സഹമദ്ധ്യസ്ഥയും രക്ഷകയുമായ കന്യക മറിയം;15ാം നൂറ്റാണ്ടിൽ നിലവിൽ വന്ന സ്ഥാനപ്പേരിന് വിലക്കു വീണതെങ്ങനെ ?

വിശ്വാസ തിരുസംഘമാണ് ഈ സ്ഥാനപേരുകൾക്ക് വിലക്കേർപ്പെടുത്തിയത്

കുരിശുമരണത്തിലൂടെയും പീഡാനുഭവത്തിലൂടെയും ലോകത്തെ രക്ഷിച്ച കർത്താവിന്റെ കൂടെ മറിയത്തിന്റെ പേര് ചേർത്തവയ്ക്കണമെന്ന ആവശ്യത്തെ മുഴുവനായി തള്ളിക്കളയുകയാണ് വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു പ്രധാനപ്പെട്ട പ്രബോധന കുറിപ്പ്. കാലങ്ങളായി ഉപയോ​ഗിച്ചു വരുന്ന മറിയത്തിന്റെ സ്ഥാന പേരുകളാണ് ഈ ചർച്ചകൾക്ക് വഴി വച്ചത്.

ലത്തീൻ ഭാഷയിൽ എഴുതിയ ഈ പ്രബോധനക്കുറിപ്പ് പ്രധാനമായും ചർച്ച ചെയ്യുന്നത് കന്യാമറിയത്തെ സഹരക്ഷകയെന്നും മദ്ധ്യസ്ഥയെന്നും സംബോധന ചെയ്യുന്നത്, ക്രിസ്തു ഏക മദ്ധ്യസ്ഥനാണെന്ന സത്യത്തെ മറയ്ക്കുന്നു എന്നാകയാൽ രണ്ടിനെയും നിരാകരിക്കുന്നു എന്നാണ്. വിശ്വാസ തിരുസംഘത്തിൻ്റെ തലവനായ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് മാതാവിനെ ഇക്കാലമത്രയും അഭിസംബോധന ചെയ്തിരുന്ന സ്ഥാനപ്പേരുകൾ സംബന്ധിച്ചുളള നിരവധി അഭ്യർത്ഥനകൾക്കും നിർദ്ദേശങ്ങൾക്കുമുള്ള മറുപടിയായാണ് ഈ രേഖ അവതരിപ്പിച്ചത്.

നവംബർ 4ന് റോമിലെ ജെസ്യൂട്ട് ക്യൂറിയയിൽ നടന്ന പരിപാടിയിൽ, കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഈ രേഖയെ പോപ്പ് ലിയോ പതിനാലാമൻ അംഗീകരിച്ച ഒരു പ്രധാനപ്പെട്ട രേഖയായി ഈ പ്രബോധന കുറിപ്പിനെ വിശേഷിപ്പിച്ചു. മരിയൻ ഭക്തിയെക്കുറിച്ചുള്ള ഈ ചോദ്യങ്ങൾ സമീപകാല പോപ്പുമാർക്ക് ആശങ്കയുണ്ടാക്കിയ കാര്യമാണെന്നും എന്നും കഴിഞ്ഞ 30 വർഷമായി വിശ്വാസ തിരുസംഘത്തിൽ ഇത് പഠനവിഷയമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

മറിയത്തിനോടുള്ള ജനങ്ങളുടെ വിശ്വാസത്തെ ചില മരിയൻ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിലൂടെ സാധാരണ വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഉപകരണമാക്കാൻ സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതെന്നും വത്തിക്കാൻ മുന്നറിയിപ്പ് നൽകി. എന്നാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ വൈകാരികമായ പ്രതികരണങ്ങളുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിശ്വാസ തിരുസംഘത്തിന്റെ ഈ രേഖ ആരംഭിക്കുന്നത്, കൃപയാൽ ക്രിസ്തുവിന് സമാനയാകുന്ന ദൈവജനത്തിൻ്റെ മാതാവ്, ക്രിസ്തുവിൻ്റെ പ്രവർത്തനത്തിൻ്റെ ഏറ്റവും പൂർണ്ണമായ പ്രകടനമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. വിശ്വാസികൾ മാതാവിന് നൽകിയ സഹരക്ഷകയെന്നും മദ്ധ്യസ്ഥയെന്നുമായ സ്ഥാനപേരുകൾ ദൈവശാസ്ത്രപരമായി സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ അവ പല തലങ്ങളിലും തെറ്റായ ധാരണകൾക്ക് കാരണമാകും എന്ന് രേഖ നിരീക്ഷിക്കുന്നു. ഈ സ്ഥാനപ്പേരുകൾ വ്യാഖ്യാനിക്കുന്നതിലെ പ്രധാന പ്രശ്നം, രക്ഷാകര പദ്ധതിയിലെ മറിയത്തിൻ്റെ സവിശേഷമായ സഹകരണം എങ്ങനെ മനസ്സിലാക്കണം എന്നതാണ്. സഭാ പ്രബോധനമനുസരിച്ച്, യേശുക്രിസ്തു മാത്രമാണ് ദൈവത്തിനും മനുഷ്യനുമിടയിലുള്ള ഏക മദ്ധ്യസ്ഥനും ഏക വീണ്ടെടുപ്പുകാരനും. ക്രിസ്തുവിൻ്റെ ഏക മദ്ധ്യസ്ഥതയും രക്ഷാകര ദൗത്യത്തിലെ മറിയത്തിൻ്റെ സഹകരണവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനാണ് ഈ രേഖ ശ്രമിക്കുന്നത്.

വത്തിക്കാൻ രേഖ പറയുന്നതനുസരിച്ച്, കന്യക മറിയത്തിന്റെ സഹരക്ഷകയെന്ന എന്ന സ്ഥാനപ്പേര് പതിനഞ്ചാം നൂറ്റാണ്ടിലാണ് ഉപയോ​ഗത്തിൽ വരുന്നത്. ഈ സ്ഥാനപ്പേര് ചില ആധുനിക പോപ്പുമാർ ഉപയോഗിച്ചിരുന്നുവെങ്കിലും, രണ്ടാം വത്തിക്കാൻ കൗൺസിലിലെ സഭാ പിതാക്കന്മാർ പല കാരണങ്ങളാൽ ഇത് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1996 വരെയുള്ള കാലഘട്ടത്തിൽ ഏഴ് തവണയോളം ഈ പദം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, അക്കാലത്ത് വിശ്വാസ തിരുസംഘത്തിൻ്റെ തലവനായിരുന്ന കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗർ ഈ പദവികളുടെ അർത്ഥം വ്യക്തമല്ലെന്നും അവ ബൈബിളിലോ അപ്പസ്തോലിക പാരമ്പര്യത്തിലോ പൂർണ്ണമായി വേരൂന്നിയതല്ലെന്നും പ്രഖ്യാപിച്ചതിനെ തുടർന്ന് ജോൺ പോൾ രണ്ടാമൻ പിന്നീട് ഈ പദം ഉപയോഗിച്ചില്ല. പോപ്പ് ഫ്രാൻസിസ്, മറിയം തൻ്റെ മകന്റെതൊന്നും സ്വന്തമാക്കാൻ ആഗ്രഹിച്ചില്ലെന്നും, ഒരേയൊരു വീണ്ടെടുപ്പുകാരൻ മാത്രമേയുള്ളൂ, ഈ പദവിക്ക് പകർപ്പുണ്ടാക്കാൻ കഴിയില്ല എന്നും വാദിച്ചുകൊണ്ട്, സഹരക്ഷകയെന്ന എന്ന സ്ഥാനപ്പേര് ഉപയോഗിക്കുന്നതിനെ വ്യക്തമായി എതിർത്തു.

‘മദ്ധ്യസ്ഥ’ എന്ന സ്ഥാനപ്പേരുമായി ബന്ധപ്പെട്ട വിവിധ പ്രയോഗങ്ങളും വത്തിക്കാൻ പുറത്തുവിട്ട പ്രബോധ കുറിപ്പിൽ പറയുന്നുണ്ട്. ദൈവത്തിനും മനുഷ്യർക്കുമിടയിൽ ഒരേയൊരു മദ്ധ്യസ്ഥൻ മാത്രമേയുള്ളൂ, അവൻ മനുഷ്യനായ ക്രിസ്തുയേശുവാണ് എന്ന ബൈബിൾ പ്രസ്താവന ഉദ്ധരിച്ചുക്കൊണ്ടാണ് വിശ്വാസ തിരുസംഘം ഇതിന് വിശദീകരണം നൽകുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ മദ്ധ്യസ്ഥതയുമായി ബന്ധപ്പെട്ട് പ്രധാനമായും ക്രിസ്തുവിനെയാണ് പരാമർശിക്കുന്നത്. മറിയത്തെക്കുറിച്ചുള്ള ഏത് കാഴ്ചയും നമ്മെ ക്രിസ്തുവിൽ നിന്ന് വ്യതിചലിപ്പിക്കുകയോ അല്ലെങ്കിൽ ദൈവപുത്രന്റെ അതേ തലത്തിൽ മറിയത്തെ പ്രതിഷ്ഠിക്കുകയോ ചെയ്താൽ, അത് ആധികാരികമായ മരിയൻ വിശ്വാസത്തിന്റെ ചട്ടക്കൂടിന് പുറത്താകും. വിശ്വസ്തരായ ദൈവജനം മറിയത്തിൻ്റെ അടുക്കലേക്ക് അടുക്കുമ്പോൾ ക്രിസ്തുവിൽ നിന്നോ സുവിശേഷത്തിൽ നിന്നോ അകന്നുപോകുന്നില്ല; മറിച്ച്, ഈ മാതൃരൂപത്തിൽ സുവിശേഷത്തിന്റെ എല്ലാ രഹസ്യങ്ങളും അവർക്ക് കാണാൻ കഴിയുന്നു എന്നും രേഖ ഉപസംഹരിക്കുന്നു.

content summary: Virgin Mary, co-mediator and protector how did this title, which originated in the 15th century, fall into disuse?

This post was last modified on November 6, 2025 2:09 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment