June 04, 2026 |
Share on

22 മനുഷ്യ ജീവനുകള്‍ വിടാതെ പിടിച്ച ‘ദൈവത്തിന്റെ കൈ’

അപകടം മുന്‍കൂട്ടി കണ്ട് തുഴഞ്ഞെത്തി ശിവന്‍

‘ആരും പേടിക്കണ്ട, വള്ളത്തിൽ മുറുകെ പിടിച്ചോ, എന്ത് വന്നാലും വള്ളത്തിൽ നിന്ന് പിടിവിടരുത്’… വൈക്കം മുറിഞ്ഞപുഴയിൽ മരണവും ജീവിതവും മുഖാമുഖം കണ്ട് കിടന്ന 22 പേർക്ക് പ്രതീക്ഷയേകിയ വാക്കുകളാണിത്. ഒരു കൂട്ടം സാധാരണ മനുഷ്യരുടെ സമയോചിതമായ ഇടപെടലാണ് തിങ്കളാഴ്ച  വൈക്കം മുറിഞ്ഞപുഴയിൽ വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായത്. അവരുടെ രക്ഷക്കായി ആദ്യമെത്തിയത് ദൈവത്തിന്റെ കൈകളെന്ന് അവർ വിശ്വസിക്കുന്ന കക്ക വാരുന്ന ശിവന്റേതും.

വേമ്പനാട്ടു കായലും മൂവാറ്റുപുഴയാറും ചേരുന്ന നദീമുഖത്തിനു സമീപമാണ് ഇന്നലെ 23 പേർ കയറിയ വള്ളം മുങ്ങിയത്. 22 പേരെ രക്ഷപ്പെടുത്തുകയും ഒരാളെ കാണാതാവുകയും ചെയ്തു.

ആലപ്പുഴ പെരുമ്പളം സ്വദേശിയാണ് 54കാരനായ ശിവൻ. പി. സ്ഥിരമായി കക്ക വാരാൻ വരുന്ന വഴിയേ കഴിഞ്ഞ ദിവസവും എത്തിയ ശിവൻ നൂറ് മീറ്റർ അകലെ വെച്ച് തന്നെ അപകടം മനസിലാക്കുകയും ഒട്ടും ചിന്തിച്ച് നിൽക്കാതെ വള്ളം മുങ്ങിയവരെ രക്ഷിക്കുകയുമായിരുന്നു. വെള്ളത്തിൽ മുങ്ങി കിടന്നവർക്ക് ധൈര്യം കൊടുക്കാനാണ് താൻ ശ്രമിച്ചതെന്നും ഒരാളുടെ ജീവൻ പോലും നഷ്ടപ്പെടാൻ ഇടയാകരുതെന്നും മാത്രമായിരുന്നു ചിന്തയെന്ന് ശിവൻ അഴിമുഖത്തോട് പറഞ്ഞു. താൻ കാരണമല്ല, ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് 22 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതെന്നും സുമേഷിനെ രക്ഷിക്കാൻ കഴിയാത്തതിൽ തനിക്ക് ദുഖമുണ്ടെന്നും ശിവൻ പറഞ്ഞു.

‘കക്ക ഇറച്ചിയുമായി ഞാൻ മുറിഞ്ഞപുഴയിലേക്ക് പോവുകയായിരുന്നു.  നല്ല കാറ്റുള്ള സമയമായിരുന്നു. ഏകദേശം ഉച്ചയ്ക്ക് രണ്ട് മണിയായി കാണും. എന്റെ വള്ളത്തിലും വെള്ളം അടിച്ചുകയറുകയായിരുന്നു. നൂറ് മീറ്റർ അകലെ വെച്ചാണ് ഞാൻ അവരുടെ വള്ളം കണ്ടത്. അവർ മുറിഞ്ഞപുഴയിൽ നിന്നും പാണാവള്ളിയിലേക്കും വരികയായിരുന്നു. വള്ളത്തിന്റെ അവസ്ഥ കണ്ടപ്പോൾ തന്നെ വള്ളം മുങ്ങുമെന്ന് മനസിലായിരുന്നു. അധികവും സ്ത്രീകളാണ് വള്ളത്തിലുള്ളതെന്ന്  തോന്നി. പെട്ടെന്ന് തന്നെ എന്റെ വള്ളം ഞാൻ അവിടേക്ക് തിരിച്ചുവിടുകയായിരുന്നു. വള്ളത്തിനടുത്തേക്ക് പോകുന്തോറു തിര കൂടിക്കൂടി വന്നു. ഞാൻ അവിടെ എത്തിയതും അവരുടെ വള്ളം മുങ്ങിയതും ഒരുമിച്ചായിരുന്നു. വേ​ഗം തന്നെ എല്ലാവരോടും എന്റെ വള്ളത്തിൽ പിടിച്ച് കിടക്കാൻ പറഞ്ഞു. വള്ളത്തിനുള്ളിലേക്ക് എല്ലാവരെയും കയറ്റാനും കഴിയില്ലല്ലോ, അതും മുങ്ങി പോകില്ലേ. അത്ര ശക്തമായ കാറ്റായിരുന്നു ഉണ്ടായിരുന്നത്.

വള്ളത്തിൽ കുട്ടികളാരെങ്കിലും ഉണ്ടായിരുന്നോ എന്നാണ് ആദ്യം ചോദിച്ചത്. ഇല്ലായെന്ന് പറഞ്ഞപ്പോൾ പകുതി ആശ്വാസമായി. പ്രായമായവരും സ്ത്രീകളും വള്ളത്തിലുണ്ടായിരുന്നതിനാൽ അവരെ സുരക്ഷിതരാക്കാനാണ് ആദ്യം നോക്കിയത്. അപ്പോഴേക്കും മൂന്ന് പേര് എതിർ ദിശയിലേക്ക് നീന്തിപോയി.

അടുത്തെത്തിയ ഉടനെ തന്നെ വള്ളം പിടിച്ച് വലിക്കുകയാണ് ആദ്യം ചെയ്തത്. എന്ത് സംഭവിച്ചാലും പിടിവിടരുതെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. വള്ളം കമിഴ്ന്ന് പോകാതിരുന്നത് വലിയൊരു ഭാ​ഗ്യമാണ്. അല്ലായിരുന്നെങ്കിൽ കുറഞ്ഞത് നാല് പേരെങ്കിലും മരിച്ചേനെ.

എല്ലാവരും നന്നായി പേടിച്ചിരുന്നു. എൻ്റെയുള്ളിലും നല്ല ഭയമുണ്ടായിരുന്നു.  എന്നാൽ എന്റെ പേടി പുറത്തുകാണിച്ചാൽ ഇവർ കൂടുതൽ പേടിക്കുമെന്ന് അറിയാമായിരുന്നതിനാൽ മനസിന് ധൈര്യം കൊടുത്ത് നിന്നു. ആദ്യമുണ്ടായിരുന്ന പേടി എനിക്ക് പിന്നീട് തോന്നിയില്ല. കാരണം എല്ലാവരും ഞാൻ പറയുന്നതനുസരിച്ച് വള്ളത്തിൽ മുറുകെ പിടിച്ചിരുന്നു. എന്ത് സംഭവിച്ചാലും വള്ളത്തിൽ നിന്ന് പിടിവിടരുത്. കരയിൽ നിന്ന് ആളുകൾ ഉറപ്പായും ഇവിടെയെത്തും. എല്ലാവരെയും രക്ഷിക്കും, ഇത് തന്നെ ഞാൻ അവരോട് പറഞ്ഞുകൊണ്ടിരുന്നു. വള്ളത്തിൽ പിടിച്ച് കിടക്കാൻ കഴിയാത്ത മൂന്ന് പേരെയാണ് ഞാൻ രണ്ട് കൈകളിലുമായി പിടിച്ചിരുന്നത്. അവർക്ക് ധൈര്യം കൊടുക്കാനാണ് ഞാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നത്. ഇടക്ക് ചില തമാശയൊക്കെ പറഞ്ഞ് അവരുടെ പേടി മാറ്റാനും ഞാൻ ശ്രമിച്ചു.

എല്ലാവരെയും വള്ളത്തിൽ പിടിച്ച് കിടക്കാൻ ആവശ്യപ്പെട്ട ശേഷം എൻ്റെ എല്ലാ ശക്തിയുമെടുത്ത് രക്ഷിക്കണേയെന്ന് അലറിവിളിച്ചു. തീരത്തുനിന്ന് കുറച്ചകലെയാണ് വള്ളം മുങ്ങിയതെങ്കിലും ആരെങ്കിലും എന്റെ ശബ്ദം കേൾക്കുമോയെന്ന് എനിക്ക് പേടിയായിരുന്നു. കാരണം ഉച്ചയ്ക്ക് രണ്ട് മണിയായതിനാൽ എല്ലാവരും ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരിക്കും. ഞങ്ങളുടെ ഭാ​ഗ്യമെന്ന് വേണം പറയാൻ, അവിടെ അടുത്തുള്ള ചന്ദ്രൻ ചേട്ടന്റെ ഭാര്യ ഞങ്ങളുടെ അലർച്ച കേൾക്കുകയും എന്തോ ഒച്ചപ്പാട് കേൾക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് എല്ലാവരും അവിടേക്ക് വള്ളവുമായി പാഞ്ഞടുത്തത്. അഞ്ചിൽ കൂടുതൽ വള്ളങ്ങൾ ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. തിര അപ്പോഴും ശക്തമായി അടിക്കുന്നുണ്ടായിരുന്നു. രണ്ടോ മൂന്നോ പേരെ മാത്രമല്ലേ അപ്പോൾ വള്ളത്തിൽ കയറ്റാൻ കഴിയുകയുള്ളൂ.

സുമേഷ് ഒരു സങ്കടം തന്നെയാണ് 

നീന്തിപ്പോയ മൂന്ന് പേരിൽ രണ്ട് പേർ തിരികെ നീന്തി എന്റെ വള്ളത്തിൽ പിടിച്ചുകിടന്നു. ഇപ്പോൾ കാണാതായിരിക്കുന്ന സുമേഷ് എതിർ ദിശയിലേക്ക് തന്നെ നീന്തിപ്പോവുകയായിരുന്നു. ഒരുപക്ഷേ അയാൾ തിരിച്ച് നീന്തി വന്നിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു. ഒരാൾ മാത്രം നീന്തി പോകുന്നത് ഞാൻ കണ്ടിരുന്നു. ഒച്ചവെച്ചിട്ടും അയാൾ അങ്ങോട്ട് തന്നെ നീന്തുകയായിരുന്നു. ഇത്രയും പേരെ ഇവിടെ ഉപേക്ഷിച്ചിട്ട് അയാളുടെ പിന്നാലെ പോകാൻ എനിക്ക് തോന്നിയില്ല. എൻ്റെ ഒരു കൈയിൽ രണ്ട് പേരെയും മറ്റൊരു കൈയിൽ ഒരാളെയും താങ്ങിപ്പിടിച്ചു കൊണ്ടാണ് ഞാൻ നിന്നത്. നല്ല അടിയൊഴുക്കുള്ള സ്ഥലമാണ്. അവിടെ നീന്തി രക്ഷപ്പെടാൻ വലിയ പാടാണ്. നീന്തുന്നതിനനുസരിച്ച് വെള്ളം തലയ്ക്ക് മുകളിലൂടെ കയറിക്കൊണ്ടിരിക്കും. അപ്പോൾ നമുക്ക് ശ്വാസം കിട്ടില്ല.

കാറ്റും മഴയുമൊന്നുമില്ലെങ്കിൽ 30 പേരോളം കയറാൻ പറ്റുന്ന വള്ളമാണത്. എന്നാൽ അന്ന് കായലിൽ നല്ല മുഴപ്പായിരുന്നു. വേമ്പനാട്ട് കായലിൽ നിന്ന് മൂവാറ്റുപുഴയാറിലേക്ക് തിര വന്ന് ചേരുന്ന സ്ഥലം കൂടിയാണിത്. ശക്തമായ കാറ്റും കൂടിയാകുമ്പോൾ സ്വാഭാവികമായിട്ടും തിര അടിച്ച് കയറുമല്ലോ, അതാണ് സംഭവിച്ചത്.

നാല് ഭാ​ഗം വെള്ളത്തിൽ മുങ്ങി പണിയെടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വർഷങ്ങളായി ഈ വഴിയെ തന്നെയാണ് ഞാൻ പോകാറുള്ളത്. ഇതുവഴിയുള്ള എല്ലാ റൂട്ടുകളും എനിക്ക് കാണാപാഠമാണ്. കക്ക വാരിയാണ് ഞാൻ ജീവിക്കുന്നത്. എല്ലാ ദിവസവും ഇത് സമയത്താണ് ഞാൻ കക്ക ഇറച്ചി വിൽക്കാനായി പോകുന്നത്. ഈ സമയത്ത് സാധാരണയായി തിരക്ക് ശക്തിയും കൂടുതലായിരിക്കും. ഞങ്ങൾ വർഷങ്ങളായി ഇതിന് പോകുന്നത് കൊണ്ട് തന്നെ കായലിന്റെ സ്വഭാവം മനസിലാക്കിയാണ് സഞ്ചരിക്കുന്നത്. പേടിയുണ്ടാകാറുണ്ട്, എന്നാൽ പേടിച്ചിരുന്നാൽ ഞങ്ങളെ പോലുള്ളവർക്ക് ജീവിക്കാൻ കഴിയില്ലല്ലോ. ഞങ്ങളുടെ ഉപജീവനമാർ​ഗം തന്നെ ഇതാണ്.

സുമേഷിന്റെ കാര്യം കേട്ടപ്പോൾ നല്ല സങ്കടം തോന്നി. അയാളെക്കൂടി എനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ. ഇന്നും ഞാൻ സംഭവം നടന്നയിടത്ത് പോയിട്ടാണ് വന്നത്. സുമേഷ് നീന്തിപോയ സ്പോട്ട് ഞാൻ പൊലീസിന് കാണിച്ച് കൊടുത്തിട്ടുണ്ട്. രക്ഷപ്പെടുമോയെന്ന് എനിക്ക് ഉറപ്പില്ല. നല്ല ആഴമുള്ള ഇടമല്ലേ. ഓരോ അപകടങ്ങൾക്ക് സാക്ഷിയായി പിന്നീട് ആ വഴി പോകുമ്പോൾ മനസിൽ ഒരു വിങ്ങലാണ്, ശിവൻ അഴിമുഖത്തോട് പറഞ്ഞു.

ആലപ്പുഴ പാണാവള്ളിയിൽനിന്ന് കാട്ടിക്കുന്ന് തുരുത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നവരാണ് വള്ളത്തിലുണ്ടായിരുന്നത്. 11 സ്ത്രീകളും 12 പുരുഷന്മായിരുന്നു വള്ളത്തിൽ സഞ്ചരിച്ചത്. വള്ളം മുങ്ങി കാണാതായ സുമേഷിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

Content Summary: vaikom boat accident; the sea shell worker who rescued the people

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×