February 14, 2025 |

13-കാരനും മരണത്തിന് കീഴടങ്ങി, അപകടകാരി ബ്രെയിന്‍ തിന്നുന്ന ബാക്ടീരിയ; അറിയേണ്ടതെല്ലാം

അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടാകും

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു 10 ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന 13കാരന്‍ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകന്‍ ഇ പി മൃദുല്‍ ആണ് മരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെയായി മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തില്‍ കുളിച്ചതിനു ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണം കണ്ടത്. അതേസമയം, വടകര സ്വദേശിയായ 15കാരനും രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നുണ്ട്.

തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന മസ്തിഷ്‌കജ്വരം (പി എ എം) മാരകമാണ്. പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപ്പെട്ടേക്കാവുന്ന ഈ അപൂര്‍വ രോഗം വന്നു കഴിഞ്ഞാല്‍ രക്ഷപ്പെടാനുള്ള സാധ്യത മൂന്നു ശതമാനം മാത്രമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കണ്ണൂര്‍, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകള്‍ വി ദക്ഷിണ (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ പന്ത്രണ്ടിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 20 ന് മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകള്‍ ഫദ്വ (5)യും മരിച്ചു. ജനുവരിയില്‍ സ്‌കൂളില്‍ നിന്ന് മുന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് ദക്ഷിണ സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്കു കാരണമായതെന്നാണു സംശയിക്കുന്നത്.
സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ദക്ഷിണയ്ക്ക് മൂന്നര മാസം കഴിഞ്ഞ് മേയ് എട്ടിനാണ് ലക്ഷണങ്ങള്‍ കണ്ടത്. തലവേദനയും ഛര്‍ദിയും ഭേദമാകാതെ വന്നതോടെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെര്‍മമീബ വെര്‍മിഫോമിസ് എന്ന അമീബയാണ് മരണത്തിന് കാരണമായതെന്നാണ് പരിശോധനാ ഫലത്തില്‍ വ്യക്തമായത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 20 നാണ് ഫദ്വ (5) മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കല്‍ കടവില്‍ കുളിച്ച ഫദ്വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്‌ക്കൊടുവിലാണ് ഫദ്വ മരിച്ചത്.2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടി രോഗം മൂലം ബാധിച്ചിരുന്നു. 2019-ലും 2020-ലും മലപ്പുറത്തും 2020-ല്‍ കോഴിക്കോടും 2022-ല്‍ തൃശൂരിലും രോഗമുണ്ടായി.

ജൂണ്‍16നാണ് മൃദുല്‍ പ്രദേശത്തെ അച്ചനമ്പലം കുളത്തില്‍ കുളിച്ചിരുന്നു. അതേ ദിവസം തന്നെ സ്‌കൂളിലെ ഫുട്ബാള്‍ ക്യാമ്പില്‍ കളിക്കാന്‍ പോയ കുട്ടിക്ക് പന്ത് തലയ്ക്കുതട്ടി പരുക്കും പറ്റി. പിന്നാലെ കുട്ടിയ്ക്ക് തലവേദനയും ഛര്‍ദിയും ഉണ്ടാവുകയും ബുധനാഴ്ച ഫറോക്ക് താലൂക്കാശുപത്രിയില്‍ കാണിക്കുകയും ചെയ്തു. തലക്കേറ്റ പരുക്കാണ് പ്രശ്‌നമെന്ന ധാരണയില്‍ മരുന്ന് നല്‍കി. എന്നാല്‍ പനി കൂടുകയും കുട്ടിയുടെ ആരോഗ്യ നില വഷളാവുന്ന അവസ്ഥയിലെത്തുകയും ചെയ്തതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയിരുന്നു. brain-eating amoeba.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യശരീരത്തില്‍ കടക്കുന്നത്.

അമീബ മൂക്കിലെത്തുന്നതാണ് അപകടകരം. ഈ അമീബയുള്ള വെള്ളം കുടിവെള്ളമായി ഉപയോഗിച്ചാല്‍ പ്രശ്‌നമുണ്ടാവില്ല. അമീബ തലച്ചോറില്‍ എത്തി കോശങ്ങളെ തകരാറിലാക്കുകയും ചെയ്യുന്നതോടെയാണ് പനി, തലവേദന ലക്ഷണങ്ങള്‍ മാറുകയും അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത്. തലച്ചോറിലെ കോശങ്ങള്‍ തകരാറിലായാല്‍ ബ്രെയിനില്‍ നീര്‍കെട്ട് പോലുള്ള അവസ്ഥ സംജാതമാവും. ഇതാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

രോഗ ലക്ഷണങ്ങള്‍

പനി, ഓക്കാനം, തീവ്രമായ തലവേദന, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ആദ്യ ദിനങ്ങളില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ എത്തി 9 ദിവസം കഴിയുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ വരാറ്. പിന്നീട് അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നീ ലക്ഷണങ്ങളും ഉണ്ടാകും. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധനയ്ക്ക് അയച്ചാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗ ബാധ രണ്ടാം ഘട്ടത്തിലെത്തുമ്പോഴാണ് രോഗനിര്‍ണയം ഉണ്ടാവാറ്. അപ്പോഴേക്കും പ്രതിരോധ മരുന്ന് നല്‍കേണ്ട സമയം കഴിഞ്ഞിരിക്കും. ഇതാണ് രോഗികളെ മരണത്തിലേക്ക് നയിക്കുന്നതും.

പ്രതിരോധം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക
മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക
കുളങ്ങളും മറ്റും ക്ലോറിനേറ്റ് ചെയ്യുക

 

 

English Summary: What is Naegleria fowleri or ‘brain-eating amoeba’, which led to a 5-year-old girl’s death in Kerala?

×