ഗാന്ധിജി വായനക്കാരെ നീതിയുടെ പാതയിലേക്ക് നയിക്കുന്ന ഒരു എഡിറ്ററായിരുന്നു. ഗാന്ധിജി തന്റെ ജീവിതത്തിന്റെ ദൗത്യം തുറന്നു പറഞ്ഞു.”
ലൂയീസ് ഫിഷര്‍
ലൈഫ് ഓഫ് മഹാത്മാ ഗാന്ധി (1950)
ജീവചരിത്രമെഴുതിയ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍.
ഒരു നൂറ്റാണ്ട് മുന്‍പ്, 1924 ല്‍, പഴയ ഡല്‍ഹിയിലെ ബേണ്‍ ബാസ്റ്റ്യന്‍ റോഡിലെ ഒരു കെട്ടിടത്തില്‍ മഹാത്മാഗാന്ധി ഉല്‍ഘാടനം ചെയ്ത ഇംഗ്ലീഷ് വര്‍ത്തമാന പത്രമായിരുന്നു പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ദിനപത്രമായി മാറിയ ബിര്‍ളയുടെ ‘ദി ഹിന്ദുസ്ഥാന്‍ ടൈംസ്’.
അന്ന് ഉദ്ഘാടനത്തിന് അവിടെ സമ്മേളിച്ച ചെറിയ സദസ്സിനോട് ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ‘അളന്നു തൂക്കി വേണം, പത്രത്തിലെ ഓരോ വാക്കും വാക്യവും അച്ചടിക്കാന്‍’. ഗാന്ധിജിയുടെ ആ പ്രസംഗം കേട്ടുകൊണ്ട് ആ സദസ്സില്‍ ആ പത്രത്തിന്റെ ആദ്യ എഡിറ്റര്‍ മലയാളിയായ സര്‍ദാര്‍ കെ.എം. പണിക്കര്‍ ഇരിപ്പുണ്ടായിരുന്നു. ഒരു ദേശീയ നേതാവല്ലായിരുന്നെങ്കില്‍ കൂടി ഗാന്ധിജി ആ പത്രസ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സര്‍വഥാ യോഗ്യനായിരുന്നു. കാരണം നാല് പ്രശസ്ത പ്രസിദ്ധീകരണങ്ങള്‍ എഡിറ്റ് ചെയ്ത ഒരു പത്രപ്രവര്‍ത്തകനായിരുന്നു ഗാന്ധിജി. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ഒപ്പീനിയന്‍, ഇന്ത്യയിലെ യംഗ് ഇന്ത്യ, നവജീവന്‍, ഹരിജന്‍ എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ തന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഗാന്ധിയെന്ന എഡിറ്റര്‍ തന്റെ പത്രപ്രവര്‍ത്തനത്തിലൂടെ നീണ്ട യാത്രകള്‍ ചെയ്തു.
‘പത്രപ്രവര്‍ത്തനത്തിന്റെ ഏക ലക്ഷ്യം സേവനമാണ്’ എന്നായിരുന്നു ഗാന്ധിജിയുടെ വീക്ഷണം. തന്റെ ഡയറിക്കുറിപ്പുകളിലൂടെ മഹാത്മാഗാന്ധി തന്റെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുക മാത്രമല്ല, പത്രപ്രവര്‍ത്തനത്തില്‍ ഒരു സവിശേഷ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം ജനങ്ങളുടെ പത്രപ്രവര്‍ത്തകനായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍, വികാരങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയെക്കുറിച്ച് എഴുതി. അദ്ദേഹത്തിന്റെ മാനുഷിക സമീപനം അദ്ദേഹത്തിന്റെ രചനകള്‍ക്ക് ഒരു സവിശേഷ സ്വഭാവം നല്‍കി.
സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് – രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക – രചനകളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ആശയം. ഒരു പത്രത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ജനകീയ വികാരം മനസ്സിലാക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ്; മറ്റൊന്ന് ജനങ്ങള്‍ക്കിടയില്‍ അഭികാമ്യമായ ചില വികാരങ്ങള്‍ ഉണര്‍ത്തുക, മൂന്നാമത്തേത് ജനകീയ ന്യൂനതകള്‍ നിര്‍ഭയം പ്രകടിപ്പിക്കുക എന്നതാണ്.’ ഗാന്ധിജി പറഞ്ഞു.
ഗാന്ധിജി തന്റെ ആത്മകഥയില്‍ എഴുതി, ‘പത്തൊന്‍പതാം വയസ്സില്‍ ലണ്ടനിലേക്ക് പോയ ഞാന്‍ ആദ്യമായി ഒരു പത്രം വായിച്ചു. ‘ഇന്ത്യയില്‍, ഞാന്‍ ഒരിക്കലും ഒരു പത്രം വായിച്ചിട്ടില്ല.’
പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇംഗ്ലണ്ടിലെ വെജിറ്റേറിയന്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ ‘ദി വെജിറ്റേറിയന്‍’ നില്‍ ലേഖനങ്ങളെഴുതാന്‍ തുടങ്ങി. ലണ്ടനിലെ മൂന്ന് വര്‍ഷത്തെ താമസത്തിനിടയില്‍, ഇന്ത്യയിലെ ഭക്ഷണക്രമം, ആചാരങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയെ കുറിച്ച് അദ്ദേഹം ആ ജേണലില്‍ ഒമ്പത് ലേഖനങ്ങള്‍ എഴുതി. അതോടെ അദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനായി മാറി. ഇന്ത്യയിലേക്കുള്ള മടക്കയാത്രയില്‍, അദ്ദേഹം സഞ്ചരിച്ച കപ്പല്‍ ഒരു കൊടുങ്കാറ്റിനെ നേരിട്ടു. കപ്പലില്‍ നിന്ന് ദി വെജിറ്റേറിയനുവേണ്ടി അദ്ദേഹം അതിനെക്കുറിച്ച് ഒരു വിവരണം എഴുതി,
1893 ഏപ്രിലില്‍, ദാദാ അബ്ദുള്ളയുടെ കമ്പനിയുടെ ഒരു കേസ് വാദിക്കാന്‍ ഗാന്ധിയെന്ന യുവ ബാരിസ്റ്റര്‍ ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറി. ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാക്കിയെന്ന് മാത്രമല്ല, ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയാക്കി മാറ്റി. ദാദാഭായ് നവറോജി ആരംഭിച്ച പത്രത്തിന്റെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ കറസ്‌പോണ്ടന്റായി അദ്ദേഹം പ്രവര്‍ത്തിച്ചു, പ്രത്യേകിച്ച് അവിടത്തെ ഇന്ത്യക്കാരുടെ പരാതികളെക്കുറിച്ചും, ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ കുറിച്ചും വാര്‍ത്തകള്‍ അയയ്ക്കാന്‍ തുടങ്ങി.
1899 ഒക്ടോബറില്‍, ബോയര്‍ യുദ്ധം ആരംഭിച്ചപ്പോള്‍, ഗാന്ധിജി ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകരുടെ സംഘത്തിന് യുദ്ധക്കളത്തില്‍ പരിക്കേറ്റവരെയും, രോഗികളേയും സഹായത്തിനായി തന്റെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. ഈ കാലയളവില്‍ അദ്ദേഹം ഒരു യുദ്ധ ലേഖകനായി പ്രവര്‍ത്തിച്ചു. ഈ അനുഭവങ്ങള്‍ ഇന്ത്യയിലെ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് ദക്ഷിണാഫ്രിക്കന്‍ പ്രദേശങ്ങളായ കേപ് കോളനി, നതാലി എന്നിവയെ ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ ബോയര്‍ റിപ്പബ്ലിക്കുകളുമായി ലയിപ്പിക്കാന്‍ ബ്രിട്ടന്‍ ശ്രമിച്ചപ്പോഴായിരുന്നു ബോയര്‍ യുദ്ധമാരംഭിച്ചത്.
ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി, ഗാന്ധി ഒരു വാരിക തുടങ്ങാനായി ചിന്തിച്ചു. അവിടെ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ പൊതുജനാഭിപ്രായം ഉണര്‍ത്താന്‍ പ്രചാരണം വേണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. അദ്ദേഹം പിന്നീട് ഇങ്ങനെ രേഖപ്പെടുത്തി:’പ്രധാനമായും ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന പോരാട്ടം ഒരു പ്രസിദ്ധീകരണമില്ലാതെ നടത്താനാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’
1903 ജൂണ്‍ 4-ന്, ദക്ഷിണാഫ്രിക്കയിലെ നടാലില്‍ വെച്ച്, ഇന്ത്യക്കാരുടെ സാമ്പത്തിക സഹായത്തോടെ ഗാന്ധിജി തന്റെ ആദ്യ പ്രസിദ്ധീകരണമായ പത്രം ഇന്ത്യന്‍ ഒപ്പീനിയന്‍’ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.
ദക്ഷിണാഫ്രിക്കയില്‍ നിലനില്‍ക്കുന്ന വര്‍ണ്ണവിവേചനത്തിന് കീഴില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ വികാരങ്ങള്‍ ഫലപ്രദമായി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, എഡിറ്റോറിയലായ ‘നമ്മള്‍ തന്നെ’ എന്ന ആദ്യ എഡിറ്റോറിയല്‍ ഗാന്ധിജി എഴുതി. അദ്ദേഹത്തിന്റെ ഭാഷയുടെ ലാളിത്യം കൊണ്ട് ഇത് ശ്രദ്ധേയമായി. ദി ഇന്ത്യന്‍ ഒപ്പീനിയന്‍ പിന്നീട് ഇംഗ്ലീഷ്, ഗുജറാത്തി, തമിഴ്, ഹിന്ദി എന്നീ നാല് ഭാഷകളില്‍ പ്രസിദ്ധീകരിച്ചു.
എഴുതുക മാത്രമായിരുന്നില്ല ഗാന്ധിജിയുടെ ജോലി, അക്കാലത്ത് ഇന്ത്യന്‍ ഒപ്പീനിയന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ വലുതായിരുന്നു. സഹായത്തിനായി സ്ഥാപനത്തില്‍ പ്യൂണുകളോ മറ്റ് തൊഴിലാളികളോ ഉണ്ടായിരുന്നില്ല. ഗാന്ധിജിയും സഹപ്രവര്‍ത്തകരും പ്രസിദ്ധീകരണം അച്ചടിക്കുകയും, മടക്കുകയും, വിലാസങ്ങള്‍ എഴുതി ഒട്ടിക്കുകയും, പത്രക്കെട്ടുകള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്യണമായിരുന്നു.
1916-ല്‍, ദക്ഷിണാഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ 23 വയസ്സുള്ള തന്റെ രണ്ടാമത്തെ മകന്‍ മണിലാല്‍ ഗാന്ധിയെ ഇന്ത്യന്‍ ഒപ്പീനിയന്റെ ഗുജറാത്തി പതിപ്പ് നോക്കാനും ഇംഗ്ലീഷ് പതിപ്പിന്റെ ചുമതല ഏറ്റെടുക്കാനും വിളിച്ചുവരുത്തി. പത്രങ്ങളെക്കുറിച്ച് മകന് മാര്‍ഗനിര്‍ദേശം നല്‍കി. ”സത്യം മാത്രം അന്വേഷിക്കണം. ഇന്ത്യന്‍ ഒപ്പീനിയനില്‍ സത്യം എന്താണെന്ന് എഴുതണം; നിങ്ങളുടെ ഭാഷയില്‍ മിതത്വം പാലിക്കുക. തെറ്റ് ഉണ്ടെങ്കില്‍, അത് ഏറ്റുപറയാന്‍ മടിക്കരുത്.”
മാര്‍ഗരിറ്റ ബാണ്‍സ് തന്റെ ”ദി ഇന്ത്യന്‍ പ്രസ്സ്” (1940) എന്ന പ്രശസ്തമായ പുസ്തകത്തില്‍ ഇങ്ങനെ എഴുതി: ”ഇന്ത്യയില്‍, രാജാ റാം മോഹന്‍ റേ മുതല്‍ കേശബ് ചന്ദര്‍ സെന്‍, ഗോഖലെ, തിലക്, ഫിറോസ് ഷാ മേത്ത, ദാദാഭായ് നവറോജി, സുരേന്ദ്രനാഥ് ബാനര്‍ജി, സി.വൈ. ചിന്താമണി, എം.കെ. ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നീ നേതാക്കള്‍ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമായി പത്രങ്ങളെ ഉപയോഗിക്കുന്നവരാണ്’.
1913 ജനുവരി 9-ന് ഗാന്ധിജി ഇന്ത്യയില്‍ തിരികെയെത്തി. അക്കാലത്ത് ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം ഒരു ജോലിയായി അംഗീകരിക്കുകയോ സ്ഥാപിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ഒരു ഗുജറാത്ത് ദിനപത്രത്തില്‍ ഒരു ലേഖനത്തില്‍, അദ്ദേഹം എഴുതി,
”എന്റെ എളിയ അഭിപ്രായത്തില്‍, ഉപജീവനമാര്‍ഗമായി ഒരു പത്രം ഉപയോഗിക്കുന്നത് തെറ്റാണ്. അത്തരം പ്രത്യാഘാതങ്ങളുള്ളതും പൊതുജനക്ഷേമത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്നതുമായ ചില തൊഴില്‍ മേഖലകളുണ്ട്, അവ ഒരാളുടെ ഉപജീവനമാര്‍ഗ്ഗത്തിനായി ഏറ്റെടുക്കുന്നത് അവയുടെ പിന്നിലെ പ്രാഥമിക ലക്ഷ്യത്തെ പരാജയപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍, ഒരു പത്രം പരിഗണിക്കപ്പെടുന്നു. പത്രം ലാഭത്തിലാകാനുള്ള മാര്‍ഗ്ഗങ്ങള്‍, ഫലത്തില്‍ ദുഷ്പ്രവൃത്തികളാകാന്‍ സാധ്യതയുണ്ട്.’
1919 ഒക്ടോബര്‍ 7-ന്, ‘യംഗ് ഇന്ത്യ എന്ന പ്രസിദ്ധീകരണം അതിന്റെ ഉടമയായ’ ജമന്‍ ദാസ് ദ്വാരക ദാസില്‍ നിന്ന് എറ്റെടുത്ത് ഗാന്ധിജി എഡിറ്ററായി പ്രസിദ്ധീകരണം ആരംഭിച്ചു. 1933 ഫെബ്രുവരിയില്‍ മഹാത്മാഗാന്ധി ‘ഹരിജന്‍’ എന്ന പത്രം ആരംഭിച്ചു, തൊട്ടുകൂടായ്മയ്ക്കെതിരെ പ്രചാരണം നടത്താനും ‘ദൈവത്തിന്റെ മക്കള്‍’ (അസ്പൃശ്യര്‍ക്ക് അദ്ദേഹം ഉപയോഗിച്ച പദം) സാമൂഹിക പരിഷ്‌കരണം പ്രോത്സാഹിപ്പിക്കാനും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഈ പത്രം ഹിന്ദിയിലും (ഹരിജന്‍ സേവക്) ഗുജറാത്തിയിലും (ഹരിജന്‍ബന്ധു) പ്രസിദ്ധീകരിച്ചു. ഹിന്ദു സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ തൊട്ടുകൂടായ്മയെ ചെറുക്കാനും വിവേചനം നേരിടുന്നവരുടെ പൗരാവകാശങ്ങള്‍ക്കായി വാദിക്കാനുമാണ് ഹരിജന്‍ പത്രം കൊണ്ട് അദ്ദേഹം ലക്ഷ്യമാക്കിയത്.
തന്റെ മറ്റാരു പ്രസിദ്ധീകരണമായ നവജീവനില്‍ ഗാന്ധിജി എഴുതി,
”നവജീവന്റെ എഡിറ്റിംഗ് എനിക്ക് ഒരു തികഞ്ഞ സംതൃപ്തി നല്‍കുന്നു. യംഗ് ഇന്ത്യയ്ക്ക് 1200 ല്‍ അധികം വരിക്കാറുണ്ട്. നവജീവന് 12,000 വരിക്കാരും കര്‍ഷകരിലും തൊഴിലാളികളിലും എനിക്ക് ധാരാളം വായനക്കാരുണ്ടെന്ന് ചിന്തിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അവരാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങള്‍ ഇന്ത്യന്‍ ജനസംഖ്യയാകുന്ന സമുദ്രത്തിന്റെ ഒരു അരിക് മാത്രമേ സ്പര്‍ശിക്കുന്നുള്ളൂ.”
ലോകമാന്യ തിലകന്റെ നിര്യാണത്തില്‍ 1920 ഓഗസ്റ്റ് 1 ന് ഗാന്ധി യംഗ് ഇന്ത്യയില്‍ ഒരു ചരമക്കുറിപ്പ് എഴുതി.
‘മനുഷ്യരില്‍ ഒരു അതികായന്‍ വീണു.
സിംഹത്തിന്റെ ശബ്ദം നിശബ്ദമായി…
അദ്ദേഹത്തിന്റെ ദേശസ്‌നേഹം
അദ്ദേഹത്തിന് ഒരു അഭിനിവേശമായിരുന്നു.
അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസം
അടക്കാനാവാത്തതായിരുന്നു.
ഗാന്ധി ഒരു പത്രപ്രവര്‍ത്തകനും എഡിറ്ററും മാത്രമല്ല, മികച്ച എഴുത്തുകാരനുമായിരുന്നു.
1925 ജൂലൈ 2 ലെ യംഗ് ഇന്ത്യയില്‍ ഗാന്ധി എഴുതി. ‘ഞാന്‍ പത്രപ്രവര്‍ത്തനത്തെ സ്വീകരിച്ചത് എന്റെ ജീവിതദൗത്യത്തെ സഹായിക്കുന്ന ഒന്നായി അത് ഞാന്‍ കണക്കാക്കിയത് കൊണ്ടാണ്…’
അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഇന്ത്യന്‍ കവി രവീന്ദ്രനാഥ ടാഗോര്‍ തൊട്ടുകൂടായ്മയെക്കുറിച്ചുള്ള തന്റെ കവിതകള്‍ ഹരിജന് നല്‍കിയിരുന്നു. മഹാത്മാഗാന്ധിയുടെ പത്രവും അതിന്റെ സഹപ്രസിദ്ധീകരണങ്ങളും വിശാലമായ ലോകത്തേക്ക് എത്തി, ഗ്രാമവികസനത്തിനായുള്ള ഗാന്ധിയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യയശാസ്ത്രങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അവ നിര്‍ണായക പങ്കുവഹിച്ചു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ പ്രശസ്ത പത്രാധിപരില്‍ ഒരാളായ എം. ചലപതി റാവുവിന്റെ അഭിപ്രായത്തില്‍, ഗാന്ധി എക്കാലത്തെയും മികച്ച പത്രപ്രവര്‍ത്തകനായിരുന്നു, അദ്ദേഹം എഡിറ്റ് ചെയ്ത വാരികകള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണങ്ങളായിരുന്നു. അദ്ദേഹം പരസ്യങ്ങള്‍ ഒന്നും സ്വീകരിക്കാതെ, അതേസമയം തന്റെ പത്രങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കാതെ അവയെ മുന്നോട്ട് നയിച്ചു. മഹാത്മഗാന്ധിയുടെ 75-ാം ജന്മദിനത്തില്‍ ഡി.ജി. തെണ്ടുല്‍ക്കര്‍ എഴുതിയ വിഖ്യാതമായ എട്ട് വാല്യങ്ങളുള്ള, ‘മഹാത്മ’ എന്ന ബൃഹദ് ഗ്രന്ഥ പരമ്പര എഡിറ്റ് ചെയ്തത് ചലപതി റാവുവായിരുന്നു.
ഗാന്ധിജി ഗുജറാത്തി ഭാഷയിലുള്ള നവജീവന്‍ എഡിറ്റ് ചെയ്ത് വിജയിപ്പിച്ചത് ഇന്ത്യയിലെ ഭാഷാ പത്രങ്ങള്‍ക്ക് പ്രചോദനമായി. ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ പ്രവിശ്യകളില്‍ പതുക്കെ ഭാഷാ പത്രങ്ങള്‍ ആരംഭിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായ പങ്കുവഹിച്ച ഈ ഭാഷാ പത്രങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിതെളിയിച്ചത് ഗാന്ധിജിയുടെ പ്രസിദ്ധീകരണങ്ങളാണ്.
‘ഒരാള്‍ എഡിറ്റര്‍ പദവി ഏറ്റെടുക്കുമ്പോള്‍, അത് പൂര്‍ണ്ണമായ കടമബോധത്തോടെ നിര്‍വഹിക്കണം. പത്രപ്രവര്‍ത്തനത്തില്‍ പരിശീലിക്കേണ്ട ഒരേയൊരു മാര്‍ഗ നിര്‍ദേശം അതാണ്.’ ഗാന്ധിജി പറഞ്ഞു.
‘ജനാധിപത്യം പ്രാവര്‍ത്തികമാകാന്‍ യഥാര്‍ത്ഥത്തില്‍ വേണ്ടത് വസ്തുതകളെക്കുറിച്ചുള്ള അറിവല്ല, ശരിയായ വിദ്യാഭ്യാസമാണ്’ ‘പൊതുമനസ്സിനെ ബോധവല്‍ക്കരിക്കുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ധര്‍മ്മം, പൊതുജനമനസ്സില്‍ ആവശ്യമില്ലാത്ത ഒരു ധാരണ നിറയ്ക്കുകയല്ല. അതിനാല്‍, ഒരു പത്രപ്രവര്‍ത്തകന്‍ എന്ത് റിപ്പോര്‍ട്ട് ചെയ്യണം, എപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നതിനെക്കുറിച്ച് തന്റെ വിവേചനാധികാരം ഉപയോഗിക്കേണ്ടതുണ്ട്.’ ഗാന്ധിജി പറഞ്ഞു.
തന്റെ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ അദ്ദേഹം പറഞ്ഞു: ‘പത്രങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നാണ് വിളിച്ചിരുന്നത്. അത് തീര്‍ച്ചയായും ഒരു ശക്തിയാണ്, പക്ഷേ അവര്‍ അധികാരം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ്. ‘
വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്ന സെന്‍സേഷണല്‍ റിപ്പോര്‍ട്ടിംഗിനും ലേഖനങ്ങള്‍ക്കും ഗാന്ധിജി എന്നും എതിരായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആത്മനിയന്ത്രണം വേണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
ഗാന്ധിജിയുമായി മാധ്യമ പ്രവര്‍ത്തനത്തില്‍ ബന്ധപ്പെട്ട ശ്രദ്ധേയരായ രണ്ട് മലയാളികളുണ്ട്. ഗാന്ധിജിയുമായി നേരിട്ട് ഇടപഴുകി പത്രപ്രവര്‍ത്ത ജീവിതത്തില്‍ ശ്രദ്ധ നേടിയവരാണ് അവരിരുവരും. അതിലൊരാള്‍ ഒരു സ്വതന്ത്ര വനിതാ പത്രപ്രവര്‍ത്തകയായിരുന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ സ്ത്രീകള്‍ പത്രപ്രവര്‍ത്ത രംഗത്ത് അപൂര്‍വ്വമായിരുന്ന കാലത്ത്, അധികം പേര്‍ അറിയാത്ത ഒരു പേരാണ് അവരുടേത്. എഴുത്തുകാരിയായ തൃശൂര്‍ കോച്ചാട്ടില്‍ കല്യാണി കുട്ടിയമ്മ. കടല്‍ കടന്ന് യാത്ര ചെയ്യുന്നത് ആചാര വിരുദ്ധമായി കണക്കാക്കിയിരുന്ന, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍, 1930 കളില്‍, യൂറോപ്പിലെ എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്ന കല്യാണിക്കുട്ടിയമ്മ, അന്നത്തെ അനുഭവങ്ങള്‍ പുസ്തകമാക്കിയതാണ് ‘ഞാന്‍ കണ്ട യൂറോപ്പ്’ എന്ന പ്രശസ്ത ഗ്രന്ഥം. മലയാളത്തിലെ ഒരു വനിത എഴുതിയ ആദ്യത്തെ ലക്ഷണമൊത്ത യാത്രാവിവരണമാണ് ഇത്.
കേരളത്തിലെ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായ സി. കുട്ടന്‍ നായരുടെ പത്‌നിയായ കല്യാണി കുട്ടിയമ്മ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ കേരളത്തിലെ സ്ത്രീപക്ഷ പോരാട്ടത്തിലെ നായികമാരിലൊരാളും, അദ്ധ്യാപിക, വിദ്യാഭ്യാസ പ്രവര്‍ത്തക, സ്ത്രീ സ്വാതന്ത്ര്യവാദി എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഒരു വനിതയുമായിരുന്നു.
91 വര്‍ഷം മുന്‍പ് മഹാത്മാഗാന്ധിയെ അഭിമുഖം ചെയ്ത ആദ്യത്തെ മലയാളി വനിതാ പത്രപ്രവര്‍ത്തകയാണ് കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ. അന്ന് ഗാന്ധിജിയോട് അവര്‍ ചോദിച്ചത് പലതും വിവാദ വിഷയങ്ങളായിരുന്നു. ഇന്നും പ്രസക്തമായ വാദങ്ങള്‍ ഉള്‍ക്കൊണ്ട ആ അഭിമുഖം വടക്കേ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിലും തെക്കേ ഇന്ത്യയില്‍ ദി ഹിന്ദുവിലും കേരളത്തില്‍ മലയാള മനോരമയിലും വളരെ പ്രധാന്യത്തോടെ അച്ചടിച്ചു വന്നു.
1934 ല്‍ ഡിസംബറില്‍ കറാച്ചിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത കല്യാണിക്കുട്ടിയമ്മ സന്താന നിയന്ത്രണത്തിനായി ശക്തമായി യോഗത്തില്‍ വാദിച്ചു. വര്‍ധിച്ചുവരുന്ന ജനസംഖ്യയും ദാരിദ്ര്യവും കണക്കിലെടുത്ത് ഇത് നടപ്പിലാക്കണമെന്നായിരുന്നു അവരുടെ വാദം. ഡല്‍ഹിയില്‍ ഈ വിഷയങ്ങളില്‍ അഭിപ്രായം തേടാനായി മഹാത്മാ ഗാന്ധിയുമായി അവര്‍ കൂടിക്കാഴ്ച നടത്തി. അപ്പോള്‍ നടത്തിയ അഭിമുഖത്തില്‍ വളച്ച് കെട്ടലൊന്നുമില്ലാതെ അവര്‍ ഗാന്ധിയോട് നേരിട്ട് ചോദിച്ചു.
”ബാപ്പുജി, സന്താന നിയന്ത്രണത്തെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?”
”താന്‍ സന്താന നിയന്ത്രണത്തിനെതിരാണ്. ആത്മനിയന്ത്രണത്തിലാണ് വിശ്വസിക്കുന്നത്”
കല്യാണിക്കുട്ടിയമ്മ: ”സാധാരണ മനുഷ്യന് ആത്മനിയന്ത്രണം സാധ്യമാണോ?”
ഗാന്ധിജി: ”ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരാശിയുടെ ‘രോഗികളായ’ വിദ്യാസമ്പന്നരായ ആളുകള്‍ക്കുള്ളതാണ്. ഞാന്‍ അവരെ ‘രോഗികള്‍’ എന്ന് വിളിക്കുന്നു, കാരണം അവര്‍ കഴിക്കുന്ന ഭക്ഷണവും പാനീയവും അവര്‍ നയിക്കുന്ന അത്യധികം കൃത്രിമ ജീവിതവും അവരെ ഇച്ഛാശക്തിയില്ലാത്തവരും അവരുടെ വികാരങ്ങള്‍ക്ക് അടിമകളുമാക്കിയിരിക്കുകയാണ്.”
കല്യാണിക്കുട്ടിയമ്മ: ”സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്?”
ഗാന്ധിജി: ”നിങ്ങളീ പറയുന്നതിന്റെ സാരമെന്താണ്? ഞാന്‍ ഒരു ബാരിസ്റ്റാണെങ്കില്‍ എന്റെ ഭാര്യയും ബാരിസ്റ്ററാകണമെന്നാണോ നിങ്ങള്‍ പറയുന്നത്?”
91 വര്‍ഷം മുന്‍പാണ് അവര്‍ ഗാന്ധിജിയോട് ഈ അഭിമുഖത്തില്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചത് എന്നോര്‍ക്കുക !.
പുരുഷ മേധാവിത്വത്തിനെതിരായ ഒരു അദൃശ്യമായ ഒരു പോരാട്ടം എന്നും കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മയുടെ ജീവിതത്തിലുണ്ടായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അക്കാലത്തെ ആനുകാലികങ്ങളില്‍ ധാരാളമായി അവര്‍ എഴുതിയിരുന്നു. കല്യാണി കുട്ടിയമ്മ സ്ത്രീ പുരോഗമന പ്രസ്ഥാനങ്ങളില്‍ അതീവ തല്‍പരയും അഖിലേന്ത്യാ വിമന്‍സ് കോണ്‍ഫെറന്‍സിന്റെ സജീവ പ്രവര്‍ത്തകയുമായിരുന്നു.
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയായ പ്രശസ്തനായ എഡിറ്റര്‍ പോത്തന്‍ ജോസഫാണ് മഹാത്മഗാന്ധിയുമായി ഏറ്റവും അടുത്ത് ഇടപഴകിയ മറ്റൊരു മലയാളിയായ പത്രപ്രവര്‍ത്തകന്‍. ഗാന്ധിജിയുടെ ‘യംഗ് ഇന്ത്യയില്‍’ ആദ്യ കാലത്ത് പോത്തന്‍ ജോസഫ് സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. അക്കാലത്ത് ഇരുവരും വളരെ അടുത്ത സൗഹാര്‍ദമായിരുന്നു. പോത്തന്‍ ജോസഫിന്റെ സഹോദരന്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് ഗാന്ധിജിയുടെ പത്രം യംഗ് ഇന്ത്യയുടെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്ത വേളയില്‍ കുടുംബമൊത്ത് വാര്‍ദ്ധയിലെ ഗാന്ധിയുടെ ആശ്രമത്തിലായിരുന്നു താമസം. പിന്നീട് പോത്തന്‍ ജോസഫും അവിടെ താമസമാക്കി. വൈക്കം സത്യാഗ്രഹ സമരത്തിലെ ആദ്യത്തെ സമരനായകനായിരുന്ന ജോര്‍ജ് ജോസഫ് പിന്നീട് സത്യാഗ്രഹത്തിലെ ഗാന്ധിജിയുടെ നിലപാടിനോട് വിയോജിച്ച് വൈക്കം സത്യാഗ്രഹത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
വാര്‍ദ്ധയില്‍ അക്കാലത്ത് ഗാന്ധിജിയുടെ പ്രഭാതസവാരി പലപ്പോഴും പോത്തന്‍ ജോസഫിനോടൊപ്പമായിരുന്നു. ഒരു ദിവസം പോത്തന്‍ ജോസഫ് യംഗ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ ആര്‍.എല്‍ സ്റ്റീവില്‍സണ്‍ന്റെ കൃതി ‘ഡോക്ടര്‍ ജെക്കിലിന്റെയും മി. ഹൈഡിന്റെയും’ ഉപമകള്‍ പ്രയോഗിച്ചിരുന്നത് അസ്ഥാനത്താണെന്ന് ഗാന്ധിജി ചൂണ്ടിക്കാട്ടി. താനത് വായിച്ചിട്ടില്ലെന്ന് പോത്തന്‍ ജോസഫ് തുറന്നു പറഞ്ഞു. അതിന്റെ ഒരു സാരാംശം മാത്രമേ എനിക്കറിയൂ.’ പോത്തന്‍ ജോസഫ് വെളിപ്പെടുത്തി.
ഗാന്ധിജി പറഞ്ഞു ‘ഞാന്‍ വലിയ വായനക്കാരനല്ല. പക്ഷേ, ആ പുസ്തകം ഞാന്‍ പൂര്‍ണ്ണമായും വായിച്ചിട്ടുണ്ട്. ആ കഥയും നിങ്ങള്‍ ഉപയോഗിച്ച സന്ദര്‍ഭവും തമ്മില്‍ ഒരു പൊരുത്തവുമില്ല. പരിശോധിക്കാതെ ഒന്നും ഉദ്ധരിക്കരുത്’. ഇന്ത്യയിലെ പത്രപ്രവര്‍ത്തന രംഗത്തെ കുലപതിയായ പോത്തന്‍ ജോസഫിന് ഇതൊരു പാഠമായിരുന്നു. ഗാന്ധിജി പഠിപ്പിച്ച പത്രപ്രവര്‍ത്തനത്തിലെ പാഠം.
ഒരു പത്രപ്രവര്‍ത്തകന്‍ എന്നതിലുപരി അദ്ദേഹം അതുല്യനായ അധ്യാപകനായിരുന്നു. വ്യവസ്ഥ, പെരുമാറ്റം, അഹിംസ, സത്യാഗ്രഹം, ജീവിതശൈലി, ഭക്ഷണക്രമം നിയമത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹത്തിന്റെ എല്ലാ ലേഖനങ്ങളിലും സാഹിത്യഗുണം പുലര്‍ത്തി. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ സൂക്ഷ്മമായ എഴുത്തില്‍ രാമരാജ്യം, സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തിന്റെ സാരാംശം, ഇംഗ്ലീഷ് ഭാഷ തുടങ്ങിയവയില്‍ പുതിയ പദപ്രയോഗങ്ങള്‍ ആവിര്‍ഭവിച്ചു.’ പോത്തന്‍ ജോസഫ് ഗാന്ധിജിയെന്ന പത്രപ്രവര്‍ത്തകനെ വിലയിരുത്തി ഒരു ലേഖനത്തില്‍ എഴുതി.
പോത്തന്‍ ജോസഫ് എഴുതിയ ഏറ്റവും മികച്ച മുഖപ്രസംഗവും ഗാന്ധിജി വെടിയേറ്റ് കൊല്ലപ്പെട്ടപ്പോഴായിരുന്നു. ബോംബെയിലെ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്ററായിരിക്കെ, 1948 ജനുവരി 30 ശപിക്കപ്പെട്ട ആ ദിവസം, ദുഃഖവാര്‍ത്ത പത്രമോഫീസിലെത്തി. ‘മഹാത്മാഗാന്ധി വധിക്കപ്പെട്ടു’. അവിടെയുളളവരെല്ലാം ചലനമറ്റ് നില്‍ക്കുകയാണ്, അപ്പോഴാണ് പോത്തന്‍ ജോസഫ് പത്രമോഫീസില്‍ എത്തുന്നത്.
അന്ന് അവിടെ ന്യൂസ് എഡിറ്ററായ എച്ച്.വൈ. ശാരദ പ്രസാദ് (പിന്നീട് ഇന്ദിരാ ഗാന്ധിയുടെ പ്രസ് സെക്രട്ടറി,) ആ ദിവസം ഓര്‍മ്മിച്ചു. ‘ചീഫ് ഉടന്‍ തന്നെ ഓഫീസിലെ നിയന്ത്രണം ഏറ്റെടുത്തു. എല്ലാവര്‍ക്കും ജോലികള്‍ വീതിച്ചു നല്‍കി. എന്നിട്ട് ഏജന്‍സി റിപ്പോര്‍ട്ടുകളുമായി അദ്ദേഹം തന്റെ ക്യാബിനിലേക്ക് പോയി. പോകുമ്പോള്‍ പറഞ്ഞു, ‘അര മണിക്കൂര്‍ നേരത്തേക്ക് എന്നെ ആരും ശല്യപ്പെടുത്തരുത്.’ മുപ്പത് മിനിറ്റുകള്‍ക്ക് ശേഷം കടലാസുമായി അദ്ദേഹം പുറത്ത് വന്നു. ഗാന്ധിജിയെ കുറിച്ച് മൂന്ന് കോളത്തില്‍ മുഖപ്രസംഗം.’ Saint and Sage’. ടൈപ്പ് പോലും ചെയ്യാതെ അത് പ്രസ്സിലേക്ക് നേരെ പോയി. ആ ക്ലാസിക് എഡിറ്റോറിയല്‍ ഇങ്ങനെ തുടങ്ങുന്നു.
‘ഈശ്വരനുമായുള്ള സല്ലാപത്തിലേക്കുള്ള മാര്‍ഗമധ്യേ ഹിംസയുടെ കരം മഹാത്മാഗാന്ധിക്കെതിരെ ഉയര്‍ത്തപ്പെട്ടു. അഹിംസയുടെ അപ്പോസ്തലന്‍ അനന്തതയായുമുള്ള അന്തിമ സല്ലാപത്തില്‍ പ്രവേശിച്ചു. അനാഥമായ ഒരു രാഷ്ട്രത്തെ ദുഃഖത്തിലാഴ്ത്തി അദ്ദേഹം വിരമിച്ചിരിക്കുന്നു.’ മഹാത്മാ ഗാന്ധിയെ കുറിച്ച് ഒരിന്ത്യന്‍ പത്രത്തില്‍ വന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ മുഖപ്രസംഗമായിരുന്നു അത്.
മഹാത്മാഗാന്ധിയുടെ പത്രമായ യംഗ് ഇന്ത്യയിലും മുഹമ്മദ് അലി ജിന്നയുടെ പത്രമായ ‘ഡോണി’ ലും ലേഖനങ്ങള്‍ എഴുതിയെന്ന അപൂര്‍വമായ ബഹുമതിയുള്ള ഇന്ത്യയിലെ ഏക പത്രപ്രവര്‍ത്തകനായിരുന്നു പോത്തന്‍ ജോസഫ്. രണ്ട് രാജ്യങ്ങളുടെ രാഷ്ട പിതാക്കന്മാരുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ഏക മലയാളി പത്രപ്രവര്‍ത്തകന്‍.
Content Summary: Two Malayali journalists who met Gandhi, and whom Gandhi met
This post was last modified on October 2, 2025 12:36 pm
Leave a Comment