വാഷിംഗ്ടണിലെ ഇസ്രയേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. വാഷിഗ്ടണിലെ ക്യാപ്പിറ്റൽ മ്യൂസിയത്തിന് സമീപമാണ് സംഭവം. ജൂതവിരുദ്ധതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എഫ്ബിഐയുടെ വാഷിംഗ്ടൺ ഫീൽഡ് ഓഫീസിനടുത്ത് വച്ചായിരുന്നു ഉദ്യോഗസ്ഥർക്ക് വെടിയേൽക്കുന്നത്. നഗരത്തിലെ ജൂത, നയതന്ത്ര സമൂഹങ്ങളെയാകെ ഈ സംഭവം പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. മ്യൂസിയത്തിനകത്ത് അമേരിക്കൻ ജൂത കമ്മിറ്റി ആതിഥേയത്വം വഹിച്ച ഒരു പരിപാടി നടക്കുന്നതിനിടയിലാണ് പുറത്ത് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിക്കുന്നത്.
വാഷിംഗ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിന് സമീപം ഇന്ന് രാത്രി രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമാണ് സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ഞങ്ങൾ സജീവമായി അന്വേഷണം നടത്തുന്നുണ്ട്, ലഭ്യമായ ഉടനെ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കിടും. ഇരകളുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുക എന്നും ക്രിസ്റ്റി നോം കൂട്ടിച്ചേർത്തു. രാത്രി 9 മണിയോടെയാണ് വെടിവയ്പ്പുണ്ടായതെന്ന് വാഷിംഗ്ടൺ മേയർ മ്യൂരിയൽ ബൗസർ പറഞ്ഞു. സംഭവത്തിന്റെ ഭീകരത നമ്മുടെ നഗരത്തിലെയും നമ്മുടെ രാജ്യത്തെയും നിരവധി ആളുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. നമ്മുടെ നഗരത്തിൽ ഇത്തരത്തിലുള്ള അക്രമമോ വെറുപ്പോ വച്ചു പുലർത്താൻ ഞങ്ങൾ അനുവദിക്കില്ലെന്ന് ഞാൻ വ്യക്തമായി പറയുന്നു. ഒരു ഭീകരപ്രവർത്തനവും ഞങ്ങൾ അനുവദിക്കില്ല, ജൂതവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും മേയർ വ്യക്തമാക്കി.
പ്രതിയാണെന്ന് സംശയിക്കുന്ന ഒരാളെ നിലവിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെടിവയ്പ്പിന് മുമ്പ് അയാൾ മ്യൂസിയത്തിന് മുന്നിൽ നടക്കുന്നത് കണ്ടതായി റിപ്പോർട്ടുകളുണ്ട്. വെടിവയ്പ്പിന് ശേഷം അയാൾ മ്യൂസിയത്തിലേക്ക് നടക്കുന്നതിനിടയിലാണ് അയാളെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത്.പലസ്തീനെ സ്വതന്ത്രമാക്കൂവെന്ന് കസ്റ്റഡിയിലിരിക്കെ പ്രതി പറഞ്ഞതായി മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി പമേല എ. സ്മിത്ത് പറഞ്ഞു. പ്രതിയാണെന്ന് സംശയിക്കുന്ന ചിക്കാഗോ സ്വദേശി ഏലിയാസ് റോഡ്രിഗസിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
അമേരിക്കൻ ജൂത കമ്മിറ്റി ആതിഥേയത്വം വഹിച്ചപ്പോഴാണ് കൊലപാതകം നടന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ആയ ടെഡ് ഡച്ച് വ്യക്തമാക്കി. കൊലപാതകം നടന്നതായി അറിഞ്ഞപ്പോൾ ആകെ പരിഭ്രാന്തയായി. പരിക്കേറ്റവരെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് ഓർക്കുമ്പോൾ വേദന തോന്നുന്നതായും ടെഡ് ഡച്ച് കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾക്കായി നിരന്തരം മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്ന് എഫ്‌ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു, വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ അപ്‌ഡേറ്റുകൾ നൽകുമെന്ന് കാഷ് പട്ടേൽ കൂട്ടിച്ചേർത്തു. പൊതുസുരക്ഷയ്ക്ക് നിലവിൽ ഭീക്ഷണികളൊന്നും ഇല്ലെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണം ഒരു ജൂതവിരുദ്ധ നടപടിയാണെന്ന് താൻ വിശ്വസിക്കുന്നതായി ഐക്യരാഷ്ട്രസഭയിലെ ഇസ്രായേലി അംബാസഡർ ഡാനി ഡാനോൺ, സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
content summary: Two Israeli Embassy Staff Members Fatally Shot Outside Event in Washington, Officials Report