ബോട്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത 2000ത്തോളം വ്യാജ വിസ അപ്പോയ്മെന്റുകൾ റദ്ദാക്കിയതായി അറിയിച്ച് ഇന്ത്യയിലെ യുഎസ് എംബസി. ഷെഡ്യൂളിങ്ങ് നയങ്ങൾ ലംഘിക്കുന്ന ഏജന്റുമാരോട് സഹകരിക്കില്ലെന്നും സംവിധാനം ദുരുപയോഗം ചെയ്ത ചില നിയമവിരുദ്ധരെ കണ്ടെത്തിയിട്ടുണ്ടെന്നും എംബസി പ്രസ്താവനയിൽ അറിയിച്ചു.
ബോട്ട് അക്കൗണ്ടുകൾ നടത്തിയ 2000 വിസ നിയമനങ്ങൾ ഇന്ത്യൻ കോൺസുലാർ ടീം റദ്ദാക്കുകയാണ്. ഷെഡ്യൂളിങ്ങ് നയങ്ങൾ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്സർമാരോടും ഞങ്ങൾ ക്ഷമിക്കില്ലെന്നും ബോട്ടുകൾ ഉപയോഗിച്ച് ബുക്ക് ചെയ്ത സ്ലോട്ടുകളും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും സസ്പെൻഡ് ചെയ്യുന്നുവെന്നും ഇത് അടിയന്തരമായി പ്രാബല്യത്തിൽ വരുമെന്നും എംബസി എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങളുടെ തട്ടിപ്പ് വിരുദ്ധ ശ്രമങ്ങൾ തുടരുമെന്നും വഞ്ചനയോട് ഞങ്ങൾക്ക് ഒരു വിട്ടുവീഴ്ചയുമില്ലെന്നും എംബസി കൂട്ടിച്ചേർത്തു. വിസ അപേക്ഷാ പ്രക്രിയയിലെ തട്ടിപ്പ് തടയുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം.
2024 മെയ് മുതൽ ഓഗസ്റ്റ് വരെ യുഎസ് വിസ ലഭിക്കുന്നതിന് വ്യാജ രേഖകൾ സമർപ്പിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് എംബസി ഡൽഹി പോലീസിൽ നൽകിയ ഔപചാരിക പരാതിയെ തുടർന്നാണ് നോട്ടീസ്. കഴിഞ്ഞ വർഷം നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ബോട്ടുകളെ ഉപയോഗിച്ച് അനധികൃതമായി വിസ അപ്പോയിന്‍റ്മെന്‍റ് ഇന്‍റർവ്യൂവിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയത്. യഥാർഥ അപേക്ഷകർക്ക് ഈ സ്ലോട്ടുകൾ ബുക്ക് ആയതായി അറിയിപ്പ് ലഭിക്കും. നിശ്ചിത സമയത്തിനുള്ളിൽ യുഎസിൽ എത്തേണ്ടവർ വിസ ഏജന്‍റുമാർക്ക് വൻതുക നൽകി ഈ സ്ലോട്ടുകൾ സ്വന്തമാക്കേണ്ടി വരും.
വിസ സ്ലോട്ടിന് വേണ്ടി വൻ തുകയാണ് പലരും ഏജന്റുമാർക്ക് നൽകിയത്. പല ഐപി അഡ്രസുകൾ ഉപയോഗിച്ച് വ്യാജ രേഖകൾ സമർപ്പിച്ചാണ് അപ്പോയ്മെൻ്റ് സ്ലോട്ടുകൾ ബുക്ക് ചെയ്തിരുന്നതെന്നാണ് വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിസ കൺസൾട്ടൻ്റുമാർ, വ്യാജ രേഖകൾ നിർമിക്കുന്നവർ, വിദ്യാഭ്യാസ കൺസൾട്ടൻ്റുമാർ തുടങ്ങിയവരുമായും തട്ടിപ്പ് സംഘത്തിന് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വിസ തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരവധി കേസുകൾ അന്വേഷിച്ചിട്ടുണ്ട്. വ്യാജ രേഖകളും മറ്റ് നിയമവിരുദ്ധ മാർഗങ്ങളും ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് യുഎസ് വിസകൾ ഏർപ്പാട് ചെയ്യുന്നതിൽ ഏജന്റുമാരുടെ പങ്കിനെക്കുറിച്ചും ഇഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
Content Summary: US Embassy in India cancels nearly 2,000 fake visa appointments