June 04, 2026 |
Share on

ഉത്തരാഖണ്ഡ് ചോദ്യപേപ്പർ ചോർച്ച: ‘നക്കൽ ജിഹാദ്’ എന്ന് മുഖ്യമന്ത്രി

പ്രതിഷേധവുമായി തെരുവിലിറങ്ങി യുവാക്കൾ

ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ (UKSSSC) പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ, സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉദ്യോഗാർത്ഥികളും വിവിധ സംഘടനകളും രംഗത്തെത്തി.

ഉത്തരാഖണ്ഡ് ബെറോസ്ഗർ സംഘതൻ ഉൾപ്പെടെയുള്ള സംഘടനകൾ ഡെറാഡൂണിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്ച ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണങ്ങൾ ഉയർന്നതുമുതൽ നൂറുകണക്കിന് യുവാക്കൾ തലസ്ഥാനത്തെ പരേഡ് ഗ്രൗണ്ടിൽ തമ്പടിച്ചിരിക്കുകയാണ്. പരീക്ഷയുടെ ചോദ്യപേപ്പറിന്റെ മൂന്ന് പേജുകൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തെ ‘നക്കൽ (വഞ്ചന) ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. “യുവാക്കളുടെ ഭാവി നശിപ്പിക്കാൻ കോച്ചിംഗ് മാഫിയയും, വഞ്ചനാ മാഫിയയും ചേർന്ന് സംസ്ഥാനത്ത് ‘നക്കൽ ജിഹാദ്’ നടത്തുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. ഈ മാഫിയകളെ പൂർണ്ണമായും നശിപ്പിക്കാതെ വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സംസ്ഥാന പദവി വേണം, ലഡാക്ക് പ്രക്ഷോഭത്തിൽ 4 മരണം; ബിജെപി ഓഫീസിന് തീയിട്ട് പ്രതിഷേധക്കാർ

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് സൂര്യകാന്ത് ധാസ്മ ശക്തമായി പ്രതികരിച്ചു. “പരാജയങ്ങളെ മറയ്ക്കാൻ ബിജെപി സർക്കാർ വർഗീയതയുടെ എളുപ്പവഴി സ്വീകരിക്കുകയാണ്,” എന്ന് അദ്ദേഹം ആരോപിച്ചു. തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, മുൻപ് അറസ്റ്റിലായ തട്ടിപ്പുകാരൻ ഹക്കം സിംഗിനെപ്പോലുള്ളവർ ഉൾപ്പെട്ട സംഭവത്തിൽ പോലും ‘ജിഹാദ്’ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്, പരീക്ഷ എഴുതിയ ഖാലിദ് മാലിക് പരീക്ഷാകേന്ദ്രത്തിൽ നിന്ന് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ സഹോദരി സബിയയ്ക്ക് അയച്ചു. സബിയ ഇത് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നതിനായി മാലിക്കിന്റെ സുഹൃത്ത് സുമന് കൈമാറി. എന്നാൽ സുമൻ ഉത്തരങ്ങൾ അയച്ചില്ലെന്നും, യുവനേതാവ് ബോബി പൻവാറിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പൻവാർ പിന്നീട് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ചോർച്ചയുടെ വിവരം പുറത്തുവന്നത്. കേസിലെ ആദ്യ പ്രതിയായി എഫ്ഐആറിൽ സുമന്റെ പേരാണുള്ളതെങ്കിലും, പ്രാഥമിക അന്വേഷണത്തിൽ ഇവർക്ക് പങ്കില്ലെന്ന് കണ്ടെത്തിയതിനാൽ സാക്ഷിയായി പരിഗണിക്കും.

Also Read:ലഡാക്ക് പ്രക്ഷോഭം: അക്രമങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍

ചോർച്ച നടന്ന ആദർശ് ബാൽ സദൻ ഇന്റർ കോളേജിന്റെ പ്രിൻസിപ്പൽ ധർമേന്ദ്ര ചൗഹാൻ ബിജെപിയുടെ ഹരിദ്വാറിലെ മാധ്യമ ചുമതല വഹിക്കുന്നയാളാണ്. 18 പരീക്ഷാ ഹാളുകളുണ്ടായിരുന്നതിൽ 15 എണ്ണത്തിൽ മാത്രമാണ് സിഗ്നൽ ജാമറുകൾ ഉണ്ടായിരുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. ജാമർ ഇല്ലാതിരുന്ന ഹാളിലാണ് ഖാലിദ് പരീക്ഷ എഴുതിയത്. ഈ ഭരണപരമായ വീഴ്ചകളെക്കുറിച്ച് UKSSSC അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

പരീക്ഷയുടെ തലേദിവസം, പരീക്ഷയിൽ വിജയിക്കുന്നതിന് പ്രതിഫലമായി 12-15 ലക്ഷം രൂപ വാഗ്ദാനം ചെയ്തതിന് പങ്കജ് ഗൗർ, ഹക്കം സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021-ലെ മറ്റൊരു UKSSSC ചോദ്യപേപ്പർ ചോർച്ചയിലും ഹക്കം സിംഗ് അറസ്റ്റിലായിട്ടുണ്ട്. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകളെ നേരിടാൻ സർക്കാർ പുതിയ നിയമം കൊണ്ടുവന്നെങ്കിലും, അത് ഫലപ്രദമായില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

content summary: Uttarakhand paper leak row, ‘Nakal Jihad’ sparks outrage amid protests

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×