UPDATES

പ്രളയം പോലെ പതുക്കെയല്ല, ഉരുൾപൊട്ടൽ

എന്തുകൊണ്ട് കേരളത്തിൽ ഉരുൾപൊട്ടൽ തുടർക്കഥയാകുന്നു ?

                       

ഒരു കാലത്ത് മഴക്കാലം മലയാളികൾ നെഞ്ചോട് ചേർത്ത് വയ്ക്കുന്ന സമയമായിരുന്നു. പ്രളയകാലത്തിനു ശേഷം മഴ ഭീതിയുടെയും ദുരന്തത്തിൻെറയും കാലമായി മാറിയിരിക്കുകയാണ്. 2019 മുതൽ ഉരുൾപൊട്ടൽ എല്ലാവർഷവും എത്തുന്ന ക്ഷണിക്കാത്ത അതിഥിയാണ്. പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കൽ, കൊക്കയാർ ഇപ്പോൾ നിരവധി പേരുടെ ജീവനെടുത്ത വയനാട്ടിലെ ഉരുൾ പൊട്ടലിനും കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. പ്രിയപ്പെട്ടവരുടെ നെഞ്ചിൽ ഒരു കനലായി മണ്ണിലെവിടെയോ പുതഞ്ഞുകിടക്കുന്ന അനേകം പേരുണ്ട്. ജാഗ്രത, മുൻകരുതൽ എത്രത്തോളം ഫലപ്രാപ്തമാകും എന്നതിനെ ആശ്രയിച്ചാണ് മലയോരത്തും കുന്നുകളിലും താമസിക്കുന്ന ജീവനുകളുടെ സുരക്ഷിതത്വം. wayanad landslide

എങ്ങനെയാണ് ഉരുൾ പൊട്ടൽ ഉണ്ടാകുന്നത് ?

കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുൾപൊട്ടൽ സാധ്യത നേരിടുന്നതായി പഠനങ്ങൾ പുറത്ത് വന്നിരുന്നു. മിഷിഗൺ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയും പുനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുമായി ചേർന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കുഫോസ്) ആണ് പഠനം പുറത്ത് വിട്ടത്. 2018 ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതകൾ 3.46 ശതമാനം ഉയർത്തിയതായും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

കനത്ത മഴ പെയ്യുമ്പോൾ സംഭരിക്കാവുന്നതിനേക്കാൾ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച് മണ്ണിനടിയിൽ മർദം വർധിക്കും. ഈ മർദത്തിന്റെ ഫലമായാണ് വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുക. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും തമ്മിൽ സാങ്കേതികമായ ചില മാറ്റങ്ങൾ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും കൂടി താഴേക്ക് ഒഴുകി വരികയാണ്.

ഉരുൾ പൊട്ടലിന്റെയോ മണ്ണിടിച്ചിലിന്റെയോ പാതയിൽ പെട്ടാൽ ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണ് കാരണം, പ്രളയം പോലെ പതുക്കെ സംഭവിക്കുന്ന പ്രതിഭാസമല്ല ഉരുൾപൊട്ടൽ. വൃഷ്ടിപ്രദേശത്ത് മഴ പെയ്താൽ ഓരോ തവണയും പുഴയിൽ വെള്ളം ഉയരുമെന്ന പോലുള്ള കൃത്യമായ ശാസ്ത്രം ഉരുൾ പൊട്ടലിൽ പ്രാവർത്തികമാക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകൾ നൽകുക അത്ര എളുപ്പമല്ല. ചിലർ തലമുറകളായി ഒരേ കുന്നിന്റെ താഴെ താമസിക്കുന്നവരായിരിക്കും, വർഷങ്ങളോളം മഴക്കാലത്ത് ഒരു കുഴപ്പവും ഇല്ലാതിരുന്ന പ്രദേശവുമാകാം അതുകൊണ്ട് തന്നെ അവർ ഈ പ്രദേശത്ത് നിന്ന് മാറി താമസിക്കാനും സാധ്യതയില്ല. പക്ഷെ അപ്രതീക്ഷിതമായ സമയത്തായിരിക്കും ഉരുൾപൊട്ടൽ ജീവൻ കവരുന്നത്. ഭീതിതമായ വേഗതയിൽ സംഭവിക്കുന്നതിനാൽ ഓടി രക്ഷപ്പെടുക അത്ര എളുപ്പമല്ല. കൂടാതെ, രാത്രിയിലാണ് സംഭവിക്കുന്നതെങ്കിൽ ആരും അറിയുകയുമില്ല. ഉരുൾ പൊട്ടലിൽ മണ്ണും വെള്ളവും കല്ലും കൂടിയാണ് കുത്തിയൊഴുകി വരുക, അതിനകത്ത് പെട്ടാൽ മരിക്കുന്നതിന് മുൻപ് തന്നെ സാരമായി പരിക്ക് പറ്റുകയും ചെയ്യും.

10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന്റെ സാധ്യത കൂടുതലുള്ളത്. രണ്ടു കിലോമീറ്റർ ചുറ്റളവിൽ എന്നെങ്കിലും ഉരുൾപൊട്ടൽ ഉണ്ടായ സ്‌ഥലമാണെങ്കിൽ പ്രത്യേക ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. മനുഷ്യന്റെ അശാസ്ത്രീയമായ പ്രകൃതിയോടുള്ള ഇടപെടലാണ് ഉരുൾപൊട്ടലിന് പ്രധാന കാരണം. കേരളത്തിൽ 95 ശതമാനവും ഉരുൾപൊട്ടൽ മനുഷ്യനിർമ്മിതമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വനനശീകരണം അശാസ്ത്രീയമായ വനവൽക്കരണവും ഉരുൾ പൊട്ടലിനു വഴിവയ്ക്കും. പാറകളിൽ ഉണ്ടാകുന്ന വിള്ളലുകൾ, മരങ്ങളും പാറകളും മണ്ണും സ്വാഭാവികമായ അവസ്ഥയിൽ നിൽക്കാത്ത മണ്ണിന്റെയും മരങ്ങളുടെയും വഴുതിപ്പോക്ക്, കല്ലുകളുടെ ബലഹീനത, ചെങ്കുത്തായ സ്ഥലങ്ങൾ എന്നിവ മഴക്കാലങ്ങളിൽ ഉരുൾപൊട്ടലിന് കാരണമാകുന്നു. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ ഉയർന്ന പ്രദേശങ്ങൾക്ക് സമാനമായ ഭൂപ്രകൃതിയാണ് കേരളത്തിലെ മലയോര മേഖലയിലേത്.

ഉരുൾപൊട്ടലിനെ പൂർണമായും തടയാൻ ആവശ്യമായ സാങ്കേതിക വിദ്യ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മലഞ്ചെരുവുകളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചും വനനശീകരണം തടഞ്ഞും ഉരുൾപൊട്ടലിനെ ഒരുപരിധിവരെ തടഞ്ഞ് നിർത്താൻ സാധിക്കും. ലോകത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ അനുഭവപ്പെട്ടിരുന്നത് ആഫ്രിക്കൻ രാജ്യമായ കെനിയയിലും നേപ്പാളിലുമാണ്.

ഉരുൾ പൊട്ടിയ പ്രദേശത്ത് വേഗത്തിൽ രക്ഷാ പ്രവർത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്രവർത്തനങ്ങൾ ആരംഭിക്കുക എന്നതാണ് ശരിയായ കാര്യം. മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടായ പ്രദേശം ഏറെ അസ്ഥിരമായിരിക്കുമെന്നതിനാൽ അവിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ കാര്യം മനസ്സിലാക്കി വേണം വീണ്ടെടുക്കൽ പ്രവർത്തനം തുടങ്ങാൻ. രാത്രിയിലോ കനത്ത മഴ പെയ്തുകൊണ്ടിരിക്കുമ്പോഴോ വീണ്ടെടുക്കൽ പ്രവർത്തനം നടത്തുന്നത് എല്ലാവരുടെയും അപകട സാധ്യത വർദ്ധിപ്പിക്കും.

content summary;  reasons behind mudslide wayanad landslide

Share on

മറ്റുവാര്‍ത്തകള്‍