February 19, 2025 |
Share on

‘സിറിയന്‍ കെണി’യില്‍ കുടുങ്ങി അമേരിക്ക

ഒരേസമയം ശത്രുക്കളെയും മിത്രങ്ങളെയും കൈകാര്യം ചെയ്യാന്‍ കഴിയണം

വിമത ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സിറിയയിലെ അലെപ്പോയില്‍ അടുത്തിടെ നടന്ന അപ്രതീക്ഷിത ആക്രമണം അമേരിക്കയ്ക്കാണ് ‘കൊണ്ടത്’. കാരണം, ഈ ആക്രമണം വലിയ നയതന്ത്ര പ്രതിസന്ധിയാണ് യു എസ്സിന് ഉണ്ടാക്കിയിരിക്കുന്നത്. ഐഎസിനെതിരെ പോരാടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഏകദേശം 1,000 യുഎസ് സൈനികരെ സിറിയയില്‍ വിന്യസിച്ചിരിക്കുന്നതിനാല്‍, യുഎസ് വിമതരും സര്‍ക്കാരും ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം. അതേസമയം തന്നെ വിവിധ രാഷ്ട്രങ്ങളുടെ താത്പര്യവും ഈ വിഷയത്തില്‍ സംരക്ഷിക്കണം.

വിമത സൈന്യം ഇതാദ്യമായി സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്തിരിക്കുകയാണ്. എന്നാല്‍ ഈ ആക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് സ്ഥാപിക്കാനാണ് യു എസ് ശ്രമിക്കുന്നതെന്ന് പെന്റഗണ്‍ സെക്രട്ടറി മേജര്‍ പാറ്റ് റൈഡറുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. ആക്രമണത്തിനു പിന്നില്‍ പ്രമുഖ റിബല്‍ ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിനെ (എച്ച്ടിഎസ്) ആണെന്നാണ് യു എസ് പറയുന്നത്. യു.എസ് സേന ഈ ഓപ്പറേഷനില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റൈഡര്‍ ഊന്നിപ്പറയുന്നത്. ‘അലെപ്പോയിലും പരിസരത്തും നടന്ന ആക്രമണങ്ങളില്‍ യുഎസ് ഒരു തരത്തിലും ഉള്‍പ്പെട്ടിട്ടില്ല,’ എന്നായിരുന്നു റൈഡറുടെ പ്രസ്താവനയില്‍ പറയുന്നത്. എച്ച്ടിഎസിനെ തീവ്രവാദ സംഘടനയാക്കിയാണ് യു എസ് പ്രതികരിച്ചത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്റെ പ്രസ്താവനകള്‍ യുഎസ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന സങ്കീര്‍ണതയെ ശരിവയ്ക്കുകയാണ്. തങ്ങള്‍ ഈ വിഷയത്തില്‍ ആശയക്കുഴപ്പത്തിലാണെന്ന് സള്ളിവന്‍ അംഗീകരിക്കുന്നുണ്ട്. എച്ച്ടിഎസിന്റെ തീവ്രവാദ ബന്ധങ്ങളെ യു.എസ് ശക്തമായി അപലപിക്കുന്നുണ്ട്. പ്രത്യേകിച്ച് ജബത്ത് അല്‍-നുസ്‌റയില്‍ വേരുകളുള്ള ഗ്രൂപ്പിന്റെ അല്‍-ഖ്വയ്ദയുമായുള്ള ബന്ധത്തില്‍. അതേസമയം തന്നെ അസദ് സര്‍ക്കാരിലും അമേരിക്കന്‍ ദേശീയ ഉപദേഷ്ടാവ് സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യ, ഇറാന്‍, ഹിസ്ബുള്ള എന്നിവരുടെ പിന്തുണയുള്ള അസദ് ഭരണകൂടത്തിന്റെ വെല്ലുവിളികളെക്കാള്‍, ഇപ്പോള്‍ യു എസ് ആകുലപ്പെടുന്നത് എച്ച് ടി എസ്സിന്റെ വളര്‍ച്ചയാണെന്നാണ് അമേരിക്കന്‍ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

അബു മുഹമ്മദ് അല്‍ ജോലാനി രൂപീകരിച്ച എച്ച്ടിഎസ്, അല്‍-ഖ്വയ്ദയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് പറയുന്നതെങ്കിലും, യു.എസ്. ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. അസദ് ഭരണകൂടത്തിനെ പോരാടുന്നവരില്‍ നിര്‍ണായക ശക്തിയാണെങ്കിലും തീവ്രവാദി ഗ്രൂപ്പുകളായി കണക്കാക്കുന്നവരില്‍ നിന്ന് ജാഗ്രത പാലിക്കേണ്ടതിനൊപ്പം ഐസിസ് വിരുദ്ധ ദൗത്യം നിലനിര്‍ത്തേണ്ട ഒരു അന്തരീക്ഷം നിയന്ത്രിക്കുക എന്ന പ്രയാസകരമായ ദൗത്യവും യു.എസ് അഭിമുഖീകരിക്കുന്നുണ്ട്.

അതിനിടെ, സിറിയയില്‍ വര്‍ദ്ധിക്കുന്ന അശാന്തി, അസദ് ഭരണകൂടത്തിന്‍ മേല്‍ ചുമത്തിയിരിക്കുന്ന യുഎസ് ഉപരോധത്തിലേക്കും ശ്രദ്ധ കൊണ്ടു പോകുന്നുണ്ട്. അസദിന്റെ സര്‍ക്കാര്‍ നടത്തുന്ന അടിച്ചമര്‍ത്തലും ജനാധിപത്യ വിരുദ്ധതയും തുടരുന്നതിനാല്‍ ഉപരോധം നീക്കില്ലെന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ ആവര്‍ത്തിച്ചത്. ഈ ഉപരോധങ്ങള്‍ 2011 മുതല്‍ നിലവിലുണ്ട്. സിറിയന്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്കന്‍ ലക്ഷ്യം. എന്നാല്‍ അസദിനെ എതിര്‍ക്കുന്ന ആരുമായും കൂട്ടുചേരുന്നതിന് അമേരിക്കയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

സിറിയയിലെ യുഎസ് സേന, ഐഎസിനെതിരെയുള്ള കരയുദ്ധത്തിലാണ്, അതവര്‍ക്ക് ഒട്ടും എളുപ്പമല്ലാതെയാണ് തുടരുന്നത്. അലെപ്പോയില്‍ നിന്ന് വളരെ അകലെയാണ് യു എസ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ ആ മേഖലയിലെ അസ്ഥിരത ഏറ്റുമുട്ടല്‍ സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് റഷ്യയുമായി. അസദ് ഭരണകൂടത്തിനെതിരായ സമീപകാല ആക്രമണത്തിന് മറുപടിയായി റിബല്‍ ഗ്രൂപ്പുകള്‍ക്കെതിരെ റഷ്യ വ്യോമാക്രമണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് റഷ്യ-യുഎസ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചേക്കാം. ഇത്തരം ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലായി, യുഎസ്, റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി സ്ഥാപിതമായ ഒരു ഹോട്ട്‌ലൈന്‍ വഴി ആശയവിനിമയം നടത്തിയിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നത് ഇരു സൈന്യങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പക്കാനാണ്.

ഈ സങ്കീര്‍ണതകള്‍ നിലനില്‍ക്കെ തന്നെയാണ് യു എസ് സൈന്യം സിറിയയില്‍ നേരിടുന്ന ആക്രമണങ്ങളും. കഴിഞ്ഞിടയ്ക്ക് അവര്‍ ഒരു റോക്കറ്റാക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സംഭവങ്ങള്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടസാധ്യതകളെ ഉയര്‍ത്തിക്കാട്ടുന്നതാണ്. വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്കിടയിലും യു എസ്സിന് ഒന്നിലധികം ലക്ഷ്യങ്ങളും അതോടൊപ്പം നിലനിര്‍ത്തേണ്ട ബന്ധങ്ങളുടെ ആവശ്യവുമെല്ലാം മുന്നിലുണ്ട്. ഐഎസിനെതിരെയുള്ള പോരാട്ടം അവര്‍ക്ക് തുടരണം, അതേ സമയം തന്നെ റഷ്യയുമായുള്ള ബന്ധത്തില്‍ വീഴ്ച്ച വരാതെ കൈകാര്യം ചെയ്യണം. ആഭ്യന്തര യുദ്ധം ദുരന്തം വിതച്ച സിറിയയിലെ മനുഷ്യ സമൂഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തതവും അവര്‍ക്ക് ഏറ്റെടുത്തിട്ടുണ്ട്. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കയെന്നത് അതീവ ദുഷ്‌കരമാണ്. തങ്ങളുടെ സഖ്യകക്ഷികളെയും എതിരാളികളെയും ഒരേപോലെ വരുതിയില്‍ നിര്‍ത്തേണ്ടി വരും. പ്രത്യക്ഷത്തില്‍ അമേരിക്കയ്ക്ക് അവരുടെ നിലപാടുകളില്‍ വിജയിക്കാനാകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാന്‍ കഴിയുന്നില്ല. സിറിയയില്‍ വ്യക്തമായ ഒരു പരിഹാരവുമില്ലാതെ, അതേസമയം ബുദ്ധിമുട്ടുള്ളതും അനിശ്ചിതത്വം നിറഞ്ഞതുമായ അവസ്ഥയിലാണ് അമേരിക്ക. രാജ്യത്തെ സാഹചര്യങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ദീര്‍ഘകാലത്തേക്കുള്ള തന്ത്രപരമായ ലക്ഷ്യങ്ങള്‍ മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിവര്‍ത്തനം ചെയ്ത് വിജയിപ്പിക്കാന്‍ യു എസ് നന്നേ ബുദ്ധിമുട്ടും.  U.S. Struggles to Navigate Complicated Syrian Offensive

Content Summary; U.S. Struggles to Navigate Complicated Syrian Offensive

Tags:

×