June 04, 2026 |

‘എനിക്ക് സംഭവിച്ചത് നാളെ നിങ്ങൾക്കും സംഭവിക്കാം’

യുഎസിന്റെ വിസ റദ്ദാക്കലിൽ പ്രതികരിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി

പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാരോപിച്ച് യുഎസ് വിസ റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി രഞ്ജിനി ശ്രീനിവാസൻ. തനിക്ക് സംഭവിച്ചത് നാളെ മറ്റാർക്ക് വേണമെങ്കിലും സംഭവിക്കാമെന്ന് ര‍ഞ്ജനി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്ന യാത്രാവിലക്കുകൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത് എനിക്ക് സംഭവിച്ചത് നാളെ നിങ്ങൾക്കും സംഭവിക്കാമെന്ന് രഞ്ജനി പറഞ്ഞു. വിസ റദ്ദാക്കിയതിന് പിന്നാലെ തന്റെ പേര് യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി രഞ്ജനി വ്യക്തമാക്കി.

യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ചില പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും സമൂഹ്യ മാധ്യമങ്ങളിൽ പലസ്തീൻ അനുകൂല പോസ്റ്റുകൾ പങ്കു വയ്ക്കുകയും മാത്രമാണ് താൻ ചെയ്തതെന്ന് രഞ്ജിനി പറഞ്ഞു. ഇത്തരം ഏകപക്ഷീയമായ ഭരണകൂട നടപടികളിൽ നിന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് കൊളംബിയ ഉൾപ്പെടെയുള്ള സർവ്വകലാശാലകളിൽ സമ്മർദ്ദം ചെലുത്തണമെന്നും, ഫണ്ട് വെട്ടിക്കുറയ്ക്കലുകൾ ഭയന്ന് കൊളംബിയ സർവ്വകലാശാല പുറത്താക്കിയ വിദ്യാർത്ഥികൾക്കായി നാം പ്രതികരിക്കണമെന്നും ര‍ഞ്ജിനി പറഞ്ഞു.

മാർച്ച് അ‍ഞ്ചിന് ആയിരുന്നു പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാരോപിച്ച് രഞ്ജിനി ശ്രീനിവാസന്റെ വിസ യുഎസ് റദ്ദാക്കിയത്. അതിന് പിന്നാലെ മാർച്ച് 11ന് ര‍ഞ്ജിനി നാടുവിടുകയായിരുന്നു. ഒരു വിമാനത്താവളത്തിലെ ജെറ്റ് വേയിലൂടെ തന്റെ ല​ഗേജുമായി ര‍ഞ്ജിനി നടന്നു പോകുന്ന ദൃശ്യങ്ങൾ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തുവിട്ടിരുന്നു. കൊളംബിയ സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ആർക്കിടെക്ചറിൽ ഗവേഷക വിദ്യാർഥിനിയാണ് രഞ്ജിനി ശ്രീനിവാസൻ. അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെൻ്റൽ പ്ലാനിങ് ആൻഡ് ടെക്നോളജിയിൽനിന്ന് ബിരുദവും ഹാർവാഡ് സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷമാണ് രഞ്ജനി ഗവേഷണത്തിനായി കൊളംബിയ സർവകലാശാലയിലെത്തിയത്.

രാജ്യത്ത് ജൂതവിരുദ്ധത അവസാനിപ്പിക്കുന്നതിനുള്ള പ്രസിഡന്റിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് രഞ്ജിനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സംസാരിക്കവെ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞിരുന്നു. അക്രമത്തിനും ഭീകരവാദത്തിനും ആഹ്വാനത്തെ തുടര്‍ന്നാണ് രഞ്ജിനിയുടെ വിസ റദ്ദാക്കിയതായി ട്രംപ് ഭരണകൂടവും അറിയിച്ചു. സ്വയമേവ മടങ്ങാന്‍ അവര്‍ തീരുമാനിച്ചതായും അധികൃതർ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രഞ്ജിനി അക്രമത്തിന് ആഹ്വാനം ചെയ്തു എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ യുഎസ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ചവരെ ഹമാസ് അനുകൂലികള്‍ എന്നാണ് ഡൊണാള്‍ഡ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും വിശേഷിപ്പിച്ചിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പലസ്തീന്‍ ആക്ടിവിസ്റ്റായ മഹ്‌മൂദ് ഖലീലിന്റെ അറസ്റ്റിനെ തുടര്‍ന്ന് കാംപസിലും പ്രതിസന്ധി ഉടലെടുത്തിരുന്നു. പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് കൊളംബിയ സർവകലാശാലയിലെ മറ്റു ചില വിദ്യാർഥികൾക്കെതിരേയും നേരത്തെ നടപടിയെടുത്തിരുന്നു. ലെഖ കോർഡിയ എന്ന വിദ്യാർഥിനിയും പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് അമേരിക്കയിൽ വച്ച് അറസ്റ്റിലായിരുന്നു.

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക നടപടിയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം കൊളംബിയ സര്‍കലാശാലയില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനെ കര്‍ശനമായി നേരിടുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാട്ടി ട്രംപ് ഭരണകൂടം സര്‍വകലാശാലയ്‌ക്കെതിരേ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 400 മില്ല്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റുകളും കരാറുകളും റദ്ദാക്കുകയും ചെയ്തിരുന്നു.

content summary: what happened to me can happen to you says Columbia student on U.S visa revocation

Leave a Reply

Your email address will not be published. Required fields are marked *

×