വീട് വിട്ടിറങ്ങിയതിൽ കുറ്റബോധം, കടുത്ത വിഷാദത്തിൽ തുണയായത് ആമിർ ഖാൻ്റെ മകൾ

തുറന്ന് പറഞ്ഞ് നടൻ വിജയ് വർമ്മ

ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നയാണ് വിജയ് വർമ്മ, തൻ്റെ ജീവിതത്തിലെ മാനസികാരോഗ്യ പോരാട്ടങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്. റിയ ചക്രവർത്തിയുടെ പോഡ്‌കാസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങൾ നേരിടുന്ന മാനസിക ആരോഗ്യ പ്രശ്‍നങ്ങളെക്കുറിച്ച് താരങ്ങൾ പലപ്പോഴും വെളിപ്പെടുത്തലുകൾ നടത്താറുണ്ട്. ബാല്യകാലത്തെ ആഘാതങ്ങൾ, കുടുംബബന്ധങ്ങളിലെ സങ്കീർണ്ണതകൾ, കോവിഡ് ലോക്ക്ഡൗൺ കാലത്തുണ്ടായ കടുത്ത വിഷാദരോഗം എന്നിവയാണ് തൻ്റെ വൈകാരിക ഭാരത്തിന് പ്രധാന കാരണമായതെന്ന് വിജയ് പറയുന്നു.

പിതാവുമായുള്ള കലുഷിതമായ ബന്ധമാണ് തൻ്റെ വൈകാരിക പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് വിജയ്. കുട്ടിക്കാലത്ത് അച്ഛൻ തനിക്ക് പ്രിയപ്പെട്ടതായിരുന്നെങ്കിലും, കൗമാരമായതോടെ അച്ഛൻ്റെ പെട്ടെന്നുള്ള ദേഷ്യവും, താൻ ആഗ്രഹിക്കാത്ത കരിയറടക്കം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളും ഇരുവരും തമ്മിൽ അകൽച്ചയ്ക്ക് കാരണമായി.

“എനിക്ക് അച്ഛൻ്റെ കൂട്ട് ഇഷ്ടമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു. കുടുംബ ബിസിനസിൽ ചേരാൻ വിസമ്മതിച്ച് വീടുവിട്ടിറങ്ങേണ്ടി വന്നതിൻ്റെ കുറ്റബോധം വർഷങ്ങളോളം തന്നെ വേട്ടയാടിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

ലോക്ക്ഡൗണിലെ ഒറ്റപ്പെടലും വിഷാദവും

‘ഗല്ലി ബോയ്’ക്ക് ശേഷം ഒരു പതിറ്റാണ്ടോളം നീണ്ട കഷ്ടപ്പാടുകൾക്ക് അറുതിവന്നെങ്കിലും, 2020-ലെ ലോക്ക്ഡൗൺ വിജയിയെ ആകെ തകർത്തു.

‘ജോലിയുടെ പിന്നാലെ പോയപ്പോൾ ഞാൻ എത്രമാത്രം ഒറ്റപ്പെട്ടുപോയി എന്ന് ആ ഇടവേള മനസ്സിലാക്കി തന്നു. കൗച്ചിൽ നിന്ന് എഴുന്നേൽക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല,” അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ നടനും അടുത്ത സുഹൃത്തുമായ ഗുൽഷൻ ദേവയ്യയുമായും, ‘ദഹാദ്’ എന്ന പരമ്പരയിൽ അസിസ്റ്റ് ചെയ്ത ഇറ ഖാനുമായും സംസാരിച്ചിരുന്നു. എൻ്റെ അവസ്ഥ മോശമായിക്കൊണ്ടിരുന്നു.

‘വിജയ്, നിങ്ങൾ തെറാപ്പി തുടങ്ങണം’ എന്ന് ആദ്യം പറഞ്ഞത് ഇറയാണ്. അവൾ എൻ്റെ കോച്ചിനെപ്പോലെയായിരുന്നു,” അദ്ദേഹം വെളിപ്പെടുത്തി.
തെറാപ്പിയിലൂടെയാണ് തനിക്ക് കടുത്ത വിഷാദവും ഉത്കണ്ഠയുമാണ് എന്ന് തിരിച്ചറിഞ്ഞത്. വർഷങ്ങളായി മനസ്സിൽ ഒതുക്കിവെച്ച വികാരങ്ങൾ പുറത്തുവന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

“യോഗ ചെയ്യുമ്പോൾ, എന്തിനാണെന്ന് അറിയാതെ ഞാൻ തളർന്നു വീണ് മണിക്കൂറുകളോളം കരയുമായിരുന്നു.”

ബാല്യകാലത്തിലെ മുറിവുകൾ പ്രായപൂർത്തിയായ ശേഷമുള്ള പ്രണയബന്ധങ്ങളെ എങ്ങനെ ബാധിക്കുമെന്നും വിജയ് വർമ്മ വിശദീകരിച്ചു. “സ്നേഹം കുറച്ചൊക്കെ വേദനിപ്പിക്കണം, അല്ലെങ്കിൽ അത് യഥാർത്ഥമല്ല” എന്ന വാചകത്തെ അദ്ദേഹം ടോക്സിക്ക് എന്നാണ് വിശേഷിപ്പിച്ചത്. കുട്ടിക്കാലത്ത് ബന്ധങ്ങളിൽ പരാജയം കണ്ടിട്ടുള്ളവർക്ക്, സ്നേഹം ഭയമായി തോന്നാമെന്നും, അത് ആളുകളെ അകറ്റി നിർത്താൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content summary: Vijay Varma reveals battling severe depression, says Aamir Khan’s daughter Ira helped him

This post was last modified on November 8, 2025 5:57 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment