ലോകത്തിന്റെ കണ്ണുകള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലെ യുദ്ധഭൂമിയിലും, ചെങ്കടലിലൂടെ ചീറിപ്പായുന്ന മിസൈലുകളിലും, ആഗോള വിപണിയിലെ എണ്ണവിലയിലുമാണ്. ഇറാനെ നേരിടാന്‍ വാഷിംഗ്ടണ്‍ കോടിക്കണക്കിന് ഡോളറുകള്‍ യുദ്ധമുഖത്തേക്ക് ഒഴുക്കുമ്പോള്‍, മറുവശത്ത് ബീജിംഗ് തികച്ചും നിശബ്ദമായി ലോകത്തിന്റെ അധികാര കേന്ദ്രങ്ങളെത്തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കിയിരിക്കുകയാണ്.
മാര്‍ച്ച് 5-ന് ചൈനീസ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അനാച്ഛാദനം ചെയ്ത 141 പേജുകളുള്ള 15-ാമത് പഞ്ചവത്സര പദ്ധതി വെറുമൊരു സാമ്പത്തിക രേഖയല്ല. മറിച്ച്, വരാനിരിക്കുന്ന ദശകങ്ങളില്‍ ആഗോളാധിപത്യം ആര്‍ക്കായിരിക്കണമെന്ന് കൃത്യമായി വരച്ചുകാട്ടുന്ന ചൈനയുടെ നിശബ്ദമായ ഒരു യുദ്ധ പദ്ധതി തന്നെയാണിത്. അമേരിക്ക പരമ്പരാഗത യുദ്ധമുറകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, സാങ്കേതികവിദ്യയിലും വിതരണ ശൃംഖലകളിലും ആധിപത്യം ഉറപ്പിച്ച് ലോകക്രമത്തെ മാറ്റിമറിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇതുവരെ തിരിച്ചറിയുകയോ പോരാടാന്‍ തുടങ്ങുകയോ ചെയ്തിട്ടില്ലാത്ത ഒരു യുദ്ധത്തിനായുള്ള മാസ്റ്റര്‍ പ്ലാനാണ് ചൈന ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് നിക്ഷേപ വിശകലന വിദഗ്ധനായ ഷനക ആന്‍സ്ലെം പെരേര വ്യക്തമാക്കുന്നു.
പരമ്പരാഗത സാമ്പത്തിക രേഖകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ബ്ലൂപ്രിന്റ് ഒരു ദേശീയ സാങ്കേതിക സമാഹരണ പദ്ധതിയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചൈനീസ് സമ്പദ്വ്യവസ്ഥയുടെ ഓരോ സിരകളിലും AI സാങ്കേതികവിദ്യ ഉള്‍ച്ചേര്‍ക്കുക എന്നതാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ മാത്രം 10 ട്രില്യണ്‍ യുവാന്‍ (ഏകദേശം 1.4 ട്രില്യണ്‍ ഡോളര്‍) മൂല്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യൂമനോയിഡ് റോബോട്ടിക്‌സിനെ ഒരു സംരംഭമായി ചൈന ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉത്പാദനം ഇരട്ടിയാക്കാനാണ് പദ്ധതി. ഇത് ഫാക്ടറികളിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല, ഭാവിയിലെ സൈനിക നീക്കങ്ങളില്‍ നിര്‍ണായകമായ റോബോട്ടിക് വ്യവസായത്തിന് അടിത്തറ പാകുകയും ചെയ്യും. കൂടാതെ, ബഹിരാകാശവും ഭൂമിയും തമ്മിലുള്ള ക്വാണ്ടം കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകള്‍, ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഗവേഷണം, ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് എന്നിവയില്‍ ചൈന നടത്തുന്ന നിക്ഷേപം പാശ്ചാത്യ രാജ്യങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്.
ചൈനയുടെ സാങ്കേതിക മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ 2022 ല്‍ അമേരിക്ക നടപ്പിലാക്കിയ തന്ത്രമാണ് ‘ചിപ്‌സ് ആന്റ് സയന്‍സ് ആക്ട്’. ഏകദേശം 52.7 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലക്ഷ്യമിടുന്ന ഈ പദ്ധതി പ്രധാനമായും സെമികണ്ടക്ടര്‍ (ചിപ്പ്) നിര്‍മ്മാണ മേഖലയെ മാത്രം കേന്ദ്രീകരിച്ചുള്ളതാണ്. എന്നാല്‍ ചൈനയുടെ തന്ത്രമാകട്ടെ ഇതിനേക്കാള്‍ എത്രയോ മടങ്ങ് വിശാലവും ആഴത്തിലുള്ളതുമായിരുന്നു.
‘അമേരിക്കയുടെ ചിപ്സ് ആക്റ്റ് ഒരു റൈഫിള്‍ ആണെങ്കില്‍, ചൈനയുടെ പഞ്ചവത്സര പദ്ധതി ഒരു സമ്പൂര്‍ണ്ണ ആയുധപ്പുരയാണ’ എന്ന് നിക്ഷേപ വിശകലന വിദഗ്ധനായ ഷനക ആന്‍സ്ലെം പെരേര വ്യക്തമാക്കുന്നു.
അമേരിക്ക ചിപ്പുകള്‍ എന്ന ഒരു പ്രത്യേക മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ചൈന വിപ്ലവകരമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ അത്യാധുനിക എഐ വരെയുള്ള എല്ലാ ഘടകങ്ങളെയും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവന്ന്, സ്വയംപര്യാപ്തമായ ഒരു സമ്പൂര്‍ണ്ണ സാങ്കേതിക ആവാസവ്യവസ്ഥയാണ് ബീജിംഗ് നിര്‍മ്മിച്ചെടുക്കുന്നത്.
ആധുനിക യുദ്ധതന്ത്രങ്ങളുടെ ഗതി നിര്‍ണ്ണയിക്കുന്ന ഏറ്റവും ശക്തമായ ഘടകമാണ് അപൂര്‍വ ഭൗമ ധാതുക്കള്‍. കാഴ്ചയില്‍ അദൃശ്യമെങ്കിലും, അത്യാധുനിക ആയുധങ്ങളുടെ നിര്‍മ്മാണത്തില്‍ ഇവയ്ക്ക് പകരക്കാരില്ല. ഉദാഹരണത്തിന്, ലോകത്തെ ഏറ്റവും കരുത്തുറ്റ F-35 യുദ്ധവിമാനങ്ങളുടെ എഞ്ചിനുകളിലും സെന്‍സറുകളിലും നൂറുകണക്കിന് പൗണ്ട് അപൂര്‍വ്വ ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍, കൃത്യതയാര്‍ന്ന ഗൈഡഡ് ആയുധങ്ങള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനക്ഷമത ഈ ധാതുക്കളെ ആശ്രയിച്ചാണിരിക്കുന്നത്.

നിലവില്‍ ഈ മേഖലയില്‍ ചൈനയ്ക്ക് വ്യക്തമായ ആധിപത്യമാണുള്ളത്. ലോകത്തിലെ ഭൂരിഭാഗം അപൂര്‍വ ഭൗമ മൂലകങ്ങളുടെ ഖനനവും സംസ്‌കരണവും നിയന്ത്രിക്കുന്നത് ബീജിംഗാണ്. ഈ കുത്തക ഉപയോഗിച്ച് ആഗോള വിതരണ ശൃംഖലയെ സ്വന്തം കൈപ്പിടിയിലൊതുക്കാന്‍ ചൈനയ്ക്ക് സാധിക്കുന്നു. കയറ്റുമതി നിയന്ത്രണങ്ങളും കര്‍ശനമായ ലൈസന്‍സ് നിയമങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ചൈന ഈ മേഖലയില്‍ തങ്ങളുടെ പിടിമുറുക്കുകയാണ്.
2027-ഓടെ പ്രതിരോധ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ചൈനീസ് ഘടകങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പെന്റഗണ്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്തുക എന്നത് അമേരിക്കയെ സംബന്ധിച്ച് അതീവ സങ്കീര്‍ണമായ വെല്ലുവിളിയാണ്. ചൈനീസ് വിതരണ ശൃംഖലയെ അമിതമായി ആശ്രയിക്കുന്നത് വാഷിംഗ്ടണിന്റെ സൈനിക സുരക്ഷയ്ക്ക് വലിയൊരു ഭീഷണിയായി തുടരുകയാണ്.
നിലവില്‍ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ തന്ത്രപരമായ വെല്ലുവിളി ഒരേസമയം രണ്ട് വ്യത്യസ്ത തലത്തിലുള്ള യുദ്ധമുഖങ്ങളെ നേരിടേണ്ടി വരുന്നു എന്നതാണ്. ഇറാന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള സൈനിക സംഘര്‍ഷങ്ങളില്‍ അമേരിക്ക തങ്ങളുടെ അത്യാധുനിക മിസൈലുകളും പ്രതിരോധ സാമഗ്രികളും വന്‍തോതില്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്നു. ഓരോ പുതിയ ആക്രമണവും അമേരിക്കയുടെ ആയുധശേഖരത്തെ വേഗത്തില്‍ ശൂന്യമാക്കുന്നു. ഈ ആയുധങ്ങള്‍ വീണ്ടും നിര്‍മ്മിച്ചെടുക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും സാങ്കേതിക വിദ്യയുടെയും നിയന്ത്രണം ചൈന നിശബ്ദമായി ഏറ്റെടുക്കുന്നു. ആഗോള വിതരണ ശൃംഖലയില്‍ ബീജിംഗ് തങ്ങളുടെ പിടിമുറുക്കുന്നത് അമേരിക്കയെ സംബന്ധിച്ച് വലിയ ഭീഷണിയാണ്. ചുരുക്കത്തില്‍, അമേരിക്ക യുദ്ധം ചെയ്യാനുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് തീര്‍ക്കുമ്പോള്‍, ആ ആയുധങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള വാതിലുകള്‍ ചൈന ഓരോന്നായി അടച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധക്കളത്തിലെ പോരാട്ടത്തേക്കാള്‍ അപകടകരമായ ഒന്നായി ഈ വിതരണ യുദ്ധം മാറുകയാണ്.

അടുത്ത ഒന്നര പതിറ്റാണ്ടിലേക്കുള്ള ഷി ജിന്‍പിങ്ങിന്റെ ഈ വിപുലമായ റോഡ്മാപ്പ് ലോകത്തിന് നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ്. ആഗോളാധിപത്യത്തിനായുള്ള പോരാട്ടം ഇനി നടക്കാന്‍ പോകുന്നത് ഗള്‍ഫിലെ മണലാരണ്യങ്ങളിലോ പരമ്പരാഗത യുദ്ധഭൂമികളിലോ ആയിരിക്കില്ല. മറിച്ച്, ലോകത്തിന്റെ വിതരണ ശൃംഖലകളിലും, അത്യാധുനിക ലാബുകളിലും, ഹൈടെക് ഫാക്ടറികളിലുമായിരിക്കും.
അസംസ്‌കൃത വസ്തുക്കള്‍, റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ ഒരൊറ്റ കേന്ദ്രീകൃത സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ചൈനയുടെ നീക്കം വിജയിച്ചാല്‍, യുദ്ധതന്ത്രങ്ങളുടെ സ്വഭാവം തന്നെ മാറും. ഒരു F-35 യുദ്ധവിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതിന് മുമ്പ് തന്നെ, അതിന്റെ നിര്‍മ്മാണ സാമഗ്രികളിലും സാങ്കേതിക വിദ്യയിലും ആധിപത്യം ഉറപ്പിച്ചുകൊണ്ട് ചൈന യുദ്ധഫലം നിശ്ചയിക്കുന്ന സാഹചര്യം സംജാതമാകും.
അമേരിക്ക കാലഹരണപ്പെട്ട യുദ്ധക്കളങ്ങളില്‍ തങ്ങളുടെ ഊര്‍ജ്ജവും സമ്പത്തും ചിലവഴിക്കുമ്പോള്‍, വരാനിരിക്കുന്ന ദശകങ്ങളിലെ യഥാര്‍ത്ഥ യുദ്ധം ജയിക്കാനുള്ള കരുക്കള്‍ ചൈന നിശബ്ദമായി നീക്കിത്തുടങ്ങി.
Content Summary: US eyes in Iran, China quietly drops a 141 page global supremacy blueprint