വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ്. വേദിയില്‍ ആള്‍ നിറയും മുമ്പേ സീറ്റ് പിടിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒറ്റയ്ക്കായിരുന്നുവെങ്കിലും ബിജെപി നേതാവ് വെറുതെയിരുന്നില്ല. സദസില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിച്ച് പരിപാടി ഉഷറാക്കി. പ്രസിഡന്റ് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളി പ്രോത്സാഹിപ്പിച്ചതോടെ സദസിലെ ബിജെപി പ്രവര്‍ത്തകരും ആവേശത്തിലായി.
പക്ഷേ സംഗതി തിരിഞ്ഞുകൊത്തിയ അവസ്ഥയാണ്. സോഷ്യല്‍ മീഡിയയ്ക്ക് പുതിയൊരു ട്രോള്‍ മെറ്റീരിയല്‍ കിട്ടിയിരിക്കുകയാണ്. പണ്ട് കൊച്ചി മെട്രോയുടെ ഉത്ഘാടന ചടങ്ങില്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സംഭവിച്ചതെന്താണോ, അതു തന്നെയാണ് രാജീവിനെയും കാത്തിരിക്കുന്നത്.
മെട്രോ ഉത്ഘാടനം ചെയ്ത പ്രധാനമന്ത്രിക്കും കേരളത്തിന്റെ മുഖ്യമന്ത്രിക്കുമൊപ്പമായിരുന്നു കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും സ്ഥാനം കൊടുത്തത്. പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയ പട്ടികയനുസരിച്ചാണ് കുമ്മനത്തെ മെട്രോ യാത്രയില്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു സുരക്ഷ ഏജന്‍സികളുടെ വിശദീകരണം. എന്നാല്‍ മെട്രോമാന്‍ ഇ. ശ്രീധരനെ പോലും ഒഴിവാക്കിയപ്പോള്‍, ഏതെങ്കിലും തരത്തിലുള്ള ഭരണഘടന പദവിയില്‍ ഇല്ലാതിരുന്ന കുമ്മനത്തെ ബിജെപിയുടെ കേരള അധ്യക്ഷന്‍ എന്ന സ്ഥാനം മാത്രം പരിഗണിച്ച് പ്രധാനമന്ത്രിക്കൊപ്പം ഇരുത്തിയത് പാര്‍ട്ടിക്ക് മാത്രമല്ല, കുമ്മനത്തിന് വ്യക്തിപരമായും ഇപ്പോഴും മായാതെ കിടക്കുന്ന കളങ്കമാണ്. സോഷ്യല്‍ മീഡിയയുടെ പരിഹാസം ഇന്നും അവസാനിച്ചിട്ടില്ല.

വിഴിഞ്ഞത്ത് രാജീവ് ചന്ദ്രശേഖര്‍ കയറിയിരുന്നതും അര്‍ഹതയിലാത്ത ഇടത്താണ്. ഏതെങ്കിലും ഭരണഘടന പദവി രാജീവ് വഹിക്കുന്നില്ല. അദ്ദേഹം ബിജെപിയുടെ കേരള പ്രസിഡന്റ് മാത്രമാണ്. അങ്ങനെയൊരാള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം വേദിയില്‍ സ്ഥാനം കൊടുക്കുന്നു. വേദിയില്‍ കസേര കിട്ടിയ രാജീവാകട്ടെ, സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനമായൊരു പദ്ധതി(യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളുടെ ശ്രമഫലമായി യാഥാര്‍ത്ഥ്യമായൊരു പദ്ധതി)യുടെ ഉത്ഘാടന ചടങ്ങ് ബിജെപി പരിപാടിയാക്കി മാറ്റാന്‍ ശ്രമിക്കുന്നു. കേരളത്തിന്റെ മന്ത്രിമാരടക്കം സദസില്‍ ഇരിക്കുമ്പോഴാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ വേദിയില്‍ കയറ്റിയത്.
സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, രാജീവ് ചന്ദ്രശേഖറിന്റെ പ്രകടനങ്ങള്‍ മാധ്യമങ്ങള്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. രാജീവിന്റെ വേദിയിലെ ഒറ്റയ്ക്കുള്ള ഇരിപ്പും, മുദ്രാവാക്യം വിളിയും മന്ത്രിയുടെ പരിഹാസപൂര്‍ണമായ വിവരണത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
‘ ആ സ്‌റ്റേജിലേക്ക് ഒന്നു നോക്കു, അവിടെയൊരു വ്യക്തിയിരിക്കുന്നത് കാണാം. അദ്ദേഹം മുദ്രവാക്യം വിളിക്കുകയാണ്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരൊക്കെ വേദിയില്‍ ഇരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും പോയി അവിടെയിരിക്കേണ്ട. കുറേയാളുകള്‍ സദസിലിരിക്കണം. ധനകാര്യ മന്ത്രി ഉള്‍പ്പെടെ സദസിലിരിക്കുകയാണ്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് വേദിയിലിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെടുകയാണ്. ജനാധിപത്യ വിരുദ്ധമല്ലേ. അവിടെയിരിക്കുന്നതില്‍ അദ്ദേഹം അല്‍പ്പം മാന്യത കാണിക്കേണ്ടേ. ഇതൊക്കെ അല്‍പ്പത്തരമല്ലേ. എന്നിട്ട് സ്റ്റേജില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് മലയാളി പൊറുക്കില്ല. ഇതുപോലൊരു പരിപാടിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ മാത്രമായൊരു വ്യക്തി മണിക്കൂറുകള്‍ക്ക് മുമ്പ് വന്നിരിക്കുകയും അവിടെയിരുന്ന് മുദ്രാവാക്യം വിളിക്കുകയുമാണ്. ബിജെപിയുടെ തിരുവനന്തപുരത്തെ കിട്ടാവുന്ന എല്ലാ പ്രവര്‍ത്തകരെയും ഇങ്ങോട്ട് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇതിനെ ജനാധിപത്യ വിരുദ്ധവും അല്‍പ്പത്തരവുമായിട്ട് കാണണം. ഈ അല്‍പ്പത്തരം മലയാളി പൊറുക്കികില്ല’. മീഡിയ വണ്‍ ചാനലിനോട് നടത്തിയ പ്രതികണത്തിലെ മന്ത്രി റിയാസിന്റെ ഈ വാക്കുകള്‍ കൂടി ഏറ്റുപിടിച്ചാണ് രാജീവ് ചന്ദ്രശേഖറിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കിട്ടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ഫ്‌ളെക്‌സുകളും ബിജെപിക്ക് സമൂഹ മാധ്യമങ്ങളില്‍ പരിഹാസം നേടിക്കൊടുത്തിരുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും നന്ദി പറയുന്ന ഫ്‌ളെക്‌സുകളില്‍ മോദിയും രാജീവ് ചന്ദ്രശേഖറുമായിരുന്നു പ്രധാന താരങ്ങള്‍. ദേശീയ മാധ്യമങ്ങളില്‍ വന്ന പരസ്യങ്ങളിലും ബിജെപിയും മോദിയും മാത്രമായിരുന്നു വിഴിഞ്ഞത്തിന്റെ ‘അവകാശികള്‍’.
കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ത്ഥ്യമാക്കാന്‍ എന്തു ചെയ്തു എന്നതിന്റെ കണക്ക് വിവരങ്ങള്‍ എല്ലായിടത്തും ലഭ്യമാണ്. തുറമുഖത്തിന്റെ നിര്‍മാണ ചെലവിലേക്ക് കേന്ദ്രസര്‍ക്കാര്‍ മുടക്കിയത് 817. 80 കോടിയാണ്. എന്നാല്‍ ഈ തുക കേരളം തിരിച്ചടയ്‌ക്കേണ്ട കടമായിട്ടാണ് നല്‍കിയത്. ഫലത്തില്‍ കേന്ദ്രം ഒന്നും തന്നെ സംസ്ഥാനത്തിന് നല്‍കിയിട്ടില്ല. ഈ 817 കോടി കൂടാതെ, 5595.34 കോടി രൂപയാണ് സംസ്ഥാനം മുടക്കിയത്. അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് 2454 കോടിയും മുടക്കിയിട്ടുണ്ട്. ചെലവിന്റെ 70 ശതമാനത്തോളം സംസ്ഥാന സര്‍ക്കാര്‍ മുടക്കിയ പദ്ധതിയാണ്, കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെതാക്കാന്‍ നോക്കുന്നതെന്നാണ് വിമര്‍ശമനം. അതിനെക്കാള്‍ മോശം പ്രവര്‍ത്തിയായിട്ടാണ്, ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ ഉത്ഘാടന വേദിയില്‍ കയറ്റിയിരുത്തിയതിനെ കേരളം കാണുന്നത്. Vizhinjam port inauguration; Rajeev Chandrasekhar gets trolled on social media
Content Summary; Vizhinjam port inauguration; Rajeev Chandrasekhar gets trolled on social media
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.