സിനിമ സെറ്റുകളില്‍ സ്ത്രീ സാന്നിധ്യത്തിന്റെ കുറവ് പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കാറുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഉള്ളു തുറന്നുള്ള സംഭാഷണങ്ങള്‍ നടത്താന്‍ നടിമാര്‍ക്ക് പൊതുവെ സാധ്യത കുറവാണ്.
തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും മറ്റ് പല തരത്തിലുള്ള വിവേചനങ്ങളും അവഹേളനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ പ്രമുഖ ഹോളിവുഡ് നടി നതാലി പോര്‍ട്ട്മാന്‍ വെളിപ്പെടുത്തി. ലോസ് ആഞ്ചലസില്‍ നടക്കുന്ന വള്‍ച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ അഭിനയ ജീവിതത്തിനിടയില്‍ നേരിടേണ്ടി വന്ന വിവേചനങ്ങളുടെ നൂറു കണക്കിന് കഥകള്‍ തനിക്ക് പറയാനാവുമെന്നും അവര്‍ വെളിപ്പെടുത്തി.
ഉദാഹരണത്തിന് ഒരിക്കല്‍ അവര്‍ പോകാനിരുന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന ഒരു നിര്‍മ്മാതാവ് തന്റെ സ്വകാര്യ വിമാനത്തില്‍ സഞ്ചരിക്കാന്‍ അവരെ ക്ഷണിച്ചു. വിമാനത്തില്‍ നതാലിയും നിര്‍മ്മാതാവും മാത്രമാണ് സഞ്ചരിക്കാനുണ്ടായിരുന്നത്. ഒരു കിടക്കയും ഒരുക്കിയിരുന്നു. തനിക്ക് ഇത് സൗകര്യപ്രദമായി തോന്നുന്നില്ല എന്ന് പറഞ്ഞ് യാത്ര ഒഴിവാക്കുകയായിരുന്നു എന്നവര്‍ പറയുന്നു. ഒന്നും സംഭവിച്ചില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ ഒരു സ്ത്രീയില്‍ ഭീതിയുളവാക്കുമെന്ന് നതാലി ചൂണ്ടിക്കാണിക്കുന്നു. രാത്രിയില്‍ ഒറ്റയ്ക്ക് തെരുവിലൂടെ നടക്കുന്നത് പോലെയുള്ള ഒരുനുഭവമാണ് അതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
സിനിമ സെറ്റുകളില്‍ സ്ത്രീ സാന്നിധ്യത്തിന്റെ കുറവ് പലപ്പോഴും അസ്വസ്ഥത സൃഷ്ടിക്കാറുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഉള്ളു തുറന്നുള്ള സംഭാഷണങ്ങള്‍ നടത്താന്‍ നടിമാര്‍ക്ക് പൊതുവെ സാധ്യത കുറവാണ്. മേക്കപ്പ്, വസ്ത്രാലങ്കാരം തുടങ്ങിയ ചില വിഭാഗങ്ങളില്‍ മാത്രമാണ് സ്ത്രീ സാന്നിധ്യം ഉണ്ടാവുകയെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. പാബ്ലോ ലാറെയ്ന്‍ (ജാക്കി), ഡാരെന്‍ ആരോണോഫ്‌സ്‌കി (ബ്ലാക്ക് സ്വാന്‍), മൈക്ക് നിക്കോള്‍സ് (ക്ലോസര്‍, ദി സീഗള്‍) തുടങ്ങിയ അപൂര്‍വ സംവിധായകര്‍ മാത്രമാണ് സ്‌ക്രിപ്റ്റിലുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊണ്ടിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, നായകന്മാരുടെ നിര്‍ദ്ദേശങ്ങളെല്ലാം അപ്പാടെ പരിഗണിക്കുകയും ചെയ്യും. പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസായം എന്ന നിലയിലുള്ള എല്ലാ വിവേചനങ്ങളും അവഹേളനങ്ങളും സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. സിനിമരംഗത്ത് നിന്നും പുറത്തുവരുന്ന ലൈംഗീക പീഢന അനുഭവകഥകളുടെ പശ്ചാത്തലത്തിലായിരുന്നു നതാലി പോര്‍ട്ട്മാന്റെ പ്രതികരണം.
വായനയ്ക്ക്: https://goo.gl/cm55zP