April 20, 2025 |
Share on

ഷമിയുടെ മാതാവിന്റെ കാല്‍തൊട്ട് കോഹ്‌ലി; വിരാട് എന്ന നല്ല മനുഷ്യനെ വാഴ്ത്തി സോഷ്യല്‍ മീഡിയ

ഹിന്ദു മതമൗലികവാദികള്‍ വിദ്വേഷം പ്രചരിപ്പിച്ചപ്പോഴും ഷമിയെ ഒപ്പം ചേര്‍ത്തു പിടിച്ചത് കോഹ്ലിയായിരുന്നു

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ വിജയത്തിന് ശേഷം വൈകാരികമായി പല മുഹൂര്‍ത്തങ്ങളും ദുബായ് സ്റ്റേഡിയം സാക്ഷിയായിരുന്നു. 12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വീണ്ടുമൊരു ചാമ്പ്യന്‍സ് ട്രോഫി. ടി-20 ലോകകപ്പിന് പിന്നാലെ തുടര്‍ച്ചയായി മറ്റൊരു ഐസിസി ട്രോഫി; അതും തോല്‍വിറിയാത്ത കിരീട നേട്ടം. എല്ലാ അര്‍ത്ഥത്തിലും ആഘോഷരാവ് തന്നെയായിരുന്നു ടീം ഇന്ത്യക്കും ആരാധകര്‍ക്കും. മനസ് നിറച്ച ഈ നിമിഷങ്ങളില്‍ ആരാധകരും ലോകവും ആഹ്ലാദത്തോടെ കണ്ട കാഴ്ച്ചയായിരുന്നു വിരാട് കോഹ്‌ലിയില്‍ നിന്നുണ്ടായത്.

മുഹമ്മദ് ഷമിയുടെ മാതാവുമായുള്ള കോഹ്‌ലിയുടെ കണ്ടുമുട്ടലായിരുന്നു ഏവരുടെയും മനസ് നിറച്ചത്. ഷമിയുടെ മാതാവിനെ സ്വാഗതം ചെയ്തുള്ള വിരാടിന്റെ പ്രവര്‍ത്തികള്‍ ടെലിവിഷന്‍ കാമറകള്‍ ഒപ്പിയെടുത്തിരുന്നു. ഇന്ത്യന്‍ വിജയത്തോളം തന്നെ ഇന്ത്യക്കാരെ വൈകാരികമായി സന്തോഷിപ്പിച്ച നിമിഷങ്ങള്‍.

ക്ഷുഭിത പൗരുഷ ഹിന്ദുവില്‍ നിന്ന് മതേതര കാമുകനിലേയ്ക്കുള്ള വിരാട് കോലിയുടെ പ്രയാണം

ഷമിയുടെ മാതാവിന്റെ കാല്‍തൊട്ട് വന്ദിച്ചാണ് വിരാട് തന്റെ ബഹുമാനം പ്രകടിപ്പിച്ചത്. നിറഞ്ഞ ചിരിയോടെയുള്ള വിരാടിന്റെ പ്രവര്‍ത്തി അദ്ദേഹത്തിന് ഏറെ ആദരവ് നേടിക്കൊടുത്തിട്ടുണ്ട്. ഷമിയുടെ കുടുംബത്തിനൊപ്പം കാമറയ്ക്ക് മുന്നില്‍ നിന്ന കോഹ്‌ലിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി ജയച്ചതിനെക്കാള്‍ സന്തോഷം ഈയൊരു കാഴ്ച്ചയിലൂടെ കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു നല്ല മനുഷ്യനില്‍ നിന്നുണ്ടാകുന്ന പ്രവര്‍ത്തികളാണ് കോഹ്‌ലിയുടെതെന്നും പറയുന്നു.

2021 ലെ ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനില്‍ നിന്നും നേരിടേണ്ടി വന്ന 10 വിക്കറ്റ് തോല്‍വിക്കു പിന്നാലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ മുഹമ്മദ് ഷമിക്കെതിരേ വ്യാപകമായ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. അന്ന് ഷമിക്കൊപ്പം തന്നെയുണ്ടായിരുന്നു വിരാട്. 3.5 ഓവറില്‍ 43 റണ്‍സായിരുന്നു ഷമി വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടാനും കഴിഞ്ഞില്ല. എന്നാല്‍ ടീമിന്റെ പരാജയത്തില്‍ ഷമി മാത്രമാണ് വ്യക്തിപരമായി ക്രൂശിക്കപ്പെട്ടത്. അതിനു കാരണം ഷമിയുടെ മതമായിരുന്നു. കൃത്യമായ മുസ്ലിം വിരോധം വച്ചായിരുന്നു തീവ്രഹിന്ദുത്വ ഹാന്‍ഡിലുകള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ഷമിക്കെതിരേ തിരഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ കിടന്നു പറയുന്ന നട്ടെല്ലില്ലാത്ത കൂട്ടമെന്നായിരുന്നു ഷമിക്കെതിരേ വിദ്വേഷം പടര്‍ത്തിയവര്‍ക്കെതിരേ വിരാട് ആഞ്ഞടിച്ചത്. ഒരാളോട് നേരിട്ട് സംസാരിക്കാന്‍ ധൈര്യമില്ലാത്തവരെന്നും കളിക്കാരുടെ മതം നോക്കി കുറ്റപ്പെടുത്താന്‍ എത്തിയവരെ പരിഹസിച്ചുകൊണ്ട് കോഹ്‌ലി പറഞ്ഞു.

വിക്കറ്റുകള്‍ക്കിടയില്‍ കോഹ്‌ലി ഓടി തീര്‍ത്ത കിലോമീറ്ററുകള്‍

ഇത്തരക്കാര്‍ സ്വന്തം വ്യക്തിത്വം മറച്ചു വച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്ന് ആളുകളെ കളിയാക്കുകയാണ്. ഇന്നത്തെ ലോകത്ത് ഇതൊരു വിനോദമായി മാറിയിരിക്കുകയാണ്. വളരെ നിര്‍ഭാഗ്യകരവും സങ്കടകരവുമാണത്. കാരണം ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്നതില്‍ ഏറ്റവും തരം താഴ്ന്ന പ്രവര്‍ത്തിയാണത്. ഇത്തരം ആളുകളെ ഞാന്‍ കാണുന്നത് അങ്ങനെയാണെന്നും, ഷമിക്കെതിരായ സോഷ്യല്‍ മീഡിയ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ കോഹ്‌ലി തുറന്നു പറഞ്ഞിരുന്നു.

കോഹ്‌ലിയെ പ്രശംസിച്ച പോസ്റ്റിലെ വര്‍ഗീയ കമന്റുകള്‍ക്ക് ജാവേദ് അക്തറിന്റെ മറുപടി

മതത്തിന്റെ പേരില്‍ ഒരാളെ തിരഞ്ഞു പിടിച്ചു ചെയ്യുന്ന വ്യക്തിഹത്യക്കെതിരേ കര്‍ശനമായ വാക്കുകളാണ് വിരാടില്‍ നിന്നുണ്ടായത്. ‘എന്റെ അഭിപ്രായത്തില്‍ ഒരാളെ അവരുടെ മതത്തിന്റെ പേരില്‍ ആക്രമിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണ്. ചില സാഹചര്യങ്ങളെക്കുറിച്ച് അവരുടെ അഭിപ്രായവും വികാരങ്ങളും പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, പക്ഷേ വ്യക്തിപരമായി ആരോടും അവരുടെ മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. അത് ഓരോ മനുഷ്യനും വളരെ പവിത്രവും വ്യക്തിപരവുമായ കാര്യമാണ്, അത് ചെയ്യരുത്, എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ കോഹ്‌ലി വ്യക്തമാക്കിയത്. ടീം മുഴുവന്‍ മുഹമ്മദ് ഷമിക്കൊപ്പം ഒറ്റക്കെട്ടായി ഉണ്ടെന്നും കോഹ്‌ലി വ്യക്തമാക്കിയിരുന്നു.

ഷമിക്ക് നല്‍കിയ ഈ പിന്തുണയുടെ പേരില്‍ വിരാടിന് നേരെയും ഹിന്ദു മതമൗലികവാദികളുടെ തരം താണതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉണ്ടായി. പതിവ് രീതിയില്‍ സോഷ്യല്‍ മീഡിയ വഴി തന്നെയായിരുന്നു വിരാടിനെതിരേയും ആക്രമണം. കോഹ്‌ലിയുടെ പത്തുമാസം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ ബലാത്സംഗം ചെയ്യണമെന്നു വരെ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉണ്ടായി. വിരാടിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്‌ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണം ഉണ്ടായി. എങ്കിലും തന്റെ സഹപ്രവര്‍ത്തകനെ, ടീമിലെ ഏക മുസ്ലിമിനെ-സംരക്ഷിച്ചു നില്‍ക്കാന്‍ തന്നെയാണ് അന്ന് ടീമിന്റെ നായകനായിരുന്ന വിരാട് കോഹ്‌ലി തയ്യാറായത്.  Virat Kohli touches Mohammed Shami’s mother’s Feet, heart whelming moments in Champions Trophy final victory celebration 

Content Summary; Virat Kohli touches Mohammed Shami’s mother’s Feet, heart whelming moments in Champions Trophy final victory celebration

Leave a Reply

Your email address will not be published. Required fields are marked *

×