June 03, 2026 |
Share on

പലസ്തീന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

ഇസ്രയേലിന് വേണ്ടിയുള്ള നീക്കമെന്നാണ് വിമര്‍ശനം

പലസ്തീന്‍ പാസ്‌പോര്‍ട്ട് മാത്രമുള്ളവര്‍ക്ക് യുഎസിലേക്കുള്ള എല്ലാത്തരം സന്ദര്‍ശനങ്ങള്‍ക്കും ട്രംപ് ഭരണകൂടം താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസയില്‍ നിന്നുള്ള പലസ്തീനികള്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ അടുത്ത നീക്കം. അടുത്ത മാസം ന്യൂയോര്‍ക്കില്‍ നടക്കുന്ന വാര്‍ഷിക യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് കഴിഞ്ഞ ആഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരുന്നു.

ഓഗസ്റ്റ് 18 ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും എല്ലാ യുഎസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച കേബിളിലാണ് കൂടുതല്‍ ശക്തമായ നടപടികളെക്കുറിച്ച പറയുന്നത്. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും പ്രവാസത്തിലുള്ളവരുമായ നിരവധി പലസ്തീനികള്‍ വിവിധ തരത്തിലുള്ള കുടിയേറ്റേതര വിസകള്‍ ഉപയോഗിച്ച് അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നാണ് നാല് യുഎസ് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ വിലക്ക് പ്രകാരം പലസ്തീന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ചികിത്സ, വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങള്‍, വിവധ സന്ദര്‍ശനം എന്നിവയ്ക്കായി അമേരിക്കയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. പലസ്തീന്‍ പാസ്പോര്‍ട്ട് മാത്രം കൈവശമുള്ള എല്ലാവര്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാണ്. 1990 കളില്‍ ഇസ്രയേലും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും (പി.എല്‍.ഒ.) വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും ചില ഭാഗങ്ങളില്‍ ഒരു അര്‍ദ്ധ സ്വയംഭരണ പലസ്തീന്‍ ഗവണ്‍മെന്റ് സ്ഥാപിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പുവച്ചതിനെ തുടര്‍ന്നാണ് പലസ്തീന്‍ പാസ്‌പോര്‍ട്ടുകള്‍ അംഗീകരിക്കപ്പെട്ടത്. അതേസമയം മറ്റ് പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്ന ഇരട്ട പൗരത്വമുള്ള പലസ്തീനികള്‍ക്കോ, ഇതിനകം വിസ നേടിയവര്‍ക്കോ നിയന്ത്രണം ബാധകമല്ല.

വിസ നീയന്ത്രണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, വരും ആഴ്ച്ചകളില്‍ യുഎസിന്റെ സഖ്യകക്ഷികളായ പല രാജ്യങ്ങളും പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. അതിനു മുന്നോടിയായുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായും ഇതിനെ കാണുന്നുണ്ട്. പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. അവര്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്നാണ് പറയുന്നത്. ഗാസയില്‍ ഹമാസിനെതിരെ എന്ന പേരില്‍ രണ്ടുവര്‍ഷമായി തുടരുന്ന യുദ്ധത്തിലുടനീളം ഇസ്രയേലിന്റെ ഏറ്റവും വലിയ പിന്തുണ അമേരിക്കയാണ്. ഇസ്രയേലിന്റെ സൈനിക നടപടികള്‍ ഗാസയില്‍ സൃഷ്ടിക്കുന്ന മാനുഷിക ദുരിതങ്ങളെ അന്താരാഷ്ട്ര സമൂഹം ശക്തമായി വിമര്‍ശിക്കുമ്പോഴും ഇസ്രയേലിനൊപ്പം നില്‍ക്കുകയാണ് അമേരിക്ക.

പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പലസ്തീനികള്‍ക്കുള്ള ‘പ്രഖ്യാപിത വിസ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യുഎസ് നിയമത്തിനും, ദേശീയ സുരക്ഷയ്ക്കും അനുസൃതമായി അമേരിക്കന്‍ ഭരണകൂടം കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.  US suspends visa approvals for Palestinian passport holders

Content Summary; US suspends visa approvals for Palestinian passport holders

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×