ഇറാന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്… എവിടെയാണ് മൊജ്തബ ഖമേനി? തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണശേഷം രാജ്യത്തിന്റെ പരമോന്നത നേതൃത്വം ഏറ്റെടുത്തുവെന്ന് അവകാശപ്പെടുന്ന 56 കാരനായ മൊജ്തബ ഖമേനി, എവിടെ എന്നത് ഒരു നിഗൂഢ രഹസ്യമായി തുടരുകയാണ്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും ഇസ്രയേലിന്റെ മൊസാദും ഒരുപോലെ ഈ അദൃശ്യ നേതാവിനായി തിരച്ചില്‍ തുടരുമ്പോഴും, മൊജ്തബയുടെ കൃത്യമായ അവസ്ഥയെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല.
യുഎസ്-ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മൊജ്തബ അധികാരം ഏറ്റെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അധികാരം ഏറ്റെടുത്ത ശേഷം പുറത്തുവന്നത് അദ്ദേഹത്തിന്റെ പേരിട്ട രണ്ട് രേഖാമൂലമുള്ള പ്രസ്താവനകള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഒരു വീഡിയോ സന്ദേശമോ ശബ്ദരേഖയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇറാനിയന്‍ പുതുവര്‍ഷമായ നൗറൂസ് (മാര്‍ച്ച് 20) ദിനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അന്നും അദ്ദേഹം നേരിട്ട് പ്രത്യക്ഷപ്പെട്ടില്ല. പകരം അയച്ച കടുത്ത ഭാഷയിലുള്ള സന്ദേശങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ഒളിത്താവളത്തെയും കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്.
മൊജ്തബ ഖമേനിയുടെ അസാന്നിധ്യത്തിന് പിന്നില്‍ അദ്ദേഹത്തിന് ഏറ്റ മാരകമായ പരിക്കുകളാണെന്ന് വിശ്വസിക്കപ്പെടുന്നു. അമേരിക്കയുടെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിര്‍ദ്ദേശപ്രകാരം മൊജ്തബയെ അതീവ രഹസ്യമായി മോസ്‌കോയിലേക്ക് മാറ്റിയതായും അവിടെ ഒരു സ്വകാര്യ മെഡിക്കല്‍ കേന്ദ്രത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൊജ്തബയുടെ കാല് നഷ്ടമായതായും അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായും പറയപ്പെടുന്നു. കൂടാതെ, അദ്ദേഹം കോമയിലാണെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
മൊജ്തബയുടെ അസാന്നിധ്യത്തില്‍ ഇറാന്റെ ഭരണം ആരുടെ കൈകളിലാണെന്നത് വലിയൊരു തര്‍ക്കവിഷയമാണ്. ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനത്തില്‍, ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനം വലിയ പ്രതിസന്ധിയിലാണ്. നിലവില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആണ് രാജ്യത്തിന്റെ അധികാരം പ്രായോഗികമായി കൈയാളുന്നത്.
ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനിയുടെ വധം ഭരണകൂടത്തില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചു. മൊജ്തബ യഥാര്‍ത്ഥത്തില്‍ ഉത്തരവുകള്‍ നല്‍കുന്നുണ്ടോ എന്നതിന് യാതൊരു തെളിവുമില്ലെന്ന് സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫും വ്യക്തമാക്കുന്നു.
തന്റെ ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ട നൗറൂസ് സന്ദേശത്തില്‍, ഇറാന്റെ ശത്രുക്കള്‍ പരാജയപ്പെടുകയാണെന്ന് മൊജ്തബ അവകാശപ്പെട്ടു. ഭരണകൂടത്തിന്റെ ഉന്നതര്‍ രക്തസാക്ഷികളായാല്‍ ജനങ്ങളില്‍ ഭയമുണ്ടാകുമെന്നത് ശത്രുക്കളുടെ മിഥ്യാധാരണ മാത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ സന്ദേശങ്ങള്‍ മൊജ്തബ തന്നെ തയ്യാറാക്കിയതാണോ അതോ ഐആര്‍ജിസി അദ്ദേഹത്തിന്റെ പേരില്‍ പുറത്തിറക്കുന്നതാണോ എന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് സംശയമുണ്ട്.
ഇറാന്‍ ഭരണകൂടം വലിയൊരു തകര്‍ച്ചയുടെ വക്കിലാണോ അതോ സൈന്യത്തിന്റെ കരുത്തില്‍ അതിജീവിക്കുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും. പരിക്കേറ്റ നേതാവ് സുഖം പ്രാപിച്ച് പുറത്തുവരുമോ, അതോ സൈന്യം പൂര്‍ണ്ണമായും അധികാരം പിടിച്ചെടുക്കുമോ എന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. ടെഹ്റാനിലെ അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള നിഗൂഢതകള്‍ നീങ്ങുന്നത് വരെ, മൊജ്തബ ഖമേനി ഇറാന്റെ അദൃശ്യനായ നേതാവായി തുടരും.
Content Summary: Where is Mojtaba Khamenei? The mystery of Iran’s invisible supreme leader