UPDATES

അകൗണ്ട് മരവിപ്പിക്കല്‍; നിയമം അനുസരിക്കുന്നുവെന്ന് ബാങ്കുകള്‍, നിസഹായത പറഞ്ഞൊഴിയരുതെന്നു പരാതിക്കാര്‍

ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ബാങ്കുകള്‍ ആവര്‍ത്തിച്ചു പറയുന്ന കാര്യം; ബാങ്കുകള്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്, ഒരു അധികാര സ്ഥാപനം ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ് എന്നാണ്.

                       

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതിപ്പെടാനും കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴില്‍ രൂപീകരിച്ച നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍(എന്‍സിസിആര്‍പി) രജിസ്റ്റര്‍ ചെയ്യുന്ന പരാതികളുടെ പേരില്‍ അകൗണ്ടുകള്‍ മരവിപ്പിക്കുന്നതില്‍ ബാങ്കുകള്‍ക്കെതിരേ ആക്ഷേപങ്ങള്‍ ശക്തമാവുകയാണ്. പൊലീസും ബാങ്കും ചേര്‍ന്ന് ഇടപാടുകാരെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ ബാങ്കുകള്‍ക്ക് വ്യക്തമായൊരു നിലപാടോ, ഈ വിഷയത്തില്‍ ഏത് മാനദണ്ഡമാണ് പാലിക്കുന്നതെന്നോ ഇടപാടുകാരെ ബോധിപ്പിക്കാന്‍ പോലും ബാങ്കുകള്‍ക്ക് സാധിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം.

മരവിപ്പിക്കപ്പെട്ട അകൗണ്ട് ഹോള്‍ഡര്‍മാര്‍ അടക്കം ഉയര്‍ത്തുന്ന പരാതികളില്‍ പറയുന്നത്, സംശയാസ്പദമെന്ന് പറയുന്നതല്ലാതെ, ഇക്കാര്യത്തില്‍ തങ്ങള്‍ ചെയ്ത കുറ്റങ്ങളെന്തെന്ന് വിശദീകരിക്കാന്‍ ബാങ്കുകളോ പൊലീസോ തയ്യാറാകുന്നില്ലെന്നാണ്. എന്‍സിസിആര്‍പിയില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്താല്‍, അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ചോദ്യങ്ങളോ അന്വേഷണങ്ങളോ ഇല്ലാതെ അകൗണ്ടുകള്‍ മരവിപ്പിക്കുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. പരാതികള്‍ വ്യാപകമായ സാഹചര്യത്തില്‍ ഫെഡറല്‍ ബാങ്ക് തങ്ങളുടെ ഭാഗം ന്യായീകരിച്ച് ഒരു വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതില്‍ ബാങ്ക് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത്, പൊലീസിന്റെ നിര്‍ദേശം തങ്ങള്‍ അനുസരിക്കുന്നു എന്നതാണ്. ഈ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്നാണ് ബാങ്കുകാര്‍ പറയുന്നത്. അതിന് അവര്‍ നല്‍കുന്ന വിശദീകരണം സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി എന്‍സിസിആര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്ന പരാതിയുടെ മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നത് പൊലീസാണെന്നും ബാങ്കുകള്‍ അതനുസരിക്കുക മാത്രമാണെന്നുമാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുടെ ഭാഗമായി തുക കൈമാറ്റം ചെയ്തതായി പരാതിയില്‍ നല്‍കിയിട്ടുള്ള അകൗണ്ട് നമ്പര്‍ കൂടാതെ പ്രസ്തുത അകൗണ്ട് നമ്പറില്‍ നിന്നും പണം കൈമാറ്റം ചെയ്തിട്ടുള്ള മറ്റ് അകൗണ്ടുകളും മരവിപ്പിക്കാനാണ് പൊലീസ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. ഈ വിശദീകരണക്കുറിപ്പില്‍ ഫെഡറല്‍ പ്രത്യേകം എടുത്തു പറയുന്നൊരു കാര്യം, യുപി ഐ സംവിധാനത്തിന് പുറമെ നെഫ്റ്റ്/ ആര്‍ടിജിഎസ്/ അകൗണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് തുടങ്ങിയവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയിട്ടുള്ള അകൗണ്ടുകളും മരവിപ്പിക്കാനുള്ള നിര്‍ദേശം തങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്നാണ്.

പൊലീസിന്റെ ഉത്തരവ് പ്രകാരമുള്ള നടപടി സ്വീകരിക്കുമ്പോള്‍ ആ വിവരം യഥാസമയം തന്നെ ബ്രാഞ്ചിലും ഇടപാടുകാരെയും അറിയിക്കുകയും ചെയ്യാറുണ്ടെന്നും തങ്ങളുടെ ഭാഗം ന്യായീകരിച്ചു കൊണ്ട് ബാങ്കുകള്‍ പറയുന്നുണ്ട്. പരാതിയുടെ വിവരങ്ങള്‍, തുടര്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഓഫിസിന്റെ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയും ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ വിഷയത്തില്‍ ചില ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍, കിട്ടിയ വിശദീകരണങ്ങള്‍ ഇങ്ങനെയാണ്; ‘എന്‍സിസിആര്‍ പോര്‍ട്ടലില്‍ വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ സ്വമേധയാ എടുക്കുന്ന നടപടിയല്ല അകൗണ്ട് മരവിപ്പിക്കല്‍ എന്നത്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതി കൊടുത്തുവെന്നതുകൊണ്ടു മാത്രമല്ല അകൗണ്ടുകള്‍ ഫ്രീസ് ചെയ്യപ്പെടുന്നത്. ആ പരാതിക്കു പുറത്തുള്ള അന്വേഷണഘട്ടത്തില്‍ മരവിപ്പിക്കപ്പെട്ട അകൗണ്ടുകളിലേക്ക് നിയമവിരുദ്ധമായ പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു വന്നു എന്ന കണ്ടെത്തലിന്റെ പുറത്ത് അന്വേഷണ ഏജന്‍സി നല്‍കുന്ന ഉത്തരവിന്റെ പുറത്താണ് ബാങ്കുകള്‍ അകൗണ്ടുകള്‍ മരവിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ഒരു അകൗണ്ടിനെതിരേ പരാതി വരികയും അത് ബാങ്കിന് ഫോര്‍വേഡ് ചെയ്യപ്പെടുകയും ചെയ്താല്‍ ഉടനടി ആ അകൗണ്ട് മരവിപ്പിക്കണമെന്നാണ്. എങ്കില്‍ പോലും 102 പ്രകാരമുള്ള ഓര്‍ഡര്‍ വന്നതിനുശേഷമേ ബാങ്കുകള്‍ അകൗണ്ടുകള്‍ മരവിപ്പാക്കാറുള്ളൂ. ഈ വിഷയത്തില്‍ പല കേസുകളും ഇപ്പോള്‍ ഹൈക്കോടതിയിലുണ്ട്. കോടതിയാണ് ഇനി തീരുമാനം എടുക്കേണ്ടത്. ഒരു സ്റ്റാറ്റിയൂട്ടറി അഥോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുക എന്നതിനപ്പുറത്തേക്ക്, അല്ലെങ്കില്‍ എസ് ഒ പി (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍) ഉണ്ടാക്കിയിരിക്കുന്നത് നിയമപ്രകാരമാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും തീരുമാനം എടുക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല, അതുള്ളത് കോടതിക്കു മാത്രമാണ്. എസ് ഒ പി ഉണ്ടാക്കിയിരിക്കുന്നതുപോലും ബാങ്കുകള്‍ അല്ല, എന്‍സിസിആര്‍ പോര്‍ട്ടല്‍ രൂപീകരിക്കുന്ന സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉണ്ടാക്കിയതാണ് എസ് ഒ പി. ഇക്കാര്യത്തിലും ബാങ്കുകളെ തെറ്റിദ്ധരിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണ്. ഇപ്പോഴുള്ള കേസുകളില്‍ പൊലിസിന്റെ ഉത്തരവുകള്‍ അനുസരിക്കേണ്ടെന്ന് കോടതി പറയുകയാണെങ്കില്‍ ബാങ്കുകള്‍ക്ക് അതനുസരിച്ച് പ്രവര്‍ത്തിക്കാം’. citizen financial fraud reporting management system FAQ

യുപിഐ വഴി നിയമവിരുദ്ധമായി നടക്കുന്ന ഇടപാടില്‍ ഒരാള്‍ ബെനിഫിഷ്യറിയായി പണം സ്വീകരിക്കുകയും ആ പണം മറ്റ് അകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തുന്ന കാര്യമാണ്. നിയമവിരുദ്ധമായ പണം മറ്റ് അകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് എന്ത് ബന്ധത്തിന്റെ പുറത്താണെന്ന് കണ്ടെത്തുന്നതും പൊലീസ് അന്വേഷണത്തിലാണ്. പൊലീസിന് ഒരു പരാതി കിട്ടിക്കഴിഞ്ഞാല്‍ അവര്‍ അതിനു പുറത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. ആ അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയ പണം ഫസ്റ്റ് ബെനിഫിഷ്യന്റ് അകൗണ്ടിലേക്കും സബ്‌സിക്വന്റലി മറ്റ് ആള്‍ക്കാരുടെ അകൗണ്ടിലേക്കും ട്രാന്‍സ്ഫര്‍ ആയിട്ടുണ്ടെന്നും മനസിലായാല്‍, ഇത്തരത്തില്‍ കണക്ടഡ് ആയിട്ടുള്ള എല്ലാ അകൗണ്ടുകളും മരവിപ്പിക്കാന്‍ പൊലീസ് ബാങ്കുകള്‍ക്ക് ഓര്‍ഡര്‍ തരുകയാണന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അങ്ങനെയല്ലാതെ ആരുടെയും അകൗണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിക്കാറില്ല, അങ്ങനെ ചെയ്യാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയുമില്ലെന്നും ഇവര്‍ പറയുന്നു. ഇതുവരെ അകൗണ്ടുകള്‍ മരവിപ്പിച്ച എല്ലാ കേസുകളിലും ഇത്തരത്തില്‍ പൊലീസ് നല്‍കിയ ഉത്തരവ് ബാങ്കുകളുടെ കൈവശമുണ്ട്. പൊലീസ് നല്‍കിയ നിര്‍ദേശം അനുസരിക്കാതെ അകൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുകയാണെങ്കില്‍, പ്രസ്തുത ബാങ്കിനെതിരേ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന കാര്യവും ബാങ്കുകളുടെ ഭാഗത്ത് നിന്നും ചൂണ്ടിക്കാണിക്കുന്നു. സൈബര്‍ ക്രൈം പോര്‍ട്ടലില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്തതിന്റെ പുറത്തു മാത്രമായാണ് ബാങ്കുകള്‍ വ്യക്തികളുടെ അകൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും അധികൃതര്‍ പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നും നിയമപ്രകാരം കിട്ടുന്ന ഉത്തരവുകള്‍ പ്രകാരം മാത്രമെ ബാങ്കുകള്‍ അകൗണ്ടുകള്‍ മരവിപ്പിക്കുന്നുള്ളൂ. ഒരു അകൗണ്ട് മരവിപ്പിച്ചാല്‍, ഉടന്‍ തന്നെ ആ വിവരം പ്രസ്തുത കസ്റ്റമേഴ്‌സിനെ ബാങ്കുകള്‍ അറിയിക്കുന്നുമുണ്ട്. കസ്റ്റമര്‍ക്ക് പൊലീസിന്റെ ഭാഗത്ത് നിന്നും ബാങ്കുകള്‍ക്കു കിട്ടിയ ഓര്‍ഡര്‍ ലഭ്യമാക്കാനുള്ള നടപടികളും കൈക്കൊള്ളുന്നുണ്ടെന്ന കാര്യവും അവര്‍ ആവര്‍ത്തിക്കുന്നു.

ഇപ്പോഴത്തെ നടപടികള്‍ കച്ചവടക്കാരെ യുപി ഐ വഴിയുള്ള പണം സ്വീകരിക്കലില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ പൊതുശീലമായി മാറിയ ജനത്തിന് അങ്ങനെയൊരു സാഹചര്യം വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നുള്ള ആശങ്കയോട് ബാങ്ക് അധികൃതര്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്; വളരെ സുതാര്യമായി അയാളുടെ അകൗണ്ട് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു കച്ചവടക്കാരന്‍, അയാളുടെ കടയില്‍ വന്ന് സാധാനങ്ങള്‍ വാങ്ങുന്നൊരാള്‍ യുപി ഐ വഴിയോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ മാര്‍ഗത്തിലോ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തു എന്ന കാരണത്താല്‍ ആ കച്ചവടക്കാരന്റെ അകൗണ്ട് മരവിപ്പിക്കുന്നില്ല. നിലവില്‍ മരവപ്പിച്ചിരിക്കുന്ന അകൗണ്ടുകളില്‍ എല്ലാത്തിലും തന്നെ സൈബര്‍ ക്രൈമില്‍ ഉള്‍പ്പെട്ട പണം വന്നിട്ടുള്ളതാണ്. അല്ലാതെ, സുതാര്യ ഇടപാടുകള്‍ നടന്നിട്ടുള്ള ഒരു അകൗണ്ട് പോലും ഇതുവരെ മരവിപ്പിച്ചിട്ടില്ല’. ഒരു അകൗണ്ടിലേക്ക് തട്ടിപ്പ് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിരിക്കുന്നത് ആ അകൗണ്ട് ഹോള്‍ഡറുടെ അറിവോടെയാണോ എന്ന കാര്യവും ബാങ്കിന് അറിയില്ലെന്നും പറയുന്നു. നിയമവിരുദ്ധ ഇടപാടിന്റെ ഭാഗമായി ഒരു അകൗണ്ട് മാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പുറത്തു പൊലീസ് നടപടി സ്വീകരിക്കുമ്പോഴായിരിക്കാം ബാങ്കിന് ഉത്തരവ് ലഭിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. അതല്ലാതെ ഒരു കച്ചവടക്കാരന്‍ തന്റെ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ യുപി ഐ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി പണം സ്വീകരിക്കുന്നതിന് അയാളുടെ അകൗണ്ട് മരവിപ്പിക്കാന്‍ പറയാന്‍ പൊലീസിന് പറ്റില്ലെന്നാണ് പറയുന്നത്. അല്ലെങ്കില്‍ അത്തരം ഇടപാടുകളെക്കുറിച്ച് ആര് പരാതി നല്‍കാനാണ്? സുതാര്യമായ ഇടപാടുകള്‍ക്ക് ഒരുതരത്തിലും വെല്ലുവിളിയുണ്ടാകില്ലെന്നും ബാങ്കുകാര്‍ പറയുന്നു.

പ്രസ്തുത വിഷയത്തില്‍ ബാങ്കുകള്‍ക്കെതിരേ ഉണ്ടാകുന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അവര്‍ ആവര്‍ത്തിച്ചു പറയുന്ന കാര്യം; ബാങ്കുകള്‍ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്, ഒരു അധികാര സ്ഥാപനം ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണ്. പൊലീസ് നിര്‍ദേശത്താല്‍ മരവിപ്പിക്കപ്പെട്ട ഒരു അകൗണ്ട് സ്വന്തം നിലയില്‍ പൂര്‍വ്വസ്ഥിതിയിലാക്കാനും ബാങ്കിന് സാധിക്കില്ല. നടപടി പിന്‍വലിക്കണമെങ്കില്‍ പ്രസ്തുത അന്വേഷണ ഉദ്യോഗസ്ഥന്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കിന് ഉത്തരവ് നല്‍കണം, അല്ലെങ്കില്‍ കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടാകണം. രണ്ടുമില്ലാത്ത പക്ഷം ബാങ്ക് ഇക്കാര്യത്തില്‍ നിസ്സഹായരാണ്. മറിച്ചുള്ള ഏതൊരു തീരുമാനവും ബാങ്കിനെ വലിയ നിയമക്കുരുക്കില്‍ മുറുക്കും എന്നാണ് ബാങ്ക് അധികൃതരുടെ വാദം.

ബാങ്കുകള്‍ തങ്ങളുടെ നിസഹായതും വാദങ്ങളും വിശദീകരിക്കുമ്പോഴും അകൗണ്ടുകള്‍ മരവിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. സാധാരണക്കാരയ ചെറുകിട കച്ചവടക്കാരുടെ പരാതികളും ഈ ദിവസങ്ങളില്‍ കൂടി വരുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്നുപോലും തങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ബാങ്കുകള്‍ ഈ വിഷയത്തില്‍ കൃത്യമായൊരു മാര്‍ഗനിര്‍ദേശം റിസര്‍വ് ബാങ്ക് മുഖാന്തരം ഉണ്ടാക്കണമെന്നും നിസഹായത പറഞ്ഞൊഴിഞ്ഞു മാറുന്നത് ജനങ്ങള്‍ക്കെതിരേയുള്ള നീതിനിഷേധമായി മാറുമെന്നും പരാതികളുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍