മാറ്റങ്ങളുടെ മാർപാപ്പയെന്ന് ലോകം വിശേഷിപ്പിക്കുന്ന ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷനായ പോപ്പ് ഫ്രാൻസിസ് കാലം ചെയ്തു. മനുഷ്യരെയും അവരുടെ വേദനകളെയും പരിഗണിച്ചിരുന്ന പോപ്പ് ഫ്രാൻസിസിന്റെ പ്രവത്തികൾ പലപ്പോഴും മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അത്തരത്തിൽ സമൂഹ്യ മാധ്യമങ്ങളിലടക്കം ചർച്ചയായ ഒരു സംഭവമായിരുന്നു തന്റെ സുരക്ഷാ ഉദ്യോഗസ്ഥയോട് മാർപാപ്പ കാണിച്ച കരുതൽ. സഹജീവികളോടുള്ള സഹാനനുഭൂതി വെളിപ്പെടുത്തുന്ന ഈ വീഡിയോ ലോകം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ പ്രവർത്തിയെ പ്രശംസിക്കുകയും ചെയ്തു.
പ്രമുഖ വ്യക്തികൾക്ക് സുരക്ഷയൊരുക്കാനായി പലപ്പോഴും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാറുണ്ട്. പലരും ഇവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാറില്ലെന്നത് മറ്റൊരു കാര്യം. എന്നാൽ ഇത്തരം സൂക്ഷ്മമായ കാര്യങ്ങളിൽ പോലും തന്റെ ഇടപെടൽ ഉറപ്പു വരുത്തുന്നയാളാണ് ഫ്രാൻസിസ് മാർപാപ്പ എന്നാണ് ഈ വൈറൽ വീഡിയോ വ്യക്തമാക്കുന്നത്. 2018 ചിലി സന്ദർശിക്കാൻ മാർപാപ്പ എത്തിയപ്പോഴായിരുന്നു സംഭവം നടക്കുന്നത്. സന്ദർശന സമയത്ത് വിശ്വാസികളെ അഭിവാദ്യം ചെയ്തു കൊണ്ട് നിരത്തിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ പെട്ടെന്നാണ് അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥ കുതിരപുറത്ത് നിന്ന് വീഴുന്നത്. ഈ സംഭവം കണ്ടയുടനെ വാഹനം നിർത്താൻ ആവശ്യപ്പെടുകയും ഉദ്യോഗസ്ഥയ്ക്ക് അരികിലേക്ക് എത്തുകയും ചെയ്തു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവർക്കടുത്തേക്ക് നടന്നെത്തിയ മാർപാപ്പയുടെ സമീപനം ലോകമാകെ ചർച്ച ചെയ്തു.
ഈസ്റ്റർ ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ വീഡിയോ വിശ്വാസികൾക്ക് ആശ്വാസം പകർന്നിരുന്നെങ്കിലും അതിന് പിന്നാലെയാണ് മരണവാർത്തയെത്തുന്നത്. ബ്രോങ്കെറ്റിസ് ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ഫ്രാൻസിസ് മാർപാപ്പ മരണപ്പെടുന്നത്. തന്റെ ലളിത ജീവിതം കൊണ്ട് ലോകശ്രദ്ധ നേടിയെടുക്കാൻ മാർപാപ്പയ്ക്ക് സാധിച്ചിട്ടുണ്ട്. അരികുവൽകരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പലപ്പോഴും നിലകൊണ്ടിട്ടുണ്ട്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ ഗാസ മുനമ്പിൽ അടിയന്തിര വെടിനിർത്തലിന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. സ്വവർഗ അനുരാഗികളോട് അനുകമ്പയോടോ പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ സമീപനങ്ങൾക്കെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തരത്തിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പല നിലപാടുകളും സ്വീകരിച്ചിരുന്നതിനാൽ തീവ്ര വലതുപക്ഷത്തിന്റെ കണ്ണിൽ കരടായിരുന്നു പോപ്പ് ഫ്രാൻസിസ്.
വീഡിയോ കാണാം:
Break in protocol — Pope Francis stops the popemobile to attend to a policewoman who was thrown off her horse as he passed behind her in Iquique, Chile pic.twitter.com/eSU41Cw5By
— AFP News Agency (@AFP) January 18, 2018
content summary: Viral Video: Pope Francis Approaches Fallen Security Guard, Capturing Global Attention