ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശില്‍ 70 മുസ്ലിം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ടുമൂടിയെന്നാണ് വാര്‍ത്തകള്‍. ഒരുവശത്ത് മതസ്പര്‍ധ വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുമ്പോള്‍ മറുവശത്ത് മതസൗഹാര്‍ദത്തിന്റെ മാതൃകയാവുകയാണ് കേരളം.
തലസ്ഥാനത്ത് ആറ്റുകാല്‍ ദേവിക്ക് പൊങ്കാലയര്‍പ്പിക്കാനായി ഒത്തുകൂടിയ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് അടുപ്പ് കൂട്ടാനായി തങ്ങളുടെ മുറ്റത്ത് സൗകര്യം ഒരുക്കി നല്‍കുന്ന തിരുവനന്തപുരത്തെ മുസ്ലിം പള്ളികള്‍ ഒരു പുതിയ കാഴ്ച്ചയല്ല. വര്‍ഷാവര്‍ഷം പാളയം പള്ളിയുടെ മണ്ണില്‍ സജജീകരിച്ച പൊങ്കാലക്കലങ്ങള്‍ ഒരു സ്ഥിരം കാഴ്ച്ചയാണ്. പാളയത്ത് ക്രിസ്ത്യൻ പള്ളിക്ക് സമീപവും എല്ലാ വർഷവും പൊങ്കാലക്കായി സ്ഥലം ഒരുക്കി നൽകാറുണ്ട്. പാളയം പള്ളിക്ക് മുന്നില്‍ പൊങ്കാലയര്‍പ്പിക്കുന്ന വിശ്വാസികളുടെ ചിത്രം കേരളത്തിലെ മാനവ ഐക്യത്തിന്റെ ചിത്രം കൂടിയാണ്. ഈ സൗഹൃദം എടുത്തു പറയേണ്ടി വരുന്നത്, രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് നടക്കുന്ന മതവര്‍ഗീയതയുടെ പശ്ചാത്തലത്തിലാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുത കേരളത്തില്‍ ഉണ്ടാകുന്നില്ലെന്നും മതസൗഹാര്‍ദം നമ്മുടെ നാടിന് ആവശ്യമാണെന്നുമാണ് പാളയം പള്ളി ഇമാം വി.പി സുഹൈബ് മൗലവി അഴിമുഖത്തോട് പ്രതികരിച്ചത്.
‘തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാല്‍ പൊങ്കാല ഏതൊക്കെ സ്ഥലങ്ങളില്‍ വരുന്നുണ്ടോ അവിടെയെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ പള്ളിയില്‍ നിന്നും ഒരുക്കികൊടുക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു മതസൗഹാര്‍ദം നമ്മുടെ നാടിന് ആവശ്യമാണ്. അതിലൂടെയാണ് നമുക്ക് നിലനില്‍ക്കാന്‍ കഴിയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുത നമ്മള്‍ കാണുന്നതാണ്. എല്ലായിടവും പൊതുവത്കരിച്ച് പറയുകയല്ല. ചിലയിടങ്ങളില്‍ മതസൗഹാര്‍ദം നിലനില്‍ക്കുന്നുണ്ടാകും. തിന്മയെ നന്മ കൊണ്ട് വേണം നേരിടുകയാണ് വേണ്ടത്. നമ്മുടെ നാട്ടിലുള്ള ഈ നന്മയാണ് രാജ്യത്തുടനീളം നിലനില്‍ക്കേണ്ടത്.’
‘ഇത് റമദാന്‍ മാസമാണ്. തിരുവനന്തപുരം ഭാഗത്തെ പള്ളികളിലെ പ്രത്യേകത എന്തെന്നാല്‍ എല്ലാവരും പള്ളികളില്‍ വന്നാകും നോമ്പുതുറക്കുക. സംഘടിത പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി പകല്‍ സമയത്തും വിശ്വാസികള്‍ ഒത്തുകൂടുന്ന വളരെ തിരക്കുള്ള സമയം കൂടിയാണിത്. പൊങ്കാലക്ക് വേണ്ടി സ്ഥലമൊരുക്കി നല്‍കിയത് നമ്മള്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദം നിലനില്‍ക്കാനാണ്’, സുഹൈബ് മൗലവി പറയുന്നു.
ഹോളി ആഘോഷത്തിന്റെ പേരില്‍ നിരവധി വിവാദപ്രസ്താവനകളാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. ഹോളി നിറങ്ങള്‍ ദേഹത്ത് പതിക്കണ്ട എങ്കില്‍ മുസ്ലിങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്നാണ് സാംബാല്‍ സര്‍ക്കിള്‍ ഓഫീസര്‍ അനുജ് കുമാര്‍ ചൗധരി പ്രസ്താവിച്ചത്. ഹോളി സമയത്ത് ദേഹത്ത് നിറങ്ങളാകാതെയിരിക്കാന്‍ മുസ്ലിം പുരുഷന്മാര്‍ക്ക് ടാര്‍പോളിന്‍ ഹിജാബ് ധരിക്കണമെന്ന ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലടക്കമുള്ള ബിജെപി സര്‍ക്കാരുകളുടെ ന്യൂനപക്ഷ ധ്രുവീകരണ നടപടികള്‍ വിവാദമാണ്. റമദാന്‍ മാസത്തിലും മുസ്ലിം വിരുദ്ധ നടപടികളാണ് ബിജെപി ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് ആക്ഷേപം. ബിജെപി അധികാരത്തില്‍ വന്നാല്‍ നിയമസഭയില്‍ നിന്നും മുസ്ലിങ്ങളെ പുറത്താകുമെന്നായിരുന്നു പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഭീഷണി. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ബഹിഷ്‌കരണ ഭീഷണികളും മുറുകുമ്പോഴാണ് കേരളം ഐക്യത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
Content Summary: Uttar Pradesh Covers Mosques, Kerala Opens Courtyards for Pongala, palayam Imam response
Uttar Pradesh Pongala kerala