UPDATES

വീടും പറമ്പും

വരൂ, നമ്മുടെ അടുക്കള ഇക്കോ ഫ്രണ്ട്‌ലി ആക്കാം…

നമ്മുക്ക് വേണ്ടി മാത്രമല്ല, പ്രകൃതിക്കും കൂടി ഗുണം ചെയ്യട്ടെ ഈ മാറ്റം

                       

ഒരു കാലത്ത് നായക നിരയില്‍ ആയിരുന്ന പ്ലാസ്റ്റിക് ഇന്ന് നില്‍ക്കുന്നത് വില്ലന്മാരുടെ കൂട്ടത്തില്‍ ആണ്. അങ്ങനെ പലതും മാറിയിരിക്കുന്നു. ഇപ്പോള്‍ നാട്ടിലെങ്ങും ട്രെന്‍ഡ് ഒരേ ഒരാള്‍ ആണ്, മറ്റാരുമല്ല ‘ഇക്കോ ഫ്രണ്ട്‌ലി’!. എന്തിനും ഏതിനും വാലറ്റത്തായി ഇക്കോ ഫ്രണ്ട്‌ലി തിരയുന്ന ഒരു സ്വഭാവം നമുക്കിന്നുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ രൂപത്തില്‍ ഭൂമി നമുക്ക് നല്‍കിയ മുന്നറിയിപ്പുകള്‍ ആകാം അങ്ങനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ നാട് മൊത്തം ഒരു മാറ്റത്തിനായി ഒരുങ്ങുമ്പോള്‍ ചെറുതെങ്കിലും ഒരു മാറ്റത്തിനായി നമ്മളും ശ്രമിക്കണം. എന്ത് കൊണ്ട് അങ്ങനെ ഒരു മാറ്റം നമ്മുടെ അടുക്കളയില്‍ നിന്നും തുടങ്ങിക്കൂടാ? അടുക്കള എങ്ങനെ ഇക്കോ ഫ്രണ്ട്‌ലി ആക്കാം നോക്കാം ചെറിയ ചില മാറ്റങ്ങള്‍.

ഒഴിവാക്കാം പ്ലാസ്റ്റിക്
പ്ലാസ്റ്റിക്കിന്റെ ദൂഷ്യ ഫലങ്ങള്‍ മനസിലായ സ്ഥിതിക്ക് അത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഒരു കാലത്ത് നമ്മുടെ അടുക്കളയിലെ രാജാവായിരുന്നു ഈ വിരുതന്‍. എന്തും നല്ല ഭംഗിയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളില്‍ സൂക്ഷിച്ചു വയ്ക്കുന്ന ശീലം ഇനി പാടെ മാറ്റണം. അതിനു പകരം സ്റ്റീല്‍ ടിന്‍ ഉപയോഗിക്കാം. അതുമല്ലെങ്കില്‍ ഗ്ലാസ് ബോട്ടില്‍ ഉപയോഗിക്കാം. രണ്ടും ആരോഗ്യത്തിന് ഹാനികരമല്ല, സ്റ്റീല്‍ ടിന്‍ ആണെങ്കില്‍ ഏറെക്കാലം ഉപയോഗിക്കാനും ആകും എന്നൊരു മേന്മ ഉണ്ട്.

ഒഴിവാക്കാം അലൂമിനിയം & ടെഫ്‌ലോണ്‍
നമ്മുടെ ഓര്‍മ്മ ശക്തി നശിപ്പിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തിന് പ്രധാന കാരണക്കാരന്‍ ആണ് അലൂമിനിയം. അപ്പോള്‍ പിന്നെ അതെ അലൂമിനിയം പത്രങ്ങള്‍ പാചകത്തിനും ആഹാരം വിളമ്പാനും ഉപയോഗിച്ചാലോ? അത് പോലെ തന്നെയാണ് ടെഫ്‌ലോണ്‍ പത്രങ്ങള്‍. കാണാന്‍ ഭംഗിയുണ്ടെങ്കിലും ആളൊരു വില്ലനാണ്. നല്ല ചൂട് പിടിക്കുമ്പോള്‍ ഇവയുടെ നോണ്‍ സ്റ്റിക് കോട്ടിങില്‍ നിന്നും ഹാനികരമായ വിഷവാതകമാണ് പുറത്തു വരുന്നത്. സ്‌റ്റൈന്‍ലെസ്സ് സ്റ്റീല്‍ പത്രങ്ങള്‍ ആയിരിക്കും കൂടുതല്‍ നല്ലത്. വീട്ടിലെ എല്ലാ പത്രങ്ങളും മാറ്റിയില്ലെങ്കിലും ചിലതെങ്കിലും ഒന്ന് മാറ്റി പരീക്ഷിച്ചു നോക്കൂ.

"</p

അടുക്കള തോട്ടം
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്തും മായം കലര്‍ത്തുന്ന ഒരു കാലഘട്ടമാണ്. അപ്പോള്‍ പിന്നെ ചെറിയ രീതിയില്‍ അടുക്കളയിലേക്ക് വേണ്ടുന്ന പച്ചക്കറികള്‍ കൃഷി ചെയ്യുന്നതല്ലേ നല്ലത്. ദിനംപ്രതി അടുക്കളയില്‍ നിന്നും വലിച്ചെറിയുന്ന പച്ചക്കറി അവശിഷ്ടങ്ങള്‍ തന്നെ വളമായും ഉപയോഗിക്കാം. അങ്ങനെ അടുക്കളയിലെ വേസ്റ്റും കുറയ്ക്കാം. കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ല എന്ന് വിചാരിക്കുന്നവരോട് കുറച്ചു ഗ്രോ ബാഗ് വാങ്ങി അതില്‍ കൃഷി ചെയ്യാം, അങ്ങനെ ഒരു അടുക്കള തോട്ടം തയ്യാറാക്കാം.

മണ്‍ചട്ടിയും കൂജയും
പണ്ടൊക്കെ അടുക്കളയിലെ പ്രധാനി മണ്‍ചട്ടി ആയിരുന്നു. മണ്‍ചട്ടിയില്‍ വയ്ക്കുന്ന ആഹാരത്തിനു രുചിയും ഗുണവും കൂടുതല്‍ ആണ്. എന്നാല്‍ ഇന്നത്തെ ഫാസ്റ്റ് ലൈഫില്‍ ഇതിനൊന്നും മെനക്കെടാന്‍ ആര്‍ക്കും നേരമില്ല , മാത്രമല്ല ഗ്യാസില്‍ മണ്‍ചട്ടി ഉപയോഗിക്കുന്നത് അത്ര ലാഭകരമല്ല. എങ്കിലും വല്ലപ്പോഴും മണ്‍ചട്ടിയില്‍ ഭക്ഷണം പാകം ചെയ്യുന്നത് നല്ലതാണ്. അത് പോലെ തന്നെ കൂജയും, എന്നും ഫ്രിഡ്ജിലെ വെള്ളം കുടിച്ചു അസുഖങ്ങള്‍ വരുത്തുന്നതിനേക്കാള്‍ നല്ലതല്ലേ കൂജയിലെ വെള്ളം, അതിലല്‍പ്പം രാമച്ചം കൂടി ചേര്‍ത്താല്‍ ആരോഗ്യത്തിനും നല്ലത്.

"</p

ഒരു ചെറിയ ചെടി, ഒരു തുള്ളി നന
അടുക്കളയിലെ തിരക്കിട്ട ജോലിക്കിടയില്‍ ഒരു ആശ്വാസം ആകും ഈ പച്ചപ്പ് . ഒരു ചെറിയ ചെടി അടുക്കളയില്‍ വയ്ക്കുന്നത് ഫ്രഷ് എയര്‍ മാത്രമല്ല മനസിനും കണ്ണിനും കുളിര്‍മയാകും.

മൊത്തം മായമല്ലേ, ഉപ്പ്, കറിവേപ്പില തുടങ്ങി ഉണ്ണുന്ന ചോറ് വരെ പിന്നെ ഇതൊക്കെ ചെയ്തിട്ട് എന്ത് കാര്യം എന്ന് വിചാരിക്കുന്നവരോട് ലോകം മൊത്തം മാറ്റാന്‍ പറ്റിയില്ലെങ്കിലും ചെറിയ ചില മാറ്റങ്ങള്‍ നമുക്ക് വരുത്താന്‍ പറ്റും ‘ബി ദി ചേഞ്ച് യു വിഷ് ടു സീ ‘(be the change you wish to see ) എന്നല്ലേ !

ബി എസ് അതുല്യ

ബി എസ് അതുല്യ

മാധ്യമപ്രവര്‍ത്തക

More Posts

Share on

മറ്റുവാര്‍ത്തകള്‍