June 04, 2026 |
Share on

ഒന്നും മാറിയിട്ടില്ല, മാറാന്‍ പോകുന്നില്ല: സുപ്രീംകോടതി വിധിക്ക് ശേഷം എഎപിയോട് കേന്ദ്രം

സുപ്രീം കോടതി വിധി എന്തുതന്നെ ആയാലും ഡല്‍ഹിയില്‍ ഒന്നും മാറാന്‍ പോകുന്നില്ലെന്ന സന്ദേശമാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇതിലൂടെ നല്‍കിയത്.

എന്‍ഡിടിവിയുടെ തലവാചകം പോലെ ‘ആപ് കി ദില്ലി’ എന്ന് സുപ്രീം കോടതി വിധിച്ചതിന് ശേഷവും കേന്ദ്ര സര്‍ക്കാരിന് കുലുക്കമില്ല. ഡല്‍ഹിയില്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ലെഫ്റ്റനന്റ് ഗവര്‍ണറല്ല, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് എന്ന് സുപ്രീം കോടതി സംശയങ്ങള്‍ക്കിടയില്ലാത്ത വിധം വ്യക്തമാക്കി കഴിഞ്ഞപ്പോള്‍ ആം ആദ്മി പാര്‍ട്ടി ഓഫീസിന് പുറത്ത് ആഘോഷം തുടങ്ങി. എന്നാല്‍ Nothing has changed എന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് കോടതിയില്‍ നിന്ന് പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എഎപി തോക്കില്‍ കയറി വെടി വയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് മനീന്ദര്‍ സിംഗ് പറയുന്നത്.

സുപ്രീം കോടതി വിധി ഒരു തരത്തിലും കേന്ദ്രത്തിന് തിരിച്ചടിയല്ല എന്ന് വാദിക്കുന്ന മനീന്ദര്‍ സിംഗ്, ഭരണത്തില്‍ തുടര്‍ന്നും ലെഫ്.ഗവര്‍ണര്‍ ഇടപെടുമെന്ന് സൂചിപ്പിച്ചു. എഎപി സര്‍ക്കാരിന്റെ ‘ശരിയല്ലാ’ത്ത തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ ലെഫ്.ഗവര്‍ണര്‍ക്ക് അവകാശമുണ്ടന്നും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ രാഷ്ട്രപതി പരിശോധിക്കുമെന്നും മനീന്ദര്‍ സിംഗ് പറഞ്ഞു. സുപ്രീം കോടതി വിധി എന്തുതന്നെ ആയാലും ഡല്‍ഹിയില്‍ ഒന്നും മാറാന്‍ പോകുന്നില്ലെന്ന സന്ദേശമാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇതിലൂടെ നല്‍കിയത്. പൊലീസ്, ക്രമസമാധാനം, ഭൂമി എന്നിവയിലല്ലാതെ തീരുമാനമെടുക്കാന്‍ ലെഫ്.ഗവര്‍ണര്‍ക്ക് അവകാശമില്ല എന്നായിരുന്നു എഎപിയുടെ വാദം.

2015ല്‍ 70ല്‍ 67 സീറ്റുമായി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ എഎപി അധികാരത്തില്‍ വന്നത് മുതല്‍ തുടങ്ങിയതാണ് ലെഫ്.ജനറലും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം. സര്‍ക്കാര്‍ പദ്ധതികള്‍ക്കും സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങള്‍ക്കും ലെഫ്.ഗവര്‍ണര്‍ തടസമുണ്ടാക്കാന്‍ തുടങ്ങി. നജീബ് ജംഗും അനില്‍ ബൈജാലും ലെഫ്.ഗവര്‍ണര്‍ പദവിയില്‍ കേന്ദ്രത്തിന്‍റെ താല്‍പര്യം സംരക്ഷിക്കാന്‍ കെജ്രിവാളും സംഘവുമായി ഏറ്റുമുട്ടി. ലെഫ്.ഗവര്‍ണറുടെ പിന്തുണയോടെ നടന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി ഉണ്ടാക്കുകയും കെജ്രിവാളും മന്ത്രിമാരും ലെഫ്.ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ കുത്തിയിരിപ്പ് പ്രതിഷേധം തുടങ്ങുകയും ചെയ്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ലെഫ്.ഗവര്‍ണര്‍ക്ക് അനുകൂലമായ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×