വയനാട് മേപ്പാടിയില്‍ തുരങ്ക പാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചില്‍ വലിയ ആശങ്കകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ എങ്ങനെ ദുരന്തഭൂമിയാക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് വയനാട് തുരങ്കപാത നിര്‍മ്മാണമെന്നും, പരിസ്ഥിതിലോല പ്രദേശങ്ങളെ തകിടം മറിച്ചുകൊണ്ട് നടപ്പിലാക്കുന്ന വന്‍കിട നിര്‍മ്മാണങ്ങള്‍, കള്ളാടിയിലും ആനക്കാംപൊയിലിലും ഇനിയും ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ധര്‍മ്മരാജ് സി. എസ്.
തുടക്കം മുതല്‍ തന്നെ കേരളത്തില്‍ വയനാട് തുരങ്കപാതയ്ക്കെതിരെ പരാതിപ്പെട്ട ഒരാളാണ് ഞാന്‍. ഉരുള്‍പൊട്ടലിന് സമാനമായ ഒരു സംഭവമാണ് നിലവില്‍ അവിടെ ഉണ്ടായിട്ടുള്ളത്. മണ്ണ് മാത്രമല്ല, കല്ലും മരങ്ങളുമടക്കം കടപുഴക്കിക്കൊണ്ട് അതിവേഗത്തിലാണ് മലയിടിഞ്ഞ് വന്നിട്ടുള്ളത്. മണ്ണ് പോലും സുരക്ഷിതമായി പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത പ്രദേശത്താണ് ഇത്രയധികം സങ്കീര്‍ണ്ണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തുരങ്കമുഖ നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍പോലും ഇത്ര വലിയൊരു ദുരന്തം ഉണ്ടായെങ്കില്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ ദുരന്തത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടിവരും. തികഞ്ഞ അനാസ്ഥയും ലാഘവത്വവും ഇതിന് പിന്നില്‍ ഉണ്ടായിട്ടുണ്ട് എന്നത് പകല്‍പോലെ വ്യക്തമാണ്. ഈ ദുരന്തം കുറച്ചു നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്; ഇതൊരു തുടക്കം മാത്രമാണ്. കോഴിക്കോട് ആനക്കാംപൊയില്‍ (സ്വർഗംകുന്ന്) ഭാഗത്ത് വരാന്‍ പോകുന്നത് ഇതിലും വലിയ ദുരന്തമാണ്. മഴ കനത്തു കഴിഞ്ഞാല്‍ എന്ത്, എപ്പോള്‍ സംഭവിക്കും എന്ന് പ്രവചിക്കാന്‍ കഴിയാത്ത സ്ഥലങ്ങളാണ് ഇവയെല്ലാം തന്നെ. 2019-ല്‍ ആനക്കാംപൊയില്‍ ഭാഗങ്ങളില്‍ വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ്. അന്ന് അവിടെ വലിയ രീതിയില്‍ ആള്‍താമസമില്ലായിരുന്നു, എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഇനി അവിടെ ഉരുള്‍പൊട്ടലുണ്ടായാല്‍ വന്‍ ദുരന്തമാണുണ്ടാവുക.
മനുഷ്യനിര്‍മ്മിത ദുരന്തം
തുരങ്കപാതയിലെ മണ്ണിടിച്ചിലിനെ പ്രകൃതിദുരന്തമായി ഒരിക്കലും കാണാന്‍ സാധിക്കില്ല, ഇതൊരു മനുഷ്യനിര്‍മ്മിത ദുരന്തം മാത്രമാണ്. ഇതുകൊണ്ടെങ്കിലും അധികൃതര്‍ കാര്യങ്ങള്‍ ഗൗരവത്തിലെടുത്തില്ലെങ്കില്‍ ഇത്തരത്തിലുള്ള പല വാര്‍ത്തകളും ഇനിയും നമുക്ക് പ്രതീക്ഷിക്കാം. കോഴിക്കോട് ജില്ലയിലെ അടിവാരത്ത് നിന്നാണ് വയനാട് ചുരം തുടങ്ങുന്നത്, അവസാനിക്കുന്നത് വയനാട് ജില്ലയിലെ ലക്കിടിയിലും. ഇതിനിടയില്‍ ഒന്‍പത് ഹെയര്‍പിന്‍ വളവുകളുണ്ട്. അടിവാരം സ്ഥിതി ചെയ്യുന്നത് 301 മീറ്റർ ഉയരത്തിലും ലക്കിടി 700 മുതൽ 800 മീറ്ററോളം ഉയരത്തിലുമാണ്. എന്നാല്‍ ഈ തുരങ്കപാത തുടങ്ങുന്നത് തന്നെ സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തിലാണ്. ആറ് ഹെയര്‍പിന്നുകള്‍ ഈ പാതയില്‍ ഉള്‍പ്പെടുന്നുണ്ട്. നിര്‍മ്മാണവുമായി മുന്‍പോട്ട് പോവുകയാണെങ്കില്‍ ഭാവിയില്‍ എന്തൊക്കെ സംഭവിക്കും എന്നത് പ്രവചനാതീതമാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍
ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പ് നടത്തിയ പഠനങ്ങള്‍ എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ളതാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ ‘ലാന്‍ഡ് ഗ്ലൈഡ് ഫോര്‍മേഷന്‍ മാപ്പ്’ പ്രകാരം റെഡ് സോണില്‍ ക്വാറികള്‍, ആശുപത്രി, സ്‌കൂള്‍ ഒഴികെയുള്ള വന്‍കിട വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനോ പണിയാനോ പാടില്ല എന്നാണ്. എന്നാല്‍ ഈ റെഡ് സോണില്‍ കൂടിയാണ് തുരങ്കപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അടക്കം പരാതി നല്‍കിയിട്ടുള്ളതാണ്. പക്ഷെ വിരോധാഭാസം എന്തെന്നാല്‍, ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവാദിത്തപ്പെട്ട വ്യക്തികളാണ് എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ ഒന്നായ മുണ്ടക്കൈ, ചൂരല്‍മല, പുത്തുമല പ്രദേശങ്ങളോട് അടുത്താണ് ഇപ്പോള്‍ അപകടം നടന്ന കള്ളാടിയും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മണ്ണിടിഞ്ഞു എന്ന് മാധ്യമങ്ങളില്‍ പറയുന്നുണ്ടെങ്കിലും, മണ്ണിടിച്ചില്‍ തടയാനും ഭൂപ്രകൃതി ക്രമീകരിക്കാനും അടിത്തറയ്ക്ക് ബലം നല്‍കാനും നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയോടൊപ്പമാണ് മണ്ണ് ഇടിഞ്ഞുവീണിരിക്കുന്നത്. ഒരു സംരക്ഷണ ഭിത്തിപോലും തകരാത്ത രീതിയില്‍ നിര്‍മ്മിക്കാന്‍ കഴിയാത്ത ആളുകള്‍ എങ്ങനെയാണ് ഇത്ര സങ്കീര്‍ണ്ണമായ തുരങ്കം നിര്‍മ്മിക്കുക എന്നത് അതീവ ആശങ്കാവഹമാണ്.
കേരളത്തില്‍ നിര്‍മിച്ചുണ്ടിരിക്കുന്ന ഇരട്ട തുരങ്കപാത പദ്ധതിയാണ് വയനാട് തുരങ്കപാത അഥവാ ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്ക പാത. ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായി വിശേഷിപ്പിക്കപ്പെടുന്ന നിര്‍ദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കും ഇടയിലൂടെ കടന്നുപോകും. താമരശേരി ചുരത്തിനു ബദലായി തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ (സ്വര്‍ഗംകുന്ന്) മുതല്‍ വയനാട്ടിലെ കള്ളാടി വരെ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെയായി കുറയ്ക്കുകയും ചെയ്യും. തുരങ്കപാത മേഖലയില്‍ മികച്ച സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചിയും ബെംഗളൂരുവും തമ്മിലുള്ള ദൂരം കുറയുകയും താമരശ്ശേരി ചുരത്തിലൂടെ സഞ്ചരിക്കാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുകയും ചെയ്യും. 1500 കോടി രൂപ ചെലവില്‍ തുരങ്ക പാതയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി കൊങ്കണ്‍ റെയില്‍വേയെയാണ് കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. 2024ല്‍ കൊങ്കണ്‍ റെയില്‍വേ ഭോപ്പാല്‍ ആസ്ഥാനമായ ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് 1341 കോടി രൂപക്കാണ് നിര്‍മാണ കരാര്‍ കൊടുത്തത്. 4 വര്‍ഷമാണ് നിര്‍മാണ കരാര്‍.
Wayanad Tunnel: The Beginning of Man-Made Disasters?
This post was last modified on July 7, 2026 6:34 pm
Leave a Comment