ബിനാലെ പോലുള്ള വലിയ ഫെസ്റ്റുകൾക്ക് പോകുമ്പോൾ എത്രയും പെട്ടെന്ന് ഒരു ആർട്ട് കണ്ട് തീർത്ത് അടുത്തതിലേക്ക് പോകാം എന്ന് മനസ്സ് ചാഞ്ചാടാറുണ്ടോ? എങ്കിൽ നാളെ അത് പറ്റില്ല
ഓരോ ബിനാലെകളും ഓരോ ചിത്രപ്രദർശനങ്ങളും കടന്നു പോകുമ്പോൾ ആവേശത്തോടെ അതെല്ലാം കാണാൻ പോകുന്ന നിങ്ങൾ ഒരു കാഴ്ചക്കാരൻ/ കാഴ്ചക്കാരി എന്ന നിലയിൽ എപ്പോഴെങ്കിലും സ്വയം വിലയിരുത്തിയിട്ടുണ്ടോ? ഒരു ആർട്ട് നിങ്ങൾക്ക് എത്ര നേരം ക്ഷമയോടെ നോക്കിയിരിക്കാനാകും? ബിനാലെ പോലുള്ള വലിയ ഫെസ്റ്റുകൾക്ക് പോകുമ്പോൾ എത്രയും പെട്ടെന്ന് ഒരു ആർട്ട് കണ്ട് തീർത്ത് അടുത്തതിലേക്ക് പോകാം എന്ന് മനസ്സ് ചാഞ്ചാടാറുണ്ടോ? എങ്കിൽ നാളെ അത് പറ്റില്ല. നാളെ ഏപ്രിൽ 6. അന്താരാഷ്ട്ര സ്ലോ ആർട്ട് ദിനമാണ്.
2017 ൽ ‘സൈക്കോളജി ഓഫ് ഈസ്തെറ്റിക്സ്’ എന്ന പേരിൽ ഇറങ്ങിയ പഠനം പറയുന്നത് ആധുനിക കാലത്ത് ഓരോ കാഴ്ചക്കാരനും ഒരു ചിത്രത്തിനോ മറ്റെന്തെങ്കിലും ആർട്ടിനോ മുൻപിൽ ശരാശരി വെറും 27 സെക്കന്റുകൾ മാത്രമാണ് ചിലവഴിക്കുന്നതെന്നാണ്. മുപ്പത് സെക്കന്റുകൾക്കുള്ളിൽ തന്നെ അടുത്തതിലേക്ക് അയാളുടെ കണ്ണുകൾ പായും. മൊബൈൽ ഫോണുകളും സൈബർ മാധ്യമങ്ങളും അരങ്ങുവാഴുന്ന ദൃശ്യത്തിന്റെ അതിപ്രസരത്തിന്റെ ഈ കാലത്ത് സൗന്ദര്യാസ്വാദനത്തിന്റെ ശീലങ്ങൾ മാറ്റാനാണ് സ്ലോ ആർട്ട് ഡേ ആചരിക്കാൻ തുടങ്ങുന്നത്.
പ്രദർശനങ്ങൾ കാണാൻ പോകുന്ന ഓരോ ആളും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും ഓരോ ആർട്ടും ആസ്വദിക്കാനായി ചെലവഴിക്കണം എന്നതാണ് സ്ലോ ആർട്ട് ദിവസത്തിന് പിന്നിലുള്ള നിസ്സാര തത്വം. ആർട്ട് ഏകാഗ്രതയോടെ വെറുതെ നോക്കിയിരുന്നാൽ തന്നെ മതി. കുറച്ച് അധിക നേരം സൗന്ദര്യം ആസ്വദിക്കാനായി ചിലവഴിച്ചാൽ ഒരു ആർട്ടിന് മുൻപ് ശ്രദ്ധിച്ചിട്ടില്ലാതിരുന്ന പലവിധ മാനങ്ങളും കൈവന്നതായി തോന്നും. കലാകാരനും ആസ്വാദകനും തമ്മിലുള്ള മൗനഭാഷണത്തിന് വേണ്ടി മാത്രമായിരിക്കണം ആസ്വാദനത്തിന്റെ ഈ പത്ത് മിനുട്ടുകൾ . സ്ലോ ആർട്ട് ദിനത്തോടനുബന്ധിച്ച് ലോകത്താകെ 1500 ൽ അധികം സ്ലോ ആർട്ട് ഇവന്റുകൾ സംഘടിപ്പിക്കപ്പെടുമെന്ന് ആർട്ട് നെറ്റ് റിപ്പോർട്ട് ചെയ്യുന്നു.