വി.ഡി.സതീശനെ വിളിച്ചത് വലതുപക്ഷ ലോബി, വിവാദത്തിന് പിന്നില്‍ സഭയ്ക്കകത്തെ വിരുദ്ധചേരികള്‍

കോണ്‍ഗ്രസിലെ മറുവിഭാഗവും ഒഴിവാക്കാന്‍ ശ്രമം നടത്തി

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ മാരാമണ്‍ കണ്‍വെന്‍ഷന്റെ 130-ാമത് മഹായോഗത്തിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിക്കാന്‍ തീരുമാനിച്ചത് മാര്‍ത്തോമ സഭയ്ക്കകത്തെ വലതുപക്ഷ പാരമ്പര്യവാദികള്‍ എന്നറിയപ്പെടുന്ന സംഘം. ഈ സംഘത്തിന്റെ ഏകപക്ഷീയമായ തീരുമാനം സഭയ്ക്കുള്ളില്‍ വലിയ വിവാദമായതോടെയാണ് മെത്രാപ്പോലീത്ത ഇടപെട്ട് രാഷ്ട്രീയക്കാരെ ആരെയും വിളിക്കേണ്ട എന്ന് തീരുമാനിച്ചത്. അതിനിടെ കോണ്‍ഗ്രസിലെ ചില വലിയ നേതാക്കളും പി.ജെ.കുര്യന്‍ വഴി വി.ഡി.സതീശനെ ഒഴിവാക്കാന്‍ സ്വാധീനം ചെലുത്തിയെന്നും സഭാ നേതൃത്വത്തിലെ ചിലര്‍ അറിയിച്ചു.v d satheesan excluded from maramon convention, behind the anti church factions 

മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച യുവവേദിയില്‍ സംസാരിക്കാനാണ് വി.ഡി സതീശനെ വിളിക്കാന്‍ അനൗദ്യോഗികമായി തീരുമാനിച്ചത്. എന്നാല്‍ തീരുമാനത്തിന് ശേഷം വി.ഡി.സതീശനെ വിളിച്ച് അദ്ദേഹത്തിന് ഈ ദിവസങ്ങളില്‍ പങ്കെടുക്കാന്‍ ഒഴിവുണ്ടാകുമോ എന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമ്മതമറിയിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ത്തോമ സഭാധ്യക്ഷനും മാരാമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ നടത്തിപ്പുകാരനുമായ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി കൂടിയാലോചന നടത്താതെയായിരുന്നു ഈ തീരുമാനം.

ഫെബ്രുവരി ഒന്‍പത് മുതല്‍ 16 വരെയാണ് വിഖ്യാതമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുക. ഞായര്‍ മുതല്‍ ഞായര്‍ വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള യുവവേദി യോഗം നടക്കും. അതിന്റെ ഉത്തരവാദിത്തം മാര്‍ത്തോമ യുവജന സഖ്യത്തിനാണ്. യുവജനസഖ്യത്തിന്റെ അധ്യക്ഷനായ ജോസഫ് മാര്‍ ബര്‍ണബാസ് പൊതുവേ സഭയിലെ അധികാര ഘടനയിലെ മൂന്നാമനും പാരമ്പര്യവാദികളുടെ നേതാവുമാണ്. പരിഷ്‌കരണ ലിബറല്‍ പുരോഗമന പക്ഷത്തില്‍ നിന്ന് വിഭിന്നമായി ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകളും സംവാദങ്ങളുമാകാം എന്ന് വിശ്വസിക്കുന്ന, സഭയുടെ കിഴക്കന്‍ പാരമ്പര്യവും യാക്കോബായ പാരമ്പര്യവും മുറുകെ പിടിക്കുന്ന ആളാണ് സാഫ്രഗന്‍ മെത്രാപ്പോലീത്ത അഥവാ സഹ മെത്രാപ്പോലീത്ത കൂടിയായ ജോസഫ് മാര്‍ ബര്‍ണബാസ്. ഡോ.യുവാകിന്‍ മാര്‍ കൂറിലോസാണ് സഭയില്‍ രണ്ടാമനെങ്കിലും അടുത്ത മെത്രാപ്പോലീത്ത ആകാന്‍ സാധ്യതയുള്ള ആളായാണ് ജോസഫ് മാര്‍ ബര്‍ണബാസിനെ പൊതുവേ കണക്കാക്കുന്നത്. സഭാധ്യക്ഷനോ കണ്‍വെന്‍ഷന്റെ ആതിഥേയരായ സുവിശേഷ പ്രസംഗസംഘത്തിന്റെ അധ്യക്ഷനോ ആയി കൂടിയാലോചന നടത്താതെയായിരുന്നു ജോസഫ് മാര്‍ ബര്‍ണബാസിന്റെ നേതൃത്വത്തില്‍ വി.ഡി.സതീശനെ വിളിച്ചത്.

മാരാമണ്‍ കണ്‍വെന്‍ഷിനില്‍ രാഷ്ട്രീയ നേതാക്കളെ സംസാരിക്കാന്‍ വിളിക്കുക എന്ന കീഴ്വഴക്കം പൊതുവേ ഇല്ല. സി.വി.കുഞ്ഞിരാമന്‍ 1935-ല്‍ മാരാമണ്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചത് സവിശേഷമായ ഒരു സാമൂഹിക സാഹചര്യത്തിലായിരുന്നു. തിരുവിതാംകൂറിലെ ഈഴവപിന്നാക്ക വിഭാഗങ്ങള്‍ ജാതീയതയില്‍ മനംമടുത്ത് കൂട്ട മതംമാറ്റം വരെ ആലോചിച്ച സാഹചര്യത്തിലായിരുന്നു അത്. അതിന് അടുത്ത വര്‍ഷമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം എന്നതും ശ്രദ്ധേയമാണ്. അദ്ദേഹം മാത്രമാണ് മാരാമണ്‍ കണ്‍വെന്‍ഷന്റെ ഔദ്യോഗിക വേദിയില്‍ പ്രസംഗിച്ച രാഷ്ട്രീയക്കാരന്‍. ഐക്യകേരളം രൂപപ്പെട്ടതിന് ശേഷം രണ്ട് തവണ രാഷ്ട്രീയക്കാര്‍ മാരാമണ്‍ വേദിയില്‍ പ്രസംഗിക്കുന്നുണ്ടെങ്കിലും മുഖ്യവേദിയില്‍ അല്ലായിരുന്നു. മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനും ശശിതരൂര്‍ എം.പിയുമാണവര്‍. അതില്‍ തന്നെ ശശി തരൂര്‍ എഴുത്തുകാരന്‍, ഐക്യരാഷ്ട്രസഭ മുന്‍ ഉദ്യോഗസ്ഥന്‍, ലോകപ്രശസ്തനായ പ്രാസംഗികന്‍ എന്നിങ്ങനെ പല നിലയിലുമാണ് പങ്കെടുക്കുന്നത്.

അതുകൊണ്ട് തന്നെ യുവജന വേദിയില്‍ പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ സ്വന്തം നിലയില്‍ ജോസഫ് മാര്‍ ബര്‍ണബാസ് തീരുമാനിച്ചത് കടുത്ത പ്രതിഷേധത്തിന് കാരണമായി. സഭയ്ക്കുള്ളിലെ ഭൂരിപക്ഷവും ഈ നിലപാടിനെതിരായി നിലകൊണ്ടു. അതിനിടയില്‍ പ്രതിപക്ഷനേതാവിനെ മാരാമണ്‍ കണ്‍വെന്‍ഷനിലേയ്ക്ക് ക്ഷണിച്ചു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. വി.ഡി.സതീശനെ കണ്‍വെഷനില്‍ കൊണ്ടുവരാന്‍ ശ്രമിച്ച സഭയ്ക്കുള്ളിലെ ഒരു വിഭാഗവും എന്‍.എസ്.എസ് വേദിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ ക്ഷീണം മറയ്ക്കാന്‍ വി.ഡി.സതിശന്റെ ഓഫീസും ഈ നീക്കത്തിന് പുറകില്‍ പ്രവര്‍ത്തിച്ചുവെന്നാണ് മാര്‍ത്തോമ സഭയുടെ ഔദ്യോഗിക വിഭാഗം കരുതുന്നത്. സഭയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. അതുവരെയും ഇക്കാര്യത്തില്‍ ഔദ്യോഗികമായി തീരുമാനമെടുക്കുകയോ ക്ഷണിക്കുകയോ ചെയ്തിരുന്നില്ല. ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പലരും വി.ഡി.സതീശന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതില്‍ താത്പര്യമില്ല എന്ന സന്ദേശം പി.ജെ.കുര്യന്‍ വഴി എത്തിച്ചു. വി.ഡി.സതീശനെ ക്ഷണിക്കുകയാണെങ്കില്‍ എം.സ്വരാജിനേയും ക്ഷണിക്കണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു.

ഇതോടെ ഈ ചര്‍ച്ച ചൂടുപിടിക്കുകയും സഭയിലെ ഭൂരിപക്ഷം പേരും വി.ഡി.സതീശനെ ക്ഷണിക്കാനുള്ള തീരുമാനത്തിന് എതിരാവുകയും ചെയ്തു. സഭയിലെ അടുത്ത അധികാരസ്ഥാനത്തേയ്ക്ക് എത്തുന്നതിനുള്ള ജോസഫ് മാര്‍ ബര്‍ണബാസിന്റെ ശ്രമങ്ങളുടെ ഭാഗമായി ഏകപക്ഷീയമായ ഈ തീരുമാനത്തെ കണ്ട ഡോ.കൂറിലോസ് സാഫ്രഗന്‍ മെത്രാപ്പോലീത്തായുടെ അനുകൂലികളും വി.ഡി.സതീശന് എതിരായി മാറി. ഇതോടെ മെത്രാപ്പോലീത്ത ഡോ.തിയോഡോഷ്യസ് മാര്‍ത്തോമായുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന് രാഷ്ട്രീയക്കാര്‍ ആരും വരേണ്ട ആവശ്യമില്ല എന്ന് തീരുമാനമെടുക്കുകയായിരുന്നു. കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ സംഘത്തിന്റെ പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പായ്ക്കും അതേ അഭിപ്രായം തന്നെയായിരുന്നു.

ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് 2.30ക്ക് പമ്പാ നദിക്കരയിലെ മാരാമണ്‍ മണല്‍പ്പുറത്ത് കണ്‍വെഷന്റെ ഉദ്ഘാടനം ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ മെത്രപ്പോലീത്താ നിര്‍വ്വഹിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ, കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ എന്നിവര്‍ മുഖ്യ പ്രസംഗകരാണ്.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നതും ആതിഥേയത്വം നല്‍കുന്നതും. 1888 സെപ്റ്റംബര്‍ 5ന് കല്ലിശ്ശേരി കടവില്‍ മാളികയില്‍ സമാരംഭിച്ച മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മിഷനറി പ്രസ്ഥാനമാണ്. മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയും സംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായും കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. കണ്‍വന്‍ഷന്റെ മുന്നോടിയായി പരിസ്ഥിതി റാലിയും സമ്മേളനവും ഫെബ്രുവരി ഒന്നിന് നടക്കും.v d satheesan excluded from maramon convention, behind the anti church factions 

Content Summary: v d satheesan excluded from maramon convention, behind the anti church factions

This post was last modified on January 22, 2025 7:01 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment