ഉത്തരാഖണ്ഡിനെയാകെ പിടിച്ചുകുലുക്കിയ അങ്കിത ഭണ്ഡാരി കൊലപാതകത്തിൽ നിർണായകമായത് വാട്സ്ആപ്പ് സന്ദേശങ്ങളും സാക്ഷി മൊഴികളും. 2022ലാണ് വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. അങ്കിതയുടെ തൊഴിലുടമയും മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനുമായ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേർ ചേർന്നാണ് അങ്കിതയെ കൊലപ്പെടുത്തുന്നത്.
3 വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇക്കഴിഞ്ഞ ദിവസം കേസിൽ സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്. കേസിലെ പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൌരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. അങ്കിതയുടെ മരണം കൊലപാതകമാണെന്ന് വരുത്തി തീർക്കാൻ കേസിന്റെ വിചാരണയിലുടനീളം പ്രതിഭാഗം ശ്രമിച്ചിരുന്നു. അങ്കിത വിഷാദത്തിലായിരുന്നുവെന്നും ഒരു സുഹൃത്തിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിഭാഗത്തിന്റെ വക്കീൽ കോടതിയിൽ വാദിച്ചു. ഋഷികേശിലെ ഒരു കനാലിൽ നിന്നായിരുന്നു അങ്കിതയുടെ മൃതദേഹം കണ്ടെടുത്തത്.
റിസോർട്ടിൽ റിസപ്ഷനിസ്റ്റായി പ്രവേശിച്ചത് മുതൽ സംഭവം നടന്ന ദിവസം വരെയുള്ള അങ്കിതയുടെ വാട്സ്ആപ്പ് ചാറ്റുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പുൽകിത് മാസങ്ങളോളം അങ്കിതയെ ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തിയത്. അതിഥികൾക്ക് വേണ്ടി ലൈംഗികമായി വഴങ്ങണമെന്ന് പലപ്പോഴായി പുൽകിത് അങ്കിതയോട് ആവശ്യപ്പെട്ടിരുന്നു. റിസോർട്ടിലെ ജോലി ഉപേക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നതായി അങ്കിത സുഹൃത്തിനോട് സൂചിപ്പിച്ചിരുന്നു. ഞാൻ ദരിദ്രയാണ്, എന്നാൽ 10,000 രൂപയ്ക്ക് വേണ്ടി ഞാൻ എന്നെ തന്നെ വിൽക്കാൻ തയ്യാറാവണോയെന്ന് അങ്കിത തന്റെ സുഹൃത്തിനോട് ചോദിച്ചിരുന്നു. മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ അങ്കിതയുടെ മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് അങ്കിത ആത്മഹത്യ ചെയ്തതല്ലെന്ന് വ്യക്തമാവുന്നത്. അങ്കിതയെ കാണാതായ ദിവസം ഇവർ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ വിളിച്ച് റിസോർട്ടിൽ നിന്ന് തന്റെ ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാൾ ബാഗുമായി എത്തിയെങ്കിലും അങ്കിത സ്ഥലത്ത് ഇല്ലായിരുന്നു. സംഭവ ദിവസം അങ്കിത പ്രതി പുൽകിത് ആര്യയുടെ ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിരുന്നു. ഇവർക്കൊപ്പം തന്നെ മറ്റൊരു ബൈക്കിൽ മറ്റു രണ്ട് പ്രതികളുമുണ്ടായിരുന്നു. കേസിൽ ദൃക്സാക്ഷികളില്ലാത്ത സാഹചര്യത്തിൽ ഈ ദൃശ്യങ്ങൾ തെളിവുകളായി പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അങ്കിതയുടെ തന്റെ സുഹൃത്തിനയച്ച വാട്സ്ആപ്പ് സന്ദേശങ്ങളാണ് കേസിൽ നിർണ്ണായകമായത്. അങ്കിത പുഷ്പ് വഴിയാണ് റിസോർട്ടിൽ ഒഴിവുണ്ടെന്ന് അറിയുന്നതും ജോലിയിൽ പ്രവേശിക്കുന്നതും. കേസിൽ നിലവിൽ ഒന്നാം സാക്ഷിയായി പരിഗണിച്ചിരിക്കുന്നത് പുഷ്പിനെയാണ്. മരണപ്പെടുന്നതിന് തൊട്ടുമുമ്പ് അങ്കിത അവസാനമായി സംസാരിച്ചതും പുഷ്പിനോടായിരുന്നു. ഏകദേശം എട്ടരയോട് കൂടി പുഷ്പിനെ വിളിച്ച അങ്കിത പ്രതി തന്റെ കൂടെയുള്ളതായും തനിക്ക് ഭയം തോന്നുന്നുവെന്നും പറഞ്ഞിരുന്നു, ഇക്കാര്യവും പുഷ്പ് കോടതിയോട് വ്യക്തമാക്കിയിരുന്നു.
content summary: I may be poor, but would I sell myself for ₹10,000?’, This statement became key evidence in the conviction in the Ankita Bhandari murder case
Leave a Comment