വയനാട് ഉരുൾപൊട്ടൽ
പശ്ചിമഘട്ട മലനിരകളുടെ തകർച്ചയുടെ പ്രത്യാഘാതങ്ങളാണ് ഇപ്പോൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന വിവരണങ്ങളാണ് സമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ അനധികൃതമായ കയ്യേറ്റമാണ് ഈ ദുരന്തത്തിന്റെ പിന്നിലെന്ന വാദവും ശക്തമാണ്. 300 ലധികം ആളുകളുടെ ജീവനെടുത്ത ഉരുൾപൊട്ടലിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളം അതിജീവനത്തിന്റെ പാതയിലാണ്. എന്നാൽ വായനാട്ടിലെ ഉരുൾപൊട്ടലിലേക്ക് നയിച്ചതും മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റവും തമ്മിൽ ബന്ധമുണ്ടോ?Wayanad landslide causes
കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിലേക്ക് നയിച്ചതിന്റെ അടിസ്ഥാന കാരണം മഴ തന്നെയാണെന്ന് വിദഗ്ദർ പറയുന്നു. മനുഷ്യർ കടന്നു ചെല്ലാത്ത ഉൾവനത്തിൽ നിന്നാണ് ഉരുൾപൊട്ടി, മുണ്ടക്കൈ ചൂരൽമല ഗ്രാമങ്ങളെ തുടച്ചു നീക്കിയത്. വിദഗ്ദ്ധർ പറയുന്നതനുസരിച്ച് മൂന്ന് സാധ്യതകളാണ് ഉരുൾപൊട്ടലിനുള്ളത്. ഈ അടുത്തായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന സോയിൽ പൈപ്പിങ്ങ് തന്നെയാണ് അതിൽ പ്രധാനം. മറ്റൊന്ന് ഓരോ മണ്ണിനും ഉൾക്കൊള്ളാവുന്ന വെള്ളത്തിന്റെ പരിമിതിക്കപ്പുറം എത്തുന്നതോടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമുണ്ടാകും. അതുമല്ലെങ്കിൽ ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന മഴവെള്ളം മൂലം മണ്ണ് അടിയിൽ നിന്ന് ഒലിച്ച് പോകാനുള്ള സാധ്യതയുമുണ്ട്. ഓരോ സ്ഥലത്തെയും ഭൂപ്രകൃതിയ്ക്ക് അനുസൃതമായി ഇതിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. പുത്തുമലയിലെ മണ്ണിടിച്ചിലിന് പിന്നിൽ സോയിൽ പൈപ്പിങ് ആയിരുന്നു. ചൂരൽമലയിലും സോയിൽ പൈപ്പിങ് ഉണ്ടായിരുന്നോ എന്ന് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടില്ല.
ഇവയെല്ലാം ചൂരൽമലയെ തുടച്ചു നീക്കിയതിലേക്ക് വിരൽ ചൂണ്ടുന്ന സാധ്യതകളാണ്. എന്നാൽ അടിസ്ഥാന കാരണം രണ്ടു മൂന്ന് ദിവസത്തിലേറെയായി വായനാടിൽ പെയ്ത അതിവൃഷ്ടി തന്നെയാണെന്ന് വിദഗ്ദ്ധർ പറയുന്നത്. ഉരുളൻ പാറകൾ നിറഞ്ഞ പ്രദേശത്ത് ലഭിച്ച ഈ മഴ മണ്ണിന് അധിക സമ്മർദ്ദം നൽകിയതോടെ കല്ലും, മണ്ണും, ചെളിയുമായി താഴേക്ക് പൊട്ടിയൊഴുകുകയായിരുന്നു. ദുരന്തത്തിന്റെ ബാക്കിയായി സ്കൂൾ കെട്ടിടം അടക്കം പ്രളയ ബാധിത പ്രദേശത്തായിരുന്നു നിലനിന്നിരുന്നതെന്ന് കേരള യൂണിവേഴ്‌സിറ്റി പ്രൊഫസ്സർ സജിൻകുമാർ കെ എസ് പറയ്യുന്നു. ത്രഷ് ഹോൾഡ് പരിധി മറികടന്നതോടെ അതായത് വെള്ളം മുഴുവൻ ആഗിരണം ചെയ്യാനുള്ള ശേഷി നഷ്ട്ടമായതോടെ ഉരുൾപൊട്ടൽ സംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
”ദുരന്തമുണ്ടായ 24 മണിക്കൂറിൽ വയനാട്ടിൽ ലഭിച്ചത് 400 മില്ലിമീറ്റർ മഴയാണ്. അതിനു തൊട്ട് മുൻപുള്ള ദിവസങ്ങളിൽ 200 മില്ലിമീറ്ററും. അതായത് രണ്ട് ദിവസം കൊണ്ട് 600 മില്ലിമീറ്റർ. ഇത്രയും മഴ വെള്ളം ഒറ്റയടിക്ക് താങ്ങാൻ അനുയോജ്യമായതല്ല നമ്മുടെ ഭൂപ്രകൃതി. ഈ ഒരവസ്ഥയിൽ മണ്ണ് സൂപ്പർ സാച്ചുറേറ്റഡ് ആയിരിക്കും. ചാലിയാറിലേക്കൊഴുകുന്ന പുഴയുടെ തീരത്താണ് ഈ ഗ്രമങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അതായത് പ്രളയ ബാധിത പ്രദേശമാണിത്.” ഇത് വിനാശമായി ഭവിക്കുകയായിരുന്നു അദ്ദേഹം പറയുന്നു.
അതേസമയം ദുരന്തത്തിൽ മരണം 338 ആയിരിക്കുകയാണ്. നാലാംദിനവും തിരച്ചിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായതും രക്ഷാ പ്രവർത്തനത്തിനെ സഹായിച്ചിട്ടുണ്ട്. സൈന്യം, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ്എന്നിവ ഉൾപ്പടെ 40 സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. നിലമ്പൂർ പോത്തുകല്ല് ഭാഗത്താണ് ചാലിയാറിനു മുകളിൽ ഹെലികോപ്റ്ററുകൾ വഴിയും തെരച്ചിൽ പുരോഗമിക്കുന്നുണ്ട്.Wayanad landslide causes
Content summary; Wayanad landslide, what caused the tragedy?