കാലടിയിലെ ശ്രീ ശങ്കര കോളേജിൽ ബിരുദ ക്ലാസുകൾ നടക്കുകയായിരുന്നു. ബിസിനസിൽ നിന്നും മാനേജ്മനെറ്റിൽ നിന്നും വഴുതി ഒരു വിദ്യാർത്ഥി മനോരാജ്യം കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു. ഒരു ഷോർട് ഫിലിം നിർമ്മിക്കണം, കഥയെ ദൃശ്യവൽക്കിരിക്കുന്നതിന്റെ ബാല പാഠങ്ങൾ പോലും അറിയാത്ത തനിക്ക് അതത്ര എളുപ്പമല്ലെന്നും അവനറിയാമായിരുന്നു. തനിക്ക് ചുറ്റുമുള്ള ഫോൺ കാമറ പോലുള്ള ആയുധങ്ങളെല്ലാം പയറ്റി നോക്കിയിട്ടും അതിൽ നിന്ന് ദൃശ്യങ്ങൾ അടുക്കി പെറുക്കി ചിത്രം നിർമ്മിക്കാൻ മാത്രം കഴിഞ്ഞില്ല. വെഡിങ് ഫോട്ടോഗ്രാഫേഴ്സിനെ ഉപയോഗപ്പെടുത്തി ഹൃസ്വ ചിത്രം നിർമ്മിക്കാനായിരുന്നു പിന്നീടുള്ള ശ്രമം, അവിടെയും വിജയിക്കാനായില്ല. പരാജയങ്ങൾക്കൊടുവിൽ കൊച്ചി വിമാനത്താവളത്തിൽ ആഗ്രഹങ്ങൾക്ക് കോമ ഇട്ട് ജോലിക്ക് പ്രവേശിക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച റീലീസായ മന്ദാകിനി കണ്ടിറങ്ങിയ അയാൾ കൂടി ബിരുദ ക്ലാസ്സിൽ മനോരാജ്യം കാണുന്ന വിദ്യാർത്ഥിയെ ഒരിക്കൽ കൂടി മനകണ്ണിൽ കണ്ടിരിക്കണം, ഉപേക്ഷിക്കാമായിരുന്നിട്ടും, ഉള്ളിൽ കിനിഞ്ഞിറങ്ങിയ സിനിമ മോഹത്തെ ഒന്ന് കൂടി ചേർത്തുപിടിച്ചിരിക്കണം. ബിരുദ ക്ലാസ്സിലെ മനോരാജ്യത്ത് നിന്ന് ഷോർട് ഫിലിമും അവിടെ നിന്ന് സിനിമ വരെയും എത്തി നിൽക്കുന്ന കഠിനാധ്വാനത്തിന്റെ നാളുകളെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയിരിക്കണം. എല്ലാത്തിനുമൊടുവിൽ നടക്കില്ലെന്ന് കരുതി എഴുതി തള്ളിയ സ്വപ്നം കേരളം മൊത്തം മന്ദാകിനി എന്ന ഒറ്റ ടൈറ്റിലിൽ നിറഞ്ഞു നിൽക്കുമ്പോൾ അത് നിറവേറാൻ കൂടെ നിന്നവരെ ഓർത്തിരിക്കണം. പറഞ്ഞുവരുന്നത് നവാഗതനായ വിനോദ് ലീലയെ കുറിച്ചാണ്. അയാളുടെ ആദ്യ സിനിമയെ കുറിച്ചാണ്. തന്റെ ആദ്യ സിനിമയുടെ അനുഭവങ്ങളും, സിനിമ യാത്രയും അഴിമുഖവുമായി പങ്കുവെക്കുകയാണ് വിനോദ് ലീല.
ആദ്യ സിനിമ
ഒരു ഷോർട് ഫിലിം നിർമ്മിക്കാനായി ഞാൻ കുറെ വർഷങ്ങൾ അലഞ്ഞു നടന്നിട്ടുണ്ട്. നിർമ്മാണത്തിന്റെ സാങ്കേതിക വശത്തെ എങ്ങനെ സമീപിക്കണമെന്ന് ഒരൂഹവും കിട്ടാതിരുന്ന കാലം. വർഷങ്ങൾക്കിപ്പുറം ഷോർട് ഫിലിമും അതിലൂടെ ആദ്യ ചിത്രവും പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. ഷോർട് ഫിലിം ചെയ്തിരുന്ന കാലത്ത് കണ്ണിലും മനസ്സിലും ചേർത്തുവച്ചിരുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് മന്ദാകിനി. പലരും അസിസന്റ് ഡയറക്ഷനിലൂടെ സംവിധനത്തിലേക്ക് കടക്കുന്ന ഒരിടത്താണ് ഞാൻ ഷോർട് ഫിലിമുകളിലൂടെ സിനിമയിൽ എത്തിപ്പെടുന്നത്. അതുകൊണ്ട് തന്നെ സിനിമ നിർമ്മിച്ചെടുക്കുന്ന ഒരു കാലയളവും, പിന്നണി പ്രവർത്തനവും എനിക്ക് വലിയ രീതിയിൽ പരിചയമില്ല. ഞാൻ ആദ്യമായി ഇടപഴകുന്ന പിന്നണി പ്രവർത്തനം മന്ദാകിനിയുടേതാണെന്ന് പറയാം. ഷോർട് ഫിലിമിന്റെ ഒരു വലിയ പതിപ്പായാണ് സിനിമ അനുഭവപ്പെട്ടിട്ടുള്ളത്.
അതുകൊണ്ട് തന്നെ ഇതെല്ലാം എന്നെ സംബന്ധിച്ച് പുതിയ അനുഭവങ്ങളും പാഠങ്ങളുമാണ്. ഷോർട് ഫിലിമിൽ മുഴുകിയിരുന്ന കാലത്തെ അനുഭവസമ്പത്ത് വലിയ രീതിയിൽ പിന്തുണച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത് കുറെയധികം കാര്യങ്ങൾ കൂടി പഠിക്കാൻ സാധിച്ചിട്ടുണ്ട്, സിനിമയെ ഒന്ന് കൂടി അടുത്തറിയാൻ കഴിഞ്ഞതും സന്തോഷം നൽകുന്നുണ്ട്. ഒരു കൂട്ടം ആളുകളുടെ ഒത്തൊരുമയിൽ നിന്നുമാണ് ഓരോ സിനിമയും ഉണ്ടാകുന്നത്. ഞാൻ കണ്ടതിൽ വച്ച് ചിത്രീകരണത്തിൽ ഏറ്റവും ആവശ്യമായ ഘടകവും അത് തന്നെയാണ്. തിയ്യറ്ററിലെത്തുന്ന സിനിമകളിൽ പ്രതിഫലിക്കുന്നതും, പ്രേക്ഷകർ അനുഭവിച്ചറിയുന്നതും കൂട്ടായ്മയുടെ ഈ മന്ത്രികതയാണ്. മന്ദാകിനിയും ഒരു പറ്റം ആളുകളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്.
ആരോമലിന്റെ ആദ്യ രാത്രി മുതൽ രണ്ടാം രാത്രി വരെ
ആരോമലിന്റെ കല്ല്യാണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. അതെല്ലാം ഒരുമിച്ചെത്തുന്നത് രാത്രിയിലാണ്. അതുകൊണ്ട് തന്നെ തുടർച്ചയായി രാത്രിയിലായിരുന്നു ഷൂട്ടിംഗ് നടന്നത്. 35 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്. രാത്രി ദിവസങ്ങളിലെ ഷൂട്ടിംഗ് പിന്നണിയിലുള്ളവർക്കും, അഭിനേതാക്കൾക്കും അസൗകര്യം ഉണ്ടാക്കുമോ തുടങ്ങി ഒരായിരം ആശങ്കകളുണ്ടായിരുന്നു. പക്ഷെ ഷൂട്ടിംഗ് ആരംഭിച്ചതോടെ ആ ടെൻഷൻ എല്ലാം മാറിയിരുന്നു. മുഴുവൻ ക്രൂവും രാത്രി സമയങ്ങളിൽ ഫുൾ ഓൺ ആയിരുന്നു. വലിച്ചുനീട്ടാതെ രസകരമായി തന്നെ രാത്രിയിലടക്കമുള്ള ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.
മന്ദാകിനിയിലെ യഥാർത്ഥ മനുഷ്യർ
മന്ദാകിനിയുടെ തിരക്കഥ തയ്യറാക്കികൊണ്ടിരിക്കുന്ന ദിവസങ്ങളിലാണ് ഭാര്യ ഡ്രൈവിംഗ് പഠിക്കാൻ പോയിരുന്നത്. ക്ലാസ് കഴിഞ്ഞു തിരിച്ചു വന്നാൽ അവളെപ്പോഴും ഡ്രൈവിംഗ് പഠിപ്പിക്കുന്ന ടീച്ചറെ കുറിച്ച് വായ്തോരാതെ പറഞ്ഞുകൊണ്ടിരിക്കും. അത്യാവശ്യം ബോൾഡ് ആയ, പ്രശ്നങ്ങളെ നിസാരമായി കൈകാര്യം ചെയ്യുന്ന ടീച്ചറിൽ നിന്നാണ്; സിനിമയിലെ രാജലക്ഷ്മിയുടെ ഡ്രൈവിംഗ് സ്കൂൾ തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്നത്. സമൂഹത്തിന്റെ ഒരു തട്ടിൽ ആഘോഷിക്കപ്പെടാതെ പോകുന്ന ഇതുപോലുള്ള സ്ത്രീകളുമുണ്ട്. ഞാൻ കണ്ടു പരിചയിച്ച വ്യവസ്ഥിതിയിൽ കല്ല്യാണ വീടുകളിൽ പുരുഷന്മാർ മാത്രമായിരിക്കില്ല മദ്യപിക്കുക. പലപ്പോഴും മദ്യപിക്കുന്ന സ്ത്രീകളെ സ്‌ക്രീനിൽ അവതരിപ്പിക്കാൻ സിനിമകൾ മടിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അനാർക്കലി മരിക്കാർ ചെയ്ത കഥാപാത്രവും യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ്. കോഴിക്കോട് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ തയ്യാറാക്കിയത്. സിനിമയുടെ ഛായാഗ്രഹകനാണ് ഈ സംഭവത്തിൽ സിനിമ ചെയ്യാനുള്ള പ്രചോദനം നൽകുന്നത്.
നാല് സംവിധായകർ
ചുരുക്കത്തിൽ നാല് സംവിധായകർ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കേന്ദ്ര കഥാപാത്രമായി എത്തുന്ന അൽത്താഫ് അലിയും അമ്പിയളിയുടെ അച്ഛനായി എത്തുന്ന ലാൽ ജോസും, സാഗറിന്റെ വേഷത്തിൽ ജിയോ ബേബിയും, പോലീസ് വേഷത്തിൽ ജൂഡ് ആന്റണിയും സിനിമയിലെത്തുന്നുണ്ട്. ഈ കഥാപാത്രങ്ങളുടെ റോളിലേക്ക് ഇവർ എത്തുന്നത് വളരെ സ്വാഭാവികമായാണ്. ആദ്യം അൽത്താഫിയിരുന്നു സിനിമയിൽ കേന്ദ്ര കഥാപാത്രം ചെയ്യാനെത്തുന്നത്. ജിയോ ബേബിയെ വളരെ കാലമായി അടുത്തറിയുമായിരുന്നു, ഈ പരിചയത്തിലാണ് അദ്ദേഹം മന്ദാകിനിയിലെ സാഗർ ആകുന്നത്. പിന്നീട് ലാൽ ജോസ്, ജൂഡ് ആന്റണി എന്നിവരും എത്തുകയായിരുന്നു. സ്‌ക്രീനിൽ പ്രേക്ഷകർക്ക് അധികം കണ്ടുപരിചയമില്ലാത്ത ആളുകളെ കൊണ്ടുവരണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു.
അജയ് വാസുദേവിന്റെ വില്ലൻ റോളായിരിക്കും പ്രേക്ഷകർക്ക് കൂടുതൽ പരിചയം. അതിൽ നിന്ന് മാറി അദ്ദേഹത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉണ്ണി അളിയനിലൂടെ അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. ഹ്യൂമർ അനായാസം കൈ കാര്യം ചെയുന്ന ജിയോ ബേബിയെ ഒരുപക്ഷെ മലയാള സിനിമക്ക് അത്ര പരിചയം കാണില്ല. അതുകൊണ്ടാണ് സാഗർ എന്ന കഥാപാത്രത്തിന് ജിയോ ബേബി കാതലായത്. മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകരുടെ അനുഭവസമ്പത്തും, നിർദേശങ്ങളും സിനിമക്ക് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധിക്കുന്ന വ്യക്തികളെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ഒഴിവു നേരങ്ങളിൽ കൂടുതൽ സമയം ഇവരുമായി സംസാരിച്ചിരിക്കും. പ്രധനമായും സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ അനുഭവമായിരുന്നു സംസാരിച്ചിരുന്നത്. പ്രതീക്ഷിച്ചതിനേക്കാൾ സൗമ്യമായാണ് എല്ലാവരും ഇടപെട്ടത്. ഇവരിൽ നിന്ന് ലഭിച്ച പിന്തുണയും ചെറുതല്ലായിരുന്നു.
സിനിമയുടെ രാഷ്ട്രീയം
സ്ത്രീപക്ഷ സിനിമ എന്നതിനുപരി എന്നെ സംബന്ധിച്ചിടത്തോളം കഥക്കനുസരിച്ചാണ് കഥാപത്രങ്ങൾ മുന്നോട്ടു പോകുന്നത്. സംവിധായകൻ എന്ന നിലയിൽ അതിനോട് നൂറ് ശതമാനം നീതി പുലർത്താനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലെന്ന അഭിപ്രായവും ഞാൻ അതെ രീതിയിലാണ് കാണുന്നതും. 12 ആണുങ്ങളുടെ കൊടൈക്കനാൽ യാത്രയാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. കഥ മുന്നോട്ടു പോകുന്നതും ആ രീതിയിൽ നിന്നുകൊണ്ടാണ്. അതുകൊണ്ടായിരിക്കും അതിൽ സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യാതിരുന്നത്. എന്നാൽ മന്ദാകിനി ഒരു കല്യാണത്തിന്റെ കഥയാണ്. അപ്പോൾ കഥ തീർച്ചയായും സ്ത്രീ കഥാപാത്രങ്ങളെ ആവശ്യപ്പെടുന്നുണ്ട്. ഞാൻ യഥാർത്ഥത്തിൽ കണ്ടിട്ടുള്ള സ്ത്രീകളും, പുരുഷന്മാരുമായിരുന്നു സിനിമയിൽ നിറഞ്ഞ് നിന്നിരുന്നത്. സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ കഴിയണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു.
സിനിമ മോഹം
അങ്കമാലി കാലടി സ്വദേശിയാണ് ഞാൻ. അമ്മയും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബമാണ് എന്റേത് . ശ്രീ ശങ്കര കോളേജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. അക്കാലത്തെല്ലാം ഷോർട് ഫിലിം ചെയ്യണമെന്ന വലിയൊരു മോഹം ഉള്ളിൽ കൊണ്ടുനടന്നിരുന്നു. എന്നാൽ മേക്കിങ്ങിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. മൊബൈൽ ഉപയോഗിച്ച് ഷൂട്ട് ചെയ്യാമെന്ന ആശയമാണ് ആദ്യം തോന്നിയത്. എന്നാൽ എങ്ങനെയാണ് ഒരു കഥയിൽ നിന്ന് സിനിമ ഉണ്ടാക്കുക എന്ന കാര്യം മാത്രം അറിയില്ലായിരുന്നു. ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വരുന്ന എന്നെ സംബന്ധിച്ച് സിനിമ കയ്യെത്തും ദൂരത്തായിരുന്നില്ല. സാങ്കേതിക വശങ്ങളെ കുറിച്ച് പറഞ്ഞുതരാൻ പാകത്തിലുള്ള ആളുകളും എന്റെ ചുറ്റിനുണ്ടായിരുന്നില്ല. അക്കാലത്ത് എന്റെ പല സുഹൃത്തുക്കളുമായി ഞാൻ ഇക്കാര്യം സംസാരിച്ചിരുന്നു. വെഡിങ് ഫോട്ടോഗ്രാഫി ചെയ്യുന്ന സുഹൃത്തുക്കളുമായി മുന്നോട്ട് പോയെങ്കിലും വ്യക്തമായ ധാരണ ആർക്കുമുണ്ടയിരുന്നില്ല.
ഈ ഷൂട്ടിംഗ് ശ്രമങ്ങൾ പരാജയപെട്ടു. പിന്നീടാണ് കൊച്ചി വിമാനത്തവാളത്തിൽ ജോലിക്ക് കയറുന്നത്. ഷോർട് ഫിലിം അപ്പോഴും ഉള്ളിൽ ബാക്കിയിരുന്നു. അങ്ങനെയിരിക്കെയാണ് തൃശൂർ ചേതന മീഡിയ കോളേജിൽ സംവിധായകൻ കമൽ നടത്തുന്ന സിനിമ വർക്ക്ഷോപ്പിനെ കുറിച്ചറിയുന്നത്. നിസ്സാര തുകയിരുന്നു എൻട്രി ഫീസായി ആവശ്യപ്പെട്ടിരുന്നത്. അന്ന് അദ്ദേഹത്തെ നേരിട്ട് കണ്ടതാണ് സിനിമയിലേക്കെത്താനുള്ള പ്രചോദനമായി തീർന്നത്, സിനിമ ചെയ്യണമെന്ന നിർദേശവും തന്ന് അദ്ദേഹം മടങ്ങി. ഫാദർ ബെന്നി ബെനഡിക്റ്റിന്റെ പിന്തുണയുമുണ്ടയിരുന്നു. അതൊരു വഴി തിരിവായിരുന്നു. ജോലി ഉപേക്ഷിച്ച് ചേതനയിൽ തന്നെ സിനിമ പഠിക്കാനായി ചേർന്നു. പഠിച്ചിറങ്ങിയതോടെ സുഹറ എന്നൊരു ഷോർട് ഫിലിം ചെയ്തിരുന്നു, പിന്നീടാണ് പീനാറി എന്ന ഷോർട് ഫിലിം ചെയുന്നത്. നാട്ടിൻ പുറത്തെ ഒരു കല്യാണ കഥയായിരുന്നു പീനാറി പറഞ്ഞത്. ഇതിലൂടെയാണ് മന്ദാകിനിയിലേക്കുള്ള വഴി തുറന്നത്.
Content summary; Interview with Vinod Leela, Filmmaker of “Mandakini” Movie