June 13, 2026 |
Share on

എവിടെ അന്ധവിശ്വാസ നിര്‍മാര്‍ജ്ജന ബില്‍?

ഇടത് സർക്കാർ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിരോധിക്കുന്നതിനായുള്ള നിയമനിര്‍മാണത്തില്‍ എന്തുകൊണ്ടാണ് നിലപാടെടുക്കാത്തത്?

ഒരിടത്ത് പുരോ​ഗമനവാദം പറയുമ്പോൾ മറുവശത്ത് നരബലി അടക്കമുള്ള ആഭിചാര ക്രിയകൾ നടക്കുന്ന നാടാണ് കേരളം. അന്ധവിശ്വാസങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കുന്ന ഇടത് സർക്കാർ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിരോധിക്കുന്നതിനായുള്ള നിയമനിര്‍മാണത്തില്‍ എന്തുകൊണ്ടാണ് നിലപാടെടുക്കാത്തത്?

പാതിവഴിയിലായ നിയമനിർമാണം

സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിർമാണം നടത്തുമെന്ന സർക്കാർ വാഗ്ദാനം പാതിവഴിയിലാണ്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുെയും പേരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനെതിരെ കർശന നടപടി ലക്ഷ്യമിട്ടാണ് പ്രത്യേക നിയമ നിർമാണം സർക്കാർ പ്രഖ്യാപിച്ചിരുന്നത്. മന്ത്രവാദം, കൂടോത്രം, പ്രേതബാധ ഒഴിപ്പിക്കൽ തുടങ്ങി ചികിത്സാ നിഷേധം വരെ കുറ്റകൃത്യമാക്കുന്ന വിധത്തിലാണ് നിയമപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. മന്ത്രവാദത്തിൻ്റെ പേരിലുള്ള ലൈംഗികമായി പീഡിപ്പിക്കലും കുറ്റമാണ്.

നിയമനിർമാണത്തിൻ്റെ ലക്ഷ്യം

അന്ധവിശ്വാസങ്ങളുടെയും ആഭിചാരങ്ങളുടെയും പേരിൽ നടക്കുന്ന ചൂഷണങ്ങൾ, ശാരീരിക ഉപദ്രവങ്ങൾ , നരബലി എന്നിവ തടയുകയും പൊതുജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം നിയമങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
ജനങ്ങളിൽ ശാസ്ത്രബോധവും മാനവികതയും വളർത്തേണ്ടത് ഭരണഘടനയുടെ മൗലിക കടമകളിൽ ഒന്നായി എടുത്തുപറയുന്നുണ്ട്.

നിയമനിർമാണത്തിലെ വെല്ലുവിളികൾ

ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ കേരള നിയമപരിഷ്കരണ കമ്മിഷൻ, “ദി കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ, 2019” എന്ന പേരിൽ ഒരു കരട് ബിൽ സർക്കാരിന് സമർപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെയും കർണാടകയിലെയും സമാന നിയമങ്ങളുടെ മാതൃകയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. 2018ൽ പി ടി തോമസ് എം എൽ എയും, 2021ൽ കെ ഡി പ്രസേനൻ എം എൽ എയും അന്ധവിശ്വാസ നിരോധന നിയമവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു.

2022ൽ ഇലന്തൂരിൽ നടന്ന മനുഷ്യബലിയുടെ ഞെട്ടിക്കുന്ന സംഭവം ഈ നിയമനിർമാണത്തിൻ്റെ ആവശ്യകതയെ വീണ്ടും പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നു. ഇതേ തുടർന്ന്, ഒരു നിയമം വേഗത്തിൽ കൊണ്ടുവരണമെന്ന് വ്യാപകമായ ആവശ്യം ഉയരുകയും ചെയ്തിരുന്നു . അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നിയമം കൊണ്ടുവരണമെന്ന് സർക്കാർ പൊതുവിൽ അംഗീകരിക്കുന്നുണ്ടെങ്കിലും, മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്താതെ ഒരു നിയമം എങ്ങനെ നിർമിക്കാമെന്നതാണ് സർക്കാർ നോക്കുന്നത്. അത് തന്നെയാണ് നിയമം വൈകാനുള്ള കാരണവും. ചില ആചാരങ്ങളെ അന്ധവിശ്വാസമായി കണക്കാക്കുന്നത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിന് തുല്യമാകുമോ എന്ന ഭയം നിയമനിർമാണത്തിൽ നിന്ന് പിന്മാറാന സർക്കാരിനെ പ്രേരിപ്പിക്കുന്നുവെന്നാണ് സൂചന.

കരട് ബില്ലിലെ പ്രധാന നിർദേശങ്ങൾ

നരബലി പൂർണമായും നിരോധിക്കുക, പ്രേതബാധ ഒഴിപ്പിക്കൽ, മാന്ത്രിക ചികിത്സകൾ തുടങ്ങിയവയുടെ പേരിൽ ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങൾ ഏൽപ്പിക്കുന്നത് കുറ്റകരമാക്കുക, അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ആളുകളെ കബളിപ്പിക്കുകയോ സാമ്പത്തികമായി ചൂഷണം ചെയ്യുകയോ ചെയ്യുന്നത് തടയുക, രോഗങ്ങൾക്ക് ശാസ്ത്രീയ ചികിത്സ തേടുന്നതിൽനിന്ന് ആളുകളെ തടയുന്നത് ശിക്ഷാർഹമാക്കുക, മാസമുറയുള്ള സ്ത്രീകളെ മാറ്റിനിർത്തുന്നത് പോലുള്ള മനുഷ്യത്വരഹിതമായ ആചാരങ്ങൾ നിരോധിക്കുക, ഇത്തരം കുറ്റകൃത്യങ്ങൾക്ക് കഠിനമായ തടവും പിഴയും ഏർപ്പെടുത്തുക.

സര്‍ക്കാര്‍ ഭയക്കുന്നതെന്ത്?

ആഭിചാര- മന്ത്രവാദ നിരോധന നിയമം നിലവില്‍ വന്നാല്‍ ആള്‍ദൈവങ്ങളുടെ ബിസിനസിനെയും ദോഷകരമായി ബാധിക്കും. അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തില്‍ വരുത്താനുള്ള ബില്ലില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്നതാണ്. അനാചാരങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനമാണ്, പിന്‍മാറ്റത്തോടെ കടലാസില്‍ ഒതുക്കപ്പെടുന്നത്. ദൈവാവതാരമായി സ്വയം പ്രഖ്യാപിക്കുകയും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സ്വാധീനം ചെലുത്തുകയും അതുവഴി അധികാര കേന്ദ്രങ്ങളില്‍ പോലും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ആള്‍ദൈവങ്ങളെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണങ്ങളും ശക്തമാണ്. 

Content Summary: Where is the Superstition Eradication Bill? For six years, Kerala govt has been sitting on draft bill to fight black magic

Leave a Reply

Your email address will not be published. Required fields are marked *

×