January 21, 2025 |
Share on

ആരാണ് ചരിത്രം തിരുത്തുന്ന ആസിഫ ഭൂട്ടോ സര്‍ദാരി

പ്രഥമ വനിതയായി പ്രസിഡന്റിന്റെ മകള്‍

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഉത്തരവ് നടപ്പില്‍ വന്നാല്‍ പാകിസ്താന്‍ അതിന്റെ പരമ്പരാഗത രീതിയില്‍ ഒരു പൊളിച്ചെഴുത്ത് നടത്തും. പൊതു തെരഞ്ഞെടുപ്പിനു പിന്നാലെ പ്രസിഡന്റ് പദവിയിലെത്തിയ സര്‍ദാരി സ്വന്തം മകളെ രാജ്യത്തിന്റെ പ്രഥമ വനിതായി നിര്‍ദേശിച്ചിരിക്കുകയാണ.് സാധാരണഗതിയില്‍ ഒരു രാഷ്ട്രത്തിന്റെ പ്രഥമ വനിത പദവിയില്‍ വരിക, അതാത് പ്രസിന്റുമാരുടെ പത്‌നിമാരാണ്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയായിരുന്നു സര്‍ദാരിയുടെ പത്‌നി. 2007-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബേനസീര്‍ കൊല്ലപ്പെടുകയായിരുന്നു. പ്രഥമ വനിതയായി മാറിയാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള അവകാശങ്ങള്‍ക്ക് ആസിഫ അര്‍ഹയാകും.

സര്‍ദാരി-ഭൂട്ടോ ദമ്പതിമാരുടെ ഏറ്റവും ഇളയ മകളാണ് 31 കാരിയായ ആസിഫ. ബിലാവല്‍ ഭൂട്ടോ മൂത്ത സഹോദരനും, ബക്താവര്‍ ഭൂട്ടോ സഹോദരിയുമാണ്. ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്‌സ് യൂണിവേഴ്‌സിറ്റി, കോളേജ് ഓഫ് ലണ്ടന്‍, എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ആസിഫ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

2020-ല്‍ ആയിരുന്നു പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)യിലൂടെ ആസിഫയുടെ രാഷ്ട്രീയ പ്രവേശനം. പാകിസ്താന്റെ പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ അംബാസിഡറായിരുന്നു ആസിഫ.

ആസിഫ് അലി സര്‍ദാരി ആദ്യം പാകിസ്താന്റെ പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്നത് 2008-ല്‍ ആയിരുന്നു. അതിനു ഒരു വര്‍ഷം മുമ്പായിരുന്നു തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ ബേനസീര്‍ കൊല്ലപ്പെടുന്നത്. 2013 വരെയുള്ള സര്‍ദാരിയുടെ പ്രസിഡന്റ് കാലയളവില്‍ പ്രഥമ വനിത എന്ന പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. മാര്‍ച്ച് പത്തിനായിരുന്നു സര്‍ദാരി പാകിസ്താന്റെ 14മത് പ്രസിഡന്റായി വീണ്ടും സ്ഥാനമേല്‍ക്കുന്നത്. സ്ഥാനാരോഹണ ചടങ്ങില്‍ ശ്രദ്ധേയയി ആസിഫയും ഉണ്ടായിരുന്നു.

ഫെബ്രുവരിയിലെ പാകിസ്താന്‍ പൊതു തെരഞ്ഞെടുപ്പില്‍ പിപിപിയുടെ കാമ്പയിനുകളില്‍ സജീവ പോരാളിയായിരുന്നു ആസിഫ. പിപിപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരന്‍ ബിലാവലിനുവേണ്ടി ആസിഫ മുന്നണിയില്‍ തന്നെയുണ്ടായിരുന്നു. ബേനസീറിന്റെ മൂന്നു മക്കളും ഇപ്പോള്‍ പാകിസ്താന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. പാക് ദേശീയ മാധ്യമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം സഹോദരങ്ങളില്‍ ആദ്യം മുതല്‍ രാഷ്ട്രീയത്തില്‍ താത്പര്യം കാണിച്ചു തുടങ്ങിയത് ആസിഫയായിരുന്നു. മൂത്തസഹോദരനും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന ബിലാവലിനെക്കാളും ചേച്ചി ബക്താവറിനെക്കാളും കൂടുതലായി പിതാവ് സര്‍ദാരിക്കൊപ്പം കണ്ടിരുന്നത് ആസിഫയെയായിരുന്നുവെന്നും ഡോണ്‍ എഴുതുന്നു. രാഷ്ട്രീയ സമ്മേളനങ്ങളിലും ജാഥകളിലുമെല്ലാം ആസിഫയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മലാല യൂസഫിനെ ബര്‍മിംഗ്ഹാമിലെ ചികിത്സയ്ക്കിടയില്‍ സര്‍ദാരി സന്ദര്‍ശിച്ചിരുന്നു, അന്ന് അച്ഛനൊപ്പം മകളുമുണ്ടായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആസിഫ. എക്‌സിലും ഫേസ്ബുക്കിലും അവര്‍ പാക് രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ചര്‍ച്ചകളിലും അവര്‍ മുന്‍പിലുണ്ട്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയിലും അതുപോലെ പാര്‍ട്ടിയിലും ആസിഫയ്ക്ക് സവിശേഷമായൊരു സ്ഥാനം നിലവിലുണ്ട്. പോളിയോ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ പ്രധാനമുഖം ആയതുവഴി രാജ്യത്ത് കൂടുതല്‍ അറിയപ്പെടാനും അവര്‍ക്ക് വഴിയൊരുങ്ങി. സഹോദരങ്ങളെക്കാള്‍ ജനപിന്തുണ നിലവില്‍ ആസിഫയ്ക്കുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

×