യൂറോപ്പിന്റെ രാജാക്കന്‍മാരെ ഇന്നറിയാം. വെംബ്ലി സ്റ്റേഡിയത്തില്‍ തീ പാറും പോരാട്ടം കാണാനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍. ബൊറൂസിയ ഡോര്‍ട്മുണ്ടും റയല്‍ മാഡ്രിഡുമാണ് ഇന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 12.30നാണ് കളി. 15ാം കിരീടം ഉറപ്പിച്ച് റെക്കോര്‍ഡ് നേട്ടത്തിനായാണ് മാഡ്രിഡ് താരങ്ങള്‍ ബൂട്ട് കെട്ടുന്നതെങ്കില്‍ രണ്ടര പതിറ്റാണ്ടിന് ശേഷം കിരീടം സ്വന്തമാക്കാനാണ് ഡോര്‍ട്മുണ്ട് ലക്ഷ്യമിടുന്നത്. 27 വര്‍ഷം മുന്‍പാണ് ഡോര്‍ട്മുണ്ട് അവസാനമായി കപ്പ് ഉയര്‍ത്തിയത്. പാരീസ് സെന്റ് ജെര്‍മെയ്നെ തോല്‍പ്പിച്ച് ആയിരുന്നു ഡോര്‍ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ബയേണ്‍ മ്യൂണിക്കിനെ തോല്‍പ്പിച്ച് ആണ് റയല്‍ ഫൈനലിലേക്ക് എത്തിയത്.മാര്‍ക്കോ റിയൂസിന്റെ അവസാന മത്സരം എന്ന പ്രത്യേകതയും കളിക്കുണ്ട്. ഡോര്‍ട്മുണ്ട് ബൂട്ട് ഇന്ന് റിയൂസ് അഴിക്കും. റയല്‍ മാഡ്രിഡില്‍ നിന്ന് വിടവാങ്ങുന്നത് ക്രൂസും നാചോയുമാണ്.
റയാലിന്റെ പരിചയസമ്പത്തും ബൊറൂസിയയുടെ യുവനിരയുമായാണ് പോരാട്ടം. മികവുറ്റ താരങ്ങളെ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി എന്ന് വിശേഷിപ്പിക്കാം ബൊറൂസിയയെ. റയാലിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡ് സെന്‍സേഷന്‍ ജൂഡ് ബെല്ലിങ്ങാമിനെ തേച്ചുമിനുക്കിയെടുത്തത് ബൊറൂസിയയാണ്. കഴിഞ്ഞ സീസണ്‍ ഒടുവിലാണ് ബെല്ലിങ്ങാം റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഫീയില്‍ ബൊറൂസിയ വിട്ട് റയാലിലേക്ക് ചേക്കേറിയത്. യൂറോപ്പിലെ ഒന്നാംകിട ക്ലബ്ബുകളുടെ ചുക്കാന്‍ പിടിക്കുന്ന ഏര്‍ലിംഗ് ഹാലണ്ട്, റോബര്‍ട്ട് ലാവെന്‍ഡോവ്‌സകി, ജേഡന്‍ സാന്‍ചോ, ക്രിസ്റ്റ്യന്‍ പുലിസിച്, ഒസ്മാന്‍ ഡെമ്പെലെ, പിയറി ഒബമയാങ് തുടങ്ങിവരെല്ലാം ബൊറൂസിയന്‍ ഫാക്ടറി പ്രൊഡക്ടുകളാണ്. മിന്നുന്ന ഫോമില്‍ കളിക്കുന്ന ജൂഡ് മധ്യനിരയില്‍ കളി മെനയുന്നതിനൊപ്പം സ്‌കോറിങ്ങിലും അദ്ഭുതം കാട്ടിയതോടെ ഈ സീസണില്‍ ലാ ലിഗ കിരീടം ഷെല്‍ഫില്‍ എത്തിക്കാന്‍ റയലിന് ഏറെ പണിപ്പെടേണ്ടിവന്നില്ല. 28 കളികളില്‍ 19 തവണ ആണ് ബെല്ലിങ്ങാമിന്റെ ബൂട്ട് നിറയൊഴിച്ചത്. ഇന്നും ബെല്ലിങ്ങാം ഫോമിലായാല്‍ ലാ ലിഗായ്ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും മാഡ്രിഡിലെത്തും
മത്സരം തത്സമയം സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 2 എച്ച്ഡി, സോണി ടെന്‍ 3 എച്ച്ഡി എന്നിവയില്‍ കാണാം. സോണി ലൈവിലും ജിയോ ടിവിയും ലൈവ് സ്ട്രീം ചെയ്തും കാണാം.
യുവേഫ ചാമ്പ്യന്‍സ് ലീഗ് അടുത്ത വര്‍ഷം മുതല്‍ പുതിയ ഫോര്‍മാറ്റില്‍ നടക്കും. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്ക് പകരം ലീഗിലേക്ക് മാറുന്നുവെന്നതാണ് യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളിലെ സുപ്രധാന മാറ്റം. മാത്രമല്ല നിലവില്‍ എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ് മത്സരിച്ചിരുന്നതെങ്കില്‍ ഇനി 36 ടീമുകള്‍ മാറ്റുരക്കും. ആ 36 ക്ലബുകളും ലീഗ് അടിസ്ഥാനത്തില്‍ മത്സരിക്കും. ഒരു ടീം എട്ടു വ്യത്യസ്ഥ ക്ലബുകള്‍ക്കെതിരെയാണ് ലീഗ് ഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ നാല് മത്സരങ്ങള്‍ വീതം ഹോം ഗ്രൗണ്ടിലും എവേ ഗ്രൗണ്ടിലും നടക്കും.എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയായാല്‍ 36 ടീമുകളെയും ഒരുമിച്ച് പോയിന്റ് നല്‍കി ക്രമീകരിക്കും. ഒന്നു മുതല്‍ എട്ടുവരെയുള്ള ടീമുകള്‍ നേരിട്ട് പ്രീ ക്വാര്‍ട്ടറിലെത്തും. ഒമ്പത് മുതല്‍ 24 വരെയുള്ള ടീമുകള്‍ രണ്ട്-ലെഗ് പ്ലേ-ഓഫ് മത്സരിക്കും. അതില്‍ നിന്ന് എട്ടു ടീമുകള്‍ റൗണ്ട് 16 ല്‍ ഇടം നേടും. 25-ാം സ്ഥാനമോ അതില്‍ താഴെയോ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ നേരിട്ട് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താകും.സമാനമായ ഫോര്‍മാറ്റ് മാറ്റങ്ങള്‍ യുവേഫ യൂറോപ്പ ലീഗിനും യൂറോപ്പ കോണ്‍ഫറന്‍സ് ലീഗിനും ഉണ്ടാകും. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങള്‍ സെപ്റ്റംബറിനും ജനുവരിക്കും ഇടയിലും യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് മത്സരങ്ങള്‍ സെപ്റ്റംബറിനും ഡിസംബറിനുമിടയിലാണ് നടക്കുക.
English summary: UEFA Champions League Final 2024 Live Streaming: When and where to watch Real Madrid vs Borussia Dortmund UCL final?