കൊന്നുവീഴ്ത്താനായി മറഞ്ഞിരിക്കുന്ന ഇസ്രയേലി സ്‌നിപ്പര്‍മാര്‍, കണ്ണീര്‍വാതക പ്രയോഗം, പുകപടലങ്ങള്‍, കത്തുന്ന ടയറുകള്‍ – ഇതിനെല്ലാം ഇടയില്‍ നിന്ന് നൃത്തം ചെയ്യുകയാണ് കുറച്ച് പലസ്തീന്‍ യുവാക്കള്‍. പരമ്പരാഗത അറബ് നാടോടി നൃത്തം. ഗാസ അതിര്‍ത്തി വേലിക്ക് സമീപമാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന യുവാക്കളുടെ ഈ സംഘനൃത്തം. വീഡിയോ വൈറലായിട്ടുണ്ട്. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രൊട്ടസ്റ്റ്‌സിന്റെ ഭാഗമാണ് ഈ ഡാന്‍സ്. ഇസ്രയേല്‍ കയ്യേറിയ പലസ്തീന്‍ പ്രദേശങ്ങളിലേയ്ക്ക്, പലസ്തീനികള്‍ക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടി.
നര്‍ത്തകരില്‍ പലരും കണ്ണീര്‍വാതക ഷെല്ലിംഗില്‍ നിന്ന് രക്ഷപ്പെടാനായി കെഫിയെഷ് സ്‌കാര്‍വുകള്‍ ധരിച്ചിരുന്നു. വിവാഹമടക്കമുള്ള ആഘോഷ പരിപാടികളില്‍ പതിവുള്ളതാണ് പരമ്പരാഗത അറബ് നൃത്തമായ ഡാബ്‌കെ. ഇതിനെ പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റെ പ്രതീകമായാണ് ഇവര്‍ ഇത് ഉപയോഗിക്കുന്നത്. മാര്‍ച്ച് 30 മുതല്‍ തുടരുന്ന പ്രതിഷേധ കാമ്പെയിന്റെ ഭാഗമായി ഇത്തരത്തില്‍ നിരവധി കലാപ്രകടനങ്ങള്‍ പലസ്തീന്‍ യുവാക്കള്‍ നടത്തുന്നുണ്ട്. കൊളോണിയല്‍ വിരുദ്ധ ചരിത്രം വായിക്കുന്ന പരിപാടികളുമുണ്ട്. 131 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 14,000 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.
വീഡിയോ: