിതീഷ്, രാജ്യത്തെ ഏറ്റവും വലിയ സ്വയം സഹായ സംഘ (SHG) സംവിധാനം ഒരുക്കി അവരുടെ സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കി. പോലീസ് സേനയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വനിതകളുള്ളത് ബിഹാറിലാണ്. വനിതകളുടെ ആവശ്യം പരിഗണിച്ച് മദ്യ നിരോധനം നടപ്പിലാക്കിയതും നിതീഷ് കുമാറാണ്. അങ്ങനെ സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ ജീവിതം അദ്ദേഹം മാറ്റിമറിച്ചു.
നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരുന്ന ആദ്യ കാലഘട്ടങ്ങളില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയും അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെടുത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. അദ്ദേഹത്തിന്റെ ഭരണനേതൃത്വം ആര്‍ജെഡി ഭരണകാലത്തെ ‘ജംഗിള്‍ രാജ്’ (നിയമരാഹിത്യം) തിരുത്തി, സംസ്ഥാനത്തെ വീണ്ടും വികസന പാതയിലേക്ക് തിരിച്ചെത്തിച്ചു എന്നാണ് എന്‍ഡിഎ ക്യാമ്പ് പ്രചരിപ്പിച്ചത്.
അദ്ദേഹം ഇന്ത്യയിലുടനീളം ‘സുശാസന്‍ (നല്ല ഭരണം) ബാബു’ എന്ന പേരില്‍ അറിയപ്പെട്ടു. ‘ബിഹാര്‍ മേം ബഹാര്‍ ഹേ, നിതീഷ് കുമാര്‍ ഹേ’ (ബിഹാറില്‍ വസന്തമുണ്ട്, അവിടെ നിതീഷ് കുമാര്‍ ഉണ്ട്) എന്ന മുദ്രാവാക്യം ശ്രദ്ധ നേടിയതോടെ, തിരഞ്ഞെടുപ്പിലെ തന്റെ യഥാര്‍ത്ഥ ശക്തിക്ക് അപ്പുറം അദ്ദേഹത്തിന് സ്വാധീനം ലഭിച്ചു.

പിന്നീട് സഖ്യം മാറിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ‘പല്ട്ടൂ റാം’ എന്ന വിളിപ്പേര് ലഭിച്ചെങ്കിലും, ബിഹാറിനെക്കുറിച്ചുള്ള ‘നെഗറ്റീവ് സ്റ്റീരിയോടൈപ്പുകള്‍’ വലിയൊരളവില്‍ മാറ്റിയെടുത്തതില്‍ അദ്ദേഹത്തിന് ഇപ്പോഴും വ്യാപകമായ അംഗീകാരം ലഭിക്കുന്നുണ്ട്.
ലാലു പ്രസാദ് കുടുംബം നിരന്തരമായ അഴിമതി ആരോപണങ്ങളുടെ നിഴലിലായിരുന്നപ്പോള്, നിതീഷ് കുമാര്‍ തന്റേതായ പ്രതിച്ഛായ നിലനിര്‍ത്തി. പല പ്രാദേശിക പാര്‍ട്ടി നേതാക്കളെയും പോലെ, അദ്ദേഹം കുടുംബാധിപത്യത്തിന് (Nepotism) വഴങ്ങാന്‍ ശ്രമിച്ചില്ല. തന്റെ മകന് നിശാന്ത് കുമാറിനെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതില്‍ നിന്നും അദ്ദേഹം ഇതുവരെ വിട്ടുനില്‍ക്കുകയാണ്.
ബിജെപിയെ സംബന്ധിച്ചിടത്തോളം, നിതീഷ് കുമാര്‍ ഒരു മുതല്‍ക്കൂട്ട് കൂടിയായിരുന്നു. രാജ്യത്തെ രാഷ്ട്രീയ പോരാട്ടം കോണ്‍ഗ്രസിന്റെ മതേതര കാഴ്ചപ്പാടും ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലാണെന്ന വാദം കോണ്‍ഗ്രസ് സ്ഥിരമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍, എന്‍ഡിഎയില്‍ നിന്ന് മഹാസഖ്യത്തിലേക്കും, തിരിച്ചും നിതീഷ് തടസ്സങ്ങളില്ലാതെ മാറിയത്, ഈ ‘ആശയപരമായ സമവാക്യത്തെ’ നിര്‍വീര്യമാക്കാന്‍ ബിജെപിക്ക് സഹായകമായി.
Also Read : രാജ്യമെമ്പാടും ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക തിരുത്തലിന് തിരഞ്ഞെടുപ്പ് കമ്മീഷന്
Content Summary: Two faces of Nitish Kumar: ‘Sushasan Babu’ and ‘Paltu Ram’ in Bihar
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.