2025 ആരംഭിച്ചിട്ട് രണ്ട് മാസം തികഞ്ഞിട്ടില്ല. ഇരുപത്തി ആറാം നിലയില്‍ നിന്ന് ചാടി മരിച്ച പയ്യനും ജനിപ്പിച്ചതിന് ശിക്ഷയായി അമ്മയെ കൊന്ന യുവാവും വൃദ്ധമാതാപിതാക്കളെ തീവച്ച് കൊന്നയാളും രണ്ട് വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മാവനും തര്‍ക്കത്തിനൊടുവില്‍ മുപ്പതുകാരനെ കൊന്ന പതിനാലുവയസുകാരും മുതല്‍ അതിക്രൂരമായ സ്ത്രീ പീഡനവും ആക്രമണങ്ങളും സ്‌ക്കൂള്‍, കോളേജുകളിലെ അതിക്രൂര റാഗിങ്ങുകളും വരെ അനുദിനമെന്നോണം കേരളത്തെ നടുക്കുകയാണ്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ആദ്യമുയരുന്ന ചോദ്യം എന്താണ് നമുക്ക് സംഭവിച്ചത് എന്നാണ്. ആര്‍ക്കും ഉത്തരങ്ങളില്ല. സാമൂഹിക ശാസ്ത്രജ്ഞര്‍ക്കും മനഃശാസ്ത്ര വിദഗ്ദ്ധര്‍ക്കും ഒരു സമൂഹമെന്ന നിലയില്‍ ഈ നാടിന്റെ ഏതോ ഞരമ്പിന് തകരാറ് പറ്റിയിട്ടുണ്ടോ എന്ന് വിശദീകരിക്കാന്‍ ആകില്ലെന്ന് തോന്നുന്നു. എങ്കിലും ആദ്യം നമ്മള്‍ സ്വയം നല്‍കുന്ന വിശദീകരണം നാട്ടില്‍ വര്‍ദ്ധിച്ച് വരുന്ന രാസലഹരിയും ജനപ്രിയ സിനിമകളില്‍ അതിക്രൂരതകള്‍ക്കും ലഹരിക്കും ലഭിക്കുന്ന സ്വീകാര്യതയും സ്വാഭാവികതയും നാട്ടില്‍ പടര്‍ന്നിട്ടുണ്ട് എന്നാണ്. അത് എത്രമാത്രം ശരിയാണ്?venjaramoodu mass murder; can we blame the movie?
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്താണ് 2006-ലെ കുപ്രസിദ്ധമായ നിഥാരി കൊലപാതകങ്ങള്‍ പുറത്തറിയുന്നത്. 2005-2006 കാലയളവില്‍ ഏതാണ്ട് 31 കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പോലീസിന്റെ നിഗമനം. 17 പേരുടെ, 10 പെണ്‍കുട്ടികളുടേയും ഒരു യുവതിയുടേയും അടക്കം, കൊലപാതകം സ്ഥിരീകരിച്ചു. ഡല്‍ഹിയോട് ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ നോയ്ഡ സെക്ടര്‍ 31ന് അടുത്ത നിഥാരി ഗ്രാമത്തിലെ കുട്ടികളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. മണീന്ദര്‍ സിങ്ങ് പാന്ഥര്‍ എന്ന ബിസിനസുകാരന്റെ വീടിനോട് ചേര്‍ന്നാണ് സകല അസ്ഥികൂടങ്ങളും കണ്ടെത്തിയത്. അയാളുടെ ജോലിക്കാരന്‍ സുരേന്ദര്‍ കോലിയും മണീന്ദര്‍ പാന്ഥറും ചേര്‍ന്ന് കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നുവെന്നായിരുന്നു കേസ്. സുരേന്ദര്‍ കോലിക്കെതിരെ നരഭോജന കേസും രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയെ ഞെട്ടിച്ച ആ കേസിന്റെ റിപ്പോര്‍ട്ടിങ് സമയത്ത് മുതിര്‍ന്ന ജേണലിസ്റ്റുകള്‍ ഉപദേശിച്ചിരുന്ന കാര്യം ഒരു കാരണവശാലും വിശദാംശങ്ങള്‍ നിറം പിടിപ്പിച്ച് നല്‍കരുത് എന്നതായിരുന്നു. കോപി കാറ്റ് കില്ലിങ് അഥവാ പ്രശസ്തമായ കൊലപാതകങ്ങളും ആക്രമണ സംഭവങ്ങളും ആവര്‍ത്തിക്കാനുള്ള പ്രവണത മഹാനഗരങ്ങള്‍ക്ക് പൊതുവേ ഉണ്ട് എന്ന അവരുടെ തൊഴിലനുഭവത്തിന്റെ വെളിച്ചത്തിലുള്ള ഉപദേശമായിരുന്നു അത്.
അത് സ്വയമേവ ഒരു നഗരമായി വളര്‍ന്നിട്ടുള്ള കേരളത്തിന് ഒരുപക്ഷേ ബാധകമായിരിക്കും. അതിനപ്പുറത്ത് സിനിമയ്ക്കോ പുസ്തകങ്ങള്‍ക്കോ സാഹിത്യങ്ങള്‍ക്കോ കുറ്റകൃത്യങ്ങളിലേക്കോ രാസലഹരി പോലുള്ള വിനാശകരമായ ശീലകളിലേക്കോ മനുഷ്യരെ കൊണ്ടുചെന്നെത്തിക്കും എന്നത് നമ്മുടെ സമൂഹത്തിന്റെ അതിവായനയും സമൂഹം എന്ന നിലയില്‍ നമുക്ക് കൂടി ഉത്തരവാദിത്തമുള്ള ഒരു കുറ്റകൃത്യത്തില്‍ നിന്നുള്ള രക്ഷപ്പെടലുമാണ്. എത്രയോ കാലമായി ‘ഗോര്‍’ എന്ന കാറ്റഗറിയില്‍ പെടുന്ന കൊറിയന്‍ സിനിമകളും സീരീയലുകളും ക്വന്റിന്‍ റ്റൊരാന്റിന മുതലുള്ള സംവിധായകരുടെ ഹോളിവുഡ് സിനിമകളും കണ്ട് ശീലമുള്ള മനുഷ്യരുടെ മുന്നിലേക്കാണ് മലയാള സിനിമകളൊക്കെ എത്തുന്നത്. സിനിമകളില്‍ ലഹരികള്‍ സുപരിചത സാന്നിധ്യമാകുന്നതിന് എത്രയോ മുമ്പ് നമ്മുടെ നാട്ടിന്‍ പുറത്ത് വരെ ഇവ എത്തിയിട്ടുണ്ട്. നിയമപാലനത്തിലും പൊതുസമൂഹത്തിന്റെ കൂട്ടുത്തരവാദിത്വത്തിലുമാണ് നാടിന്റെ സന്തുലനം സാധ്യമാകുന്നത്. സിനിമകള്‍ കൊണ്ടും സീരീസുകള്‍ കൊണ്ടും മറ്റേതെങ്കിലും ജനപ്രിയ സംസ്‌കാരങ്ങള്‍ കൊണ്ടാണ് സമൂഹം വഴിപിഴക്കുന്നത് എന്നത് പഴയ, ഉത്തരവാദിത്തമില്ലാത്ത, ആരോപണമാണ്.
എം.മുകുന്ദന്റെ നോവലുകളും കഥയും വായിച്ചാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവിനും ചരസിലും അടിപ്പെട്ട് പോകുന്നത് എന്ന് പ്രചരിച്ചിരുന്ന കാലമുണ്ടായിരുന്നു. രണ്ട് മതത്തില്‍ പെട്ടയാളുകളുടെ പ്രണയം കഥാവിഷയമായതിനാല്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധയുണ്ടാകുമെന്ന് കരുതി ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. അശ്ലീലമാണെന്ന് പറഞ്ഞ് ‘ശബ്ദങ്ങള്‍’ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തില്‍ അരാജകത്വവും അശ്ലീലവും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഒ.വി വിജയന്റെ ‘ഖസാഖിന്റെ ഇതിഹാസ’ത്തിന് നേരെയുണ്ടായിരുന്ന വിമര്‍ശനം. ഈ മൂന്ന് രചയിതാക്കളെ എടുത്ത് പറയാന്‍ കാരണം, ജനപ്രിയ സാഹിത്യങ്ങളോട് കിടപിടിക്കാവുന്ന വില്പനയും പൊതുശ്രദ്ധയും ലഭിച്ച എഴുത്തുകാരാണ് ഇവര്‍ എന്നുള്ളത് കൊണ്ടാണ്.
ജനകീയ സിനിമകളില്‍ തന്നെ എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സിബിമലയില്‍ സംവിധാനം ചെയ്ത ‘സദയം’ എന്ന ചിത്രത്തില്‍ നായകനായ സത്യനാഥന്‍ ലൈംഗിക തൊഴിലിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാന്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ക്ക് കാരണക്കാരായവരെ അടക്കം നാല് കൊലപാതകങ്ങള്‍ ചെയ്തയാളെ കുറിച്ച് കാണികള്‍ക്ക് സ്നേഹവും സഹതാപവും തോന്നുന്ന വിധത്തിലാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ലോഹിതദാസ് തിരക്കഥയെഴുതിയ സിബിമലയില്‍ തന്നെ സംവിധാനം ചെയ്തിട്ടുള്ള ‘തനിയാവര്‍ത്തന’ത്തില്‍ ഭ്രാന്താരോപിക്കപ്പെട്ട് അതിലേക്ക് വീണുപോയ മകനെ കൊല്ലുന്ന അമ്മയാണ്. ഇത്തരം കാര്യങ്ങള്‍ സമൂഹത്തിന് മാതൃകയാണെന്നോ അത് മനുഷ്യര്‍ ആവര്‍ത്തിക്കുമെന്നോ ആരും കരുതുന്നില്ല. അത് കഥയും കഥാസന്ദര്‍ഭങ്ങളുമാണ്. മനുഷ്യരെ കൊന്നുതള്ളുന്ന പോലീസുകാരായി എത്രയോ സിനിമകളില്‍ രജനികാന്തും വിജയും കമലഹാസനും നാനാപടേകറും മറ്റനേകം താരങ്ങളും അഭിനയിച്ചിരിക്കുന്നു. അതിന്റെ അനുരണനങ്ങള്‍ എത്രയോ നമ്മുടെ സിനികളിലും എല്ലാക്കാലത്തും വന്നിരിക്കുന്നു. വടക്കന്‍ പാട്ടുകളില്‍ മുതല്‍ യുദ്ധ സിനിമകളില്‍ വരെ മനുഷ്യരെ പുഴുക്കളെ പോലെ കൊന്ന് തള്ളുന്നത് നമ്മള്‍ എത്രയോ കണ്ടിരുന്നിട്ടുണ്ട്!
സമൂഹത്തില്‍ ക്രൂരതയും ആക്രമണങ്ങളും പടരുന്നതും സമൂഹത്തിന്റെ ആരോഗ്യം നശിക്കുന്നതും സിനിമ കൊണ്ടാണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നത് ലളിതവും എളുപ്പവുമായ ഒരു വഴി മാത്രമാണ്. നമുക്കെന്താണ് സംഭവിക്കുന്നത് എന്ന് ആഴത്തില്‍ പഠിക്കേണ്ട വിഷയമാണ്. അതുപോലെ ഉത്തരവാദിത്തത്തോടെ ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം എന്നും നമുക്ക് ശഠിക്കാം. ബലാത്സംഗങ്ങള്‍, കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ലോകത്തെമ്പാടും പാലിക്കപ്പെടേണ്ട മര്യാദകളും രീതികളുമുണ്ട്. കുറ്റകൃത്യത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങള്‍ നല്‍കാതിരിക്കുക എന്നതാണ് അതിലൊന്ന്.venjaramoodu mass murder; can we blame the movie?
Content Summary: Venjaramoodu mass murder; can we blame the movie?