June 04, 2026 |

‘ആസാദി ദ ഒണ്‍ലി വേ’ പ്രസംഗം: അരുന്ധതി റോയിക്കെതിരെ യുഎപിഎ വന്ന വഴി

പ്രൊഫസര്‍ ഡോ. ഷെയിഖ് ഷൗക്കത്ത് ഹുസൈനെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യുഎപിഎ വകുപ്പു പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന. കശ്മീര്‍ വിഭജനവുമായി ബന്ധപ്പെട്ട് അരുന്ധതി നടത്തിയ പ്രസംഗമാണ് കേസിനാധാരം.
2010ല്‍ നല്‍കിയ പരാതി വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ടുള്ളതായതിനാല്‍ ആണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഇടപെടല്‍ കേസില്‍ ഉണ്ടായിരിക്കുന്നത്. ഇത്തരം കേസുകളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി വേണം. ഇതനുസരിച്ചാണ് ഡല്‍ഹി പൊലീസ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വാങ്ങിയത്.

‘ആസാദി ദ ഒണ്‍ലി വേ’ എന്ന പ്രസംഗം

2010 ഒക്ടോബര്‍ 21ന് കോപ്പര്‍നിക്കസ് മാര്‍ഗിലെ എല്‍ടിജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ആസാദി-ദ ഒണ്‍ലി വേ’ എന്ന പരിപാടിയിലാണ് അരുന്ധതി പ്രകോപനപരമായ പ്രസംഗം നടത്തിയതെന്നാണ് ആരോപണം. കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തണമെന്നും സ്വതന്ത്ര്യം നല്‍കണമെന്നും അരുന്ധതി പ്രസംഗത്തില്‍ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നുമായിരുന്നു ആ പരാമര്‍ശമെന്നുമാണ് പരാതിയിലുള്ളത്.

പരിപാടിക്കിടെ ദി ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് എന്ന നോവലിന് 97ല്‍ ലഭിച്ച ബുക്കര്‍ പ്രൈസ് നേടിയ അനുഭവത്തെ അരുന്ധതി അനുസ്മരിച്ചിരുന്നു. ഈ സമയത്താണ് അന്ന് ഒരു ചാനല്‍ റിപ്പോര്‍ട്ടറുമായി ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ തര്‍ക്കമുണ്ടായതും അവര്‍ പറഞ്ഞത്. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യമെന്നും ‘കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല. എത്ര തവണ നിങ്ങള്‍ എന്നോട് ഇത് ചോദിക്കുന്നു, ഇനിയും ചോദിച്ചാലും ഇത് തന്നെയാണ് ഉത്തരം, കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പോലും അംഗീകരിച്ചു. പിന്നെ എന്തിനാണ് നിങ്ങളത് മാറ്റാന്‍ ശ്രമിക്കുന്നത്.’ -ഇതായിരുന്നു മറുപടിയെന്നും അരുന്ധതി റോയി പറഞ്ഞു. ഈ വാക്കുകളാണ് ഇപ്പോഴവര്‍ക്ക് കുരുക്കായത്. കശ്മീരില്‍ 17 വയസ്സുകാരനായ തുഫൈല്‍ അഹമ്മദ് കണ്ണീര്‍വാതക ആക്രമണത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അതിശക്തമായ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്ന കാലത്തായിരുന്നു ഡല്‍ഹി സമ്മേളനം നടന്നത്. ഏകദേശം 120ഓളം ആളുകളാണ് അന്ന് കശ്മീരില്‍ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്തുള്ള അരുന്ധതിയുടെ പ്രസംഗം പ്രതിഷേധങ്ങളുടെ മൂര്‍ച്ഛ കൂട്ടിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ആ പ്രസംഗം രാജ്യദ്രാഹപരമാണെന്നും പൊതു സമാധാനവും സുരക്ഷയും അപകടത്തിലാക്കിയെന്നും അദ്ദേഹം പറയുന്നു.

കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ നിയമ പ്രൊഫസര്‍ ഡോ. ഷെയിഖ് ഷൗക്കത്ത് ഹുസൈനെയും ഇതേ വകുപ്പ് ചുമത്തി പ്രോസിക്യൂട്ട് ചെയ്യാനും ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. യുഎപിഎ നിയമത്തിലെ 45(1) വകുപ്പാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. അരുന്ധതിക്കും ഷൗക്കത്ത് ഹുസൈനിനും പുറമെ പരേതനായ ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡല്‍ഹി സമ്മേളനത്തിലെ അവതാരകനും പാര്‍ലിമെന്റ് ആക്രമണ കേസിലെ മുഖ്യ പ്രതിയുമായ എസ് എ ആര്‍ ഗിലാനി, വരവര റാവു എന്നിവരും പരിപാടിയില്‍ സംസാരിച്ചിരുന്നു. ഹിന്ദുത്വ പ്രവര്‍ത്തകനും കശ്മീരിലെ ആക്ടിവിസ്റ്റുമായ സുശീല്‍ പണ്ഡിറ്റ് ആണ് സിആര്‍പിസി 156 (3) വകുപ്പ് പ്രകാരം ന്യൂഡല്‍ഹിയിലെ മജിസ്ട്രേറ്റ് കോടതിയില്‍ വിഷയത്തില്‍ പരാതി ഫയല്‍ ചെയ്തത്. 2010 നവംബര്‍ 27നായിരുന്നു ഇത്. ഡല്‍ഹി സമ്മേളനത്തില്‍ സംസാരിച്ചവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

 

 

English Summary: What Is The 2010 UAPA Case Against Arundhati Roy?

 

Leave a Reply

Your email address will not be published. Required fields are marked *

×