June 17, 2025 |
Share on

എല്ലാ ഇന്ത്യക്കാരും സൈന്യത്തെ അനുകൂലിക്കണം; ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര്‍ ദേശീയവാദിയെന്നും അര്‍ണാബ് ഗോസ്വാമി

ഇപ്പോഴുള്ള ദേശീയതയും ദേശഭക്തിയും പോര. അത് ഇനിയും ശക്തിപ്പെടണം. ദേശവിരുദ്ധരോട് ഒരു രാജ്യത്തിനും മയമായി പെരുമാറാനാവില്ല.

എല്ലാ ഇന്ത്യക്കാരും സൈന്യത്തേയും രാഷ്ട്രത്തേയും അനുകൂലിക്കുകയും പിന്തുണക്കുകയും വേണമെന്ന് ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ചാനല്‍ ഉടമയുമായ അര്‍ണാബ് ഗോസ്വാമി. ഇത്തരത്തില്‍ അനുകൂലിക്കുന്നത് നിങ്ങളെ വലതുപക്ഷമാക്കുകയാണെങ്കില്‍ അങ്ങനെ ആയിക്കോട്ടെ എന്നും അര്‍ണാബ് ഗോസ്വാമി പറഞ്ഞു. ആരെയും ഒന്നും പറയാന്‍ അനുവദിക്കാതെ ചാനല്‍ ചര്‍ച്ചയില്‍ സ്വയം വിധി പ്രഖ്യാപനം നടത്തിയിരുന്ന വാര്‍ത്താവതാരകന്‍ സംസാരിക്കുകയാണ്. ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ്.

രാജ്യസഭാ എംപിയും കേരള എന്‍ഡിഎ വൈസ് ചെയര്‍മാനും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖറുമായുള്ള പങ്കാളിത്തത്തെ പറ്റി അര്‍ണാബ് ഗോസ്വാമി സംസാരിച്ചു. രാജീവ് ചന്ദ്രശേഖറിനേയും അനുപം ഖേറിനേയും പോലെയുള്ള ബിജെപി അനുകൂലികള്‍ ഭാഗമായ ചാനല്‍ എങ്ങനെയാണ് നിഷ്പക്ഷമാകുന്നതെന്ന ചോദ്യത്തോട് അര്‍ണാബ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ചാനലാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഒരു കറ കളഞ്ഞ ദേശീയവാദിയാണെന്നും അര്‍ണാബ് ഗോസ്വാമി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന് റിപ്പബ്ലിക് ടിവിയിലുള്ള പങ്കാളിത്തം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയ സിദ്ധാര്‍ത്ഥ് വരദരാജന്റെ നേതൃത്വത്തിലുള്ള ദ വയറിനെതിരെ അപകീര്‍ത്തി കേസ് രാജീവ് ചന്ദ്രശേഖര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വയര്‍ ഇതേ കുറിച്ച് വാര്‍ത്ത നല്‍കിയത് തന്നെ കുറിച്ച് പറയുന്നതിലൂടെ അവരുടെ വെബ്‌സൈറ്റിന് കിട്ടുന്ന പ്രശസ്തി ലക്ഷ്യമിട്ടാണെന്നാണ് അര്‍ണാബിന്റെ അഭിപ്രായം. ദ വയറിന്റെ എഡിറ്ററുടെ ദേശീയതയും പൗരത്വവും പരിശോധിക്കണമെന്നും സിദ്ധാര്‍ത്ഥ് വരദരാജന്റെ പേരെടുത്ത് പറയാതെ അര്‍ണാബ് ഗോസ്വാമി പറഞ്ഞു.

ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിച്ചുകൊണ്ടുള്ള ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും മാത്രമേ അനുവദിക്കാന്‍ കഴിയൂ. ഇത് ചോദ്യം ചെയ്യുന്നൊതൊന്നും അംഗീകരിക്കാനാവില്ല. ജമ്മു കാശ്മീരില്‍ സൈന്യത്തിനും അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്കും കൂടുതല്‍ അധികാരം നല്‍കണമെന്നും അര്‍ണാബ് ഗോസ്വാമി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ കൂടുതല്‍ ശക്തിപ്പെടുത്തണം. കാശ്മീരികള്‍ ഒരു പട്ടാളക്കാരനെ വളഞ്ഞിട്ട് ആക്രമിച്ചതില്‍ ഞാന്‍ അസ്വസ്ഥനാണ്. അതേസമയം ഒരു കാശ്മീരി യുവാവിനെ പട്ടാള ജീപ്പിന് മുകളില്‍ മനുഷ്യകവചമാക്കി കെട്ടി വലിച്ചുകൊണ്ടു പോയതില്‍ ഒരു അപാകതയും ഞാന്‍ കാണുന്നില്ല. പട്ടാളക്കാര്‍ക്കെതിരായ അക്രമം തടയാന്‍ ഇതാണ് വഴിയെങ്കില്‍ അത് തന്നെ ചെയ്യണം.

ഇപ്പോഴുള്ള ദേശീയതയും ദേശഭക്തിയും പോര. അത് ഇനിയും ശക്തിപ്പെടണം. ദേശവിരുദ്ധരോട് ഒരു രാജ്യത്തിനും മയമായി പെരുമാറാനാവില്ല. ജെഎന്‍യു ക്യാമ്പസിലെ പ്രശ്‌നങ്ങളോടുള്ള എന്റെ സമീപനത്തില്‍ ഒരു മാറ്റവുമില്ല. അവര്‍ ദേശവിരുദ്ധരാണ്. ഇടതുപക്ഷത്തിന് ലിബറല്‍ ആവാനോ ലിബറലുകള്‍ക്ക് ഇടതുപക്ഷമാവാനോ കഴിയില്ല. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം എന്നൊക്കെ പറയുന്നത് മാനസികാവസ്ഥയുടെ പ്രശ്‌നമാണ്. ഞാന്‍ നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവന്നിട്ടും എന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലല്ലോ എന്നും അര്‍ണാബ് ഗോസ്വാമി ചോദിച്ചു.

വായനയ്ക്ക്: https://goo.gl/Bk3ORf

Leave a Reply

Your email address will not be published. Required fields are marked *

×