കോട്ടയം ഏറ്റുമാനൂരില്‍ തട്ടുകടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന വാര്‍ത്ത കേട്ടാണ് കേരളം ഇന്ന് ഉണര്‍ന്നത്. തട്ടുകടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴിമാറിയത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശ്യാമാണ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം മൂലം മരണപ്പെട്ടത്.
അതേ പേരുകള്‍ മാത്രമേ മാറുന്നുള്ളൂ. കേരളത്തില്‍ അക്രമത്തിനും കൊലപാതകത്തിനും മാറ്റമില്ല. മുമ്പില്ലാത്തവിധം കേരളത്തില്‍ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2025 ജനുവരി പിറന്ന് ഒരു മാസം മാത്രം പിന്നിട്ടപ്പോഴും ദുരന്തവാര്‍ത്തകള്‍ക്ക് പഞ്ഞമില്ല. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കേട്ടുകേള്‍വി പോലുമില്ലാത്ത അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമാണ് നമ്മള്‍ സാക്ഷിയാകുന്നത്.who is responsible for the endless cold blooded murders?
ചേന്ദമംഗലത്ത് മൂന്നുപേരെ വെട്ടിക്കൊന്ന സംഭവത്തിന്റെ ഭയം വിട്ടുമാറുന്നതിന് മുമ്പേയാണ് നെന്മാറയില്‍ പരോളില്‍ ഇറങ്ങിയ പ്രതി രണ്ടുപേരെ കൊന്നുതള്ളിയത്. പിന്നീടിതാ ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തില്‍ നിന്നും പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതോ ക്രൂരപീഡനവും മരണവും. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും സംസ്ഥാനം മുന്നോട്ടുതന്നെയാണ് കുതിക്കുന്നത്. സ്‌കൂളിലെ ക്രൂരപീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മിഹിര്‍, ഇപ്പോഴിതാ ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദു…
കേരളത്തില്‍ ഇത്തരത്തില്‍ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവുണ്ടാവുമ്പോഴും സാമൂഹ്യസുരക്ഷയ്ക്കുതകുന്ന യാതൊരു നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതാണ് വസ്തുത. സാമൂഹ്യസുരക്ഷ നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് പലപ്പോഴായി അടിവരയിട്ട് പറയുന്ന സര്‍ക്കാരിന്റെ വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്. പല സംഭവങ്ങളിലും പോലീസിന്റെ സമയോചിതമായ ഇടപെടലുകള്‍ ഉണ്ടായിരുന്നെങ്കില്‍ അപകടങ്ങളില്‍ ചിലതെങ്കിലും ഒഴിവാക്കാനായേനേ.
നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ചെന്താമരയെ ഭയന്ന്, സ്വയരക്ഷയ്ക്കായി മകളെയും കൊണ്ട് നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് താനെന്ന് പറഞ്ഞ അയല്‍വാസിയായ സ്ത്രീയുടെ ദൈന്യതനിറഞ്ഞ മുഖം മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. നിയമസംവിധാനം ഉണ്ടായിട്ടും ഭയപ്പാടിന്റെ മുള്‍മുനയില്‍ ജീവിക്കേണ്ടി വരുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. ചെന്താമരയെ പോലെ പകയുടെ കനലുമായി നടക്കുന്ന ക്രിമിനലുകളെ പരോളിനായി പറഞ്ഞയയ്ക്കുമ്പോള്‍ പോലീസിന്റെ ഭാഗത്ത് നിന്നും അല്‍പമെങ്കിലും ശ്രദ്ധനല്‍കേണ്ടതായിരുന്നു.
ഒരു കുടുംബത്തിലെ മൂന്നുപേരെ അയല്‍വാസിയായ യുവാവ് ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് ചേന്ദമംഗലം ഇതുവരെ വിടുതല്‍ നേടിയിട്ടില്ല. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമായ ഋതു രാജിനെതിരെ നേരത്തെ നടപടി എടുത്തിരുന്നെങ്കില്‍ മൂന്ന് ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞേനെയെന്ന് നാട്ടുകാര്‍ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്നുവെന്ന വ്യാജേനയാണ് പല കേസുകളില്‍ നിന്ന് രക്ഷപ്പെട്ട ഋതുരാജിന് യഥാര്‍ത്ഥത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി മതിയായ ചികിത്സ നല്‍കാന്‍ നിയമസംവിധാനങ്ങള്‍ തയ്യാറാകാതെ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്.
കൊച്ചിയിലെ തന്നെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നായ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ ആത്മഹത്യ ചെയ്യുന്നത് ജനുവരി 15നാണ്. തന്റെ മകന്റെ മരണത്തെക്കുറിച്ച് മാതാവ് റജ്‌ന സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുമ്പോഴാണ് ആത്മഹത്യയ്ക്ക് കാരണമായ ക്രൂരതയുടെ തീവ്രചിത്രം പുറംലോകമറിയുന്നത്. മിഹിര്‍ റാഗിങ്ങിന് ഇരയായതായി കുറിപ്പില്‍ റജ്‌ന പരാമര്‍ശിക്കുന്നുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പരാതിനല്‍കിയിരുന്നെങ്കിലും സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കം തട്ടുമെന്ന കാരണത്താല്‍ ഈ പതിനഞ്ചുകാരന്റെ മരണം സ്‌കൂള്‍ അധികൃതര്‍ മുഖവിലയ്‌ക്കെടുത്തില്ല. സംഭവം നടന്ന് നാളിതുവരെയായിട്ടും പ്രതികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ സാധിക്കാത്തത് ഗുരുതരമാായ വീഴ്ച തന്നെയാണ്.
മലപ്പുറത്ത് 24കാരനായ മകന്‍ അമ്മയെ വെട്ടിക്കൊന്നത് ജനുവരി 18ന് ആയിരുന്നു. ലഹരിക്കടിമയായ ആഷിക് ബാംഗ്ലൂരിലെ ഡീ അഡിക്ഷന്‍ സെന്ററിലായിരുന്നു, നാട്ടിലെത്തിയ സമയത്തായിരുന്നു രോഗിയായ മാതാവിനെ കൊടുവാളുപയോഗിച്ച് വെട്ടിക്കൊല്ലപ്പെടുത്തിയത്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ആഷികിനെ നാട്ടുകാരാണ് പിടികൂടി പോലീസിലേല്‍പ്പിച്ചത്. കസ്റ്റഡിയിലുള്ള സമയത്തോ ചോദ്യം ചെയ്യലിലോ കൊലപാതകത്തില്‍ ഒരു തരി പോലും പശ്ചാത്താപം ആഷികിനുണ്ടായിരുന്നില്ല, തന്നെ പ്രസവിച്ചതിനുള്ള ശിക്ഷയായാണ് മാതാവിനെ കൊന്നതെന്നായിരുന്നു ആഷികിന്റെ മറുപടി.
ആലപ്പുഴ മാന്നാറില്‍ വീടിന് തീ വെച്ച് വൃദ്ധമാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറുപതുകാരനായ മകന്‍ വിജയനാണ്. 90വയസ് കഴിഞ്ഞ രാഘവന്‍, ഭാര്യ ഭാരതി എന്നിവരാണ് കത്തിയമര്‍ന്ന വീടിനുള്ളില്‍ ദാരുണമായി കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കവും കുടുംബപ്രശ്‌നവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നായി വാങ്ങിയ 600 രൂപയുടെ പെട്രോള്‍ ഉപയോഗിച്ചാണ് ഇയാള്‍ വീടിന് തീയിട്ടത്.
മുന്‍പ് പത്രങ്ങളുടെ ഉള്‍പേജുകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഇത്തരം വാര്‍ത്തകള്‍ പത്രത്തിന്റെ മുന്‍പേജുകളില്‍ വരാന്‍ തുടങ്ങിയത് ഇത്തരം സംഭവങ്ങള്‍ ഒരു തുടര്‍ക്കഥ ആയതുകൊണ്ടാണ്. സാമ്പത്തിക ലബ്ധിയോ, ലഹരി ഉപയോഗമോ, മറ്റെന്തെങ്കിലും മാനസികമായ ആസക്തിയോ പരോക്ഷത്തില്‍ ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട്.
ജിത്തു ജോസഫ് സിനിമ ‘ദൃശ്യം’ 2013ലാണ് തീയേറ്ററുകളിലെത്തിയത്. കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി വലിയൊരു കൊലപാതകം മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന നായകന്റെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. ചിത്രം വമ്പന്‍ ഹിറ്റായെങ്കിലും മുന്‍ ഡി ജി പി ദൃശ്യം സിനിമയെ വിമര്‍ശിച്ചുകൊണ്ട് അന്ന് രംഗത്തെത്തിയിരുന്നു. സിനിമ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു വിമര്‍ശനം. സിനിമ ഇറങ്ങിയതിന് ശേഷം ‘ദൃശ്യം മോഡല്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള നിരവധി കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വയലന്‍സും കൊലപാതകങ്ങളും കുത്തി നിറച്ച ചിത്രങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം അത്ര ചെറുതല്ലെന്നാണ് ഇത്തരം കേസുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മാനസികമായ വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ എന്ന നിലയിലാണ് ചെന്താമരയും, ഋതുരാജും, ഹരികുമാറും ചിത്രീകരിക്കപ്പെടുന്നത്. ഈ ഒരു കാരണം മുന്‍നിര്‍ത്തിയാല്‍ ഇവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചേക്കാം. മാനസിക രോഗത്തിന്റെ തീവ്രതമൂലം താന്‍ ചെയ്യുന്ന പ്രവൃത്തി നിയമലംഘനമോ തെറ്റോ ആണെന്ന തിരിച്ചറിവ് ഇല്ലാത്ത അവസ്ഥയിലാണ് വ്യക്തിയെങ്കില്‍ അത് കുറ്റകൃത്യമായി കാണാനാകില്ലെന്ന് ഭാരതീയ ന്യായ സംഹിത 22-ാം വകുപ്പ് വ്യക്തമാക്കുന്നുമുണ്ട്. അതായത് രോഗമുള്ള വ്യക്തിക്ക് തീവ്രമായ അസുഖമുണ്ടാകണം. താന്‍ ചെയ്യുന്ന പ്രവൃത്തി എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ടാകരുത്. തീവ്രമായ ബുദ്ധി വളര്‍ച്ച കുറവ്, തീവ്രമായ ചിത്തഭ്രമം, തീവ്രമായ ഉന്മാദരോഗങ്ങള്‍ എന്നിവയുള്ള വ്യക്തിക്ക് മേല്‍പ്പറഞ്ഞ വകുപ്പിന്റെ ആനുകൂല്യം ലഭിക്കാം. എന്നാല്‍ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ലെന്ന് സാരം. ലഹരി വസ്തുക്കളുടെ സ്വാധീനത്തില്‍ കുറ്റകൃത്യം ചെയ്യുന്ന ഒരു വ്യക്തിയ്ക്കും നിയമപരിരക്ഷ നല്‍കില്ല. അതേസമയം മാനസിക ആരോഗ്യ പ്രശ്നമുള്ളവരെ കൃത്യമായ ചികിത്സ ഉറപ്പുവരുത്താനുള്ള ബാധ്യത ജനങ്ങള്‍ക്കും നിയമസംവിധാനത്തിനുമുണ്ട്.
ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമല്ലാതായി തീര്‍ന്നിരിക്കുന്നു. മാനസികവും ശാരീരികവുമായ പീഡനങ്ങളാല്‍ മുറിവേല്‍ക്കേണ്ടി വരുന്നവരാണ് ഇരകളിലേറെയും, നിയമ സംവിധാനം അത്ര ശക്തമല്ലാത്ത ഇന്ത്യയില്‍, കേരളത്തില്‍ ആര്‍ക്കും എന്തും ചെയ്യാം, ശിക്ഷ ലഭിക്കില്ല, ഇനി ലഭിച്ചാല്‍ ശിക്ഷയില്‍ ഇളവും ലഭിക്കും പിന്നെ ആര് ആരെയാണ് പേടിക്കേണ്ടത്.who is responsible for the endless cold blooded murders?
Content Summary: who is responsible for the endless cold blooded murders?