April 20, 2025 |
Share on

മഹാകുംഭമേളയില്‍ 66 കോടി പേര്‍ പങ്കെടുത്തുവെന്നതിന്റെ യാഥാര്‍ഥ്യമെന്ത്? 144 വര്‍ഷത്തിലൊരിക്കല്‍ എന്നതും കള്ളമോ?

66 കോടി ജനങ്ങള്‍ എത്തിചേര്‍ന്നതായി സര്‍ക്കാര്‍ പറയുന്നതില്‍ 85 ശതമാനവും എങ്ങനെ അവിടെ എത്തിയെന്നതില്‍ ഉറപ്പില്ല

ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയുള്ള ദിവസങ്ങളില്‍ നടന്ന അലഹബാദ് മഹാകുംഭമേളയില്‍ 66 കോടി പേര്‍ പങ്കെടുത്തുവെന്ന വാര്‍ത്ത എത്രത്തോളം ശരിയാണ്? ഇന്ത്യന്‍ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന ആളുകള്‍ ഇത്രയും ദിവസം കൊണ്ട് ഒരു നഗരത്തില്‍ വന്ന് പോയി എന്നത് വിശ്വസനീയമായ കാര്യമാണോ? നക്ഷത്രങ്ങളുടെ സ്ഥാനവും ക്രമവും അനുസരിച്ച് പവിത്രമായ കാലയളവില്‍ നടക്കുന്ന ഈ കുംഭളേ 144 വര്‍ഷത്തിലൊരിക്കാന്‍ സംഭവിക്കുന്നതാണെന്നും അതുകൊണ്ട് അപൂര്‍വ്വ സൗഭാഗ്യമാണ് ഇതില്‍ പങ്കെടുക്കുന്നതും എന്നുള്ള പ്രചരണം ശരിയാണോ? മുമ്പുള്ള പല കുംഭമേളയിലും ഉണ്ടായതല്ലേ ഈ പ്രചാരണം? ഏറ്റവും ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ മരിച്ച സംഭവം ഒളിച്ച് വയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ നടത്തിയില്ലേ? എന്തിനാണ് നിരന്തരം നുണ പറഞ്ഞുകൊണ്ട് അപകടങ്ങള്‍ ഒളിച്ച് വയ്ക്കാന്‍ ശ്രമിച്ചത്?

ആറാഴ്ച നീണ്ട് നിന്ന കുംഭമേള ഫെബ്രുവരില്‍ അവസാനച്ചതിനെ തുടര്‍ന്നുള്ള പ്രചാരണങ്ങളുടെ വസ്തുതകള്‍ എന്തെല്ലാമാണ്? ഉത്തര്‍പ്രദേശ് സര്‍ക്കാരും ബി.ജെ.പി നേതാക്കളും അവരുടെ പി.ആര്‍ ഏജന്‍സികളും മുഖ്യധാര മാധ്യമങ്ങളും പറയുന്നതില്‍ എത്ര ശരിയുണ്ട്? ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും മുഖ്യധാര മാധ്യമങ്ങളുടേയും കണക്കുകള്‍ അത്ര ശരിയല്ല എന്നതാണ് തെളിയുന്നത്.

പാലാഴി മഥനത്തിന് ശേഷം ലഭിച്ച അമൃതകുംഭവുമായുള്ള ദേവന്മാരുടെ പ്രയാണത്തിടയില്‍ അമൃത് തുളുമ്പി വീണ നാല് ഇടങ്ങളാണ് കുംഭമേള നടക്കുന്നത് എന്നാണ് ഐതിഹ്യം. ഉത്തര്‍പ്രദേശിലെ അലഹബാദ് അഥവാ പ്രയാഗ് രാജിന് പുറമേ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, മധ്യപ്രദേശിലെ ഉജ്ജ്വയിന്‍, മഹാരാഷ്ട്രയിലെ നാസിക് എന്നിവടങ്ങളിലാണ് കുംഭമേളകള്‍ നടക്കുക. കുംഭമേളയ്ക്കിടയില്‍ ആ പ്രദേശത്തെ നദിയില്‍ മുങ്ങി കുളിച്ചാല്‍ പാപപരിഹാരവും മോക്ഷവും ഉണ്ടാകുമെന്നാണ് വിശ്വാസം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കുംഭമേളയ്ക്ക് പൂര്‍ണകുംഭമെന്നും ആറ് വര്‍ഷത്തിലൊരിക്കാന്‍ നടക്കുന്ന കുംഭമേളയ്ക്ക് അര്‍ദ്ധ കുംഭമെന്നുമാണ് പറയുക. 2017-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥാണ് പൂര്‍ണകുംഭമേളയെ മഹാകുംഭമേള എന്ന് വിളിച്ച് തുടങ്ങിയത്. 2019-ലെ അര്‍ദ്ധ കുംഭമേളയ്ക്കിടയില്‍ തന്നെ 2025-ലെ മഹാകുംഭമേള അതിവിശിഷ്ടമായിരിക്കും എന്ന ശ്രുതി ഉയര്‍ന്നിരുന്നു. 2019-ലെ അര്‍ദ്ധ കുംഭമേളയില്‍ 25 കോടി പേര്‍ പങ്കെടുത്തുവെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. അതിന് മുമ്പ് 2013-ല്‍ നടന്ന പൂര്‍ണകുംഭമേളയില്‍ 12 കോടി പേരും പങ്കെടുത്തുവത്രേ! ഇത്തവണത്തേത് അതിലുമെല്ലാം പ്രധാന്യമുള്ളതായിരിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കാരണം 144 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന അപൂര്‍വ്വമായ മഹാകുംഭമേളയാകുന്നു ഇത്.

മഹാകുംഭമേളയിലേയ്ക്കുള്ള യാത്ര
45 ദിവസത്തിനിടെ 66 കോടി ജനങ്ങള്‍ ഒരു നഗരത്തില്‍ വന്ന് പോവുക എന്നത് അത്ഭുതകരമായ കാര്യമാണ്. അത് എങ്ങനെ സാധിക്കും? ആളുകള്‍ എങ്ങനെയാണ് പ്രയാഗ്രാജ് അഥവാ അലഹബാദില്‍ എത്തിയത്? നാല് മാര്‍ഗ്ഗത്തിലൂടെ പ്രയാഗ്രാജിലെത്താം. വിമാനത്തില്‍, തീവണ്ടിയില്‍, ബസില്‍, സ്വകാര്യവാഹനങ്ങളില്‍. ആദ്യത്തെ മൂന്ന് മാര്‍ഗ്ഗത്തിലൂടെ എത്തുന്നവരെ കണ്ട് പിടിക്കാന്‍ കുറച്ച് കൂടി എളുപ്പമാണ്.

Maha Kumbh mela

1. ഫെബ്രുവരി 28-ലെ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് ജനവരി 11 മുതല്‍ ഫെബ്രുവരി 26 വരെ 5225 വിമാന ട്രിപ്പുകളിലായി 5,60,174 പേര്‍ പ്രയാഗ് രാജ് വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.

2. തീവണ്ടിയാത്ര സംബന്ധിച്ചും പൊതുരേഖകളുണ്ട്. ഫെബ്രുവരി 27 ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് 17,152 വട്ടം തീവണ്ടികള്‍ മഹാകുംഭമേളയിലേയ്ക്കുള്ള തീര്‍ത്ഥാടകരെ വഹിച്ച് പ്രയാഗ്രാജിലെത്തി എന്നാണ്. ’66 കോടി തീര്‍ത്ഥാടകര്‍ മഹാകുംഭമേളയില്‍ പങ്കെടുത്തു. അവരില്‍ 4.24 കോടി യാത്രികരും പ്രയാഗ്രാജിലെ ഒന്‍പത് തീവണ്ടി സ്റ്റേഷനുകളിലായാണ് എത്തിയത്.” കുറച്ച് പേരൊക്കെ മറ്റ് സ്റ്റേഷനുകളില്‍ ഇറങ്ങി കാറുകളിലും ടാക്സികളിലും ബസുകളിലുമൊക്കെയായി എത്തിക്കാണും. അവരെ റോഡ് യാത്രക്കാരായി തന്നെ കണക്കാക്കാം.

3. എത്രമാത്രം തീര്‍ത്ഥാടകര്‍ ബസുകളില്‍ എത്തിയെന്നതിനെ കുറിച്ച് സര്‍ക്കാരിന്റെ കൈവശം ഏകീകൃത രേഖകള്‍ ഒന്നുമില്ല. ഇത് ലഭിക്കാനായി വിഷമമൊന്നുമില്ലെങ്കിലും കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരിന്റെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനോ ഇത് പരസ്യമാക്കിയിട്ടില്ല. യു.പി.റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മാര്‍ച്ച് ആറിന് പുറത്ത് വിട്ട വാര്‍ത്ത കുറിപ്പ് അനുസരിച്ച് 3.25 കോടി പേര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രയാഗ് രാജില്‍ എത്തിയിട്ടുണ്ട്. ഇത് അങ്ങോട്ടും ഇങ്ങോട്ടുമുള്ള കണക്കാണോ തിരിച്ച് പോയവരുടെ എണ്ണം കൂടി കൂട്ടിയാണോ അതോ പ്രയാഗ് രാജിലേയ്ക്ക് മാത്രമുള്ള സര്‍വ്വീസില്‍ നിന്നുള്ളതാണോ എന്നറിയില്ല. ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ 5978 യാത്രക്കാരെ അവിടെ എത്തിച്ചതായി അറിയിച്ചു. സ്വകാര്യ ബസുകളുടെ ഡാറ്റയും പുറത്ത് വന്നിട്ടില്ല. എന്നാല്‍ മണി കണ്‍ട്രോള്‍ എന്ന ബിസിസസ് പ്രസിദ്ധീകരണം എ.ഐ ഉപയോഗിച്ച് കണ്ടെത്തിയത് ദിവസം ആറു ലക്ഷം പേരെങ്കിലും സ്വകാര്യ ബസുകള്‍ വഴി പ്രയാഗ് രാജില്‍ എത്തിയിട്ടുണ്ട് എന്നാണ്. 45 ദിവസങ്ങള്‍ കൊണ്ട് ഏകദേശം 2.7 കോടി ആളുകള്‍.

4. പ്രയാഗ് രാജിലെത്താനുള്ള മറ്റൊരു മാര്‍ഗം സ്വകാര്യ കാറുകളോ ടാക്സികളോ ആണ്. ഇതിന്റെ കണക്ക് ലഭ്യമാക്കാന്‍ ടോള്‍ ബൂത്തുകളില്‍ നിന്നോ ഹൈവേ കാമറകളില്‍ നിന്നോ വിവരം ലഭിക്കണം. പക്ഷേ സര്‍ക്കാര്‍ അത് പുറത്ത് വിട്ടിട്ടില്ല.

ലഭ്യമായ കണക്കുകള്‍ ഇങ്ങനെയാണ്.

വിമാനത്തിലെത്തിയവര്‍: 5.6 ലക്ഷം
തീവണ്ടിയില്‍ എത്തിയവര്‍: 4.24 കോടി
യു.പി.എസ്.ആര്‍.റ്റി.സി.: 3.25 കോടി
ജി.എസ്.ആര്‍.റ്റി.സി: 5798
സ്വകാര്യം ബസുകള്‍: ഏകദേശം 2.7 കോടി

സ്വകാര്യ കാറുകള്‍/ടാക്സി/ബൈക്ക് : അറിയില്ല.
മറ്റ് സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള ബസുകള്‍: അറിയില്ല.

അറിയാവുന്നിടത്തോളം ആകെ എത്തിയവര്‍: ഏകദേശം 10.25 കോടി
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്: 66 കോടി

ബാക്കി: 55.75 കോടി

അഥവ സര്‍ക്കാര്‍ അവകാശപ്പെടുന്ന 66 കോടി തീര്‍ത്ഥാടകയില്‍ 55.75 കോടിയും എങ്ങനെ പ്രയാഗ്രാജില്‍ വന്നുവെന്നതിന് തെളിവില്ല. അതാകട്ടെ ഔദ്യോഗിക കണക്കിന്റെ 85 ശതമാനമാണ്. നഗരത്തിന്റെ തുടക്കത്തിലും പലയിടങ്ങളിലും ക്യാമറകളും ടോണ്‍ബൂത്തുകളും ഉള്ളത് കൊണ്ട് ലഭ്യമാകാന്‍ ബുദ്ധിമുട്ടുള്ള കണക്കല്ല അത്. എന്തുകൊണ്ടാണ് അത് വിവരം പുറത്ത് വിടാത്തത് എന്നറിയില്ല.

അതുകൊണ്ട് തന്നെ 66 കോടി എന്ന ഈ കണക്ക് വിശ്വസനീയമാണോ?

Maha Kumbh mela

66 കോടിയുടെ വലിപ്പം
45 ദിവസം കൊണ്ട് കുംഭമേള നടക്കുന്നിടത്ത് 66 കോടി ജനങ്ങള്‍ വന്നുവെന്ന് പറയുന്ന പ്രധാനമന്ത്രി തന്നെ അമേരിക്കന്‍ ജനസംഖ്യയുടെ രണ്ടിരട്ടിയാണിത് എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. 4000 ഹെക്ടര്‍ അഥവാ 40 ചതുരശ്രകിലോമീറ്റര്‍ ഇടത്താണ് ഇത്രയധികം ജനങ്ങള്‍ വരേണ്ടത്. അമേരിക്കയുടെ വലിപ്പം 98 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആണെന്ന് ഓര്‍ക്കുക. ഇന്ത്യയുടെ ജനസംഖ്യ 140 കോടി എന്നാണ് കണക്കാക്കുന്നത്. അഥവാ ഏതാണ്ട് പകുതിയോളം ഇന്ത്യക്കാര്‍, ഔദ്യോഗിക കണക്ക് ശരിയാണെങ്കില്‍ കുംഭമേളയില്‍ പങ്കെടുത്തിട്ടുണ്ട്. ഇത് വിശ്വസിക്കാന്‍ പ്രയാസമാണ്. 140 കോടിയില്‍ 110 കോടിയോളം പേര്‍ ഹിന്ദുക്കളാണെന്നാണ് കണക്ക്. ഇങ്ങനെയാണെങ്കില്‍ അഞ്ചുപേരുള്ള ഏതാണ്ട് എല്ലാ ഹിന്ദു കുടുംബത്തില്‍ നിന്നും മൂന്ന് പേരെങ്കിലും കുംഭമേളയില്‍ പങ്കെടുത്ത് കാണണം.

2011-ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം 19.98 കോടി ജനങ്ങളുള്ള യു.പിയാണ്. മഹാരാഷ്ട്ര (11.24 കോടി), ബിഹാര്‍ (10.41 കോടി), പശ്ചിമ ബംഗാള്‍(9.13 കോടി), മധ്യപ്രദേശ് (7.27 കോടി) എന്നീ സംസ്ഥാനങ്ങളാണ് പുറകേ. ഈ അഞ്ച് സംസ്ഥാനങ്ങളിലേയും സംയുക്ത ജനസംഖ്യ 58 കോടിയാണ് വരുന്നത്. അതിലധികം പേര്‍ കുംഭമേളയ്ക്ക് എത്തിയെന്നാണ് പറയുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിലെ ജനസംഖ്യ പത്ത് ലക്ഷമാണ്. കുംഭമേളയില്‍ 45 ദിവസം കൊണ്ട് ധാരാവിയിലുള്ള മനുഷ്യരുടെ 660 ഇരട്ടിയെത്തി എന്നാണ് യു.പി സര്‍ക്കാരിന്റെ അവകാശവാദം.

എങ്ങനെയാണ് 66 കോടി കണക്കാക്കിയത്?
66 കോടി ആളുകളെത്തി എന്നാണോ 66 കോടി എന്‍ട്രികള്‍ രേഖപ്പെടുത്തി എന്നാണോ എന്നത് സര്‍ക്കാരിന്റെ പത്രകുറിപ്പില്‍ വ്യക്തമല്ല. ഒരേയാളുകള്‍ ഒരേ ദിവസമോ പല ദിവസമോ എന്‍ട്രികള്‍ രേഖപ്പെടുത്തിയത് കണക്കാക്കിയാല്‍ ഒരു പക്ഷേ ഈ എണ്ണത്തിന് സാധുതയുണ്ടാകും. പക്ഷേ സര്‍ക്കാരിന്റെ പത്രക്കുറിപ്പിന്റെ ഭാഷ സൂചിപ്പിക്കുന്നത്, ആളുകളെ എണ്ണം തന്നെയാണ് എന്‍ട്രി അല്ല എന്നാണ്. ’45 ദിവസം കൊണ്ട് 45 കോടി ആളുകളെത്തും എന്നാണ് കരുതിയിരുന്നതെങ്കിലും അവസാന ദിവസമായപ്പോഴേയ്ക്കും 66 കോടിയിലധികം ആളുകള്‍ എത്തി’ -വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്നാല്‍ ആളുകളുടെ എണ്ണം എങ്ങനെ സര്‍ക്കാര്‍ കണക്കാക്കി എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.

മാധ്യമറിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആള്‍ക്കൂട്ടത്തെ നിരീക്ഷിക്കാന്‍ എ.ഐ ക്യാമറകളും ഡ്രോണുകളും ഉണ്ടായിരുന്നു. ജനസാന്ദ്രത മനസിലാക്കി സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം ലഭിച്ചിരുന്നത് ഈ എ.ഐ ക്യാമറകള്‍ ഉപയോഗിച്ചാണ്. 1700 ലൊക്കേഷനുകളില്‍ ഈ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ 500 എ.ഐ ക്യാമറകള്‍ ജനക്കൂട്ടത്തെ തത്സമയം വിലയിരുത്തിക്കൊണ്ടിരുന്നു. അതേസമയം സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ചുമതലയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അമിത് കുമാര്‍ ഈ എ.ഐ ക്യാമറകള്‍ ‘ഒരാള്‍ പലവട്ടം സ്നാനഘട്ടുകളില്‍ സന്ദര്‍ശനം നടത്താല്‍ പലരായി എണ്ണാന്‍ സാധ്യതയുണ്ട്’ എന്ന് വെളിപ്പെടുത്തിയിരുന്നു. ഇത്രയും വലിയ ജനക്കൂട്ടത്തില്‍ വ്യക്തികളെ പ്രത്യേകം കണക്കാക്കി എണ്ണുക എന്നത് എ.ഐ ക്യാമറകള്‍ക്കും വിഷമമായിരിക്കുമെന്നാണ് വിഗദ്ധര്‍ പറയുന്നത്.

Maha Kumbh mela

ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ചെലവുകള്‍ക്കപ്പുറം ചെലവഴിക്കാന്‍ വകയില്ലാത്തവരാണ് ഇന്ത്യയിലെ 140 കോടി മനുഷ്യയില്‍ 100 കോടിയും എന്ന് ഈയിടെ കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. അപ്പോഴാണ് 66 കോടി ആളുകള്‍ കുംഭമേളയ്ക്ക് എത്തിയെന്ന സ്ഥിതീകരിക്കാന്‍ കഴിയാത്ത കണക്കുമായി കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും രംഗത്ത് വന്നിരിക്കുന്നത്. 45 ദിവസം നീണ്ട കുംഭമേള അവസാനിച്ച ദിവസം തന്നെ ഈ കണക്കുമായി വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം രംഗത്തെത്തിയെന്നതും അത്ഭുതമാണ്. ന്യൂഡല്‍ഹി റെയില്‍വേസ്റ്റേഷനിലും കുംഭമേളയിലെ വിവിധ ഇടങ്ങളിലും തിക്കിലും തിരക്കിലും പെട്ട് എത്രപേര്‍ മരിച്ചുവെന്ന അടിസ്ഥാന വിവരം ലഭിക്കാന്‍ എത്രയോ കാത്തിരിക്കേണ്ടി വന്നു എന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കണക്കിന്റെ വേഗതയില്‍ തീര്‍ച്ചയായും സംശയങ്ങള്‍ തോന്നാം.

തിക്കിലും തിരക്കിലുമുള്ള മരണങ്ങള്‍ ഒളിച്ച് വയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍
കുംഭമേളയിലെ വിശേഷപ്പെട്ട ദിവസങ്ങളായ ജനുവരി 28ന് രാത്രി ത്രിവേണി സംഗമത്തില്‍ കുളിക്കാന്‍ പതിനായിരങ്ങള്‍ തിരക്കുകൂട്ടി. രാത്രി രണ്ടുമണിയോടെ സംഗം ഘാട്ടിന് പരിസരത്തുണ്ടായ തിക്കിലും തിരക്കിലും കുറേ പേര്‍ മരിച്ചു. രാവില വരെ സര്‍ക്കാരോ പോലീസോ അവിടെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചില്ല. മണിക്കൂറുകളോളം പോലീസും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗൗരവപ്പെട്ട ഒരു അപകടവും ഉണ്ടായിട്ടില്ല എന്നാവര്‍ത്തിച്ചു. രാവിലെ അഞ്ചുമണിക്ക് തിക്ക്-തിരക്ക് അപകടം പോലെയൊന്ന് ഉണ്ടായി എന്ന് കുംഭമേളയുടെ പ്രത്യേക ഉദ്യോഗസ്ഥന്‍ അറിയിച്ചു. എട്ട് മണിക്ക് മുഖ്യമന്ത്രി സംഗം ഘാട്ടില്‍ വിശുദ്ധ സ്നാനം നിര്‍വിഘ്നം നടക്കുന്നതായി എക്‌സില്‍ എഴുതി. ഉച്ചയോടെ പ്രധാനമന്ത്രി കുംഭമേളയിലെ ആള്‍ത്തിരക്കില്‍ പെട്ട് മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചതിന് ശേഷവും അങ്ങനെ ഒരു അപകടം നടന്നിട്ടില്ല എന്ന് കുംഭമേള എസ്.എസ്.പി രാജേഷ് ദ്വിവേദി പറഞ്ഞു. ആരും കിംവദന്തികള്‍ വിശ്വസിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. ഏതാനും മിനുട്ടുകള്‍ക്കകം രാഷ്ട്രപതിയും അപകടത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാജ്ഞലി നേര്‍ന്നു.

Maha Kumbh mela

അവസാനം അപകടം നടന്ന് 17 മണിക്കൂറുകള്‍ക്ക് ശേഷമാണ്, 6.39-ന് ഡി.ഐ.ജി വൈഭവ് കൃഷ്ണ 30 പേര്‍ മരിച്ചതായും 60 പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചത്. ജനുവരി 29ന് തന്റെ ഭാര്യാമാതാവിന്റെ മൃതദേഹവും 15,000 രൂപയും അധികൃതര്‍ നല്‍കിയാതായി ബിഹാറില്‍ നിന്നുള്ള ഒരാള്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രഖ്യാപിച്ചിരുന്ന നഷ്ടപരിഹാരത്തിന്റെ ഒരംശം മാത്രമായിരുന്നു അത്. പക്ഷേ 29-ന് പകല്‍ ഇങ്ങനെ ഒരു അപകടം സര്‍ക്കാര്‍ നിഷേധിച്ചുകൊണ്ടിരിക്കേയാണ് മൃതദേഹവും നഷ്ടപരിഹാരവും കൈമാറിയത്.

ഇത് ഒരു സംഭവമല്ല. തിക്ക് തിരക്കുകള്‍ മൂലം രണ്ട് അപകടം കൂടി മഹാകുംഭമേള പരിസരത്ത് നടന്നു. ഒന്ന് ഝൂസിയിലും മറ്റേത് ഓള്‍ഡ് ജിറ്റി റോഡില്‍ സെക്ടര്‍ പത്തിലും. ഝൂസിയില്‍ ഒന്നും സംഭവിച്ചില്ല എന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത് എങ്കിലും ഒരു കുട്ടിയടക്കം ഏഴ്പേര്‍ മരിച്ചതായി പിന്നീട് തെളിഞ്ഞു. ലല്ലന്‍ടോപ്പിന്റെ വീഡിയോയില്‍ അപകടത്തിന് ശേഷമുള്ള രാത്രിയില്‍ ട്രാക്ടറുകളെല്ലാം ഉപയോഗിച്ച് ക്ലീനിങ് സ്റ്റാഫ് വളരെ വേഗത്തില്‍ അപകടത്തിന്റെ തെളിവുകളെല്ലാം ഇല്ലാതാക്കി പരിസരങ്ങള്‍ വൃത്തിയാക്കുന്നതിന്റെ രേഖകളുണ്ടായിരുന്നു. ദൈനിക് ഭാസ്‌കറിന്റെ റിപ്പോര്‍ട്ട് പറയുന്നത് ചുരുങ്ങിയത് 24 പേര്‍ ഝൂസിയില്‍ മരിച്ചിട്ടുണ്ട് എന്നാണ്. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ മൊഴി കണക്കിലെടുത്താല്‍ 100 പേരെങ്കിലും മരിച്ച് കാണമെന്നാണ് പറയുന്നത്. മൂന്നാമത്തെ അപകടത്തെ കുറിച്ച് ഔദ്യോഗികമായി ഒരു വിശദീകരണവും ഇല്ല. ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് പറയുന്നത് ഏഴ് സ്ത്രീകളെങ്കിലും മരിച്ചിട്ടുണ്ട് എന്നാണ്.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മഹാകുംഭമേളയ്ക്ക് പോകുന്ന യാത്രക്കാര്‍ തിക്കിലും തിരിക്കിലും പെട്ട് മരിച്ചത് ഇതുപോലെ തന്നെ ഒളിച്ച് വയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. 15 പേര്‍ മരിച്ചുവെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത് എങ്കിലും മരണം എത്രയോ കൂടാമെന്നാണ് വീഡിയോകളും കുന്നുകൂടി കിടക്കുന്ന മൃതദേഹങ്ങളുടെ ഫോട്ടോകളും തെളിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടവുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ട എല്ലാ വീഡിയോകളും ചിത്രങ്ങളും നീക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് സംബന്ധിച്ചും ഒട്ടേറെ ദുരൂഹതകളുണ്ട്. ദുരന്തത്തില്‍ ദുഖം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ കുറിപ്പിട്ട ഡല്‍ഹി ലഫ്നന്റ് ഗവര്‍ണര്‍ അത് പെട്ടന്ന് തന്നെ പിന്‍വലിച്ചു. അപകടത്തെ കുറിച്ചുള്ള വിദശാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ വിസമ്മതിച്ചുകൊണ്ടേയിരുന്നു.

144 വര്‍ഷത്തിലൊരിക്കല്‍
66 കോടി ജനങ്ങള്‍ എത്തിചേര്‍ന്നതായി സര്‍ക്കാര്‍ പറയുന്നതില്‍ 85 ശതമാനവും എങ്ങനെ അവിടെ എത്തിയെന്നതില്‍ ഉറപ്പില്ലെങ്കിലും അവിടെ എത്തിയ തീര്‍ത്ഥാടകരെ ആകര്‍ഷിച്ച ഘടകങ്ങളിലൊന്ന് ജീവിതത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിത് എന്നതാണ്. കാരണം 144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്നതാണ് ഈ മഹാകുംഭ് എന്നതായിരുന്നു സംഘാടകരുടെ വാദം.

Maha Kumbh mela

Maha kumbh mela

maha kumbh mela

ജ്യോതിഷ പ്രകാരം ഇത് പുണ്യമായ മുഹൂര്‍ത്തമാണ് എന്ന വാദത്തെ എതിര്‍ക്കാനാവില്ല. പക്ഷേ 2001-ലും 2013-ലും നടന്ന കുംഭമേളയെ കുറിച്ചും 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് എന്ന അവകാശവാദമുണ്ടായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. 1954-ല്‍ നടന്ന കുംഭമേളയെ കുറിച്ച് ലണ്ടനിലെ ‘ദ ഡേ’ എന്ന പത്രം നല്‍കിയ ലേഖനത്തിലും 144 വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നത് എന്ന് വിശേഷിപ്പിച്ചിരുന്നു.  What is the reality of 66 crore people attending the Maha Kumbh Mela? Is it also a lie that it happens once in 144 years?

കടപ്പാട്; alt news

Content Summary; What is the reality of 66 crore people attending the Maha Kumbh Mela? Is it also a lie that it happens once in 144 years?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×