മനസ്സു മരവിച്ച് ചാലിയാർ
ചാലിയാർ പുഴ കലങ്ങി മറഞ്ഞ് ഒഴുകാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായി. കനത്ത മഴ ലഭിക്കുന്ന ദിവസങ്ങളിൽ ചാലിയാറിന്റെ തീരത്തുള്ളവർക്ക് അതൊരു പതിവ് കാഴ്ച്ചയാണ്. മഴ കുറയുമ്പോൾ രൗദ്ര ഭാവം അഴിച്ചുവെച്ച് പുഴയും ശാന്തമാകും. എന്നാൽ കഴിഞ്ഞ രാത്രി ചാലിയാർ പുഴ ഒന്നുകൂടി കര കവിഞ്ഞ് കുത്തിയൊലിച്ചു. വെള്ളമിറങ്ങുന്നത് കാത്ത് പ്രദേശവാസികളും രാത്രി കഴിഞ്ഞു. എന്നാൽ വെള്ളമിറങ്ങിയ ചാലിയാറിന്റെ പ്രദേശങ്ങളിൽ കണ്ട കാഴ്ച ഉള്ളുലക്കുന്നതായിരുന്നു. ഒരു ദുരന്തത്തിന്റെ ബാക്കിയും പേറിയാണ് ചാലിയാറിൽ നിന്ന് വെള്ളമിറങ്ങിയത്. Chaliyar River Deadbodies Landslide
പുലർച്ചെ മല ഉരുൾപൊട്ടി ഇരച്ചെത്തിയതോടെ മുണ്ടക്കൈ ഗ്രാമം ഒന്നടങ്കം ഒലിച്ചു പോയി. ഈ ദുരന്തം നടന്നിടത്തു നിന്ന് കിലോ മീറ്ററുകൾ അകലെയാണ് ചാലിയാർ പുഴ. ചാലിയാർ പുഴ വഹിച്ചു കൊണ്ട് വന്നത് ഈ ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന ശേഷിപ്പുകളായിരുന്നു. വെള്ളമിറങ്ങിയതോടെ മണ്ണിൽ പുതഞ്ഞു കിടക്കുന്നു അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിൽ നിന്നും ചാലിയാർ പുഴയിലൂടെയെത്തിയ മൃതദേഹങ്ങൾ മലപ്പുറം പോത്തുകൽ പഞ്ചായത്തിലാണ് അടിഞ്ഞു കൂടിയത്.
സംഭവം പോലീസിനെ അറിയിക്കുന്നതും, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതും നാട്ടുകാരുടെ ആഭിമുഖ്യത്തിലായിരുന്നു. ആദ്യം കണ്ടത് ശരീര അവയങ്ങൾ ആയിരുന്നുവെന്നാണ് മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്ന നിഷാന്ത് അഴിമുഖത്തിനോട് പറഞ്ഞത്.
‘ നാലു വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് ഞാൻ കണ്ടത്. കുട്ടിയെ പോലീസ് ഉൾപ്പെടുള്ളവർ എത്തി ആംബുലൻസിൽ നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കയ്യും കാലും മാത്രമായാണ് ചിലയിടങ്ങളിൽ നിന്ന് കണ്ടെത്തുന്നത്. മറ്റ് മൃതദേഹങ്ങൾ പലയിടത്തും തങ്ങി നിൽക്കുന്ന സ്ഥിതിയിലാണ്’ നിഷാന്ത് പറയുന്നു.
ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളി നിന്നും മൃതദേഹങ്ങൾ കണ്ടെത്തുന്നുണ്ട്. രാവിലെ മുതൽ പുഴയിൽ വീടിൻറെ അവശിഷ്ടങ്ങളും ഗ്യാസ് സിലിണ്ടറും പാത്രങ്ങളുമെല്ലാം ഒഴുകിയെത്തിയിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എട്ട് മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ നിന്ന് 11 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് നിഷാന്ത് പറയുന്നു. മറ്റിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും നിഷാന്ത് കൂട്ടിച്ചേർത്തു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടി ല്ല. പുഴയിൽ നിന്ന് കണ്ടെത്തിയതിന് പുറമെ, മുണ്ടേരി വനത്തിലും മൃതദേഹങ്ങൾ ഉണ്ടെന്ന സംശയത്തിലായിരുന്നു പ്രദേശവാസികൾ. ഇതോടെ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ വനത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹങ്ങളുള്ളത്, തലയില്ലാത്ത പുരുഷന്റെ ശരീരവും, പാതി ഉടൽ മാത്രമുള്ള മറ്റൊരു ശരീരവും ഉള്ളുലക്കുന്ന കാഴ്ചയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ പറയുന്നു. ‘വയനാടിന്റെ അതിർത്തി പങ്കിടുന്ന ഉൾഭാഗങ്ങളിൽ ഇപ്പോഴും തെരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണിനടിയിൽ കിടക്കുന്ന കയ്യും കാലും ആണ് ആദ്യം ആളുകൾ കണ്ടത്. ഈ ശരീര ഭാഗങ്ങൾ ഉൾപ്പെടെ പല ഭാഗത്തു നിന്നും ഏകദേശം 30 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൃത്യമായ കണക്ക് ഇപ്പോഴും പറയാൻ സാധിക്കില്ല. ” വിദ്യ പറയുന്നു. അങ്ങേയറ്റം മനസ്സ് മരവിക്കുന്ന കാഴ്ചയായിട്ട് പോലും നാട്ടുകരുൾപ്പെടെ ഇപ്പോഴും തെരച്ചിലിലാണ്, മണ്ണിനടിയിൽ കിടക്കുന്നത് നമ്മുടെ കൂടെ സഹോദരങ്ങളാണെന്ന ചിന്തയാണ് അവരുടെ അക്ഷീണ പ്രയത്നത്തിന് പിന്നിലെന്ന് വിദ്യ കൂട്ടിച്ചേർത്തു.
നിലമ്പൂർ, എടവണ്ണ, അരീക്കോട്, ചെറുവാടി, വാഴക്കാട്, മാവൂർ, ഫറോക്ക്, ബേപ്പൂർ എന്നിവയാണ് ചാലിയാറിന്റെ തീരത്തുള്ള പ്രധാനസ്ഥലങ്ങൾ. പുലർച്ചെ നാലുമണിയോടെയാണ് വയനാട് മേപ്പടി മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾപൊട്ടലിൽ തകർന്ന ചുരൾമല പാലത്തിന് സമീപം താൽക്കാലിക പാലം സ്ഥാപിച്ചിരിക്കുകയാണ് സൈന്യം. ഈ പാലത്തിലൂടെ മുണ്ടക്കൈ ഭാഗത്തുള്ളവരെ പുറത്തേക്കെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിയുമെന്നാണ് പ്രതീക്ഷ. Chaliyar River Deadbodies Landslide
Content sumamry; Wayanad Landslide: Deadbodies in Chaliyar River