June 26, 2026 |
Share on

കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡറുടെ ബന്ധുക്കള്‍ അമേരിക്കയില്‍ അറസ്റ്റില്‍, നാടുകടത്തും

2020-ല്‍ നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അനന്തരവളെയും മകളെയും യുഎസ് ഫെഡറല്‍ ഏജന്റുകള്‍ അറസ്റ്റ് ചെയ്തു. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇവരുടെ സ്ഥിരതാമസത്തിനുള്ള അനുമതി (ഗ്രീന്‍ കാര്‍ഡ്) റദ്ദാക്കിയതിനെത്തുടര്‍ന്നാണ് ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയത്. ഹമീദ സുലൈമാനി അഫ്ഷറും മകളും നിലവില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഇവര്‍ രണ്ടുപേരെയും അമേരിക്കയില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മാര്‍ക്കോ റൂബിയോ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ‘അമേരിക്കന്‍ വിരുദ്ധ ഭീകര ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്ന വിദേശ പൗരന്മാര്‍ക്ക് നമ്മുടെ രാജ്യം താവളമാകാന്‍ അനുവദിക്കില്ല’ എന്ന് റൂബിയോ വ്യക്തമാക്കി. അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ഹമീദ സുലൈമാനി ആഘോഷിച്ചതായും, യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയെ ഇവര്‍ പുകഴ്ത്തിയതായും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. കൂടാതെ അമേരിക്കയെ ‘മഹാശൈത്താന്‍’ എന്ന് ഇവര്‍ കുറ്റപ്പെടുത്തിയതായും യുഎസ് അധികൃതര്‍ ആരോപിക്കുന്നു.

ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് (ഐആര്‍ജിസി) ഇവര്‍ പരസ്യ പിന്തുണ നല്‍കിയിരുന്നുവെന്നും, അതേസമയം തന്നെ ലോസ് ഏഞ്ചല്‍സില്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ വിവരങ്ങള്‍ ഇതിന് തെളിവായി അധികൃതര്‍ നിരത്തുന്നുണ്ട്. ഹമീദയുടെയും മകളുടെയും ഗ്രീന്‍ കാര്‍ഡ് റദ്ദാക്കിയതിന് പുറമെ, ഹമീദയുടെ ഭര്‍ത്താവിന് അമേരിക്കയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറാനിലെ മുന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുടെ മകള്‍ ഫാത്തിമ അര്‍ദെഷിര്‍-ലാരിജാനിയുടെയും ഭര്‍ത്താവിന്റെയും നിയമപരമായ പദവികള്‍ റൂബിയോ നേരത്തെ റദ്ദാക്കിയിരുന്നു. ഇവര്‍ ഇതിനകം തന്നെ യുഎസ് വിട്ടുപോയിട്ടുണ്ട്. കൂടാതെ ഡിസംബര്‍ ആദ്യം യുഎന്നിലെ ഇറാന്‍ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരുടെ വിസകളും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റദ്ദാക്കിയിരുന്നു.

2020 ജനുവരിയില്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ബാഗ്ദാദില്‍ നടന്ന യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാന്റെ സൈനിക ശക്തിയില്‍ ഏറ്റവും നിര്‍ണ്ണായകമായ കുദ്സ് ഫോഴ്സിന്റെ കമാന്‍ഡറായിരുന്നു അദ്ദേഹം. സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024-ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സുലൈമാനിയുടെ രക്തത്തിന് പകരമായി പ്രതികാരം ഉറപ്പാണെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Summary: US federal agents arrested relatives of the late Iranian military commander Qassem Soleimani

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×