വീര്യം കൂടുന്ന വിവാദം

മദ്യ നികുതിയില്‍ നില തെറ്റുന്ന വാദങ്ങള്‍

VD Satheesan- kerala liquor tax controversy

102 സീറ്റില്‍ വമ്പന്‍ വിജയവുമായി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയിട്ട് ഒരു മാസം പിന്നിട്ടു. ഒരു പുതിയ ഭരണകൂടത്തിന് പ്രതിപക്ഷവും മാധ്യമങ്ങളുമടക്കം ഒരു ‘ഹണിമൂണ്‍ പീരിയഡ്’ അനുവദിക്കാറുണ്ട്. ഈ സമയത്ത് സാധാരണയായി ആരും ഭരണത്തെ കടുത്ത ഭാഷയില്‍ കടന്നാക്രമിക്കാറില്ല. എന്നാല്‍ പതിവിന് വിപരീതമായി സതീശന്‍ സര്‍ക്കാര്‍ ഈ തുടക്കകാലം തന്നെ വിവാദങ്ങളുടെ പൂക്കാലമാക്കി മാറ്റിയിരിക്കുകയാണ്.

ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അവതരിപ്പിച്ച ആദ്യ ബജറ്റ്, മുന്‍പ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സതീശനും യു.ഡി.എഫും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും, അന്നത്തെ ഭരണപക്ഷത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നുമുള്ള ഒരു വലിയ ‘യു-ടേണ്‍’ അടിയായിരുന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം മുതല്‍ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് വരെ വിവാദ ഹേതുക്കളായ പല തീരുമാനങ്ങളും സര്‍ക്കാരിനെതിരെ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്; കേവലം രാഷ്ട്രീയ പ്രതിപക്ഷ ആരോപണങ്ങളെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ സാധിക്കാത്ത തരം ഗൗരവമേറിയ ചോദ്യങ്ങള്‍.

വീര്യം കൂടുന്ന വിവാദങ്ങള്‍

സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ‘വീര്യം കുറഞ്ഞ മദ്യത്തിനായുള്ള പ്രത്യേക നികുതിയിളവ്’ സര്‍ക്കാരിനെതിരെ കടുത്ത രാഷ്ട്രീയ-സാമൂഹിക വിമര്‍ശനങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. സാധാരണ വിദേശമദ്യത്തിന് 251 ശതമാനം നികുതി ഈടാക്കുന്ന സ്ഥാനത്താണ് യു.ഡി.എഫ് സര്‍ക്കാര്‍ പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 0.5 ശതമാനം മുതല്‍ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമായി നികുതി കുറച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നയപരമായ അനുമതി നല്‍കിയിരുന്നെങ്കിലും, ഉയര്‍ന്ന നികുതി കാരണം കമ്പനികള്‍ ഇത് വിപണിയില്‍ ഇറക്കിയിരുന്നില്ല. ഇപ്പോഴത്തെ നികുതിയിളവിലൂടെ പ്രമുഖ കമ്പനികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കും എന്നതാണ് വിവാദത്തിന് അടിസ്ഥാനം.

വന്‍കിട കമ്പനികളെ സഹായിക്കാനോ?

ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം കടുത്ത അഴിമതി ആരോപണങ്ങളുമായാണ് രംഗത്തെത്തിയിട്ടുള്ളത്. ‘ബക്കാഡി’ ഉള്‍പ്പെടെയുള്ള വന്‍കിട മദ്യക്കമ്പനികളെയും കര്‍ണാടക കേന്ദ്രീകൃതമായ മദ്യലോബിയെയും സഹായിക്കാനാണ് ഈ അടിയന്തര നീക്കമെന്നാണ് മുന്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്, മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ ആരോപിക്കുന്നത്. ഈ ഇളവിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം 600 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. വരുമാനനഷ്ടം ഭയന്നാണ് മുന്‍ സര്‍ക്കാര്‍ കമ്പനികളുടെ ഈ ആവശ്യം നിരസിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

മത-സാമൂഹിക എതിര്‍പ്പുകള്‍

രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പുറമെ കടുത്ത സാമൂഹിക, മതപരമായ എതിര്‍പ്പുകളും ഈ തീരുമാനത്തിനെതിരെ ഉയരുന്നുണ്ട്. മദ്യത്തിന്റെ വീര്യം കുറച്ച് ‘റെഡി ടു ഡ്രിങ്ക്’ രൂപത്തില്‍ വിപണിയിലെത്തിക്കുന്നത് യുവാക്കളെയും സ്ത്രീകളെയും വിദ്യാര്‍ത്ഥികളെയും ലഹരിയിലേക്ക് ആകര്‍ഷിക്കാനാണെന്ന് മതമേലധ്യക്ഷന്മാര്‍ ആരോപിക്കുന്നു. മദ്യത്തെ വീര്യം കൂടിയതെന്നും കുറഞ്ഞതെന്നും തരംതിരിക്കുന്നത് വിഡ്ഢിത്തമാണെന്നും, ഇത് പുതിയ തലമുറയെ ലഹരിക്ക് അടിമകളാക്കുമെന്നും സിറോ മലബാര്‍ സഭയിലെ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷന്‍ തൂഫാന്‍’ ഒരുവശത്ത് നടക്കുമ്പോള്‍, മറുവശത്ത് ഇത്തരം ഇളവുകള്‍ നല്‍കുന്നത് പരസ്പരവിരുദ്ധമാണെന്നാണ് കാന്തപുരം വിഭാഗത്തിന്റെ ‘സിറാജ്’ പത്രത്തിന്റെ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയത്.

സതീശന്റെ ഒറ്റയാന്‍ തീരുമാനമോ?

ഈ വിഷയം ഭരണമുന്നണിക്കുള്ളിലും വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. മന്ത്രിസഭയിലോ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലോ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിതെന്ന ആക്ഷേപമാണ് ശക്തം. എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു തന്നെ താന്‍ ഈ തീരുമാനത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് മന്ത്രി നേരിട്ട് അതൃപ്തി അറിയിക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോള്‍, പാര്‍ട്ടി തലത്തില്‍ ഇതില്‍ പുനഃപരിശോധന ഉണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സൂചിപ്പിച്ചു കഴിഞ്ഞു.

സിന്തറ്റിക് ലഹരിക്കെതിരെയുള്ള ബദലോ?

എന്നാല്‍, യുവാക്കള്‍ മാരകമായ സിന്തിറ്റിക് ലഹരിമരുന്നുകളിലേക്ക് തിരിയുന്നത് തടയാന്‍ താരതമ്യേന ദോഷം കുറഞ്ഞ മദ്യം ലഭ്യമാക്കുകയാണ് പോംവഴി എന്നാണ് സര്‍ക്കാരിനെ അനുകൂലിക്കുന്നവരുടെ വാദം. തമിഴ്നാടും കേരളവുമൊഴികെ ഭൂരിഭാഗം ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതിയിളവുകള്‍ നിലവിലുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും, സ്വന്തം മുന്നണിയില്‍ നിന്നും സാമൂഹിക സംഘടനകളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഈ നികുതിയിളവ് പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രിക്ക് തിരുത്തലുകള്‍ വരുത്തേണ്ടി വന്നേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

Content Summary; VD Satheesan government’s decision to cut taxes on low-alcoholic beverages in Kerala has sparked a massive political row

This post was last modified on June 23, 2026 2:13 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment