വി എസ്  വികസന നായകന്‍ തന്നെ

ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെ വികസനം കേവലം സാമ്പത്തിക രംഗത്തുള്ള മുന്നേറ്റം മാത്രമല്ലെന്നു മനസിലാക്കിയ ഭരണാധികാരികൂടിയായിരുന്നു വിഎസ്

എണ്‍പത്തി രണ്ടാമത്തെ വയസ്സിലാണ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വയോധികനായ ഈ കമ്മ്യൂണിസ്റ്റുകാരന്‍ പുരോഗമനാശയക്കാരനല്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് കടകവിരുദ്ധമായ നിലപാടുകള്‍ എടുക്കുന്ന ആളാണെന്നുമുള്ള മാധ്യമപ്രചരണം അരങ്ങുതകര്‍ത്തു നിലനിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. വിഎസ് ആകട്ടെ ഇത്തരം ആരോപണങ്ങള്‍ ഒന്നും തന്നെ കാര്യമായി എടുക്കുന്ന പ്രകൃതക്കാരനായിരുന്നില്ല, ആരോടും യാതൊരു പരാതിയും പറഞ്ഞുമില്ല.

സംസ്ഥാനത്തിനും ജനങ്ങള്‍ക്കു ഏറ്റവും നല്ല പദ്ധതികള്‍ ഏതാണോ അവ നടപ്പിലാക്കുക എന്ന സാധാരണ ലക്ഷ്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അക്കാലത്ത് വയലുകളും പുരയിടങ്ങളും വ്യാപകമായി നികത്തി കെട്ടിട സമുച്ചയങ്ങളും വ്യവസായ വ്യാപാര സ്ഥാപനങ്ങളും നിര്‍മ്മിക്കുക എന്നത് സര്‍വ്വസാധാരണമായി കേരളത്തില്‍ നടമാടിയിരുന്നു. തന്മൂലം കാര്‍ഷിക പ്രാധാന്യമുള്ള പല പ്രദേശങ്ങളും കച്ചവട താല്‍പര്യങ്ങള്‍ക്കായി വഴി മാറിക്കൊടുത്തു വന്നു. ഈ സ്ഥിതിവിശേഷം നമ്മുടെ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെയും ജല സമ്പത്തിനെയും ഗൗരവമായി ബാധിക്കും എന്ന ഉള്‍ക്കാഴ്ച വി എസ്സിന് ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി വ്യാപകമായി നെല്‍വയല്‍ നികത്തുകയും താല്‍ക്കാലികമായി രണ്ടു തെങ്ങോ കുറച്ചു വാഴയോ വച്ച് പില്‍ക്കാലത്ത് കരഭൂമിയാക്കി മാറ്റാനുള്ള റിയല്‍ എസ്റ്റേറ്റ് ലോബിയുടെ കുതന്ത്രം മനസ്സിലാക്കി അദ്ദേഹം അത്തരം സ്ഥലങ്ങളില്‍ കടുത്ത സമരത്തില്‍ ഏര്‍പ്പെടുകയും കൃഷിഭൂമിയുടെ അവസ്ഥ മാറ്റത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ സമര പോരാട്ടങ്ങള്‍ നയിക്കുകയുമുണ്ടായി. അധികാര സ്ഥാനത്ത് എത്തിയപ്പോള്‍ ഈ സ്ഥിതിവിശേഷത്തിന് സ്ഥായിയായൊരു മാറ്റം ഉണ്ടാകുന്നതിനു വേണ്ടിയാണ് അദ്ദേഹം നെല്‍വയല്‍ തണ്ണീര്‍ത്തട നികത്തല്‍ നിരോധന നിയമം അസംബ്ലിയില്‍ അവതരിപ്പിച്ചു പാസാക്കിയെടുത്ത് നടപ്പിലാക്കിയത്. പ്രസ്തുത നിയമം പ്രാബല്യത്തില്‍ വന്നതോടെ കേരളത്തില്‍ അങ്ങോളമിങ്ങോളം വ്യാപകമായി വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും നികത്തലുകള്‍ ഗണ്യമായി കുറയുകയുണ്ടായി. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ എപ്പോഴൊക്കെ ഈ നിയമം നടപ്പിലാക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ തന്നെയും ഇത്തരം നികത്തലുകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ സ്ഥിതി വിശേഷം ഇന്നും നിലവില്‍ ഉണ്ടെന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്.

1999ല്‍ ഇ.കെ. നയനാര്‍ സര്‍ക്കാരില്‍ സുശീല ഗോപാലന്‍ സംസ്ഥാന വ്യവസായ മന്ത്രി ആയിരിക്കുമ്പോഴാണ് കൊച്ചിയിലെ പ്രകൃതി വാതക ടെര്‍മിനല്‍ എന്ന പദ്ധതി നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുക ഉണ്ടായത്. ബോംബെ ഹൈയില്‍ പ്രകൃതിവാതകം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുജറാത്തില്‍ ഉണ്ടായ വ്യവസായിക പുരോഗതിയും പിന്നീട് പൈപ്പ് ലൈന്‍ വഴി രാജസ്ഥാനിലും ഡല്‍ഹിയിലും ഉത്തരപ്രദേശിലും പഞ്ചാബിലും ഗ്യാസ് എത്തിയതോടെ അവിടെ ഉണ്ടായ നാനാവിധമായ പുരോഗതിയെക്കുറിച്ച് തന്റെ പാര്‍ലമെന്റ് കാലത്തെ അനുഭവം കൈമുതലാക്കി സുശീലാ ഗോപാലന്‍ കേരളത്തിലും ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് വളരെയേറെ ബോധവതി ആയിരുന്നു. എറണാകുളത്ത് പുതുവൈ പ്പില്‍ കൊച്ചി പ്രകൃത വാതക ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് ആവശ്യമുള്ള സ്ഥലവും അനുബന്ധമായ ധാരാളം അനുമതി പത്രങ്ങളും സ്വരൂപിച്ച് ടെര്‍മിനലിന്റെ നിര്‍മ്മാണം ത്വരിത പ്പെടുത്തുന്നതിനായി കേരളസംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെ പ്രത്യേകമായി ചുമതല ഏല്‍പ്പിച്ചു. കൊച്ചിയോടൊപ്പം ഗുജറാത്തില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിച്ച പ്രകൃതിവാതക ടെര്‍മിനല്‍ 2003 കമ്മീഷന്‍ ചെയ്യുകയും തുടര്‍ന്ന് ഘട്ടം ഘട്ടമായി വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലാകട്ടെ 2001 ല്‍ നിലവില്‍ വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കുറവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മൂലം പൂര്‍ണമായും വിസ്മൃതിയിലാണ്ടു. രണ്ടു മുഖ്യമന്ത്രിമാര്‍ ശ്രീമാന്മാര്‍ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും മാറിമാറി ഭരിച്ചെങ്കിലും ആ അഞ്ചു വര്‍ഷക്കാലവും കൊച്ചി എല്‍ എന്‍ ജി ടെര്‍മിനലിന്റെ കാര്യത്തില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ 2006 ലെ വിഎസ് മന്ത്രിസഭ അധികാരമേറ്റതിനെത്തുടര്‍ന്ന് ഈ പദ്ധതിയെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ച നടക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ഇടപെടലിനെ തുടര്‍ന്ന് 2008ല്‍ അന്നത്തെ പ്രധാനമന്ത്രിയായ മന്‍മോഹനന്‍ സിംഗ് നിര്‍മ്മാണ ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രകൃതി വാതകം ലഭ്യമായ സ്ഥലങ്ങളിലെല്ലാം ഉണ്ടായ സാമൂഹ്യ സാമ്പത്തിക നേട്ടങ്ങളെ കുറിച്ച് മനസ്സിലാക്കിയ വിഎസ് കൊച്ചി ടെര്‍മിനിലും അടിയന്തരമായി പണി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ ഇന്ധന ആവശ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ പരിഹാരം തേടണം എന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരുന്നു. പദ്ധതി പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇവിടെ നിന്നും ലഭ്യമായ പുനര്‍വാതീകരണം ചെയ്ത പ്രകൃതി വാതകം പൈപ്പ് ലൈന് വഴി പാലക്കാട്ടേക്കും മംഗലാപുരത്തേക്കും വിതരണം ചെയ്യാന്‍ ആവശ്യമായ പദ്ധതികള്‍ക്കും വിഎസ് പ്രാധാന്യം നല്‍കുകയുണ്ടായി. ഇത്തരം പദ്ധതികളുടെ നിര്‍വ്വഹണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിരവധി സ്ഥാപനങ്ങളുടെ അനുമതി ആവശ്യമായി വരുമല്ലോ. ഇതിന്റെ നടത്തിപ്പ് വേഗത്തിലാക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റിലെ പത്തോളം വകുപ്പ് മേധാവികളെ ഒന്നിച്ച് വിളിച്ചു ചേര്‍ത്ത് അവരുടെ തലങ്ങളില്‍ പൈപ്പ് ലൈന്‍ പദ്ധതി യാതൊരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിര്‍ദ്ദേശത്തോടെ പദ്ധതി നടപ്പാക്കുന്ന ഗെയിലിന് ചീഫ് സെക്രട്ടറിയുടെ ഒരു ബ്ലാങ്കറ്റ് അനുമതി സര്‍ക്കാര്‍ ഉത്തരവായി നല്‍കുകയുണ്ടായി. പദ്ധതി നടത്തിപ്പ് യാതൊരു കാരണവശാലും തടസ്സപ്പെടരുതെന്നും തന്മൂലമുണ്ടാകുന്ന ധനനഷ്ടവും സമയ നഷ്ടവും ഒഴിവാക്കി പദ്ധതിയുടെ നേട്ടം എത്രയും വേഗം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക എന്നതായിരുന്നു വിഎസിന്റെ ലക്ഷ്യം.

കേരളത്തില്‍ കൊച്ചി മെട്രോ റെയില്‍ നടപ്പിലാക്കണമെന്നുള്ള നിര്‍ദ്ദേശത്തിന് വേഗതയേറിയത് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിട്ടുള്ള കാലയളവില്‍ ആണ്. കേരളത്തില്‍ നിന്ന് അക്കാലത്ത് നിരവധി പ്രമുഖര്‍ മന്ത്രിമാരായി കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടായിരുന്നിട്ടു കൂടി ഇതിനു വേണ്ട മുന്‍തൂക്കം ലഭിക്കുകയുണ്ടായില്ല. കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ ഇതിന് മുഖ്യമായി പറഞ്ഞ തടസ്സം കൊച്ചിയില്‍ ജനസംഖ്യ 8 ലക്ഷത്തില്‍ കുറവാണെന്നും അക്കാലത്ത് അവര്‍ അംഗീകരിച്ച നിബന്ധനകള്‍ പ്രകാരം ജനസംഖ്യ 8 ലക്ഷത്തിന് മുകളിലായാല്‍ മാത്രമേ മെട്രോ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാവൂ എന്നതും ആയിരുന്നു. എന്നാല്‍ ഇത് കേവലമായ ഒരു സാങ്കേതികവാദമാണെന്നും കൊച്ചി പോലെ അനുദിനം ജനസംഖ്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു നഗരത്തില്‍ നിലവിലുള്ള ഗതാഗതകുരുക്കുകളും മലിനീകരണവും ഒരു പരിധിയെങ്കിലും കുറയ്ക്കാനായി മെട്രോ സര്‍വീസ് അത്യന്താപേക്ഷിതമാണെന്നും പ്ലാനിംഗ് കമ്മീഷന്‍ മുമ്പാകെയും പ്രധാനമന്ത്രിതലത്തിലും ശക്തമായ വാദങ്ങള്‍ വി എസ് ഉയര്‍ത്തുകയുണ്ടായി. തുടര്‍ന്ന് നിരവധി തവണ പ്ലാനിംഗ് കമ്മീഷന്റെ ബന്ധപ്പെട്ട ഏജന്‍സികള്‍ കേരളത്തില്‍ വരികയും വിവിധ തലത്തില്‍ പരിശോധനകള്‍ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിസഭ കാലാവധി പൂര്‍ത്തീകരിക്കുകയു ണ്ടായത്.

കുട്ടനാടിന്റെ കാര്‍ഷിക വികസനവും അനിയന്ത്രിതമായുണ്ടാവുന്ന വെള്ളപ്പൊക്കത്തിന്റെ കെടുതികളും മടവീഴ്ചയും എല്ലാം തന്നെ നേരില്‍കണ്ട് വളര്‍ന്ന ആളാണ് വിഎസ്. അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ ഉപ്രയോഗിച്ചു സമുദ്രനിരപ്പില്‍ നിന്നും താണ പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതിന് അവലംബിക്കുന്ന നൂതന മാര്‍ഗ്ഗങ്ങള്‍ കുട്ടനാട്ടിലും പ്രയോഗിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് വിഖ്യാത കാര്‍ഷിക ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥനെ ക്ഷണിച്ചു വരുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുട്ടനാട് കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ ഒരു റിവൈവല്‍ സ്‌കീം ഉണ്ടാക്കി അത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി വയ്ക്കുകയും ചെയ്തു. കുട്ടനാടിന്റെ സര്‍വ്വതല സ്പര്‍ശിയായ പ്രശ്‌നങ്ങളെ എല്ലാം തന്നെ വിശദമായി എം എസ് സ്വാമിനാഥന്‍ നേതൃത്വം നല്‍കുന്ന ചെന്നൈയിലെ എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കുലംകഷമായി പഠിക്കുകയും സ്ഥിതിവിശേഷങ്ങള്‍ സമഗ്രമായി അവലോകനം ചെയ്തു കാര്‍ഷിക സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സന്തുലനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് ഉണ്ടായത്. പ്രസ്തുത റിപ്പോര്‍ട്ട് കാലിക പ്രാധാന്യത്തോടെ നടപ്പാക്കിയിരുന്നെങ്കില്‍ കുട്ടനാടിന്റെ മലിനീകരണം ഒഴിവാക്കുന്നതിനും കാര്‍ഷികാഭിവൃദ്ധി മെച്ചപ്പെടുത്തുന്നതിനും കഴിയുമായിരുന്നു. എന്നാല്‍ പില്‍ക്കാല സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല.

ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെയും ഐടി- ഐടി സേവന രംഗം പ്രദാനം ചെയ്യുന്ന തൊഴില്‍ സാധ്യതകളെയും അവ കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് നല്‍കാനിടയുള്ള തൊഴില്‍ സാധ്യതകളെ കുറിച്ചും സവിശേഷമായ പരിജ്ഞാനം ഉണ്ടായിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരില്‍ പ്രഥമഗണനീയനാണ് വിഎസ്. അതുകൊണ്ടുതന്നെ ഈ രംഗം പൊതുമേഖലയില്‍ വികസിപ്പിച്ചെടുക്കുന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. മുന്‍സര്‍ക്കാരിന്റെ കാലത്ത് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സ്മാര്‍ട്ട് സിറ്റി ഗ്രൂപ്പിന് കൈമാറ്റം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെയും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെയും വിവിധ വികസന ഘട്ടങ്ങള്‍, കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക് സ്ഥാപനം എന്നിവയെല്ലാം തന്നെ വിഎസ് ഭരണകാലഘട്ടത്തിലാണ് നടന്നത്. പ്രധാന നഗരങ്ങളില്‍ മാത്രമല്ല സമീപസ്ഥ പ്രദേശങ്ങളിലും ഐടി സാങ്കേതികവിദ്യയുടെ പ്രചരണത്തിനും വ്യാപനത്തിനുമായി ഹബ് ആന്‍ഡ് സ്‌പോക്‌സ് മാതൃകയിലുള്ള വികസന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത് ഇതിന്റെ ഫലമായി വിവിധ കേന്ദ്രങ്ങളില്‍ രണ്ടാം നിര ടെക്‌നോപാര്‍ക്കുകളും ടെക്നോ ലോഡ്ജുകളും സ്ഥാപിക്കുകയുമുണ്ടായി.

കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെ നാളിതുവരെയുള്ള വികാസവും ഏറെ കൊട്ടിഘോഷിച്ച സ്മാര്‍ട്‌സിറ്റിയുടെ തകര്‍ച്ചയും കാണുമ്പോള്‍ വിഎസ് എത്ര ശരിയായിരുന്നുവെന്ന് നമുക്കിന്നു മനസ്സിലാക്കാവുന്നതാണ്. സ്‌കൂള്‍തലത്തില്‍ വിവര സാങ്കേതികവിദ്യ പഠിപ്പിക്കിന്നതിനായി IT @ School ന്റെ പ്രവര്‍ത്തനം വിപുലമാക്കിയതും സോഫ്ട്‌വെയറുകളുടെ കുത്തകവല്‍ക്കരണത്തിനെതിരായി സ്വതന്ത്ര സോഫ്റ്റ്വെയര്‍ സെന്റര്‍(ICFOSS) സ്ഥാപിച്ചതും ഇക്കാലയളവിലാണ്.

വ്യാവസായിക രംഗത്ത് പൊതുമേഖലയുടെ പ്രവര്‍ത്തനം ഗണ്യമായി മെച്ചപ്പെട്ട ഒരു സ്ഥിതിവിശേഷമാണ് വിഎസ് സര്‍ക്കാരിന്റെ കാലയളവില്‍ നാമെല്ലാം കണ്ടത്. മാത്രമല്ല കേന്ദ്ര-സംസ്ഥാന പൊതുമേഖല സംരംഭങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട തലങ്ങളിലേക്ക് സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉയരാന്‍ കഴിയുമെന്ന കാഴ്ചപ്പാടില്‍ ഊന്നി അന്നത്തെ കേന്ദ്ര മന്ത്രിമാരുടെ കൂടെ സഹകരണത്തോടെ ടെല്‍ക് , സ്റ്റീല്‍ ഇന്‍ഡസ്സ്ട്രിസ്സ് കേരള, കെല്‍ കാസറഗോഡ് യൂണിറ്റ്, ഹൈടെക് ഇന്‍ഡസ്ട്രീസ്സ് എന്നിവ NTPC , SAIL ,BHEL , BRAHMOS AEROSPACE എന്നീ പ്രമുഖ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുമായി യോജിച്ച പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതും ഈ കാലഘട്ടത്തിലാണ്. തുടര്‍ന്നുവന്ന കേന്ദ്ര സര്‍ക്കാരുകളുടെ പൊതുമേഖല നയങ്ങളുടെ ഭാഗമായി ഇത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന് കാഴ്ചപ്പാടിനെ തുടര്‍ന്ന് ഇവയൊന്നും തന്നെ ഉദ്ദേശിക്കപ്പെട്ട രീതിയില്‍ വിജയിച്ചില്ല.

കോവളത്തിനടുത്ത് വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍ഷിപ്പിങ് ടെര്‍മിനലും തുറമുഖവും സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വച്ചതും ഈ കാലഘട്ടത്തിലാണ്. ടെര്‍മിനലിനാവശ്യമായ സ്ഥലം കണ്ടെത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താണ് അക്കാലത്ത് ഈ പദ്ധതിക്ക് തുടക്കമിട്ടത്.

കണ്ണൂരില്‍ ഒരു എയര്‍പോര്‍ട്ട് സ്ഥാപിക്കാന്‍ ആവശ്യമായ പദ്ധതിയുടെ സ്ഥലമെടുപ്പിനായി രൂപരേഖ തയ്യാറാക്കുകയും പദ്ധതിക്ക് ആവശ്യമായ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നതില്‍ വിഎസ് ഗവണ്‍മെന്റ് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തിയത്.

വിഎസ് സര്‍ക്കാരിന്റെ വികസനോന്‍മുഖമായ മറ്റൊരു കര്‍മ്മ പദ്ധതിയാണ് സര്‍ക്കാര്‍ സ്ഥലങ്ങള്‍ വിവിധ സ്വകാര്യ ഏജന്‍സികള്‍ കയ്യേറ്റം നടത്തി അധീശത്വം സ്ഥാപിച്ചിരുന്നത് ഒഴിപ്പിച്ച് സര്‍ക്കാരിന്റെ മുതല്‍ക്കൂട്ടാക്കിയത്. മൂന്നാറിലാണ് ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കേരളത്തിന്റെ എല്ലാ പ്രധാനപ്പെട്ട നഗരപ്രദേശങ്ങളിലും എവിടെയൊക്കെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഏജന്‍സികള്‍ കയ്യേറിയിട്ടുണ്ടോ അവിടെയൊക്കെ അവ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയും എല്ലായിടത്തും തന്നെ ജനങ്ങളുടെ അഭൂതപൂര്‍വ്വമായ പിന്തുണ ലഭിക്കുകയും ചെയ്യുകയുണ്ടായി. സര്‍ക്കാരിനും അതിന്റെ നായകന്‍ എന്ന നിലയില്‍ വിഎസിനും വ്യക്തിപരമായി വളരെയേറെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന ഒരു പരിപാടിയായിരുന്നു കയ്യേറ്റം ഒഴിപ്പിക്കല്‍.

ഒരു രാജ്യത്തിന്റെയോ ഒരു സംസ്ഥാനത്തിന്റെ വികസനം എന്നാല്‍ അത് കേവലം സാമ്പത്തിക രംഗത്തുള്ള മുന്നേറ്റം മാത്രമല്ലെന്നും അതില്‍ വിവിധ തലങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, മലിനീകരണം മൂലമുണ്ടായ ആഘാതങ്ങള്‍ ജീവിതകാലം മുഴുവന്‍ പേറേണ്ടി വന്ന ജനസമൂഹങ്ങള്‍, പ്രകൃതിവിഭവങ്ങളുടെ വന്‍തോതിലുള്ള ചൂഷണം മൂലം ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യങ്ങള്‍, ഭരണതലത്തിലെ അഴിമതി, കൊള്ള പലിശക്കാരുടെയും ബിനാമിമാരുടെയും വിളയാട്ടം മൂലം ദുസ്സഹമായ ജീവിതങ്ങള്‍ ഇവയ്‌ക്കെല്ലാം തന്നെ ആശ്വാസമരുളുന്ന തരത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം കേരളീയ ജനതയ്ക്ക് പുത്തനൊരു അനുഭവമായിരുന്നു. ഇവയെല്ലാം ചേര്‍ന്നാണ് വിഎസിനെ ആധുനിക കാലഘട്ടത്തിലെ കേരളത്തിന്റെ വികസന നായകനാക്കിയത്.  VS Achuthanandan, a visionary Chief Minister 

വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന  എംപി സുകുമാരന്‍ നായര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് അഴിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Summary; VS Achuthanandan, a visionary Chief Minister

എംപി സുകുമാരന്‍ നായര്‍

ഗവണ്‍മെന്റ് സെക്രട്ടറി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് എംഡി, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് ചെയര്‍മാന്‍, എംഡി, ആര്‍ ഐ എ ബി ചെയര്‍മാന്‍, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട് എം പി സുകുമാരന്‍ നായര്‍.

More Posts

എംപി സുകുമാരന്‍ നായര്‍: ഗവണ്‍മെന്റ് സെക്രട്ടറി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് എംഡി, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ് ചെയര്‍മാന്‍, എംഡി, ആര്‍ ഐ എ ബി ചെയര്‍മാന്‍, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട് എം പി സുകുമാരന്‍ നായര്‍.
Related Post
Leave a Comment