UPDATES

എവിടെ ‘കവച്’? എത്രമാത്രം സുരക്ഷിതമാണ് ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍?

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം പൊതു ജനത്തിന് മാത്രമാണ്

                       

ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടം ഇന്ത്യയില്‍ തുടര്‍ക്കഥയാകുന്നത് എന്തുകൊണ്ട്? ബംഗാളിലെ ഡാര്‍ജിലിംഗില്‍ കാഞ്ചന്‍ ജംഗ് എക്‌സ്പ്രസ്സും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടവും സാങ്കേതിക പിഴവ് കൊണ്ടാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 15 മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അസമിലെ സില്‍ചാറില്‍ നിന്നും കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് വരികയായിരുന്ന കാഞ്ചന്‍ ജംഗ എക്‌സ്പ്രസ്സിന്റെ പിന്നില്‍ ചരക്ക് വണ്ടി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ചരക്ക് വണ്ടി സിഗ്നല്‍ തെറ്റിച്ചു വന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരേ പാതയില്‍ രണ്ട് ട്രെയിനുകള്‍ സഞ്ചരിച്ച് ഉണ്ടാകുന്ന അപകടം തടയാനുള്ള സാങ്കേതിക വിദ്യയായ കവച് ഡാര്‍ജലിംഗിലെ ട്രാക്കില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്തുകൊണ്ടാണ് ഇന്ത്യന്‍ റെയില്‍വേ അതിന്റെ ട്രാക്കുകള്‍ അപകട രഹിതമാക്കാന്‍ ഇനിയും വൈകുന്നത്?

2023 ജനുവരിയില്‍ ഒഡീഷയിലെ ബാലസോറില്‍ ട്രെയ്നുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 260 ലേറെ പേരാണ് കൊല്ലപ്പെട്ടത്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയ്ന്‍ ദുരന്തങ്ങളിലൊന്നായിരുന്നു അത്. 650 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ബാലസോര്‍ ജില്ലയില്‍ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം ബെംഗളൂരു-ഹൗറ എക്സ്പ്രസ് പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ബോഗികളിലേക്ക് ആ ട്രാക്കിലൂടെ വരികയായിരുന്ന കൊറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചു കയറി. മറിഞ്ഞ കൊറമണ്ഡല്‍ എക്സ്പ്രസിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയ്നും ഇടിച്ചു കയറിയാണ് മഹാദുരന്തം സംഭവിച്ചത്.

ഒഡീഷ ദുരന്തത്തിന് ശേഷവും ചര്‍ച്ചയായ പ്രധാന കാര്യം, ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യ വികസിപ്പിച്ച ശാസ്ത്രീയ സംവിധാനമായ കവച് രാജ്യത്തെ എല്ലാ ട്രാക്കുകളിലും ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്നായിരുന്നു. ഡാര്‍ജിലിംഗ് അപകടത്തിന് പിന്നാലെയും അതേ ചോദ്യം ഇന്ത്യന്‍ റയില്‍വേയോട് ചോദിക്കേണ്ടി വരുന്നതാണ് രാജ്യത്തിന്റെ ദുര്യോഗം.

എന്താണ് കവച്?

സിഗ്നല്‍ പാസിംഗ് അറ്റ് ഡെയ്ഞ്ചര്‍ (എസ്പിഎഡി), അമിത വേഗത എന്നിവ ഒഴിവാക്കുന്നതിന് ലോക്കോമോട്ടീവ് പൈലറ്റുമാരെ സഹായിക്കുന്നതിനും കനത്ത മൂടല്‍മഞ്ഞ് പോലുള്ള പ്രതികൂല കാലാവസ്ഥയില്‍ ട്രെയിന്‍ ഗതാഗതത്തിനു പിന്തുണ നല്‍കുന്നതിനുമുള്ള സുരക്ഷാ സംവിധാനമാണ് കവച്. ആവശ്യമുള്ളപ്പോള്‍ ഓട്ടോമാറ്റിക്കായി ബ്രേക്ക് പ്രയോഗിക്കപ്പെടുന്നു. ട്രെയിന്റെ വേഗത നിയന്ത്രിച്ച് അപകടങ്ങള്‍ കുറയ്ക്കുന്നു.

ലോക്കോമോട്ടീവ് പൈലറ്റ് പരാജയപ്പെടുന്നിടത്ത് ഓട്ടോമാറ്റിക്കായി ബ്രേക്ക് ഉപയോഗപ്പെടുത്തുക, മൂടല്‍മഞ്ഞുള്ള സാഹചര്യങ്ങളിലും ഉയര്‍ന്ന വേഗതയിലും മെച്ചപ്പെട്ട കാഴ്ച്ചയ്ക്കായി ക്യാബിനില്‍ ലൈന്‍ സൈഡ് സിഗ്നല്‍ ഡിസ്പ്ലേ ഏര്‍പ്പെടുത്തുക, വേഗതയുടെ തുടര്‍ച്ചയായ അപ്ഡേറ്റ്, ലെവല്‍ ക്രോസിംഗുകളില്‍ ഓട്ടോമാറ്റിക് ഹോണുകള്‍, നേരിട്ടുള്ള ലോക്കോ-ടു-ലോക്കോ പൈലറ്റുകളുടെ ആശയവിനിമയത്തിലൂടെ കൂട്ടിയിടി ഒഴിവാക്കുക, അടിയന്തിര സാഹചര്യങ്ങളില്‍ ട്രെയിനുകള്‍ നിയന്ത്രിക്കുന്നതിന് എസ്ഒഎസ് സവിശേഷത ഉള്‍പ്പെടുത്തുക എന്നിവയാണ് കവച് സംവിധാനത്തിന്റെ പ്രധാന സവിശേഷതകള്‍.

ദക്ഷിണ-മധ്യ റെയില്‍വേകളുടെ ഭാഗമായ ലിംഗംപള്ളി-വികരാബാദ്-വാഡി, വികരാബാദ്-ബിദാര്‍ ഡിവിഷനുകളില്‍ 250 കിലോമീറ്റര്‍ ദൂരത്തിലാണ് കവചിന്റെ പരീക്ഷണങ്ങള്‍ നടത്തിയത്. വിജയകരമായ പരീക്ഷണങ്ങളെത്തുടര്‍ന്ന്, ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലെ ഈ സംവിധാനം കൂടുതലായി വ്യാപിപ്പിക്കുന്നതിനായി അനുമതി നല്‍കി.

ഭൂരിഭാഗം  ട്രാക്കുകളും അപകടപ്പാത

2022 മാര്‍ച്ച് 23 നു റെയില്‍വേ മന്ത്രാലയം യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തദ്ദേശീയ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ (എടിപി) സംവിധാനമായ ‘കവച്’ ട്രെയിന്‍ ഗതാഗത്തില്‍ വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ട്രെയിന്‍ ഗതാഗതത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയായിട്ടായിരുന്നു ഈ പ്രഖ്യാപനം സ്വീകരിക്കപ്പെട്ടത്. ഇന്ത്യന്‍ റെയില്‍വേയുടെ ദേശീയ എടിപി സംവിധാനമായി സ്വീകരിച്ച കവച് റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) മൂന്ന് ഇന്ത്യന്‍ വെണ്ടര്‍മാരുമായി സഹകരിച്ചായിരുന്നു വികസിപ്പിച്ചെടുത്തത്.

കവചിന്റെ വികസനത്തിനായി ആകെ ചെലവഴിച്ചത് 16.88 കോടി രൂപയാണ്. ന്യൂഡല്‍ഹി-ഹൗറ, ന്യൂഡല്‍ഹി-മുംബൈ സെക്ഷനുകളില്‍ 2024 മാര്‍ച്ചോടെ കവച് സംവിധാനം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. കവച് പോലുള്ള സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ട്രെയിന്‍ ഗതാഗതത്തിലെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിയായിരുന്നു റെയില്‍വേ മന്ത്രി അശ്വനി വൈഷണവ് ലോക്സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കിയത്.

ആത്മനിര്‍ഭര്‍ പദ്ധതിയില്‍ പെടുത്തിയാണ് ‘കവച്’ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടിയത്. എന്നാല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനും മുന്നേ റെയില്‍വേ വികസിപ്പിച്ചെടുത്ത Train Collision Avoidance System( TCAS) പേരു മാറ്റി ‘ കവച്’ എന്നു അവതരിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നാണ് ആക്ഷേപം. പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ പേര് മാറ്റുകയല്ലാതെ, 2019 വരെ യാതൊരു പുരോഗതിയും ആ പദ്ധതിയില്‍ ഉണ്ടായിട്ടില്ലായിരുന്നുവെന്നാണ് മുന്‍ റെയില്‍വേ മന്ത്രി കൂടിയായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചത്. അതിനുശേഷമാണ് എന്തെക്കെയോ നടപടികള്‍ ചെയ്യാന്‍ തുടങ്ങിയത്. പക്ഷേ, അതൊന്നുമൊന്നും ആയിട്ടുമില്ല.

രാജ്യത്ത് 68,043 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍ പാതയുള്ളത്. ഇതില്‍ കവച്/ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത് വെറും 1,445 കിലോമീറ്ററില്‍ മാത്രമാണ്. അതായത് ആകെയുള്ള റെയില്‍ റൂട്ടില്‍ വെറും രണ്ടു ശതമാനത്തില്‍ മാത്രം. ഒഡീഷയില്‍ മുന്നൂറിനടുത്ത് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണവും റെയില്‍വേയുടെ പിഴവായിരുന്നു. കവച് സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ ആ മഹാ ദുരന്തം ഒഴിവാക്കാമായിരുന്നു.

ഇന്ത്യയിലെ 98 ശതമാനം റെയില്‍വേ റൂട്ടിലും അപകടം ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. അതിനുള്ള തെളിവുകളാണ് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം പൊതു ജനത്തിന് മാത്രമാണ്.  what is kavach? the anti collision system is not available on most of the tracks in india 

Content Summary; what is kavach? the anti collision system is not available on most of the tracks in india

Share on

മറ്റുവാര്‍ത്തകള്‍