April 17, 2025 |
Share on

തമിഴ് മാസ്സ് സ്റ്റൈലിൽ ‘മധുരരാജ’; മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു

ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. 2010-ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ സ്റ്റൈലില്‍ വില്ലന്മാരെ അടിച്ചു തെറിപ്പിക്കുന്ന രാജയുടെ ക്യാരക്ടര്‍ ആണ് മോഷന്‍ പോസ്റ്ററിലൂടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു തമിഴ് മാസ് ചിത്രത്തിന്റെ ശൈലിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത് എന്നാണ് മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം തമിഴ്നടന്‍ ജയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് വില്ലനായി ജഗപതി ബാബുവാണ് എത്തുന്നത്.

ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമല്ലെന്നും, രാജ എന്ന കഥാപാത്രത്തെ മാത്രമാണ് ഈ പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും സംവിധായകൻ വൈശാഖ് നേരത്തെ പറഞ്ഞിരുന്നു. പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് മധുരരാജ പ്രേക്ഷകരിലേക്കെത്തുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×