ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് പിന്നാലെ, വാഷിംഗ്ടണ്‍ പോസ്റ്റ് പബ്ലിഷറും ചീഫ് എക്‌സിക്യൂട്ടീവുമായ വില്‍ ലൂയിസ് അപ്രതീക്ഷിതമായി രാജിവെച്ചു. 300-ലധികം പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥാപനത്തിലെ ആകെ ജീവനക്കാരുടെ മൂന്നിലൊന്ന് പേരെ പിരിച്ചുവിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ലൂയിസിന്റെ ഈ പടിയിറക്കം.
ശനിയാഴ്ച വൈകുന്നേരമാണ് ലൂയിസ് തന്റെ രാജി പ്രഖ്യാപിച്ചത്. 2024-ന്റെ തുടക്കത്തിലാണ് മര്‍ഡോക് മീഡിയ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന വില്‍ ലൂയിസ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അമരത്തെത്തിയത്.
നഷ്ടത്തിലോടുന്ന പത്രത്തിന്റെ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വലിയ തോതിലുള്ള പിരിച്ചുവിടല്‍ നടന്നത്. എന്നാല്‍ ഈ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച നിര്‍ണ്ണായകമായ സ്റ്റാഫ് മീറ്റിംഗില്‍ വില്‍ ലൂയിസ് പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ, പത്രത്തിലെ സ്‌പോര്‍ട്‌സ് വിഭാഗം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഇല്ലാതാക്കുകയും ഫുട്‌ബോള്‍ ലേഖകരെ പിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തില്‍, സൂപ്പര്‍ ബൗള്‍ ആഘോഷങ്ങളില്‍ ലൂയിസ് പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നതും ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായി.
‘വാഷിംഗ്ടണ്‍ പോസ്റ്റിലെ രണ്ട് വര്‍ഷത്തെ മാറ്റങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ സ്ഥാനമൊഴിയാന്‍ അനുയോജ്യമായ സമയമാണെന്ന് ഞാന്‍ കരുതുന്നു,’ ലൂയിസ് ജീവനക്കാര്‍ക്കയച്ച ഇമെയിലില്‍ വ്യക്തമാക്കുന്നു. പത്രത്തിന്റെ ഉടമ ജെഫ് ബെസോസിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. സ്ഥാപനത്തിന്റെ സുസ്ഥിരമായ ഭാവി ഉറപ്പാക്കാനാണ് കഠിനമായ തീരുമാനങ്ങള്‍ എടുത്തതെന്നാണ് അദ്ദേഹം തന്റെ നടപടികളെ ന്യായീകരിക്കുന്നത്.
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ജെഫ് ഡി ഒനോഫ്രിയോ താല്‍ക്കാലിക പബ്ലിഷറായും സി.ഇ.ഒ ആയും ചുമതലയേല്‍ക്കും. മാധ്യമ മേഖല നേരിടുന്ന കടുത്ത വെല്ലുവിളികളെ ഒത്തൊരുമിച്ച് നേരിടുമെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ ഉടമ ജെഫ് ബെസോസ് പുതിയ നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും വില്‍ ലൂയിസിന്റെ സേവനത്തെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശിച്ചില്ല. ജെഫ് ഡി ഒനോഫ്രിയോ, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാറ്റ് മുറെ, ഒപ്പീനിയന്‍ എഡിറ്റര്‍ ആദം ഒനീല്‍ എന്നിവര്‍ ചേര്‍ന്ന് പത്രത്തെ വിജയകരമായ അടുത്ത ഘട്ടത്തിലേക്ക് നയിക്കുമെന്ന് ബെസോസ് പ്രത്യാശ പ്രകടിപ്പിച്ചു.
റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരിചയവുമായാണ് 56-കാരനായ ലൂയിസ് വാഷിംഗ്ടണ്‍ പോസ്റ്റിലെത്തിയത്. ആറ് വര്‍ഷം വോള്‍ സ്ട്രീറ്റ് ജേണലിന്റെ സി.ഇ.ഒ ആയും പബ്ലിഷറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഫോണ്‍ ഹാക്കിംഗ് വിവാദവുമായി ബന്ധപ്പെട്ട് മര്‍ഡോക്കിന്റെ സ്ഥാപനങ്ങള്‍ അന്വേഷണം നേരിട്ടപ്പോള്‍ നിര്‍ണ്ണായക ചുമതലകള്‍ വഹിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
വില്‍ ലൂയിസിന്റെ രാജിയെ പോസ്റ്റിലെ മുന്‍ പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും സ്വാഗതം ചെയ്തു. അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം പരാജയപ്പെട്ടെന്നും വായനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നും മുന്‍ പത്രപ്രവര്‍ത്തകന്‍ ഗ്ലെന്‍ കെസ്ലര്‍ വിമര്‍ശിച്ചു.
അതേസമയം, ലൂയിസിന്റെ രാജി വൈകിപ്പോയ ഒന്നാണെന്നും ഒരു വലിയ മാധ്യമ സ്ഥാപനത്തെ തകര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും വാഷിംഗ്ടണ്‍ പോസ്റ്റിലെ ജീവനക്കാരുടെ യൂണിയന്‍ ആരോപിച്ചു. പിരിച്ചുവിടല്‍ നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സ്ഥാപനത്തിന്റെ ഭാവിയില്‍ താല്‍പ്പര്യമുള്ള മറ്റാര്‍ക്കെങ്കിലും പത്രം വില്‍ക്കാന്‍ ജെഫ് ബെസോസ് തയ്യാറാകണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
Content Summary; Washington Post publisher and chief executive Will Lewis resigned.
This post was last modified on February 8, 2026 9:05 am
Leave a Comment